This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കര

ഭൂതലത്തില്‍ ജലോപതരിതലത്തിനു മുകളിലായി എഴുന്നുകാണുന്ന ഭാഗത്തിനു മൊത്തത്തില്‍ നല്‌കപ്പെട്ടിരിക്കുന്ന സംജ്ഞ. ഭൂമിയുടെ ഉപരിഭാഗത്തിന്റെ 71 ശ.മാ.ത്തോളവും ജലത്തിനടിയിലാണ്‌; കര 29.1 ശാ.മാ. മാത്രമേ ഉള്ളു. ഘടനാപരമായി ഭൂമിയുടെ ഉപരിപടലമായ ഭൂവല്‌ക്കത്തിന്റെ ഭാഗമാണ്‌ കര. ജലമണ്ഡലത്തിനടിയിലെ കടല്‍ത്തറകളും ഭൂവല്‌ക്കത്തിന്റെ തന്നെ ഭാഗമാണ്‌.

കരയെ മൊത്തത്തില്‍ വന്‍കരകള്‍, ദ്വീപുകള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ഏഷ്യ, ആഫ്രിക്ക, വ. അമേരിക്ക, തെ. അമേരിക്ക, യൂറോപ്പ്‌, ആസ്‌റ്റ്രലിയ, അന്റാര്‍ട്ടിക്ക എന്നിവയാണ്‌ ഏഴു വന്‍കരകള്‍. സമീപസ്ഥങ്ങളായ ദ്വീപുകളെക്കൂടി ഉള്‍പ്പെടുത്തിയാണ്‌ ഓരോ വന്‍കരയുടെയും ഭൂമിശാസ്‌ത്രപരമായ വ്യാപ്‌തി തിട്ടപ്പെടുത്തിയിട്ടുള്ളത്‌. നിര്‍വചനം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ വന്‍കരകള്‍ ബൃഹദ്‌ദ്വീപുകളാണ്‌. ഇതിന്‌ അപവാദമായി പറയാവുന്നത്‌ യൂറോപ്പ്‌, ഏഷ്യ എന്നീ വന്‍കരകള്‍ മാത്രമാണ്‌. മുന്‍കാലത്ത്‌ ഇവയെ ഒന്നായി യൂറേഷ്യ എന്ന പേരില്‍ വ്യവഹരിച്ചു പോന്നു. ഇപ്പോള്‍ നൂതനമായ അറിവുകളെ ആധാരമാക്കി യൂറാള്‍ മലനിരകള്‍, കാസ്‌പിയന്‍ കടല്‍, കരിങ്കടല്‍ എന്നിവ അതിര്‍ത്തികളാക്കി ഏഷ്യ, യൂറോപ്പ്‌ എന്നിങ്ങനെ രണ്ടു വന്‍കരകളുണ്ടെന്ന്‌ കണക്കാക്കി വരുന്നു.

ഭൗമായുസ്സിലെ ആദ്യപാദങ്ങളില്‍ വന്‍കരകളെ പരസ്‌പരം വേര്‍തിരിച്ചിരുന്ന വിസ്‌തൃതങ്ങളായ രണ്ടു കടല്‍ച്ചാലുകള്‍ ഇന്ന്‌ ഭാഗികമായെങ്കിലും കരയായി മാറിയിട്ടുണ്ട്‌. ഈ സംസ്ഥാനങ്ങളിലൊക്കെ താരതമ്യേന പഴക്കം കുറഞ്ഞ മടക്കു പര്‍വതങ്ങളാണുള്ളത്‌ (നോ: ഭൂഅഭിനതി). ഭൂമുഖത്ത്‌ ഇന്നുള്ള പര്‍വതങ്ങളില്‍ 90 ശ.മാ.ത്തിലേറെ വരുന്ന മടക്കു പര്‍വതങ്ങളെ മൊത്തത്തില്‍ ആല്‍പൈന്‍ നിരകള്‍ എന്ന്‌ വിശേഷിപ്പിച്ചു വരുന്നു (നോ: ആല്‍പൈന്‍ പര്‍വതനം). സമുദ്രഭാഗങ്ങള്‍ നികന്നുണ്ടായ ഈ മേഖലകള്‍ പൊതുവേ ദുര്‍ബലങ്ങളും അടിക്കടിയുള്ള ആഗ്‌നേയ പ്രക്രിയകള്‍ക്ക്‌ വിധേയങ്ങളുമാണ്‌. ഭൂവല്‌ക്കത്തിന്റെ ഏറ്റവും പ്രായം ചെന്ന ഭാഗങ്ങളാകട്ടെ ഇന്നത്തെ വന്‍കരകളുടെ ഏതാണ്ട്‌ മധ്യത്തായി സ്ഥിതിചെയ്യുന്നു; ഇത്തരം ഭൂഖണ്ഡങ്ങള്‍ (shields) ഓരോ വന്‍കരയിലും ഒന്നുവീതമെങ്കിലും കാണപ്പെടുന്നു. ഇങ്ങനെ പ്രാചീന ഭൂഖണ്ഡങ്ങളും അവയെ ചൂഴ്‌ന്നുള്ള മടക്കു പര്‍വതങ്ങളും ഇവയുടെ വികീര്‍ണനത്തിലൂടെ രൂപംകൊണ്ട തീരസമതലങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്‌ വന്‍കരകള്‍. ഭൂവിജ്ഞാനപരമായ സാജാത്യത്തെ അടിസ്ഥാനമാക്കി വന്‍കരകളെ രണ്ടു വിഭാഗങ്ങളായി തിരിക്കാം.

ലോറേഷ്യ. ഉത്തരാര്‍ധഗോളത്തിലെ ലോറെന്‍ഷ്യ, യൂറേഷ്യ എന്നീ പ്രാചീന ഭൂഖണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വ. അമേരിക്കയും ഗ്രീന്‍ലന്‍ഡും ലോറെന്‍ഷ്യയുടെ ഭാഗങ്ങളാണ്‌; ഉത്തരയൂറോപ്പിലെയും സൈബീരിയയിലെയും ഉറച്ച ഭൂഭാഗങ്ങള്‍ യൂറേഷ്യയുടേയും.

ഗോണ്ട്‌വാന. ഈ വിഭാഗത്തിലെ ഏറിയ ഭാഗവും ദക്ഷിണാര്‍ധഗോളത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തെ. അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, ആസ്‌റ്റ്രലിയ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളാണ്‌ ഗോണ്ട്‌വാനയുടെ പ്രധാന ഭാഗങ്ങള്‍.

ഭൂമുഖത്തെ വന്‍കരകള്‍ ഒരു കാലത്തും സ്ഥായിയായി വര്‍ത്തിച്ചിട്ടില്ലെന്നും ഒരു നിശ്ചിത പ്രതലത്തിനുമേല്‍ നിരന്തരം വിസ്ഥാപനത്തിന്‌ വിധേയങ്ങളായിക്കൊണ്ടിരിക്കുന്നുവെന്നും ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു. ഇത്‌ ഒരു വസ്‌തുതയായി ഏറെക്കുറെ അംഗീരിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയുമാണ്‌.

കരഭാഗങ്ങളുടെ, വിശിഷ്യ, അവയുടെ അരികുകളുടെയും അവ ഉള്‍ക്കൊള്ളുന്ന മടക്കുപര്‍വതങ്ങള്‍, ഭ്രംശതാഴ്‌വരകള്‍ എന്നിവയുടെയുംജ്യാമിതീയ പ്രകൃതി ഒട്ടുനാളായി വിജ്ഞാനികളുടെ ശ്രദ്ധ ആകര്‍ഷിച്ചുപോന്നു. ഭൗമായുസ്സില്‍ പലപ്പോഴായി ആവര്‍ത്തിക്കപ്പെട്ട പര്‍വതന (orogeny)കാലങ്ങളില്‍ ഓരോന്നിലും മേല്‌പറഞ്ഞവ പ്രത്യേക ജ്യാമിതീയരൂപങ്ങളിലേക്ക്‌ പരിവര്‍ത്തിതമാകാനുള്ള പ്രവണത കൂട്ടിയിരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പെങ്ക്‌, കോസിന്ന എന്നിവരുടെ പരികല്‌പനകള്‍ സൂചിപ്പിക്കുന്നത്‌, ഇന്നത്തെ വന്‍കരകള്‍ നാളെ കടല്‍ത്തറകളാവാനും മറിച്ചു സംഭവിക്കാനും സാധ്യതകളുണ്ടെന്നാണ്‌. ഇന്നത്തെ വന്‍വരകള്‍ ഭൂവിജ്ഞാനപരമായി മാത്രമല്ല ഭൂഭൗതികപരമായും തികഞ്ഞ സാജാത്യം പ്രദര്‍ശിപ്പിക്കുന്നു; കടല്‍ത്തറകളും ഈ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. ഇതില്‍നിന്ന്‌ മറ്റൊരുകാര്യംകൂടി വ്യക്തമാകുന്നു; അക്ഷാംശീയ സ്ഥിതിക്കനുസരിച്ചുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളെ വിഗണിച്ചാല്‍ വിവിധ വന്‍കരകള്‍ പുലര്‍ത്തിപ്പോരുന്ന സദൃശസ്വഭാവങ്ങളെ അടിസ്ഥാനമാക്കി അവയെ വിഭിന്ന ഭൂരൂപങ്ങളായി വര്‍ഗീകരിക്കാം. മൊത്തം ഭൂപ്രകൃതി തുടങ്ങിയ പ്രതലസ്വഭാവം, ഉച്ചാവചം, വ്യാപ്‌തി, ജിയോളജീയ സംരചന, പരിവര്‍ത്തനകാരകങ്ങളായ പ്രക്രിയകള്‍, ഘടനാപരമായ സവിശേഷതകള്‍, അപരദനത്തിന്റെ തോതും നിലവാരവും തുടങ്ങിയ ഘടകങ്ങളോരോന്നും വ്യത്യസ്‌ത ഭൂരൂപങ്ങളുടെ സൃഷ്ടിക്ക്‌ നിദാനങ്ങളാവാം. കാലാവസ്ഥാപരമായ വൈവിധ്യം ഭൂരൂപങ്ങളിലെ വൈജാത്യത്തിന്‌ വഴി തെളിക്കുന്നു.

ഭൂവിജ്ഞാനത്തില്‍ വ്യതിരിക്ത ഗുണവിശേഷങ്ങളിലൂടെ പ്രാതിനിധ്യസ്വഭാവം സിദ്ധിച്ചിട്ടുള്ളതും പരിഗണനാസാധ്യമായ വ്യാപ്‌തിയിലുള്ളതുമായ ഭാഗത്തെയാണ്‌ ഭൂദൃശ്യം (landscape)എന്ന സംജ്ഞകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഏറിയകൂറും ഭൂദൃശ്യങ്ങള്‍ സങ്കീര്‍ണപ്രകൃതികളും അവശിഷ്ടഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്‌. ഭൂദൃശ്യങ്ങളെ മൊത്തത്തില്‍ നിര്‍വചിച്ച്‌ അവ ഉള്‍ക്കൊണ്ടിട്ടുള്ള ഭൂരൂപങ്ങളെ പ്രത്യേകമായി, എന്നാല്‍ തുലനാത്മകമായി വിശകലനം ചെയ്യുന്ന രീതിയാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ഭൂവിനിയോഗം സംബന്ധിച്ച പഠനത്തിലും ആസൂത്രണത്തിലും ഭൂദൃശ്യവിശ്ലേഷണത്തിന്‌ വലുതായ പ്രാധാന്യമുണ്ട്‌. നോ: ഭൂരൂപവിജ്ഞാനീയം; ഭൂവിനിയോഗം

എന്‍. ജയകുമാരന്‍ നായര്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍