This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പിളി

Wool

കമ്പിളി നാര്‌

ചില മൃഗങ്ങളുടെ, പ്രത്യേകിച്ച്‌ ചെമ്മരിയാടിന്റെ ചര്‍മത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന ഒരിനം തുണിനാര്‌. സാധാരണയായി കമ്പിളിക്ക്‌ വെളുത്ത നിറമാണെങ്കിലും നേര്‍ത്ത മഞ്ഞ, ചാരം, തവിട്ട്‌, കറുപ്പ്‌ നിറങ്ങളിലും കമ്പിളി ലഭ്യമാണ്‌. വെളുത്ത കമ്പിളിയും മറ്റു നിറങ്ങളിലുള്ള കമ്പിളിയും തമ്മില്‍ ഘടനയിലും ഗുണങ്ങളിലും ഗണ്യമായ വ്യത്യാസങ്ങളില്ല. അങ്‌ഗോറ ആട്‌, അങ്‌ഗോറ മുയല്‍, ഒട്ടകം, അല്‍പാക, ലാമ, വിക്യുണ എന്നീ മൃഗങ്ങളില്‍ നിന്നും കമ്പിളി വേര്‍തിരിച്ചെടുക്കാറുണ്ട്‌.

ഏതാണ്ട്‌ എല്ലാ രാജ്യങ്ങളിലും കമ്പിളി ഉത്‌പാദനത്തിനായി ചെമ്മരിയാടുകളെ വളര്‍ത്തുന്നുണ്ടെങ്കിലും ഓരോ രാജ്യത്തെയും കാലാവസ്ഥ, ഭൂപ്രകൃതി, ആടുകളുടെ ഇനം എന്നിവയനു‌സരിച്ച്‌ കമ്പിളിയുടെ നിലവാരത്തില്‍ വ്യത്യാസമുണ്ടാകുന്നു.

വസന്തകാലമാകുന്നതോടെയാണ്‌ സാധാരണയായി ആടുകളുടെ രോമം വെട്ടുന്നത്‌. ഏറ്റവും കൂടുതല്‍ രോമം ഉണ്ടായിരിക്കുന്നതും ഈ സമയത്തുതന്നെ. വളരെ കുറച്ചു സമയത്തിനു‌ള്ളില്‍ കൂടുതല്‍ രോമം മുറിച്ചെടുക്കാന്‍ "യന്ത്രക്കത്രികകള്‍' സഹായകമാകുന്നു. ജീവനു‌ള്ള ആടിന്റെ രോമവും ആട്ടിന്‍ തോലില്‍ നിന്നു പറിച്ചെടുക്കുന്ന രോമവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്‌. പല പ്രായത്തിലുള്ള ആടുകളുടെ രോമവും വ്യത്യസ്‌തമായിരിക്കും. ഒരേ ആടിന്റെ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുക്കുന്ന രോമം ഗുണത്തില്‍ ഭിന്നമായിരിക്കുന്നു. മൃദുത്വം, നിറം, തിളക്കം, നീളം, ചുരുളിച്ച, മേനി എന്നിവയാണ്‌ കമ്പിളിരോമത്തിന്റെ ഗുണം നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. വിവിധോപയോഗത്തിനു‌ള്ള കമ്പിളി ഇനം തിരിക്കുന്നതിന്‌ നല്ല പരിചയം ആവശ്യമാണ്‌.

വെട്ടിയെടുക്കുമ്പോള്‍ രോമം കൊഴുപ്പും അഴുക്കും നിറഞ്ഞതായിരിക്കും; അതിനാല്‍ ഭാരവും കൂടുതലായിരിക്കും. എന്നാല്‍ ആദ്യത്തെ "കഴുക'ലോടെതന്നെ ഇതിന്റെ ഭാരം 40 മുതല്‍ 60 വരെ ശ.മാ. കുറയുന്നു. രോമത്തിലെ കൊഴുപ്പില്‍ (grease) ലനോളിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത്‌ പ്രത്യേകം ശേഖരിക്കുകയാണ്‌ പതിവ്‌. ഔഷധനിര്‍മാണ വ്യവസായത്തിലും സുഗന്ധദ്രവ്യനിര്‍മിതിയിലും ലനോളിന്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. മനു‌ഷ്യന്റെ ത്വക്കിന്‌ ലനോളിന്‍ ആഗിരണം ചെയ്യാനു‌ള്ള കഴിവാണ്‌ ഇതിന്റെ പ്രാധാന്യത്തിനു‌ കാരണം.

നാരിന്റെ ഘടന. ഒരു കമ്പിളിനാരിന്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌. ചര്‍മത്തിനു‌ള്ളിലെ സചേതനഭാഗമായ വേരും (root) പുറമേ കാണുന്ന മൃതകാണ്ഡ(വെമള)വും. കാണ്ഡത്തിന്റെ പരിച്ഛേദത്തില്‍ മൂന്ന്‌ പാളികള്‍ ദൃശ്യമാണ്‌ ക്യൂട്ടിക്കിള്‍, കോര്‍ട്ടെക്‌സ്‌, മെഡുല. കമ്പിളിനാരിന്റെ ബാഹ്യസ്‌തരമായ ക്യൂട്ടിക്കിളില്‍ മേച്ചില്‍ ഓട്‌ പോലെ അടുക്കിയ പരന്ന ക്രമരഹിതമായ ശല്‌ക്കങ്ങളുള്ളതിനാല്‍ നാര്‌ വളരുമ്പോള്‍ അല ഞൊറിഞ്ഞതുപോലെ തോന്നും. കോര്‍ട്ടെക്‌സിലെ നീണ്ട കോശs(pindle cells)ങ്ങളാണ്‌ കമ്പിളിയുടെ ഇലാസ്‌തികതയ്‌ക്കും വലിവുറപ്പിനും നിദാനം. ആന്തരിക പാളിയായ മെഡുല മൃദുവായ കമ്പിളി നാരുകളില്‍ ഉണ്ടാവാറില്ല. എന്നാല്‍ പരുക്കനായ അസംസ്‌കൃതനാരില്‍ ഉള്ള വായു നിറഞ്ഞ, തേനറകള്‍ക്ക്‌ സമാനമായ കോശങ്ങളുള്ള മെഡുല കമ്പിളി നെയ്‌ത്തിന്‌ അനു‌യോജ്യമല്ല.

രാസികമായി, കെരാറ്റിന്‍ എന്ന പ്രാട്ടീനാണ്‌ കമ്പിളി. പതിനേഴോ അതില്‍ കൂടുതലോ അമിനോ അമ്ലങ്ങളടങ്ങുന്ന ചുരുളിന്റെ ആകൃതിയിലുള്ള ദീര്‍ഘ ശൃംഖലാ തന്മാത്രകള്‍ പരസ്‌പരം ഡൈസള്‍ഫൈഡ്‌ ഗ്രൂപ്പുകള്‍ കൊണ്ട്‌ ബന്ധിക്കപ്പെട്ടിരിക്കുന്നു. കമ്പിളിനാരുകളെ വലിക്കുകയോ മറ്റ്‌ ബലങ്ങള്‍ക്ക്‌ വിധേയമാക്കുകയോ ചെയ്യുമ്പോള്‍ ഈ താന്മാത്രിക ചുരുളുകള്‍ നിവരുന്നു. എന്നാല്‍ ബലം ഇല്ലാതാവുന്നതോടെ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു. പ്രാട്ടീന്‍ തന്മാത്രകളുടെ ഈ ഇലാസ്‌തിക ഗുണമാണ്‌ കമ്പിളി വസ്‌ത്രങ്ങളില്‍ ചുളിവു വീഴാതിരിക്കുന്നതിന്‌ കാരണം. ഓക്‌സീകാരകങ്ങള്‍, നിരോക്‌സികാരകങ്ങള്‍, ക്ഷാരം തുടങ്ങിയ, ഡൈസള്‍ഫൈഡ്‌ ഗ്രൂപ്പുകളില്‍ പ്രഭാവം ചെലുത്തുന്ന അഭികാരകങ്ങള്‍ കമ്പിളിയുടെ ഭൗതിക ഗുണധര്‍മങ്ങളില്‍ മൊത്തമായും മാറ്റം ഉണ്ടാക്കുന്നു.

കമ്പിളി വ്യവസായം. മധ്യകാലത്ത്‌ ഏറ്റവും കൂടുതല്‍ കമ്പിളി ഉത്‌പാദിപ്പിക്കുന്ന രാജ്യം ഇംഗ്ലണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌ ചാന്‍സലറുടെ ഇരിപ്പിടം തന്നെ ഒരു കമ്പിളിച്ചാക്കു കൊണ്ടു നിര്‍മിച്ചതാണെന്നത്‌ ഇംഗ്ലണ്ടിലെ വാണിജ്യാഭിവൃദ്ധിയും പ്രതാപവും കമ്പിളിയെ അടിസ്ഥാനമാക്കിയായിരുന്നുവെന്നതിന്റെ ഒരു സൂചനയാണ്‌. കമ്പിളി വാണിജ്യമാണ്‌ ഇംഗ്ലണ്ടിനെ മറ്റു വന്‍കരകളുമായി ബന്ധിപ്പിച്ചത്‌. ഇംഗ്ലണ്ടിന്റെ കയറ്റുമതിയുടെ സിംഹഭാഗവും കമ്പിളിയായിരുന്നു. അന്നത്തെ കമ്പിളിവാണിജ്യത്തിന്റെ ഏറ്റവും പ്രധാന വിപണി നെതര്‍ലന്‍ഡ്‌ ആയിരുന്നു. കമ്പിളിവാണിജ്യത്തിന്റെ പ്രാധാന്യത്തെത്തുടര്‍ന്ന്‌ പില്‌ക്കാലത്ത്‌ "സ്റ്റേപിള്‍' എന്നു പേരുള്ള ഒരു വാണിജ്യ സംഘടന തന്നെ ഇതിനായി രൂപംകൊണ്ടു.

13-ാം ശ.ത്തോടെ കമ്പിളിക്കയറ്റുമതി ഇറ്റലിക്കാരുടെയും ജര്‍മന്‍കാരുടെയും ഫ്‌ളെമിഷുകാരുടെയും നിയന്ത്രണത്തിലായി. 13-ാം ശ.നു‌ശേഷം കമ്പിളി വ്യാപാരം "സ്റ്റേപിള്‍' സമൂഹത്തിന്റെ നിയന്ത്രണത്തില്‍ വന്നു. ഉത്‌പാദനകേന്ദ്രങ്ങളില്‍ നിന്ന്‌ കമ്പിളി കുതിരവണ്ടികളില്‍ തുറമുഖത്തെത്തിക്കുകയും അവിടെ നിന്ന്‌ കപ്പലുകളില്‍ക്കയറ്റി വിപണികളിലെത്തിക്കുകയുമായിരുന്നു പതിവ്‌. മറ്റു വാണിജ്യ ഇടപാടുകളിലെന്നപോലെ കമ്പിളിയിലും വായ്‌പക്കച്ചവടം നിലനിന്നിരുന്നു. മധ്യകാലത്തുപോലും കമ്പിളിവ്യാപാരം തദ്ദേശ വാണിജ്യത്തില്‍ ഒതുങ്ങി നിന്നില്ലെന്നും വ്യവസ്ഥാപിതമായ ഒരു കമ്പോള ഘടന ഉണ്ടായിരുന്നുവെന്നും ലഭ്യമായ രേഖകളില്‍ നിന്ന്‌ വ്യക്തമാണ്‌.

ഈ കാലഘട്ടത്തിന്റെ അവസാനത്തോടെ അസംസ്‌കൃത കമ്പിളി കയറ്റി അയയ്‌ക്കുന്നതിനു‌ പകരം കമ്പിളിത്തുണി കയറ്റി അയയ്‌ക്കുന്ന ഏര്‍പ്പാടു തുടങ്ങി. ഗ്ലസ്റ്റര്‍ഷയറിലും വില്‍റ്റ്‌ഷയറിലും സോമര്‍ സെറ്റിലും ഈസ്റ്റ്‌ ആംഗ്ലിയയിലും നോഫോക്കിലും കമ്പിളിത്തുണിനിര്‍മാണശാലകള്‍ ഉയര്‍ന്നു. 15-ാം നൂറ്റാണ്ടായതോടെ കമ്പിളിത്തുണിയുടെ കയറ്റുമതി ഗണ്യമായി ഉയര്‍ന്നു. മധ്യകാലത്ത്‌ കമ്പിളി വാണിജ്യത്തെ ആശ്രയിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ സാമ്പത്തികനയം തന്നെ രൂപം കൊണ്ടിരുന്നത്‌. നികുതിയിനത്തിലും ഒരു നല്ല തുക കമ്പിളിവ്യവസായത്തില്‍ നിന്ന്‌ ലഭിച്ചിരുന്നു. 1251ല്‍ ഒരു നിയമം മുഖേന ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അസംസ്‌കൃത കമ്പിളിയുടെ കയറ്റുമതി തടഞ്ഞു. എന്നാല്‍ കമ്പിളിത്തുണിനിര്‍മാണം പ്രാത്‌സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. എഡ്വേഡ്‌ II, എഡ്വേഡ്‌ III, ഹെന്‌റി VII, ഹെന്‌റി VIII എന്നിവരുടെ ശ്രമഫലമായി കമ്പിളിത്തുണിയുടെ കയറ്റുമതി ഗണ്യമായി പുരോഗമിക്കുകയുണ്ടായി.

കമ്പിളിനിര്‍മാണത്തിന്റെ പുരോഗതി അന്നത്തെ സാമ്പത്തിക പുരോഗതിയുടെ ഒരു അളവുകോലായിരുന്നു. ഇംഗ്ലണ്ടിലെ പ്രധാന ദേവാലയങ്ങള്‍ കമ്പിളി വ്യവസായ കേന്ദ്രങ്ങളിലായിരുന്നു നിര്‍മിച്ചിരുന്നത്‌. ഗ്ലസ്റ്റര്‍ഷയറിലെ മനോഹരമായ ഫെയര്‍ഫോര്‍ഡ്‌ ദേവാലയം പണികഴിപ്പിച്ചത്‌ ഒരു കമ്പിളിവ്യാപാരിയായ ജോണ്‍ ടെയിം ആണ്‌.

ചെമ്മരിയാടിന്റെ രോമം വെട്ടുന്നു

ഇന്ന്‌ ആസ്‌റ്റ്രലിയ, ന്യൂസിലന്‍ഡ്‌, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, ഉറുഗ്വേയ്‌ എന്നീ രാജ്യങ്ങളാണ്‌ കമ്പിളി ഉത്‌പാദനത്തില്‍ മുന്നിട്ട്‌ നില്‍ക്കുന്നത്‌. കമ്പിളിയെ പൊതുവേ വസ്‌ത്രനിര്‍മാണത്തിന്‌ യോഗ്യമായത്‌ എന്നും പരവതാനി നിര്‍മാണത്തിന്‌ യോഗ്യമായത്‌ എന്നും രണ്ടായി തിരിക്കാം. പരവതാനി യോഗ്യമായ കമ്പിളി വസ്‌ത്രയോഗ്യമായ കമ്പിളിയെക്കാള്‍ നീളം കൂടിയതും പരുക്കനും ആയിരിക്കും. വസ്‌ത്രയോഗ്യമായ കമ്പിളിയില്‍ ഏറ്റവും മികച്ചത്‌ മെറിനോ (Merino) ചെമ്മരിയാടുകളില്‍ നിന്ന്‌ ലഭിക്കുന്നതാണ്‌. ആസ്‌റ്റ്രലിയ, ദക്ഷിണ ആഫ്രിക്ക, യു.എസ്‌. എന്നിവിടങ്ങളിലാണ്‌ ഇത്തരം ആടുകള്‍ കൂടുതല്‍ കാണപ്പെടുന്നത്‌.

യു.എസ്‌, യു.കെ, ആസ്‌റ്റ്രലിയ, ന്യൂസിലന്‍ഡ്‌, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ വളര്‍ത്തുന്ന ഇടത്തരം സങ്കര ഇനങ്ങളായ കോറിഡേല്‍ (Corriedale), സൗത്ത്‌ഡൗണ്‍ (Southdown), ഷ്രാപ്‌ഷയര്‍ (Shropshire), ഹാംപ്‌ഷയര്‍ ഡൗണ്‍ (Hampshire Down), ഡോര്‍സറ്റ്‌ ഡൗണ്‍ (Dorset Down) എന്നീ ആടുകളില്‍ നിന്നാണ്‌ ലോകത്തെ വസ്‌ത്രയോഗ്യമായ കമ്പിളിയുടെ അറുപത്‌ ശതമാനത്തോളം ലഭിക്കുന്നത്‌. ആഫ്രിക്കയിലും ഏഷ്യയിലും വളര്‍ത്തുന്ന സൊമാലി (Somali), ഹിരിക്‌ അഥവാ ഇറാഖി (Hirrik or Iraqi), സിക്കിം ബേരാ (Sikkim Bera) എന്നീ ഇനങ്ങളില്‍ നിന്നാണ്‌ പ്രധാനമായും പരവതാനി യോഗ്യമായ കമ്പിളി ലഭിക്കുന്നത്‌. പൊതുവേ പ്രാകൃതമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഈ ആടുകളില്‍ നീളമുള്ള മുടിയുടെ ഒരു ആവരണം കൊണ്ട്‌ യഥാര്‍ഥ കമ്പിളി പൊതിഞ്ഞിട്ടുള്ളതായി കാണാം.

നാരിന്റെ നീളം, മേന്മ (fitness)എന്നിവ ആധാരമാക്കിയാണ്‌ കമ്പിളിനാരുകള്‍ വര്‍ഗീകരിക്കപ്പെടുന്നത്‌. കൗണ്ടുകളുടെ അടിസ്ഥാനത്തില്‍ ഇതു തരംതിരിക്കപ്പെടുന്നു. താഴെ പറയുന്ന പട്ടികയില്‍ നിന്ന്‌ ഇതിന്റെ വ്യത്യാസം മനസ്സിലാക്കാം.

അസംസ്‌കൃത കമ്പിളിയുടെ വില നാരിന്റെ നീളത്തെയും നേര്‍മയെയും മാത്രം ആശ്രയിച്ചല്ല നിശ്ചയിക്കപ്പെടുന്നത്‌. അസംസ്‌കൃത കമ്പിളിയിലെ പൊടിയും എണ്ണമയവും (grease) മാറ്റിയതിനു‌ ശേഷമുള്ള അളവിനെ ആസ്‌പദമാക്കിയും കമ്പിളി തരംതിരിക്കപ്പെടുന്നു. അസംസ്‌കൃത കമ്പിളിയില്‍ 25 ശ.മാ. മുതല്‍ 80 ശ.മാ. വരെ ഗ്രീസും മറ്റു മാലിന്യങ്ങളുമുണ്ടായിരിക്കും.

വിവിധതരം കമ്പിളി വസ്‌ത്രങ്ങള്‍

അസംസ്‌കൃതകമ്പിളി തരംതിരിച്ചു ലേലംചെയ്യുന്നു. കമ്പിളിയുടെ സാമ്പിളുകള്‍ പരിശോധിച്ചാണ്‌ ലേലവില നിശ്ചയിക്കുന്നത്‌. കമ്പിളിയുടെ പ്രദാനത്തില്‍ സാധാരണയായി വലിയ മാറ്റങ്ങളുണ്ടാകാത്തതുകൊണ്ട്‌ അതിന്റെ ചോദനത്തെ ആശ്രയിച്ച്‌ വില നിശ്ചയിക്കപ്പെടുന്നു. ഫാഷനിലും പൊതുജനങ്ങളുടെ അഭിരുചിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കമ്പിളിയുടെ വിലയിലും ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കും. ബലം, ഈട്‌, ഇലാസ്‌തികത എന്നിവയാണ്‌ കമ്പിളിയുടെ പ്രധാന ഗുണങ്ങള്‍. എളുപ്പത്തില്‍ തീ പിടിക്കുകയില്ലെന്നുള്ളതും ഈര്‍പ്പം പിടിച്ചെടുക്കാനു‌ള്ള കഴിവുണ്ടെന്നുള്ളതും കമ്പിളിയുടെ പ്രത്യേകതകളാണ്‌. ഒരു കമ്പിളി നാര്‌ അതേ കനത്തിലുള്ള സ്വര്‍ണനൂലിനോളം ബലമുള്ളതാണ്‌. ഒരു കമ്പിളി നാര്‌ അതിന്റെ ഇരട്ടി നീളത്തോളം വലിയുകയും ചെയ്യും. ഈര്‍പ്പം വലിച്ചെടുക്കുന്നതിനു‌ കഴിവുള്ളതുകൊണ്ട്‌ ആരോഗ്യപരമായ കാരണങ്ങളാലും കമ്പിളിക്കു പ്രാധാന്യമുണ്ട്‌. ഈര്‍പ്പം ആഗിരണം ചെയ്യുന്നതോടൊപ്പം ചൂട്‌ പുറത്തേക്കു വിടാതിരിക്കുകയും ചെയ്യും. ഇതുകൊണ്ടാണ്‌ തണുപ്പ്‌ അകറ്റാന്‍ കമ്പിളി ഉപയോഗിക്കുന്നത്‌. കമ്പിളി നാരുകള്‍ക്ക്‌ വായു ഉള്‍ക്കൊള്ളാനു‌ള്ള ശക്തിയുള്ളതുകൊണ്ട്‌ ഒരു ഇന്‍സുലേറ്ററായി പ്രവര്‍ത്തിക്കാനും കഴിയുന്നു. ശീതകാലത്ത്‌ ചൂടു പ്രദാനം ചെയ്യാനും ഉഷ്‌ണകാലത്ത്‌ തണുപ്പ്‌ നല്‌കാനും ഇതുമൂലം കഴിയും.

കമ്പിളിനൂല്‍ ഉപയോഗിച്ച്‌ തുന്നിയ കാര്‍പ്പെറ്റ്‌

രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ കമ്പിളി പരിചരിക്കുവാന്‍ കഴിഞ്ഞതോടെ കമ്പിളിവ്യവസായം വളരെ കൂടുതല്‍ പുരോഗമിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കമ്പിളിയോടൊപ്പം കൃത്രിമനാരുകള്‍ ചേര്‍ത്ത്‌ പുതിയ ഇനം തുണിത്തരങ്ങള്‍ ഉണ്ടാക്കിവരുന്നു. റഗ്ഗുകള്‍, ബ്ലാങ്കറ്റുകള്‍, സൂട്ടിങ്ങുകള്‍, പരവതാനികള്‍, തുന്നലിനു‌ള്ള നൂല്‍, ഫെല്‍റ്റ്‌ എന്നിവ പ്രത്യേകം പ്രത്യേകമായാണ്‌ നിര്‍മിക്കുന്നത്‌. വ്യാവസായിക വിപ്ലവത്തിനു‌ മുന്‍പ്‌ ഗൃഹങ്ങളില്‍ത്തന്നെയാണ്‌ കമ്പിളിത്തുണികള്‍ നിര്‍മിച്ചുവന്നത്‌. ഇതിന്റെ സ്ഥാനം വ്യവസായശാലകള്‍ കൈയടക്കിയിട്ടുണ്ട്‌. വ്യാവസായിക വിപ്ലവത്തോടനു‌ബന്ധിച്ചുള്ള കണ്ടുപിടുത്തങ്ങള്‍ കമ്പിളിയുടെ വ്യവസായവത്‌കരണത്തിനു‌ വഴി തെളിച്ചു. ജോണ്‍ കേയുടെ ഫ്‌ളൈയിങ്‌ ഷട്ടില്‍ (1733), റിച്ചാര്‍ഡ്‌ ആര്‍ക്‌റൈറ്റിന്റെ കാര്‍ഡിങ്‌ യന്ത്രം (1755), ജോണ്‍ ഹാര്‍ഗ്രീവ്‌സിന്റെ സ്‌പിന്നിങ്‌ ജെന്നി (1764), സാമുവല്‍ ക്രാംപ്‌റ്റന്റെ മ്യൂള്‍ (1780), എഡ്‌മണ്ട്‌ കാര്‍ട്ട്‌റൈറ്റിന്റെ യന്ത്രത്തറി, ജെയിംസ്‌ വാട്ടിന്റെ ആവിയന്ത്രം (1781) എന്നിവയുടെ ആവിര്‍ഭാവമാണ്‌ കമ്പിളി വ്യവസായത്തിന്റെ പുരോഗതിക്കു വഴിതെളിച്ചത്‌.

നൂല്‍നൂല്‌പും നൂല്‍നെയ്‌ത്തും. കമ്പിളി നാരിന്റെ നേര്‍മയും നീളവും അനു‌സരിച്ചു തരംതിരിച്ചശേഷം വലിയ പാത്രങ്ങളിലിട്ടു കഴുകി ഉണക്കുന്നു. വീണ്ടും അമ്ലം ഉപയോഗിച്ച്‌ (കാര്‍ബണൈസിങ്‌ പ്രക്രിയ) ശുദ്ധീകരിച്ചശേഷം ഉണക്കി കടയുന്നു. ശുദ്ധീകരണ പ്രക്രിയയിലൂടെ ലഭിക്കുന്ന ഉപോത്‌പന്നങ്ങളില്‍ ഏറ്റവും പ്രധാനം ലനോളിന്‍ ആണ്‌. ഒട്ടുന്ന പ്ലാസ്റ്റര്‍, സൗന്ദര്യ സംവര്‍ധക പദാര്‍ഥങ്ങള്‍, സോപ്പ്‌, പോളിഷ്‌, മഷി, രോഗാണുനാശക വസ്‌തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിന്‌ ലനോളിന്‍ ഉപയോഗിക്കുന്നു. മുന്‍കാലങ്ങളില്‍ മാനു‌ഷികാധ്വാനം ഉപയോഗിച്ചാണ്‌ കടഞ്ഞിരുന്നത്‌. ഇപ്പോള്‍ അതിന്‌ പ്രത്യേക യന്ത്രങ്ങള്‍ തന്നെയുണ്ട്‌. കടയലിനു‌ശേഷം ആവശ്യമുള്ള നീളത്തില്‍ നൂലുകളുണ്ടാക്കുന്നു. മുന്‍കാലത്തെ സ്‌പിന്നിങ്‌ വീലിന്റെ സ്ഥാനത്ത്‌ ഇന്ന്‌ വൈദ്യുതികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന സ്‌പിന്നിങ്‌ ഫ്രയിമുകളാണുള്ളത്‌. യന്ത്രത്തറികളുടെ ആവിര്‍ഭാവത്തിനു‌ശേഷവും കൈത്തറികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലിരിക്കുന്നുണ്ട്‌. യന്ത്രനിര്‍മിതകമ്പിളിത്തുണിക്കില്ലാത്ത മനോഹാരിത കൈത്തറിത്തുണികള്‍ക്കുള്ളതുകൊണ്ടാണ്‌ ഇപ്പോഴും അതു നിലനില്‌ക്കുന്നത്‌. തുണിക്കാവശ്യമായ ഡിസൈനും നിറങ്ങളും നിശ്ചയിക്കുന്നതിന്‌ ആദ്യം നെയ്‌ത്തുകാരന്‍ കൈത്തറിയില്‍ നെയ്‌തു നോക്കാറുണ്ട്‌. പിന്നീടാണ്‌ യന്ത്രത്തറികള്‍ ഉപയോഗിച്ച്‌ വന്‍തോതില്‍ നെയ്യുന്നത്‌.

യന്ത്രത്തറികളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന തുണികളിലെ പൊട്ടിയ ഇഴകളും മറ്റും ശരിയാക്കി, സോപ്പുവെള്ളത്തിലോ മറ്റോ കഴുകി പൊന്തി നില്‍ക്കുന്ന നാരുകള്‍ പുല്‍വെട്ടി പോലുള്ള ഒരു യന്ത്രം കൊണ്ട്‌ ക്രാപ്പ്‌ ചെയ്‌ത്‌ പാകത്തിലാക്കുന്നു. ആവശ്യത്തിനനു‌സരിച്ച്‌ നൂല്‍ നൂല്‌ക്കുന്നതിനു‌ മുമ്പോ കടഞ്ഞതിനു‌ ശേഷമോ നൂല്‍ നൂല്‌ക്കുമ്പോഴോ നെയ്‌തതിനു‌ ശേഷമോ ചായം പിടിപ്പിക്കുന്നു. ഇപ്പോള്‍ നൂല്‍ ചുരുങ്ങാതിരിക്കുന്നതിനും ഈര്‍പ്പം പിടിക്കാതിരിക്കുന്നതിനും പ്രാണികളുടെ ശല്യം ഒഴിവാക്കുന്നതിനും മറ്റുമുള്ള മാര്‍ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌.

ഇന്ത്യ. കമ്പിളിവ്യവസായം ഒരു നൂറ്റാണ്ടിനു‌ മുമ്പു തന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായത്‌ 1950നു‌ ശേഷമാണ്‌. ഇന്ന്‌ ലോകരാജ്യങ്ങളില്‍ കമ്പിളി ഉത്‌പാദനത്തില്‍ ഇന്ത്യയ്‌ക്ക്‌ 11-ാം സ്ഥാനമാണ്‌ (2007). ആഗോളതലത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കമ്പിളിയില്‍ 1.8 ശ.മാ. ഇന്ത്യയിലാണ്‌. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ രീതിയിലും അല്ലാതെയും കമ്പിളി വ്യവസായം നടക്കുന്നുണ്ട്‌. ഡിസൈനിലും മറ്റുമുള്ള കരകൗശല വൈദഗ്‌ധ്യം കൈത്തറി നിര്‍മിതത്തുണികളിലാണ്‌ കൂടുതല്‍ പ്രകടമാകുന്നത്‌.

പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇന്ത്യയിലെ കമ്പിളിവ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്‌. കമ്പിളിയുടെയും കമ്പിളി ഉത്‌പന്നങ്ങളുടെയും ഉത്‌പാദനവും വിതരണവും പ്രാത്‌സാഹിപ്പിക്കുന്നതിനായി 1989ല്‍ രാജസ്ഥാനില്‍ കേന്ദ്ര കമ്പിളി വികസന ബോര്‍ഡ്‌ (Central Wool Development Board - CWDB) പ്രവര്‍ത്തനമാരംഭിച്ചു. ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ "ഇന്റഗ്രറ്റഡ്‌ ഷീപ്‌ ആന്‍ഡ്‌ വൂള്‍ ഡെവലപ്‌മെന്റ്‌ പ്രാജക്‌റ്റ്‌' (Integrated Sheep & Wool Development Project), "ഇന്റഗ്രറ്റഡ്‌ അങ്‌ഗോറ റാബിറ്റ്‌ ഡെവലപ്‌മെന്റ്‌ പ്രാജക്‌റ്റ്‌' (Integrated Angora Rabbit Development Project), "മെഷീന്‍ ഷിയറിങ്‌ കം ട്രയിനിങ്‌ പ്രാജക്‌റ്റ്‌' (Machine Shearing-cum Training Project) തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി.

കമ്പിളിത്തയ്യല്‍. കമ്പിളി നൂലുപയോഗിച്ച്‌ വസ്‌ത്രങ്ങള്‍ തുന്നുന്ന കല. നീളമുള്ള രണ്ട്‌ സൂചികളാണ്‌ തുന്നാന്‍ ഉപയോഗിക്കുന്നത്‌. കമ്പിളിത്തയ്യലിന്റെ ഉദ്‌ഭവത്തെപ്പറ്റി വ്യക്തമായ തെളിവുകളില്ല. മത്സ്യബന്ധനത്തിനു‌ള്ള വല നെയ്‌തെടുക്കുന്നതില്‍ നിന്നു കമ്പിളിത്തയ്യല്‍ ഉദ്‌ഭവിച്ചു എന്നു കരുതാം.

ഏറ്റവും പഴക്കമുള്ള കമ്പിളിത്തുന്നലിന്റെ മാതൃക അറേബ്യയില്‍ നിന്നാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇത്‌ ബി.സി. 9ഉം 7ഉം ശ.ങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതായിരിക്കുമെന്ന്‌ കണക്കാക്കപ്പെടുന്നു. വളരെ നേര്‍മയായി നിര്‍മിച്ചിട്ടുള്ള ഇതില്‍ 5 സെ.മീ. സ്ഥലത്ത്‌ 28 കാണികള്‍ വരെ തുന്നിച്ചേര്‍ത്തിട്ടുണ്ട്‌. ക്രാസ്‌സ്റ്റോക്കിങ്‌ സമ്പ്രദായമാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഈ മാതൃകയുടെ പൂര്‍ണത കണക്കിലെടുത്താല്‍ ബി.സി. 1000ല്‍ത്തന്നെ ഈ തുന്നല്‍ കല അറേബ്യയില്‍ ആരംഭിച്ചിരുന്നു എന്ന്‌ ഊഹിക്കാം. യെമനിലെ ഒരു ഐതിഹ്യം അനു‌സരിച്ച്‌ ആദാമിന്റെയും ഹവ്വായുടെയും കാലത്തു തന്നെ കമ്പിളിത്തുന്നല്‍ ഉണ്ടായിരുന്നു. അറേബ്യയില്‍ നിന്നു തിബത്തുവഴിയും അവിടെനിന്ന്‌ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ കൂടിയും കമ്പിളിത്തുന്നല്‍ ക്രിസ്‌ത്വബ്‌ദത്തിന്റെ ആദ്യ ശതകങ്ങളില്‍ യൂറോപ്പിലെത്തി. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പില്‍ നിന്നാണ്‌ കമ്പിളിത്തയ്യല്‍ പ്രചരിച്ചത്‌. ചുവപ്പും സ്വര്‍ണവര്‍ണവും ഉള്ള നൂലുകള്‍ കൊണ്ടു തുന്നിയ ഒരു അറേബ്യന്‍ മാതൃകയും എ.ഡി. 4-ാം ശ.ത്തിനും 5-ാം ശ.ത്തിനും ഇടയ്‌ക്ക്‌ ഈജിപ്‌തില്‍ നിര്‍മിച്ചതെന്നു കരുതുന്ന ഒരു ജോഡി കാലുറയും (സോക്‌സ്‌) ലണ്ടനിലെ വിക്‌ടോറിയാ ആന്‍ഡ്‌ അല്‍ബര്‍ട്ട്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

ക്രാപ്‌റ്റിക്‌ ക്രിസ്‌ത്യാനികള്‍ അറബികളില്‍ നിന്ന്‌ ഈ കല അഭ്യസിക്കുകയും സ്‌പെയിനില്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. യൂറോപ്പില്‍ ഇറ്റലി, ഫ്രാന്‍സ്‌ എന്നിവിടങ്ങളില്‍ ഈ കലയ്‌ക്ക്‌ വമ്പിച്ച പ്രചാരമുണ്ടായി. 13-ാം ശ.ത്തോടെ കമ്പിളിത്തയ്യല്‍ ഫ്രാന്‍സിലെ ഒരു പ്രധാന വ്യവസായമായി വളര്‍ന്നു. അതിനു‌വേണ്ടി "നിറ്റേഴ്‌സ്‌ ഗില്‍ഡ്‌' എന്നൊരു സംഘടനയും അവിടെ രൂപീകരിക്കപ്പെട്ടു. എഡ്വേഡ്‌ IV-ാമന്റെ കാലത്ത്‌ ഫ്രഞ്ച്‌ കമ്പിളിത്തുന്നലുത്‌പന്നങ്ങള്‍ ബ്രിട്ടനിലേക്കു കയറ്റുമതി ചെയ്‌തിരുന്നു. ഈ കാലഘട്ടത്തില്‍ ഇറ്റലിയില്‍ സ്വര്‍ണവും വെള്ളിയും നൂലുകള്‍ കലര്‍ത്തി നെയ്‌ത കമ്പിളിവസ്‌ത്രങ്ങള്‍ പ്രചരിച്ചു. ഫ്‌ളോറന്‍സില്‍ നിര്‍മിച്ച, സ്വര്‍ണനൂലു തുന്നിച്ചേര്‍ത്ത കമ്പിളിവസ്‌ത്രങ്ങള്‍ വിലമതിക്കാനാകാത്ത വസ്‌തുക്കളായി ഇന്നും കണക്കാക്കപ്പെടുന്നു. 16-ാം ശ. കമ്പിളിത്തയ്യലിന്റെ സുവര്‍ണദശയെ കുറിക്കുന്നു. അന്നു നിര്‍മിച്ച കംബളങ്ങള്‍ വലുപ്പത്തിലും ഭംഗിയിലും മികച്ചവയാണ്‌. എലിസബത്ത്‌ കന്‍െറ കാലത്ത്‌ ഇംഗ്ലണ്ടില്‍ കമ്പിളിത്തുന്നല്‍ കൂടുതല്‍ പ്രചാരംനേടി.

കമ്പിളിത്തയ്യല്‍ കൊണ്ട്‌ വസ്‌ത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അതിന്റെ മുകളില്‍ എംബ്രായ്‌ഡറി നടത്തുന്ന പതിവ്‌ ദക്ഷിണ ആസ്‌റ്റ്രിയയില്‍ പണ്ടു മുതല്‌ക്കേ ഉണ്ടായിരുന്നു. 17-ാം ശ.ത്തില്‍ കമ്പിളിത്തയ്യല്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പ്രചരിച്ചു. കമ്പിളിത്തുന്നല്‍ അഭ്യസിപ്പിക്കുന്നതിനു‌ ബ്രിട്ടനില്‍ ഒരു സ്ഥാപനം ആദ്യമായുണ്ടായത്‌ 16-ാം ശ.ത്തിലാണ്‌. വിക്‌ടോറിയന്‍ കാലഘട്ടത്തിലെ വ്യാവസായിക വിപ്ലവത്തെത്തുടര്‍ന്ന്‌ കമ്പിളിത്തുന്നലിനു‌ വളരെ മാന്ദ്യം സംഭവിച്ചു.

ആധുനിക കാലത്തു തുന്നല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചും കമ്പിളിവസ്‌ത്രങ്ങള്‍ നിര്‍മിച്ചുവരുന്നു. കമ്പിളി കൂടാതെ നൈലോണ്‍, സില്‍ക്ക്‌, ലിനന്‍ തുടങ്ങിയ നൂലുപയോഗിച്ചും ഇന്നു "കമ്പിളിത്തയ്യല്‍' ചെയ്‌തുവരുന്നുണ്ട്‌. തണുപ്പു കൂടുതല്‍ അനു‌ഭവപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കമ്പിളിത്തയ്യല്‍ വളരെ പ്രചരിച്ചിട്ടുണ്ട്‌.

വളരെ ലളിതമായ ഒരു രീതിയാണ്‌ കമ്പിളിത്തയ്യലിന്റേത്‌. അടിസ്ഥാനപരമായി നാലുതരം തയ്യലുകളാണ്‌ ഇതിലുള്ളത്‌: കാസ്‌റ്റിങ്‌ ഓണ്‍, നിറ്റ്‌ സ്റ്റിച്ച്‌, പേള്‍ സ്റ്റിച്ച്‌, കാസ്‌റ്റിങ്‌ ഒഫ്‌. തുന്നേണ്ട വസ്‌ത്രത്തിന്റെ വലുപ്പം കണക്കാക്കി വേണ്ടത്ര കണ്ണികള്‍ ഇടുന്നതിനെ കാസ്‌റ്റിങ്‌ ഓണ്‍ എന്നു പറയുന്നു. ഇതുതന്നെ രണ്ടുരീതിയില്‍ ചെയ്യാറുണ്ട്‌. തംബ്‌ മെത്തേഡ്‌ അഥവാ തള്ളവിരലും ഒറ്റസൂചിയും ഉപയോഗിച്ചു ചെയ്യുന്നത്‌, ടൂ നീഡില്‍ മെത്തേഡ്‌ അഥവാ ഇരട്ടസൂചി മാതൃക. അരികുകള്‍ക്കു കൂടുതല്‍ ഇലാസ്‌തികതയും ഉറപ്പും കിട്ടാന്‍ തംബ്‌ മെത്തേഡ്‌ ആണ്‌ നല്ലത്‌. കാസ്‌റ്റിങ്‌ ഓണ്‍ ചെയ്‌തു തീര്‍ന്നാല്‍ തുടര്‍ന്ന്‌ വസ്‌ത്രം പൂര്‍ത്തിയാക്കാന്‍ നിറ്റ്‌ സ്റ്റിച്ചോ പേള്‍ സ്റ്റിച്ചോ രണ്ടും കൂടിയോ ഉപയോഗിക്കുന്നു. അകവും പുറവും ഒരുപോലെ ആകണമെങ്കില്‍ ഇരുഭാഗത്തും ഒരേതരം തയ്യല്‍നിറ്റ്‌ സ്റ്റിച്ചോ പേള്‍ സ്റ്റിച്ചോ ഇടണം. ഇതിനെ കാര്‍ട്ടര്‍ സ്റ്റിച്ച്‌ എന്നു പറയുന്നു. ഒരുഭാഗത്ത്‌ നിറ്റ്‌ സ്റ്റിച്ചും മറുഭാഗത്ത്‌ പേളും ഉപയോഗിച്ചാല്‍ വ്യത്യാസമുള്ള പ്രതലങ്ങള്‍ കിട്ടും. ഇതിന്‌ സ്റ്റോക്കിങ്‌ സ്റ്റിച്ച്‌ എന്നാണു പേര്‌. തുന്നല്‍ അവസാനിപ്പിക്കാനാണ്‌ കാസ്‌റ്റിങ്‌ ഒഫ്‌ തയ്യല്‍ ഇടുന്നത്‌. ഉടുപ്പുകള്‍, കാലുറകള്‍, കൈയുറകള്‍, സ്‌കാര്‍ഫ്‌, തൊപ്പി, ഓവര്‍ക്കോട്ട്‌, വിരികള്‍, മഫ്‌ളര്‍ തുടങ്ങി പലതും കമ്പിളിത്തയ്യല്‍ ഉപയോഗിച്ചു നിര്‍മിക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍