This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ത്രപ്പോയ്ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ത്രപ്പോയ്ഡ്

Anthropoid

മനുഷ്യരോടു സാദൃശ്യമുള്ള കുരങ്ങുകള്‍. ആന്ത്രപ്പോയ്ഡ് എന്ന വാക്കിന് 'മനുഷ്യസദൃശം', 'മനുഷ്യാകാരമുള്ളത്' എന്നീ അര്‍ഥങ്ങളാണുള്ളത്. ഈ പ്രത്യേകതകളുള്ള ഗൊറില്ല, ചിമ്പാന്‍സി, ഒറാങ്ങുട്ടാന്‍, ഗിബ്ബണ്‍ എന്നീ ആള്‍ക്കുരങ്ങുകളെ ആന്ത്രപ്പോയ്ഡ് കുരങ്ങുകളെന്നു വിളിക്കുന്നു. സസ്തനികളുടെ ഒരു വര്‍ഗമായ പ്രൈമേറ്റുകളുടെ (primates) ഉപവര്‍ഗമായ ആന്ത്രപ്പോയ്ഡിയയില്‍ തന്നെ മറ്റു കുരങ്ങുകളെയും മനുഷ്യരെയുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഉപവര്‍ഗത്തിലെ പോന്‍ജിഡേ (Pongidae) കുടുംബമാണ് ആന്ത്രപ്പോയ്ഡ് കുരങ്ങുകളുടേത്.

ആന്ത്രപ്പോയ്ഡുകള്‍ സാധാരണ കുരങ്ങുകളില്‍നിന്നും ശരീരഘടനാപരമായി വേറിട്ടുനില്ക്കുന്നു. വാല്, കവിള്‍സഞ്ചി, ശ്രോണീകിണം (ischial callocity-ഗിബ്ബണുകള്‍ ഒഴികെ) എന്നിവ ഇവയില്‍ കാണപ്പെടുന്നില്ല. കുരങ്ങുകളുടേതിനെക്കാള്‍ കട്ടികുറഞ്ഞ രോമാവരണമാണ് ഇവയ്ക്കുള്ളത്. ആന്ത്രപ്പോയ്ഡുകളില്‍ ഗിബ്ബണുകള്‍ മാത്രമാണ് കുറഞ്ഞ തോതിലെങ്കിലും കുരങ്ങുകളുമായി സദൃശസ്വഭാവം പ്രകടിപ്പിക്കുന്നത്.

മനുഷ്യരുമായി ഈ ജീവികള്‍ ശരീരഘടനാസാദൃശ്യം പുലര്‍ത്തുന്നത് താഴെപ്പറയുന്ന സവിശേഷതകളിലൂടെയാണ്. ഇവയുടെ മുഖം പരന്നതും മസ്തിഷ്കം വികസിച്ചതുമാണ്. വികാരങ്ങളെ മുഖത്ത് പ്രകടിപ്പിക്കാന്‍ ഇവയ്ക്കു കഴിവുണ്ട്. മുഖപേശികള്‍-പ്രത്യേകിച്ചും ചുണ്ടിലെ പേശികള്‍-ചലനക്ഷമങ്ങളാണ്. ബാഹ്യകര്‍ണം ചെറുതും ഉറപ്പിക്കപ്പെട്ട സ്ഥിതിയിലുമാണ്. തറയില്‍ നിവര്‍ന്നു നില്ക്കാന്‍ ഇവയ്ക്കു കഴിയും. മനുഷ്യരില്‍ ദഹനേന്ദ്രിയത്തോട് അനുബന്ധിച്ച് കാണപ്പെടുന്ന വെര്‍മിഫോം അപ്പന്‍ഡിക്സ് ഇവയിലും കണ്ടുവരുന്നു. വാല്‍ ഇവയില്‍ കാണാറില്ല. ഏറ്റവും ശ്രദ്ധേയമായത് മസ്തിഷ്കത്തിന്റെ വികാസമാണ്. വലുപ്പക്കുറവിലല്ലാതെ മനുഷ്യരുടെ മസ്തിഷ്കവുമായി ഇവയുടെ മസ്തിഷ്ക്കത്തിന് ബാഹ്യമായ വ്യത്യാസങ്ങള്‍ പ്രകടമല്ല.

ഘടനാപരമായ സാദൃശ്യങ്ങളോടൊപ്പം ജീവരസതന്ത്രപരമായ സാദൃശ്യവും ആള്‍ക്കുരങ്ങിനും മനുഷ്യനും തമ്മിലുണ്ട്. മനുഷ്യരില്‍ കാണപ്പെടുന്നതുപോലെതന്നെ O,A,B,AB എന്നീ നാലിനം രക്തഗ്രൂപ്പുകള്‍ ഇവയിലും കണ്ടെത്തിയിട്ടുണ്ട്. 1900-ല്‍ ഹാന്‍സ് ഫ്രൈഡെന്‍ത്താള്‍ മനുഷ്യരക്തം ചിമ്പാന്‍സിയുടെ രക്തപര്യയനവ്യൂഹത്തില്‍ കടത്തിവിട്ടു നടത്തിയ പരീക്ഷണങ്ങള്‍ വിജയമായിരുന്നു. 1959-ല്‍ ടി. റോക്സ് നടത്തിയ പഠനങ്ങളില്‍ രോഗങ്ങളുടെ കാര്യത്തിലും മനുഷ്യരും മനുഷ്യക്കുരങ്ങുകളും തമ്മില്‍ സാദൃശ്യമുണ്ടെന്നു കാണുകയുണ്ടായി. ചിമ്പാന്‍സി, ഗൊറില്ല എന്നിവയുടെ അണ്ഡം, ബീജാണു എന്നിവ വലുപ്പത്തിലോ ആകൃതിയിലോ മനുഷ്യരുടേതില്‍ നിന്നും വിഭിന്നമല്ല. മനുഷ്യരില്‍ 46 ക്രോമസോമുകളുള്ളപ്പോള്‍ ആന്ത്രപ്പോയ്ഡുകളില്‍ 48 എണ്ണമുണ്ട്. എന്നാല്‍ മറ്റു കുരങ്ങുകളില്‍ ഇതിന്റെ എണ്ണം 54 മുതല്‍ 78 വരെയാണ്. ഗര്‍ഭകാലദൈര്‍ഘ്യത്തിലും മനുഷ്യരും മനുഷ്യക്കുരങ്ങുകളും തമ്മില്‍ അടുപ്പം കാണപ്പെടുന്നു (മനുഷ്യന്‍-265-280 ദിവസങ്ങള്‍, ചിമ്പാന്‍സി-235, ഒറാങ്ങുട്ടാന്‍-275, ഗിബ്ബണ്‍-210). ആള്‍ക്കുരങ്ങുകളുടെ ഭ്രൂണം മനുഷ്യരുടേതിനോട് തികഞ്ഞ സാദൃശ്യം പുലര്‍ത്തുന്നു.

ഇന്നു കാണപ്പെടുന്ന ആന്ത്രപ്പോയ്ഡുകളില്‍ ഒരു നല്ല പങ്ക് വൃക്ഷവാസി(Arboreal)കളാണ്. മുന്‍കാലുകള്‍ക്കു നീളം കൂടുതലുണ്ട്. തള്ളവിരല്‍ അവികസിതമാണ്. ഇതോടൊപ്പം പിന്‍കാലുകള്‍ കുറുകിയവയുമാണ്. ഒറാങ്ങുട്ടാനും ഗിബ്ബണും തികച്ചും വൃക്ഷവാസികളായതിനാല്‍ ഈ സവിശേഷതകള്‍ കൂടുതല്‍ പ്രകടവുമാണ്.

ഗൊറില്ലകള്‍ സാധാരണയായി തറയിലാണ് പാര്‍ക്കുന്നത്. എന്നാല്‍ അപകടഭീഷണി ഉണ്ടാകുമ്പോള്‍ ഇവ മരക്കൊമ്പുകളിലേക്കു താമസം മാറ്റാറുണ്ട്. ചിമ്പാന്‍സിയും ഒറാങ്ങുട്ടാനും കൂടുവയ്ക്കാറുണ്ട്. എന്നാല്‍ ഗിബ്ബണുകള്‍ ഇപ്രകാരം കൂടുകളൊന്നും നിര്‍മിക്കാറില്ല.

ആന്ത്രപ്പോയ്ഡുകള്‍ ഫലവര്‍ഗങ്ങള്‍, ഇലകള്‍, പുഷ്പങ്ങള്‍ തുടങ്ങി ചെടികളുടെ വിവിധ ഭാഗങ്ങള്‍ ഭക്ഷിക്കുന്നു. ഗിബ്ബണുകള്‍ സസ്യാഹാരമാണ് കൂടുതലും ഇഷ്ടപ്പെടുന്നതെങ്കിലും ചിത്രശലഭങ്ങള്‍, പക്ഷികള്‍, മുട്ടകള്‍ എന്നിവയും ഭക്ഷിക്കാറുണ്ട്.

പോന്‍ജിഡേ കുടുംബത്തെ ഹൈലോബാറ്റിനേ (Hylobatinae), ഡ്രയോപിത്തെസിനിയ (Dryopithecinae), പോന്‍ജിനേ (Ponginae) എന്നീ മൂന്ന് ഉപകുടുംബങ്ങളായി വര്‍ഗീകരിച്ചിരിക്കുന്നു. ഹൈലോബാറ്റിനേ ഉപകുടുംബത്തില്‍ ഗിബ്ബണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒറാങ്ങുട്ടാന്‍, ചിമ്പാന്‍സി, ഗൊറില്ല എന്നിവ പോന്‍ജിനേ ഉപകുടുംബത്തിലെ അംഗങ്ങളാണ്. ഡ്രയോപിത്തെസിനിയ ഉപകുടുംബത്തില്‍ വിലുപ്ത (extinct) പൂര്‍വികരായ കുരങ്ങുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോ: ഒറാങ്ങുട്ടാന്‍; ഗിബ്ബണ്‍; ചിമ്പാന്‍സി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍