This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍കൈലോസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍കൈലോസിസ്

Anchylosis/Ankylosis

സന്ധികളിലുണ്ടാകുന്ന ഒരുതരം മുറുക്കം (stiffness). അസ്ഥികള്‍ വളര്‍ന്നു ചേരുന്നതുമൂലം അവയ്ക്കു ചലിക്കാന്‍ സാധിക്കാതാകുന്നു. പേശീദാര്‍ഢ്യം (rigidity) മൂലമല്ലാതെയുണ്ടാകുന്ന സന്ധിമുറുക്കത്തിനു മാത്രമേ ആന്‍കൈലോസിസ് എന്നു പറയാറുള്ളു. പരിക്കുകള്‍ മൂലമോ ഏതെങ്കിലും രോഗങ്ങളാലോ സന്ധികളിലെ അസ്ഥികള്‍ തമ്മില്‍ ചേരുന്ന ഭാഗങ്ങളില്‍ പുതിയ ഒരു അസ്ഥിയുണ്ടാകുന്നത് ഇതിനൊരു കാരണമാണ്. പലപ്പോഴും ഇത് പൂര്‍ണമായി രൂപംപ്രാപിച്ച ഒരു അസ്ഥിയായിരിക്കയില്ല. അസ്ഥികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാരുകള്‍പോലെയുള്ള ചില ഘടകങ്ങള്‍ (fibrous adhesions) മാത്രമാകും ഇവ.

സന്ധികളുടെ ദാര്‍ഢ്യം പൂര്‍ണമോ ഭാഗികമോ ആകാം. സന്ധികള്‍ക്കു വെളിയിലുള്ള പേശികള്‍ക്കോ അതിനുള്ളില്‍ ത്തന്നെയുള്ള ശരീകകലകള്‍ക്കോ വീക്കമുണ്ടാകുന്നതിനാലും ആന്‍കൈലോസിസ് ഉണ്ടാകാവുന്നതാണ്. സന്ധികള്‍ക്കു പുറത്തുള്ള പേശികളുടെ തരക്കേടുമൂലം ഉണ്ടാകുന്നത് കപട ആന്‍കൈലോസിസ് (false anchylosis) എന്നറിയപ്പെടുന്നു. യഥാര്‍ഥ (true) ആന്‍കൈലോസിസില്‍ രോഗമുണ്ടാകുന്നത് സന്ധികള്‍ക്കുള്ളിലാണ്. വീക്കംമൂലം അസ്ഥികളുടെ അഗ്രങ്ങള്‍ യോജിക്കുന്നത് ഓസ്സിയസ് (osseus) അഥവാ പൂര്‍ണ ആന്‍കൈലോസിസ് എന്നറിയപ്പെടുന്നു. പരിപൂര്‍ണമായി ഉറച്ചുപോയ സന്ധികളില്‍ (ഉദാ. തോളെല്ലുകള്‍, മുട്ട് എന്നിവ) അസ്ഥികള്‍ മുറിച്ചു വേര്‍പെടുത്തുന്നപക്ഷം മുന്‍പുണ്ടായിരുന്ന ചലനക്ഷമത തിരിച്ചുകിട്ടുന്നതാണ്. കടുത്ത 'റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസി'ന്റെ അനന്തരഫലമായി ആന്‍കൈലോസിസ് ഉണ്ടാകാറുണ്ട്. നട്ടെല്ലിലെ ഒന്നോ അതിലധികമോ കശേരുകകള്‍ക്ക് വീക്കമുണ്ടാകുന്നതു നിമിത്തവും ഈ സ്ഥിതിവിശേഷം സംജാതമാകുക സാധാരണമാണ്. ഇത് ആന്‍കൈലോസിസ് സ്പോണ്‍ഡിലൈറ്റിസ് എന്ന് അറിയപ്പെടുന്നു. പ്രധാനമായും ചെറുപ്പക്കാരായ പുരുഷന്‍മാരെ ബാധിക്കുന്ന ഈ രോഗം പലപ്പോഴും നട്ടെല്ലിന്റെ സ്ഥായിയായ വളവിനും മുറുക്കത്തിനും കാരണമാകുന്നു. എക്സ്-റേയോ മരുന്നുകളോ ഉപയോഗിക്കുകയാണ് ചികിത്സാമാര്‍ഗം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍