This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരകൗശലവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരകൗശലവിദ്യ

കരവിരുതു പൂര്‍ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട്‌, ഉപയോഗമുള്ളതോ അലങ്കരണ പ്രാധാന്യമുള്ളതോ ആയ വസ്‌തുക്കള്‍ നിര്‍മിക്കുന്ന കല. കളിമണ്‍ ശില്‌പകല, ലോഹപ്പണി, ഉച്ചിത്രണം, ആഭരണനിര്‍മാണം, ഇനാമല്‍കല, അരക്കുപണി, മൊസേക്കുപണി, സംഗീതോപകരണ നിര്‍മാണം, പാവനിര്‍മാണം, മനോഹരദര്‍പ്പണങ്ങളുടെ നിര്‍മാണം, ടാപിസ്‌ട്രി, കംബളനിര്‍മാണം, നെയ്‌ത്ത്‌, ചിത്രത്തുന്നല്‍, ലേസുപണി, ദാരുശില്‌പങ്ങള്‍, മുദ്രകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയവയാണ്‌ കരകൗശലവിദ്യയുടെ പരിധിയില്‍പ്പെടുന്നത്‌.

കരകൗശലവിദ്യയില്‍ ചെറിയതരം പണി ആയുധങ്ങള്‍ ഉപയോഗപ്പെടുത്തുമെങ്കിലും നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും കലാകാരന്‌ നിര്‍മിക്കേണ്ട വസ്‌തുവുമായി നേരിട്ടു ബന്ധമുണ്ടായിരിക്കും. യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി സാധനങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന്‌ കരകൗശലവിദ്യയ്‌ക്കുള്ള വ്യത്യാസമിതാണ്‌. വ്യാവസായികമായി നിര്‍മിച്ച വസ്‌തുക്കളും കരകൗശല വസ്‌തുക്കളും തമ്മില്‍ സാങ്കേതികത്വത്തില്‍ മാത്രമല്ല വ്യത്യാസമുള്ളത്‌. ആദ്യത്തേതില്‍ അളവിനാണ്‌ പ്രാധാന്യം. ഗുണമേന്മയെക്കുറിച്ചു മിതമായ താത്‌പര്യമേയുള്ളു. ഒരു സംഘം ആളുകളുടെ ശ്രമഫലമായാണ്‌ ഇവിടെ നിര്‍മാണം നടക്കുന്നത്‌. ശാസ്‌ത്രപുരോഗതിയുടെയും വ്യാവസായിക വിപ്ലവത്തിന്റെയും ഫലമായി യന്ത്രനിര്‍മിതവസ്‌തുക്കള്‍ക്ക്‌ ഇന്ന്‌ വളരെയേറെ മേന്മ ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കാതെ തരമില്ലെങ്കിലും കരകൗശലവസ്‌തുക്കളുടെ തനിമ അവയ്‌ക്ക്‌ അവകാശപ്പെടാനാവില്ല. മൂര്‍ത്തമായ വസ്‌തുക്കള്‍ നിര്‍മിച്ചെടുക്കുക എന്നതാണ്‌ കരകൗശലവിദഗ്‌ധന്‍െറ ലക്ഷ്യം. മാത്രമല്ല, ഇവിടെ എണ്ണം ഗുണമേന്മയോളം പ്രാധാന്യം അര്‍ഹിക്കുന്നുമില്ല. കരകൗശലവിദ്യയുടെ സാങ്കേതികത്വം, അസംസ്കൃത വസ്‌തുക്കള്‍, വിപണനരീതി, കലാശൈലി തുടങ്ങി ഓരോ ഘടകവും ഓരോ രാജ്യത്തും വ്യത്യസ്‌തമായിരിക്കും. സംസ്‌കാരങ്ങളുടെ വൈജാത്യം ഇവയിലെല്ലാം കാണാം.

ഉദ്‌ഭവവും വികാസവും. പ്രാചീനകാലത്ത്‌ കൃഷിയുടെയും ബന്ധപ്പെട്ട മറ്റു തൊഴിലുകളുടെയും ഭാഗമായാണ്‌ കരകൗശലവിദ്യ ഉടലെടുത്തതെന്ന്‌ ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. മതവുമായി ബന്ധപ്പെട്ട്‌ കലകളും കരകൗശലവിദ്യകളും വികസിച്ചു. നഗരങ്ങള്‍ ഉടലെടുത്തതോടെ കരകൗശലവിദ്യകള്‍ പ്രത്യേകം പ്രത്യേകമായി കേന്ദ്രീകരിക്കപ്പെട്ടു. മെസപ്പൊട്ടേമിയയില്‍ വലിയ ക്ഷേത്രങ്ങളോടു ബന്ധപ്പെട്ടാണ്‌ നഗരജീവിതവും കരകൗശലവിദ്യയും വളര്‍ന്നതെന്നു കാണാം. ഇക്കാലത്ത്‌ സമ്പദ്‌ഘടനയുടെ നിയന്ത്രണം മതസ്ഥാപനങ്ങള്‍ക്കായിരുന്നു. ക്ഷേത്രങ്ങളിലേക്കാവശ്യമായ വിഗ്രഹങ്ങളുടെയും പൂജാസാമഗ്രികളുടെയും നിര്‍മാണത്തില്‍ മാത്രമാണ്‌ കരകൗശലവിദഗ്‌ധര്‍ ഏര്‍പ്പെട്ടിരുന്നത്‌. കാലക്രമേണ സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം സംസ്ഥാനങ്ങള്‍ കൈയടക്കിയതോടെ കലാകാരന്മാര്‍ കൂടുതല്‍ സ്വതന്ത്രരായി. ലൗകിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ നിര്‍മിക്കാനും പ്രഭുമന്ദിരങ്ങളിലും മറ്റും അവ ചെലവഴിക്കാനും അവര്‍ക്കു കഴിഞ്ഞു. മിക്കവാറും എല്ലാ ലോക സംസ്‌കാരങ്ങളിലും ഏതാണ്ടിതേ രീതിയിലുള്ള മാറ്റങ്ങളാണ്‌ സംഭവിച്ചത്‌. മനുഷ്യന്റെ കലാപ്രവര്‍ത്തനങ്ങളുടെ ചരിത്രം പഠിക്കാന്‍ ഏറ്റവും സഹായിക്കുന്ന ഘടകമാണ്‌ പുരാവസ്‌തു ഗവേഷണങ്ങളിലൂടെ ലഭിച്ചിട്ടുള്ള കരകൗശലവസ്‌തുക്കള്‍.

അധ്വാനിച്ചു ജീവിക്കുന്ന തൊഴിലാളികള്‍ എന്നതിനപ്പുറം പുരാതന ഗ്രീക്കു റോമാസംസ്‌കാരങ്ങള്‍ കലാകാരന്‌മാരെ മാനിച്ചിരുന്നില്ല. തത്ത്വജ്ഞാനികള്‍, രാഷ്‌ട്രമീമാംസകര്‍, സൈനികര്‍ എന്നിവര്‍ക്കൊക്കെ വളരെ താഴെയായിരുന്നു സമൂഹത്തില്‍ ഇവരുടെ സ്ഥാനം. കരകൗശലവിദഗ്‌ധര്‍ക്കു പൗരത്വം നല്‌കുന്നതിനെപോലും അരിസ്റ്റോട്ടില്‍ എതിര്‍ത്തിരുന്നു. ഒരു അടിമ അവന്റെ യജമാനനുവേണ്ടി പണി എടുക്കുന്നതുപോലയേ ഉള്ളു ഒരു കരകൗശലക്കാരന്‍ സമൂഹത്തിനു വേണ്ടി നിര്‍മാണപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത്‌ എന്ന്‌ അരിസ്റ്റോട്ടില്‍ കരുതിയിരുന്നു. സ്‌പാര്‍ട്ടയിലെയും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഗ്രീക്കുകാരും റോമാക്കാരും കലയെ വാനോളം പുകഴ്‌ത്തുകയും കലാവസ്‌തുക്കളെ നിഷ്‌ഠയോടെ പരിരക്ഷിക്കുകയും ചെയ്‌തുവെങ്കിലും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരനെ അവഗണിക്കുകയാണുണ്ടായത്‌. ഭാരതത്തിലെയും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല; സമൂഹത്തിലെ അവര്‍ണ വിഭാഗക്കാരാണ്‌ എക്കാലവും കരകൗശലവിദ്യയില്‍ ഏര്‍പ്പെട്ടിരുന്നത്‌. ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ചാലിയന്‍, പാണന്‍, പറയന്‍, പുലയന്‍ തുടങ്ങിയ താഴ്‌ന്ന സമുദായക്കാരാണ്‌ കേരളത്തിലെയും മുന്തിയ കരകൗശലക്കാര്‍. അവര്‍ക്കൊന്നും ബുദ്ധിമാത്രം ഉപയോഗിച്ച്‌ ഉപജീവനം നടത്തുന്ന വ്യക്തികളോളം സമൂഹത്തില്‍ മാന്യത ഒരിക്കലും ഉണ്ടായിട്ടില്ല.

പുരാതന കാലത്ത്‌ ഓരോ രാജ്യവും ഓരോ കരകൗശലമേഖലയിലാണ്‌ ആധിപത്യം ഉറപ്പിച്ചിരുന്നത്‌. ആഥന്‍സ്‌, കോറിന്ത്‌ എന്നിവിടങ്ങള്‍ ചഷകങ്ങളുടെയും വെങ്കലപ്പാത്രങ്ങളുടെയും നിര്‍മാണത്തില്‍ മുന്തിയ സ്ഥാനം വഹിച്ചപ്പോള്‍ ബാബിലോണിയ, ട്രല്ലെസ്‌, ഫിനീഷ്യ എന്നിവിടങ്ങളിലെ ജനങ്ങള്‍ തുകല്‍പ്പണിയില്‍ വിദഗ്‌ധരായി. റോമന്‍ ഭരണത്തിന്‍ കീഴിലായിരുന്ന ഈജിപ്‌തും ഫിനീഷ്യയും കണ്ണാടിപ്പണികളിലും സമോസ്‌, ഏജിനാ, എത്രൂറിയ എന്നീ രാജ്യക്കാര്‍ ആഭരണ നിര്‍മാണത്തിലും വൈദഗ്‌ധ്യം നേടി. റോമന്‍ കരകൗശലവിദ്യയില്‍ നിന്നു പ്രചോദനം കൊണ്ടാണ്‌ മധ്യകാല യൂറോപ്പില്‍ കരകൗശലവിദ്യ അഭിവൃദ്ധിപ്പെട്ടത്‌. മൊസേക്കു പണി, ദന്തശില്‌പം, വെങ്കലശില്‌പം, വെള്ളിപ്പണി എന്നിവയില്‍ പ്രകടമായ ഉന്നതി കാണപ്പെട്ടു. ഡയോക്ലീഷ്യന്‍ കോണ്‍സ്റ്റന്റൈന്‍ തുടങ്ങിയ ഭരണകര്‍ത്താക്കളുടെ സാമ്പത്തിക പരിഷ്‌കരണം മൂലം തൊഴില്‍ വിഭജനം ഉണ്ടാവുകയും അങ്ങനെ കരകൗശലവിദ്യകളോരോന്നും പാരമ്പര്യത്തൊഴിലുകളായി രൂപംപ്രാപിക്കുകയും ചെയ്‌തു. ഇത്‌ കരകൗശലവിദ്യയെ പുഷ്ടിപ്പെടുത്തി. 4ഉം 5ഉം ശ.ങ്ങളില്‍ ഉണ്ടായ ബര്‍ബറന്മാരുടെ ആക്രമണങ്ങള്‍ മൂലം ആ വര്‍ഗക്കാരുടെ സ്വര്‍ണപ്പണിയും മറ്റും യൂറോപ്പില്‍ പ്രചരിക്കുന്നതിനിടയായി. ക്രമേണ പുഷ്ടിപ്രാപിച്ച കരകൗശലവിദ്യകള്‍ 11ഉം 14ഉം ശ.ങ്ങളില്‍ പാശ്ചാത്യസമൂഹത്തിന്‌ അത്യന്താപേക്ഷിതമായിത്തീര്‍ന്നു; മാത്രമല്ല, സാംസ്‌കാരിക വികസനത്തിന്റെ ഒരു സ്രാതസ്സായി ഇതു വര്‍ത്തിക്കുകയും ചെയ്‌തു. ഏതാണ്ടിക്കാലത്ത്‌ കരകൗശല വിദ്യകളെ പ്രാത്സാഹിപ്പിക്കുന്ന സംഘടനകളും രൂപം കൊണ്ടു. കരകൗശലവിദ്യയുടെ അഭിവൃദ്ധിയോടെ വാസ്‌തുവിദ്യ, ചിത്രകല, ശില്‌പകല എന്നിവയില്‍ അമൂല്യരചനകള്‍ തന്നെ ഉണ്ടായിട്ടുണ്ട്‌. കരകൗശലവിദ്യ, ലളിതകലകളില്‍ നിന്നു വേര്‍തിരിഞ്ഞു തുടങ്ങിയത്‌ 15ഉം 16ഉം ശ.ങ്ങളിലാണ്‌. സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ സ്ഥിതികളും സാങ്കേതിക പുരോഗതിയും ഇതിനു കാരണമായി ഭവിച്ചിട്ടുണ്ട്‌. മധ്യകാലഘട്ടങ്ങളില്‍ കരകൗശലവിദ്യയ്‌ക്ക്‌ ലോകമെമ്പാടും തന്നെ വമ്പിച്ച പുരോഗതിയുണ്ടായി. ലളിതകലകളില്‍ നിന്ന്‌ ഉയര്‍ന്ന ഒരു സ്ഥാനമാണ്‌ അക്കാലത്ത്‌ കരകൗശലവിദ്യയ്‌ക്കുണ്ടായിരുന്നത്‌. നവോത്ഥാന കാലഘട്ടംവരെ ഇതായിരുന്നു സ്ഥിതി. ദന്തശില്‌പം, നെയ്‌ത്ത്‌, പിച്ചളപ്പണി, ആഭരണനിര്‍മാണം എന്നിവയ്‌ക്കായിരുന്നു കൂടുതല്‍ പ്രചാരം. മിലാന്‍, റോം, ദക്ഷിണ ഗൗള്‍ എന്നിവിടങ്ങളില്‍ ദന്തശില്‌പവും ഈജിപ്‌തില്‍ നെയ്‌ത്തും കൂടുതല്‍ പ്രചാരം നേടി. രാജ്യാന്തരവ്യാപാരബന്ധങ്ങള്‍ കരകൗശലവസ്‌തുക്കളുടെ പ്രചാരണത്തെ വര്‍ധിപ്പിച്ചു.ഇന്ത്യന്‍ തുണിത്തരങ്ങളും ചീനപ്പട്ടുകളും സസാനിയന്‍ ലോഹപ്പണികളും കളിമണ്‍ ശില്‌പങ്ങളും പാശ്ചാത്യ നാടുകളില്‍ വിറ്റഴിക്കപ്പെട്ടു. ഇസ്‌ലാമിക കരകൗശലവസ്‌തുക്കളില്‍ കണ്ണാടിസാമഗ്രികള്‍, ലോഹവസ്‌തുക്കള്‍, കളിമണ്‍ പാത്രങ്ങള്‍, ദന്തശില്‌പങ്ങള്‍, നെയ്‌ത്തുത്‌പന്നങ്ങള്‍ എന്നിവയ്‌ക്കായിരുന്നു പ്രിയം.

യാന്ത്രികയുഗത്തിന്റെ ആവിര്‍ഭാവത്തോടെ പാശ്ചാത്യനാടുകളില്‍ കരകൗശലവിദ്യയ്‌ക്കു മങ്ങലേറ്റു. വ്യാവസായിക വിപ്ലവവും ഇടത്തരക്കാരുടെ സാമ്പത്തികാഭിവൃദ്ധിയും കാരണം വിലകുറഞ്ഞ, യന്ത്രനിര്‍മിതവസ്‌തുക്കള്‍ വാങ്ങി ശേഖരിക്കുന്നതിലായി ജനങ്ങളുടെ ശ്രദ്ധ. ഇത്‌ കരകൗശലവിദ്യയെ പ്രതികൂലമായി ബാധിച്ചു.

ദന്തശില്‌പം

ഇന്ത്യ. ബി.സി. മൂന്നും രണ്ടും സഹസ്രാബ്‌ദങ്ങളില്‍, സിന്ധുനദീതടസംസ്‌കാരകാലഘട്ടത്തിലാണ്‌ ഇന്ത്യയില്‍ കരകൗശലവിദ്യ രൂപം കൊണ്ടത്‌. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരു പ്രധാന അംശമാണ്‌ കരകൗശലവിദ്യ. മത്സ്യപുരാണത്തിലും വാത്സ്യായനന്റെ കാമശാസ്‌ത്രത്തിലും വിവിധ കലാകരകൗശലങ്ങളെപ്പറ്റി ദീര്‍ഘവും വിശദവുമായ പരാമര്‍ശങ്ങളുണ്ട്‌. ദേവശില്‌പിയായ വിശ്വകര്‍മാവിന്റെ പിന്‍മുറക്കാരാണ്‌ കരകൗശലവിദ്യക്കാര്‍ എന്ന്‌ ഭാരതീയര്‍ വിശ്വസിക്കുന്നു. കൊത്തുപണിയും ദാരുശില്‌പങ്ങളും ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിത്തന്നെയാണ്‌ ഇന്ത്യയിലും വികസിച്ചത്‌. പാണിനിയുടെ അഭിപ്രായത്തില്‍ ക്ഷുരകവൃത്തി, ആശാരിപ്പണി, അലക്കുപണി, തുന്നല്‍, ചായം മുക്കല്‍, ചിത്രരചന, കളിമണ്‍ശില്‌പകല, ആയുധനിര്‍മാണം എന്നിവയൊക്കെ കരകൗശലവിദ്യകളാണ്‌. ആദ്യകാലത്ത്‌ "കുലത്തൊഴില്‍' എന്ന രീതിയില്‍ ഓരോ കരകൗശലവിദ്യയും ഓരോ വര്‍ഗക്കാരുടേതായി വിഭജിക്കപ്പെട്ടിരുന്നി ല്ല. ക്രമേണ ജാതിവ്യവസ്ഥയും തൊഴില്‍ വിഭജനവും ഉടലെടുത്തു.

ബി.സി. മൂന്നാം ശതകത്തില്‍ത്തന്നെ പരുത്തിവസ്‌ത്രങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നതായി മോഹന്‍ജൊദരോയില്‍ നടത്തിയ ഉത്‌ഖനനങ്ങള്‍ തെളിയിക്കുന്നു. ഋഗ്വേദകാലഘട്ടങ്ങളില്‍ തുണിനെയ്‌ത്ത്‌ വളരെ പുഷ്ടി പ്രാപിച്ചിരുന്നു, പ്രത്യേകതരം രോമക്കുപ്പായങ്ങളെപ്പറ്റി വേദങ്ങളില്‍ സൂചനകളുണ്ട്‌. അതിപുരാതനകാലം മുതലേ സിന്ധുനദീതടത്തിലെ നഗരങ്ങളും മെസപ്പൊട്ടേമിയയുമായി വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി തെളിവുകളുണ്ട്‌. 3000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ദന്തശില്‌പങ്ങളും എംബ്രായ്‌ഡറികളും വര്‍ണപ്പൊലിമയുള്ള പട്ടുവസ്‌ത്രങ്ങളും ബാബിലോണിയയിലും സോളമന്‍െറ രാജധാനിയിലും എത്തിയിരുന്നു. പാലി സാഹിത്യകൃതികളില്‍, ബൗദ്ധകാലഘട്ടത്തിലെ കരകൗശലവിദ്യകളെപ്പറ്റി വിശദമായ പ്രതിപാദനമുണ്ട്‌. ബി.സി. 400ല്‍ ഗ്രീസില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ചിത്രപ്പണി ചെയ്‌ത ഭാരതീയ വസ്‌ത്രങ്ങള്‍ പേര്‍ഷ്യന്‍ വനിതകള്‍ക്ക്‌ പ്രിയങ്കരങ്ങളായിരുന്നു. ചന്ദ്രഗുപ്‌തമൗര്യന്റെ കാലത്തെ ഗ്രീക്‌ പ്രതിപുരുഷനായിരുന്ന മെഗസ്‌തനീസ്‌ ഹിന്ദുവനിതകളുടെ വസ്‌ത്രങ്ങളെപ്പറ്റി വിശദമായി എഴുതിയിട്ടുണ്ട്‌. സ്വര്‍ണവും വിലയേറിയ രത്‌നങ്ങളും തുന്നിച്ചേര്‍ത്ത വസ്‌ത്രങ്ങളായിരുന്നു അവര്‍ ധരിച്ചിരുന്നത്‌. ഈജിപ്‌ഷ്യന്‍ മമ്മികളെ പുതപ്പിക്കാന്‍ പോലും ഇന്ത്യന്‍ മസ്ലിനുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. അതിമൃദുലവും മനോഹരവുമായ പരുത്തിവസ്‌ത്രങ്ങള്‍ പുരാതനകാലത്ത്‌ ഭാരതീയര്‍ നെയ്‌തിരുന്നു. പുല്‍പ്രദേശത്തു വിരിച്ചാല്‍ അവയെ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ അത്തരം തുണികളെ ഹിമബിന്ദുവെന്നും വെള്ളത്തിലിട്ടാല്‍ ദര്‍ശിക്കാന്‍ കഴിയാത്തവയെ ജലധാരയെന്നും ധരിച്ചാല്‍ അതീവ കുളിര്‍മ നല്‌കുന്നവയെ സര്‍ബത്തി എന്നും വിളിച്ചുവന്നു. 5 മീ. നീളമുള്ള ഒരു തുണി ഒരു ചെറിയ മോതിരത്തിലൂടെ കടക്കുമായിരുന്നത്ര. ഇത്തരം വസ്‌ത്രങ്ങളെല്ലാം തക്കിളിയില്‍ നൂറ്റെടുത്ത പരുത്തിനൂലുകൊണ്ട്‌ നിര്‍മിച്ച മസ്ലിനുകളായിരുന്നു. ഇവയുടെ നേര്‍മ കവികളെപ്പോലും ഉത്തേജിപ്പിച്ചിരുന്നു. റോസാദലങ്ങളില്‍ പറ്റിയിരിക്കുന്ന മഞ്ഞുതുള്ളിയായും ട്യൂലിപ്പ്‌ പൂക്കളില്‍ വീഴുന്ന നിലാവായും ഇത്തരം തുണിത്തരങ്ങളെ കവികള്‍ ഉത്‌പ്രക്ഷിച്ചിട്ടുണ്ട്‌. വെറും ഐതിഹ്യങ്ങളായി മാത്രം ഇവയെ കണക്കാക്കുന്നതില്‍ അര്‍ഥമില്ല. രാജകീയാഡംബരങ്ങളായിരുന്ന അത്തരം മസ്ലിന്‍ തുണികള്‍, ഇന്നും ദക്ഷിണബിഹാറിലുള്ള മധുബാനിയിലും ആന്ധ്രപ്രദേശിലെ പൊണ്ടുറുമിലും അപൂര്‍വമായെങ്കിലും നിര്‍മിക്കുന്നുണ്ട്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഭാരതീയ നെയ്‌ത്തു രീതികള്‍ നശിപ്പിക്കപ്പെട്ടു. മില്‍ത്തുണി പ്രചരിപ്പിക്കുന്നതിനുവേണ്ടി ഇന്ത്യയുടെ പാരമ്പര്യനെയ്‌ത്തു സമ്പ്രദായങ്ങള്‍ അവര്‍ നിരുത്സാഹപ്പെടുത്തി. സ്വദേശി വസ്‌ത്രങ്ങളുടെ മേന്മയും കരകൗശലവിദ്യയുടെ പ്രാധാന്യവും മനസ്സിലാക്കി അവയെ പുനരുജ്ജീവിപ്പിച്ചത്‌ മഹാത്മാഗാന്ധിയാണ്‌. 1937 ഒ.ല്‍ വാര്‍ധാ സമ്മേളനത്തില്‍ വച്ച്‌ ഗാന്ധിജി രൂപം നല്‌കിയ അടിസ്ഥാന വിദ്യ-ാഭ്യാസസമ്പ്രദായത്തില്‍ കരകൗശല വിദ്യാഭ്യാസത്തിന്‌ പ്രത്യേകം ഊന്നല്‍ നല്‌കിയിട്ടുണ്ട്‌. ഇന്ത്യയില്‍ അതിപുരാതനകാലത്തേ പുഷ്ടി പ്രാപിച്ചിരുന്ന ഒരു കരകൗശലവിദ്യയാണ്‌ ലോഹപ്പണി. മോഹഞ്‌ജൊദരോ, ഹാരപ്പാ എന്നിവിടങ്ങളില്‍ നടത്തിയ ഉത്‌ഖനനങ്ങളില്‍ നിന്നു ക്ഷൗരക്കത്തികള്‍, ചൂണ്ട, മണ്‍വെട്ടി തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്‌. മോഹഞ്‌ജൊദരോയില്‍ നിന്നു ലഭിച്ച നൃത്തം ചെയ്യുന്ന "യുവതിയുടെ പിച്ചളപ്രതിമ' കലാപരമായി മികച്ച ഒരു സൃഷ്ടിയാണ്‌. എ.ഡി. 4-ാം ശ.ത്തില്‍ത്തന്നെ തുരുമ്പിക്കാത്ത ഉരുക്കുപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു. സങ്കരലോഹങ്ങളുടെ നിര്‍മാണം, ലോഹപരിശോധന തുടങ്ങിയ കാര്യങ്ങളെപ്പറ്റി കൗടല്യന്റെ അര്‍ഥശാസ്‌ത്രത്തില്‍ സൂചനകളുണ്ട്‌. അക്കാലത്ത്‌ ഉപയോഗിച്ചിരുന്ന, മനോഹരമായ കൈപ്പിടിയോടുകൂടിയ ലോഹദര്‍പ്പണങ്ങളുടെ രൂപമാതൃകകള്‍ അജന്താചിത്രങ്ങളില്‍ ക്കാണാം. മുഗള്‍ ഭരണകാലത്തും ലോഹപ്പണി പ്രാത്സാഹിപ്പിക്കപ്പെട്ടിരുന്നു. ഇന്ന്‌ ലോഹപ്പണി ഒരു വന്‍ വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു. ബനാറസ്‌, മൊറാദാബാദ്‌, അഹമ്മദാബാദ്‌, നെല്ലൂര്‍, മധുര, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളാണ്‌ പിച്ചളപ്പണികള്‍ക്ക്‌ കൂടുതല്‍ പ്രശസ്‌തം. കശ്‌മീര്‍, ലഖ്‌നൗ, ജയ്‌പൂര്‍, തിരുപ്പതി, ബാംഗ്ലൂര്‍, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ സ്വര്‍ണപ്പണിയിലും വെള്ളിപ്പണിയിലും വിദഗ്‌ധരായ കലാകാരന്മാരുണ്ട്‌. ബനാറസ്‌, ഡല്‍ഹി, ലഖ്‌നൗ, റാംപൂര്‍, അല്‍വാര്‍, കശ്‌മീര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ ഇനാമല്‍ കല പുഷ്ടി പ്രാപിച്ചിട്ടുണ്ട്‌.

നൂറ്റാണ്ടുകളായി ഇന്ത്യന്‍ കലാകാരന്മാര്‍ തങ്ങളുടെ കരവിരുത്‌ പ്രകടമാക്കാന്‍ തിരഞ്ഞെടുത്തിരുന്ന ഒരു പ്രധാന മാധ്യമമാണ്‌ മരം. ദാരുശില്‌പികളെപ്പറ്റി ഋഗ്വേദത്തില്‍ തന്നെ സൂചനകളുണ്ട്‌. ദാരുശില്‌പികളെ ഒരു പ്രത്യേക വിഭാഗമായിത്തന്നെ മനു വര്‍ഗീകരിച്ചിരുന്നു. ബൃഹത്‌സംഹിതയിലും ശില്‌പശാസ്‌ത്രത്തിലും ദാരുശില്‌പരീതികളെക്കുറിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌. ഏതു തരം തടി ഏതേത്‌ ആവശ്യത്തിന്‌ ഉപയോഗിക്കണം എന്നും മറ്റുമുള്ള വിവരങ്ങള്‍ ഇവയിലുണ്ട്‌. ക്ഷേത്രങ്ങളിലും മറ്റും കാണുന്ന ദാരുശില്‌പങ്ങള്‍ ഭാരതീയ കരകൗശല വിദ്യയ്‌ക്ക്‌ മകുടോദാഹരണങ്ങളാണ്‌. കശ്‌മീര്‍, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍, കേരളം, മൈസൂര്‍, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലാണ്‌ ദാരുശില്‌പകല ഏറ്റവും പുഷ്ടി പ്രാപിച്ചിട്ടുള്ളത്‌.ദന്തശില്‌പരചന ഭാരതീയ കരകൗശലവിദ്യയുടെ തനതായ ഭാഗമാണ്‌. ലോകമെമ്പാടുമുള്ള ആവശ്യത്തിന്‌ ആനക്കൊമ്പുകളും ദന്തശില്‌പങ്ങളും ഇന്ത്യയില്‍ നിന്നായിരുന്നു പുരാതനകാലം മുതല്‌കേ നല്‌കിയിരുന്നത്‌. ദന്തശില്‌പികള്‍ സംഭാവന ചെയ്‌ത മനോഹരമായ ഒരു റിലീഫ്‌ ശില്‌പത്തെക്കുറിച്ച്‌ സാഞ്ചിയിലെ ഒരു ശിലാലിഖിതത്തില്‍ സൂചനകളുണ്ട്‌. വിക്‌ടോറിയാ രാജ്‌ഞിയുടെ കിരീടധാരണച്ചടങ്ങിന്‌ തിരുവിതാംകൂര്‍ മഹാരാജാവ്‌ സമ്മാനിച്ച ദന്തനിര്‍മിതമായ സിംഹാസനം അതീവ പ്രശംസ നേടുകയുണ്ടായി. അമൃത്‌സര്‍, പട്യാല, ഡല്‍ഹി, ബനാറസ്‌, സൂറത്ത്‌, അഹമ്മദാബാദ്‌, മൈസൂര്‍, കേരളം എന്നിവിടങ്ങളിലാണ്‌ ഇന്ന്‌ ദന്തശില്‌പരചന കൂടുതലായി നടക്കുന്നത്‌. ദക്ഷിണേന്ത്യയില്‍ ദ്രാവിഡ ശൈലിയും ഉത്തരേന്ത്യയില്‍ രജപുത്രശൈലിയും സ്വീകരിച്ചിരിക്കുന്നു.

മുള, ഈറ, തഴ, പനയോല, കക്കകള്‍ തുടങ്ങിയ വിവിധ പദാര്‍ഥങ്ങളുപയോഗിച്ച്‌ അനവധി കരകൗശല വസ്‌തുക്കള്‍ നിര്‍മിക്കപ്പെട്ടുവരുന്നു. തിരുനെല്‍വേലിയും കേരളവുമാണ്‌ പായ നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌. കുടില്‍ വ്യവസായം എന്ന നിലയില്‍ കരകൗശലവിദ്യയ്‌ക്ക്‌ ഇന്ത്യന്‍ സമ്പദ്‌ഘടനയില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്‌.

കേരളം. കേരളത്തില്‍ നവീന ശിലായുഗകാലം മുതല്‌ക്കേ കലാസൃഷ്ടികളുടെ പ്രാഗ്‌രൂപങ്ങള്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്‌. നവീനശിലായുഗകാലത്ത്‌ ഉപയോഗിച്ചിരുന്ന ഒരു കല്ലുളി സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള എടയ്‌ക്കല്‍ ഗുഹയില്‍ നിന്നും കിട്ടിയിട്ടുണ്ട്‌. ഈ ഗുഹയില്‍ക്കാണുന്ന കൊത്തുപണികള്‍ കല്ലുളികൊണ്ടായിരിക്കണം നിര്‍വഹിച്ചത്‌. ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെപ്പോലെ കേരളത്തിലും മതപരമായ കാര്യങ്ങളെ ആവിഷ്‌കരിക്കുന്നവയായിരുന്നു കലാസൃഷ്‌ടികള്‍. ക്ഷേത്രങ്ങളായിരുന്നു അതിന്റെ ഉദ്‌ഭവവികാസകേന്ദ്രങ്ങള്‍. അമ്പലങ്ങളോടൊപ്പം തന്നെ കൂത്തമ്പലങ്ങളും ശില്‌പശാലകളും നിര്‍മിക്കപ്പെട്ടു. വര്‍ണപ്പൊലിമയുള്ള ദാരുശില്‌പങ്ങളും കല്‌പണികളും ഇവയിലെല്ലാം കാണാം. പദ്‌മനാഭപുരം കൊട്ടാരത്തിലും തിരുവനന്തപുരത്തെ മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുള്ള കരകൗശല വസ്‌തുക്കള്‍ ഉദാഹരണങ്ങളാണ്‌. ശില്‌പങ്ങള്‍ക്കു നിറം പകരാന്‍ സസ്യദ്രവ്യങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. ചായില്യം, മനയോല, കോലരക്ക്‌, എണ്ണക്കരി, അമരിനീലം, കടുക്ക, പുകയിലപ്പൊടി, പഞ്ചമന്‍പഴുക്ക, വിളാമ്പശ, കൂവളപ്പശ, തേക്കിന്‍കുരുന്ന്‌ തുടങ്ങിയവ ഇതിനായി ഉപയോഗിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ മറ്റൊരു പുരാതന കരകൗശലവിദ്യയാണ്‌ അരക്കുപണി. തൂണുകള്‍, നെട്ടൂര്‍പ്പെട്ടികള്‍, കുടപ്പിടികള്‍ എന്നിവ അരക്കുപണികൊണ്ട്‌ മനോഹരമാക്കുന്നു. ഇലച്ചാറും അരക്കും കലര്‍ത്തി പനയോലക്കീറു കൊണ്ടു തേക്കുകയാണ്‌ ചെയ്‌തിരുന്നത്‌. ചൈനയില്‍ നിന്നാണ്‌ അരക്കുപണി ഇന്ത്യയില്‍ പ്രചരിച്ചത്‌. തെയ്യം, തിറ, കഥകളി തുടങ്ങിയ പ്രാചീന ദൃശ്യകലകളിലെ വേഷവിധാനങ്ങളുടെ നിര്‍മാണം കേരളത്തിന്റെ കരകൗശലവിദ്യയുടെ ഭാഗമാണ്‌.

ചിത്രപ്പണികളോടുകൂടിയ കാര്‍പ്പെറ്റ്‌

വ്യവസായം. സ്വാതന്ത്യ്രലബ്‌ധിക്കു ശേഷം കരകൗശല വ്യവസായം മെച്ചപ്പെടുത്തുന്നതിന്‌ കേന്ദ്രഗവണ്‍മെന്റ്‌ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. കരകൗശലവസ്‌തുക്കളുടെ ഉത്‌പാദനവും കയറ്റുമതിയും ലക്ഷ്യമാക്കിക്കൊണ്ട്‌ 1952ല്‍ ന്യൂ ഡല്‍ഹിയില്‍ ആള്‍ ഇന്ത്യാ ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ ബോര്‍ഡ്‌ രൂപീകരിച്ചു. ഇതിന്‌ മുംബൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ചെന്നൈ, ന്യൂ ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രാദേശിക കാര്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ബോര്‍ഡിന്റെ കീഴില്‍ ബാംഗ്ലൂരില്‍ ഒരു സെന്‍ട്രല്‍ ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ ഡവലപ്‌മെന്റ്‌ സെന്ററും ഡല്‍ഹിയില്‍ സെന്‍ട്രല്‍ ക്രാഫ്‌റ്റ്‌സ്‌ മ്യൂസിയവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കരകൗശലവസ്‌തുക്കളുടെ വിപണനത്തിനായി 250 വില്‌പനശാലകള്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇവ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റ്‌ ട്രഡിങ്‌ കോര്‍പറേഷന്റെ ഭാഗമായ ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ ആന്‍ഡ്‌ ഹാന്‍ഡ്‌ലൂംസ്‌ എക്‌സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ കയറ്റുമതിയില്‍ ശ്രദ്ധ ചെലുത്തിവരുന്നു; കരകൗശലവിദ്യയില്‍ പ്രത്യേക ശിക്ഷണകേന്ദ്രങ്ങളും നടത്തിവരുന്നുണ്ട്‌. സ്വര്‍ണവും രത്‌നവും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കരകൗശലവസ്‌തുക്കളില്‍ നിന്ന്‌ 1977-78 വര്‍ഷങ്ങളില്‍ 400 കോടി രൂപയുടെ വരുമാനം ഉണ്ടായിട്ടുണ്ട്‌. 1978-79ല്‍ അത്‌ 600 കോടിയാക്കി ഉയര്‍ത്താനായിരുന്നു ഗവണ്‍മെന്റിന്റെ യത്‌നം. കയറ്റുമതിയില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന്‌ 1967-68 കാലങ്ങളില്‍ ലഭിച്ച 22.18 കോടി രൂപയുടെ വിദേശനാണ്യം 1976-77ല്‍ 16982 കോടി രൂപയായി വര്‍ധിക്കുകയുണ്ടായി. എന്നാല്‍ 1977-78 വര്‍ഷങ്ങളില്‍ കയറ്റുമതിയിനത്തില്‍ 14 കോടി രൂപയുടെ കുറവുവന്നു. ഇതേത്തുടര്‍ന്ന്‌ കയറ്റുമതി മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ഗവണ്‍മെന്റ്‌ സ്വീകരിക്കുകയുണ്ടായി. കൈകൊണ്ടു നെയ്‌ത കംബളങ്ങള്‍ക്കും റഗ്‌ഗുകള്‍ക്കും ദാരുശില്‌പങ്ങള്‍ക്കും വിദേശങ്ങളില്‍ കൂടുതല്‍ പ്രിയമുണ്ട്‌. ലോഹപ്പണി ചെയ്‌ത വസ്‌തുക്കള്‍, കൈകൊണ്ടു പ്രിന്റ്‌ ചെയ്‌ത തുണിത്തരങ്ങള്‍, ഷാളുകള്‍, സ്‌കാര്‍ഫുകള്‍ എന്നിവയ്‌ക്ക്‌ 1977-78ല്‍ വിദേശങ്ങളില്‍ വളരെ താത്‌പര്യം ഉണ്ടായി. കയറ്റുപായകള്‍, രത്‌നകംബളങ്ങള്‍, മസ്ലിന്‍ തുണിത്തരങ്ങള്‍, പരുത്തിത്തുണികള്‍, ചിത്രത്തുന്നല്‍ ചെയ്‌ത ഷാളുകള്‍, കളിമണ്‍ശില്‌പങ്ങള്‍, ആഭരണങ്ങള്‍, ആദിവാസികളുടെ ആടയാഭാരണങ്ങള്‍, ദാരുശില്‌പങ്ങള്‍, ദന്തശില്‌പങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാവകള്‍ തുടങ്ങിയവയാണ്‌ പ്രധാന കയറ്റുമതിച്ചരക്കുകള്‍.

തൊണ്ടില്‍ത്തീർത്ത കരകൗശല വസ്‌തുക്കള്‍
കരകൗശല വിപണി

പാരമ്പര്യവാസനകള്‍ തലമുറകളിലൂടെ പകര്‍ന്നു വളര്‍ന്നു സമ്പൂര്‍ണമായതാണ്‌ ഇന്ത്യന്‍ കരകൗശലവിദ്യ. കലാകാരന്മാര്‍ക്ക്‌ സഹായധനം നല്‌കിയും കയറ്റുമതിസാധ്യതകള്‍ വര്‍ധിപ്പിച്ചും കരകൗശലവിദഗ്‌ധരെ അവരുടെ പാരമ്പര്യത്തൊഴിലുകളില്‍ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യാഗവണ്‍മെന്റ്‌ ശ്രമിച്ചുവരുന്നു. ഓരോ വര്‍ഷവും വിദഗ്‌ധരായ കരകൗശലകലാകാരന്മാരെ ദേശീയ ബഹുമതികള്‍ നല്‌കി ആദരിക്കാറുണ്ട്‌. അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാദിഗ്രാമവ്യവസായ ബോര്‍ഡ്‌ കരകൗശലോത്‌പന്നങ്ങളുടെ നിര്‍മിതിക്കു വേണ്ട സാങ്കേതികസാമ്പത്തിക സഹായങ്ങള്‍ നല്‌കിവരുന്നുണ്ട്‌; ഈ മേഖലയുടെ വികസനത്തിനാവശ്യമായ പരിശീലനങ്ങള്‍ നല്‌കാനും ബോര്‍ഡ്‌ ശ്രദ്ധിച്ചുവരുന്നു. നോ: അരക്കുപണി; അറുപത്തിനാലു കലകള്‍; അലങ്കരണകല; അലമാരി; ആന്‍റീക്‌; ആഭരണങ്ങള്‍; എന്‍ഗ്രവിങ്‌; എംബ്രായ്‌ഡറി; കട്ടില്‍; കണ്ണാടി; കഥകളി; കല; കലം; കല്‌പണി; കളിപ്പാട്ടങ്ങള്‍; കളിമണ്‍ശില്‌പകല; കസവ്‌; കിരീടങ്ങള്‍; കുടില്‍ വ്യവസായങ്ങള്‍; കുട്ട; കൈത്തറി വ്യവസായം; ഗ്ലാസ്‌; ചിത്രകല; തുണിവ്യവസായം; വാസ്‌തുവിദ്യ; ശില്‌പകല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍