This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡീസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആന്‍ഡീസ്

Andes

തെക്കേ അമേരിക്കയുടെ പശ്ചിമതീരത്ത് വന്‍കരയില്‍ ഉടനീളം നട്ടെല്ലുപോലെ സ്ഥിതിചെയ്യുന്ന പര്‍വതപംക്തി. ശ.ശ. ഉയരത്തില്‍ ആന്‍ഡീസ് ലോകപര്‍വതങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. കെച്വാ ഭാഷയിലെ 'ആന്റി' (= കിഴക്ക്) എന്ന പദത്തെ ആധാരമാക്കി, കുസ്കോ നഗരത്തിനു കിഴക്കുള്ള പര്‍വതത്തെ സൂചിപ്പിക്കുവാന്‍ തദ്ദേശീയര്‍ നല്കിയ പേരാണ് ആന്‍ഡീസ് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു; ചെമ്പ് എന്നര്‍ഥമുള്ള 'അന്റാ' എന്ന പദത്തില്‍നിന്നുമാണ് ആന്‍ഡീസിന്റെ നിഷ്പത്തി എന്നു മറ്റൊരു വാദവുമുണ്ട്.

തെക്കേ അമേരിക്കയുടെ വടക്കരികിലെ വെനിസ്വേലാ തീരത്താരംഭിച്ച് തെക്ക് ടിറാ ദെല്‍ ഫൂഗോ വരെ തുടരുന്ന ആന്‍ഡീസിന്റെ മൊത്തം നീളം 6,400 കി.മീ-ല്‍ ഏറെയാണ്. പര്‍വതനിരകളുടെ കിഴക്കുഭാഗത്ത് ഓറിനാക്കോ-ലാനോസ്, ആമസോണ്‍ തടം, ബൊളീവിയയിലെ നിരന്ന പ്രദേശങ്ങള്‍, പരാനാ സമതലം, പാറ്റഗോണിയന്‍ പീഠഭൂമി എന്നിവയാണുള്ളത്; പടിഞ്ഞാറ് പസിഫിക് തീരത്തിനിടയ്ക്ക് അങ്ങിങ്ങായി താരതമ്യേന ഉയരംകുറഞ്ഞ സമാന്തര മലനിരകള്‍ രൂപംകൊണ്ടിരിക്കുന്നു; ഈ മലനിരകള്‍ അധികമായി കാണുന്നത് ചിലിയിലാണ്. ഇവിടെ ആന്‍ഡീസിനും തീരമലനിരകള്‍ക്കും ഇടയ്ക്ക് അനുദൈര്‍ഘ്യമായ ഒരു താഴ്വര പ്രദേശമുണ്ട്. പെറുവില്‍ ആന്‍ഡീസിന്റെ ശിഖരങ്ങള്‍ കി. പ. ദിശയില്‍ പസിഫിക്കോളം എത്തിക്കാണുന്നു; കൊളംബിയയിലെത്തുമ്പോഴേക്കും വീണ്ടും തീരമലനിര (സെരൈനാ ദേ ബാദോ) വ്യക്തമായി വേര്‍തിരിയുന്നു.

പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അക്കന്‍കാഗ്വ (6965 മീ.) ആന്‍ഡീസിന്റെ ഭാഗമാണ്; മെര്‍സി ദാരിയോ (6,675 മീ.) ആണ് ഉയരം കൂടിയ മറ്റൊരു കൊടുമുടി. 6,000 മീ. ലേറെ ഉയരമുള്ള അനേകം പര്‍വതശിഖരങ്ങള്‍ ആന്‍ഡീസിന്റെ ഭാഗമായുണ്ട്. ഇവയില്‍ മിക്കവയും നിര്‍ജീവഅഗ്നിപര്‍വതങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്നും സു. 3,000 മീ-ലേറെ ഉയരത്തിലുള്ള ധാരാളം മലമ്പാതകള്‍ ആന്‍ഡീസിനു കുറുകെ കാണാം.

ഭൂവിജ്ഞാനീയം.

വിവര്‍ത്തനിക (tectonic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന പര്‍വതനിരയാണ് ആന്‍ഡീസ്. ആന്‍ഡീസ് നിരകള്‍ വിവര്‍ത്തനിക പ്രക്രിയകളിലൂടെ മടക്കി ഉയര്‍ത്തപ്പെട്ടപ്പോള്‍ തന്നെ സമീപസ്ഥങ്ങളായ സമുദ്രതടപ്രദേശം ഭൂഭ്രംശത്തിനു വിധേയമായി അടിഞ്ഞുതാണതാണ് ആന്‍ഡീസിന്റെ താരതമ്യേനയുള്ള ഉയരക്കൂടുതലിനു കാരണമെന്ന് ഭൂവിജ്ഞാനികള്‍ കരുതുന്നു.

പൊതുവേ നോക്കുമ്പോള്‍ മടക്കുപര്‍വതങ്ങളാണെങ്കിലും ആന്‍ഡീസിന്റെ വിവിധഭാഗങ്ങള്‍തമ്മില്‍ സംരചനാപരമായി പ്രകടമായ വ്യത്യാസമുണ്ട്. എല്ലാഭാഗത്തും തന്നെ നിര്‍ജീവഅഗ്നിപര്‍വതങ്ങള്‍ കാണാം. പഴക്കംചെന്ന പ്രീകാമ്പ്രിയന്‍ ശിലാസമൂഹങ്ങള്‍ക്കു മുകളിലാണ് ആഗ്നേയശിലകളും അവസാദശിലകളും ഉള്‍ക്കൊള്ളുന്ന നൂതന ശിലാക്രമങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത്.

ആന്‍ഡീസ് പര്‍വതനം (orogeny) ആരംഭിച്ചത് ക്രിട്ടേഷ്യസ് യുഗത്തിന്റെ അവസാനത്തോടെയാണെന്നു കരുതപ്പെടുന്നു. ഈ കാലഘട്ടത്തില്‍ വന്‍കരയുടെ പശ്ചിമതീരം ഒന്നാകെത്തന്നെ പ്രോത്ഥാനവിധേയമാവുകയും മടക്കുപര്‍വതങ്ങള്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്നുള്ള സീനോസോയിക് യുഗത്തില്‍ വ്യാപകമായ അപരദനംമൂലം, ഈ മടക്കുപര്‍വതങ്ങളുടെ എല്ലാഭാഗത്തും തന്നെ വിശിഷ്യാ മധ്യഭാഗങ്ങളില്‍ സമതലങ്ങള്‍ രൂപംകൊണ്ടു. സീനോസോയിക് യുഗത്തിന്റെ അവസാനഘട്ടത്തില്‍ പ്രോത്ഥാനപ്രക്രിയകള്‍ വീണ്ടും സജീവമായി, മേല്പറഞ്ഞ സമതലങ്ങള്‍ 1,000-2,500 മീ. ഉയര്‍ത്തപ്പെട്ടു. പ്ലയോസീന്‍-പ്ലീസ്റ്റോസീന്‍ കാലഘട്ടങ്ങളിലും വലനം (folding) മൂലം ആന്‍ഡീസിലെ പല ഭാഗങ്ങളും മടങ്ങി ഉയര്‍ന്നു. ഇപ്പോഴും ഒരു ഭൂകമ്പമേഖലയായി തുടരുന്ന ആന്‍ഡീസ് പ്രദേശത്ത് പര്‍വതനപ്രക്രിയകള്‍ തീര്‍ത്തും അവസാനിച്ചിട്ടില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

പ്ലീസ്റ്റോസീന്‍ യുഗത്തില്‍ ആന്‍ഡീസിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഒന്നാകെയും മറ്റുയര്‍ന്ന ഭാഗങ്ങളിലും വ്യാപകമായ ഹിമബാധയുണ്ടായിരുന്നുവെന്നതിന് ഇന്ന് നിലവിലുള്ള ശതക്കണക്കിന് ഹിമാനീഭൂതതടാകങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.

കാലാവസ്ഥ.

പശ്ചിമവാതങ്ങളുടെ ഗതി നിരോധിക്കുന്നതിലൂടെ വന്‍കരയുടെ കിഴക്കന്‍ഭാഗത്തെ കാലാവസ്ഥയില്‍ ആന്‍ഡീസ് പ്രകടമായ സ്വാധീനം ചെലുത്തുന്നു. സ്വാഭാവികമായും പര്‍വതങ്ങളുടെ കിഴക്കും പടിഞ്ഞാറും ചരിവുകളില്‍ വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു. ആന്‍ഡീസിന്റെ വിവിധ ഭാഗങ്ങളിലെ താപനിലകളിലും ശ.ശ. വര്‍ഷപാതത്തിലും അതത് അക്ഷാംശങ്ങള്‍ക്കനുസൃതമായ വ്യത്യാസം കാണാം.

സസ്യജാലം.

ഏതാണ്ട് 65o വരുന്ന അക്ഷാംശമേഖലയിലായി നീണ്ടുകിടക്കുന്ന ആന്‍ഡീസ് പ്രദേശത്തെ നൈസര്‍ഗിക സസ്യജാലം വ്യത്യസ്ത കാലാവസ്ഥാപ്രകാരങ്ങള്‍ക്കനുസൃതമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നു. ഉയരത്തിലുള്ള ഏറ്റക്കുറച്ചിലുകളും, മലഞ്ചരിവുകളുടെ വാതാനുകൂലവും വാതപ്രതിമുഖവുമായ സ്ഥിതിയും, സസ്യപ്രകൃതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

പെറുവിന്റെ കിഴക്കന്‍ഭാഗത്തുള്ള പര്‍വതങ്ങളില്‍ സസ്യപ്രകൃതി ഉയരം അനുസരിച്ച് വ്യത്യാസപ്പെട്ടു കാണുന്നു. കിഴക്കന്‍ ചരിവുകളില്‍ 1,200 മീ. ഉയരത്തോളം സെല്‍വാ മാതൃകയിലുള്ള മഴക്കാടുകളാണുള്ളത്. അതിനുമുകളില്‍ ഉപോഷ്ണമേഖലാവനങ്ങളും വീണ്ടും ഉയരത്തേക്കു പോകുമ്പോള്‍ യഥാക്രമം പൊക്കംകുറഞ്ഞ വൃക്ഷങ്ങളുള്ള തുറന്ന കാടുകള്‍, കുറ്റിക്കാടുകള്‍, പുല്‍മേടുകള്‍, ആല്‍പ്സ് മാതൃകാ സസ്യങ്ങള്‍ എന്നിവയും കാണാം. ഹിമരേഖയ്ക്കു മുകളില്‍ എഴുന്ന പര്‍വതശിഖരങ്ങള്‍ സദാ മഞ്ഞുമൂടിക്കിടക്കുന്നു.

വാതാനുകൂലവശങ്ങളില്‍ ഉഷ്ണമേഖലാമാതൃകയിലുള്ള മഴക്കാടുകള്‍ വളരുന്നു. പ.ഭാഗത്തെ മഴയില്ലാത്ത ചരിവുകള്‍ കള്ളിച്ചെടികള്‍ മാത്രം അപൂര്‍വമായി വളരുന്ന മരുപ്രദേശങ്ങളുമാണ്.

ചിലിയിലെ ആന്‍ഡീസ് പ്രദേശത്ത് സമശീതോഷ്ണവനങ്ങളും പുല്‍മേടുകളും കാണാം. കൊളംബിയയിലും ഇക്വഡോറിന്റെ വടക്കന്‍ ഭാഗത്തുമുള്ള ആന്‍ഡീസ് മേഖലയുടെ കിഴക്കേച്ചരിവുകളില്‍ മധ്യരേഖാമാതൃകയിലുള്ള മഴക്കാടുകള്‍ കാണപ്പെടുന്നു.

ധാതുസമ്പത്ത്.

വ്യാപകമായ പര്‍വതനപ്രക്രിയ ഈ പ്രദേശത്ത് വിവിധ ധാതുക്കളുടെ സമ്പന്ന നിക്ഷേപങ്ങള്‍ രൂപംകൊള്ളുന്നതിനു സഹായകമായി. ലോഹനിക്ഷേപങ്ങളാണ് അധികമായുള്ളത്. താരതമ്യേന പ്രായം കുറഞ്ഞ അഗ്നിപര്‍വതശിലകള്‍ ഉപരിതലത്തിനുനോടടുത്തു തന്നെ ഗന്ധകം, ബോറാക്സ് തുടങ്ങിയവയുടെ അവസ്ഥിതിക്കു കളമൊരുക്കിയിരിക്കുന്നു. എന്നാല്‍ ലോഹഅയിരുകള്‍ സിരാരൂപത്തില്‍, അഗാധതയിലാകയാല്‍ അവയുടെ ഖനനം സുകരമല്ല.

പുരാതനകാലത്ത് ഇങ്കാകള്‍ ചെമ്പുപകരണങ്ങളും, സ്വര്‍ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളും ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ബൊളീവിയയിലെ പൊഡോസി പ്രദേശത്തെ വെള്ളിയുത്പാദനം 1545 മുതല്‍ അഭംഗുരം തുടര്‍ന്നുപോരുന്നു. ചെമ്പും തകരവുമാണ് ഏറ്റവുമധികം ഖനനം ചെയ്തുവരുന്നത്. പെറുവിന്റെ മധ്യഭാഗം, ബൊളീവിയയുടെ മധ്യത്തും പൂര്‍വഭാഗത്തുമുള്ള പര്‍വതപ്രദേശങ്ങള്‍, ചിലിയുടെ വ. പ. ഭാഗം എന്നിവിടങ്ങളാണ് ഖനനമേഖലകള്‍.

കല്‍ക്കരിയുടെ അഭാവം സുഗമമായ ഖനനത്തിനു തടസ്സം നില്ക്കുന്നു. മിക്ക ധാതുസഞ്ചയങ്ങളും വൃക്ഷരഹിതമായ ഉന്നതതടങ്ങളിലോ മരുപ്രദേശങ്ങളിലോ അവസ്ഥിതമായിരിക്കുക നിമിത്തം മരക്കരിയുടെ ഉപഭോഗവും സാധ്യമല്ലാതായിരിക്കുന്നു; ഗതാഗതസൗകര്യങ്ങളും കുറവാണ്. വിദേശീയവിദഗ്ധന്‍മാരുടെ സഹകരണത്തോടെ വന്‍കിടനിക്ഷേപമുള്ള കമ്പനികളാണ് ഖനനം നടത്തിവരുന്നത്. ചരക്കുകള്‍ കയറ്റിയിറക്കുന്നതിന് ചില ഖനികള്‍ വിമാനങ്ങളെപ്പോലും ആശ്രയിക്കുന്നുണ്ട്.

തകരം, വെള്ളി, ചെമ്പ്, ടങ്സ്റ്റണ്‍, ആന്റിമണി, കറുത്തീയം, നാകം, ബിസ്മത് തുടങ്ങി സമ്പത്തിക പ്രാധാന്യമുള്ള പല ധാതുക്കളും ആന്‍ഡീസ് പ്രദേശത്തുനിന്നു ലഭ്യമാണ്. ചിലിയിലെ നൈട്രേറ്റ്, ഇരുമ്പ് എന്നിവയുടെ കനത്ത നിക്ഷേപങ്ങള്‍ (ആന്‍ഡീസ് അതിര്‍ത്തിക്കു പുറത്താണെങ്കിലും) രൂപംകൊള്ളുന്നതിനു പ്രധാന നിദാനം ആന്‍ഡീസ് പര്‍വതനം തന്നെയാണ്. അര്‍ജന്റീനയിലെ ആന്‍ഡീസ് മേഖലയിലും ധാതുനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗതാഗതസൗകര്യങ്ങളുടെ കുറവുനിമിത്തം ഖനനം അഭിവൃദ്ധിപ്പെട്ടിട്ടില്ല. വെള്ളി, ബിസ്മത്, വനേഡിയം, ചെമ്പ് എന്നിവ കയറ്റുമതി ചെയ്യുന്നതില്‍ പെറു ലോകരാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ്. ഇവിടത്തെ സെറോ ദെ പാസ്കോ, മീനാ റാഗ്ര എന്നീ പ്രധാന ഖനികള്‍ 5,000 മീറ്ററോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇക്വഡോര്‍, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഉത്പന്നം പെട്രോളിയമാണ്; വിവിധ ലോഹങ്ങളും ഖനനം ചെയ്യപ്പെടുന്നു. കൊളംബിയയിലെ പ്രധാന ഉത്പന്നം മരതകം (emerald) ആണ്. വന്‍കരയിലെ തെക്കന്‍ രാജ്യങ്ങളിലും ആന്‍ഡീസ്മേഖലയുടെ പൂര്‍വഭാഗത്തും പെട്രോളിയം നിക്ഷേപങ്ങളുള്ളതായി കരുതപ്പെടുന്നു.

പ്രാദേശിക ഭൂമിശാസ്ത്രം.

ആന്‍ഡീസ് മേഖലയെ പാറ്റഗോണിയാ പ്രദേശം, ദക്ഷിണ ചിലിപ്രദേശം, പ്യൂണാ ദെ അറ്റക്കാമ, മധ്യ ആന്‍ഡീസ്, ഉത്തര ആന്‍ഡീസ് എന്നീ ഉപമേഖലകളായി വിഭജിക്കാവുന്നതാണ്. എന്നാല്‍ ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ദക്ഷിണ-മധ്യ-ഉത്തര മേഖലകളായി തിരിക്കുകയാണ് സൗകര്യപ്രദം.

ദക്ഷിണമേഖല.

തെ. അക്ഷാ. 30oമുതല്‍ വന്‍കരയുടെ തെക്കേ അറ്റം വരെയുള്ള പര്‍വതപ്രദേശം ഈ മേഖലയില്‍​പ്പെടുന്നു. അവിച്ഛിന്നമായി ഒരേ പര്‍വതപംക്തിയായി കാണുന്നുവെന്നതാണ് ഈ ഭാഗത്തിന്റെ സവിശേഷത. ആന്‍ഡീസിലെ ഏറ്റവും ഉയര്‍ന്നതും നന്നേ താണതുമായ ഭാഗങ്ങളെ ഉള്‍​ക്കൊള്ളുന്നതും ഈ മേഖലതന്നെ. ഇതിന്റെ തെക്കേ അറ്റം ഹിമബാധയ്ക്കു വിധേയമാണ്. ഹിമാനീകൃതതടാകങ്ങളും മഞ്ഞുമൂടിയ പര്‍വതശിഖരങ്ങളും സമുദ്രതീരത്തോളം തുടര്‍ന്നുകാണുന്ന ഹിമാനികളുമൊക്കെച്ചേര്‍ന്ന ഈ ഭൂവിഭാഗം ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. എന്നാല്‍, പരിഷ്കൃതജനപദങ്ങളില്‍ നിന്നും വളരെയകലത്തായി സ്ഥിതിചെയ്യുന്നതിനാല്‍ സന്ദര്‍ശകരുടെ സംഖ്യ തുലോം കുറവായിരിക്കുന്നു.

പാറ്റഗോണിയാ പ്രദേശത്തുദ്ഭവിച്ച് പസിഫിക്കിലേക്കൊഴുകുന്ന അനേകം ചെറു നദികളുണ്ട്. ചിലിക്കും അര്‍ജന്റീനയ്ക്കുമിടയ്ക്കുള്ള ഉസ്പലാതാ മലമ്പാതയും (4,230 മീ.), പ്രസ്തുത രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന അതിര്‍ത്തിപ്രശ്ന പരിഹാരാര്‍ഥം സ്ഥാപിക്കപ്പെട്ടിട്ടുള്ള ആന്‍ഡീസിലെ ക്രിസ്തുരൂപവും (Christ of the Andes-സ്ഥാപനം 1904 മാ. 13) ഈ മേഖലയിലാണ്. ബ്യൂനസ് അയര്‍സും വാല്‍പറൈസോയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാത ഈ മേഖലയിലൂടെ കടന്നുപോകുന്നു. ജനസാന്ദ്രത വളരെ കുറവായ ഒരു പ്രദേശമാണിത്.

മധ്യമേഖല.

പശ്ചിമ ആന്‍ഡീസ്, ആള്‍ട്ടിപ്ലെനോ, പ്യൂണാ ദെ അറ്റക്കാമ, പെറു, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലെ പാംപസ് ഉന്നത തടം, പെറുവിലെ മധ്യപര്‍വതപ്രദേശം, പൂര്‍വപര്‍വത പ്രദേശം എന്നിവിടങ്ങളാണ് മധ്യമേഖല ഉള്‍​ക്കൊള്ളുന്നത്. ലോകത്തിലെ ഗതാഗതയോഗ്യമായ ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന (3,800 മീ.)ടിറ്റിക്കാക്ക തടാകം ഇവിടെയാണ്. മേഖലയുടെ തെക്കേ അറ്റത്തുള്ള ആള്‍ട്ടിപ്ലെനോ ഉന്നതതടത്തിന്റെ ഇരുവശത്തുമായി നീളുന്ന ഉയര്‍ന്ന മലനിരകള്‍ ടിറ്റിക്കാക്ക തടാകത്തോളം നീണ്ടു കാണുന്നു. തടാകത്തിന്റെ മറുകരയിലുള്ള മൂന്നു മലനിരകള്‍ മധ്യപെറുവില്‍ സന്ധിച്ച് വീണ്ടും പിരിയുകയും, ഇക്വഡോറിന്റെ തെക്കരികാവുമ്പോള്‍ വീണ്ടും ഒന്നുചേരുകയും ചെയ്യുന്നു. അതിനും വ. രണ്ടു സമാന്തര മലനിരകളും അവയ്ക്കിടയ്ക്കായി വിസ്തൃത പീഠപ്രദേശവുമാണുള്ളത്; കൊളംബിയയുടെ തെക്കന്‍ഭാഗത്ത് ഇവ വീണ്ടും കൂടിച്ചേരുന്നു.

നിമ്നോന്നതവും സങ്കീര്‍ണവുമായ ഭൂപ്രകൃതിമൂലം ദുര്‍ഗമമായ പ്രദേശമാണിവിടം. ഖനിപ്രദേശമായ സെറോ ദെ പാസ്കോ (4,575 മീ.)യിലേക്കുള്ള റെയില്‍പ്പാതയില്‍ 65 തുരങ്കങ്ങളും, 67 പാലങ്ങളും, 16 കൊടും വളവുകളും ഉണ്ട്. ഈ മേഖലയുടെ പല ഭാഗത്തേക്കും റെയില്‍പ്പാതകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇവിടത്തെ അധിവാസകേന്ദ്രങ്ങളില്‍ മിക്കവയും വളരെ ഉയരത്തിലാണ്. ബൊളീവിയയുടെ തലസ്ഥാനവും ജനനിബിഡവുമായ ലാപാസ് നഗരത്തിന് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം സു. 3,632 മീ. ആണ്. പുരാതനസംസ്കാരകേന്ദ്രങ്ങളിലൊന്നായ ഇങ്കാസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു മധ്യ ആന്‍ഡീസ് മേഖല. തദ്ദേശീയരാണ് ഇന്നും ഇവിടെ അധികമായുള്ളത്.

ഉത്തരമേഖല.

പശ്ചിമ-മധ്യ-പൂര്‍വ പ്രദേശങ്ങളായി വേര്‍തിരിക്കാവുന്ന പര്‍വതമേഖലയാണിത്. ഇവയില്‍ പശ്ചിമഘട്ടം മധ്യഭാഗത്തെ അപേക്ഷിച്ച് ഉയരം കുറഞ്ഞതാണ്. ഇവയ്ക്കിടയിലാണ് കാക്കാ താഴ്വര; മധ്യ-പൂര്‍വഘട്ടങ്ങള്‍ക്കിടയ്ക്കുള്ള താഴ്വര മഗ്ദലെന എന്നറിയപ്പെടുന്നു. പൂര്‍വഘട്ടവും മധ്യഘട്ടത്തെ അപേക്ഷിച്ച് പൊക്കം കുറഞ്ഞതാണ്.

കൊളംബിയയിലെ ആന്‍ഡീസ് പ്രദേശം പുരാതന ചിബ്ക്കന്‍ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു. സ്പാനിഷ് അധിനിവേശത്തോടെ ഈ സംസ്കാരം നാമാവശേഷമായി. ഈ പ്രദേശത്ത് ഇപ്പോഴുള്ളത് സങ്കരവിഭാഗമായ മെസ്റ്റിസോകളും, ചിബ്ക്കന്‍ വംശജരും അപൂര്‍വമായി യൂറോപ്യന്‍മാരുമാണ്. ഇവിടെ കാപ്പിക്കൃഷി വികസിച്ചിട്ടുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ഈ മേഖല, ആന്‍ഡീസിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഗതാഗതക്ഷമവും കൃഷിയോഗ്യവുമാണ്. തന്‍മൂലം ജനവാസം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍