This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഡം, റോബര്‍ട്ട് (1728 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഡം, റോബര്‍ട്ട് (1728 - 92)

Adam,Robert

ബ്രിട്ടനിലെ നവീനക്ലാസ്സിക് (neo-classic) വാസ്തുവിദ്യാശൈലിയുടെ ആവിഷ്കര്‍ത്താക്കളില്‍ പ്രമുഖന്‍. പ്രശസ്ത വാസ്തുവിദ്യാകുശലനായിരുന്ന വില്യം ആഡമിന്റെ (1689-1748) ദ്വിതീയ പുത്രനായ ഇദ്ദേഹം സ്കോട്ട്‍ലന്‍ഡിലെ ഫിഫെയിന്‍ കിര്‍ക്കാല്‍ഡിയില്‍ 1728 ജൂല. 3-നു ജനിച്ചു. പ്രശസ്ത ശില്പികളായ ജോണ്‍, ജെയിംസ്, വില്യം എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍മാരായിരുന്നു. ഊര്‍ജസ്വലതയുള്ള പല്ലാഡിയന്‍ ശൈലിയില്‍ അനേകം കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്ത പ്രശസ്തനായ പിതാവുതന്നെയായിരുന്നു റോബര്‍ട്ട് ആഡമിന്റെ ആദ്യഗുരു. എഡിന്‍ബറോയിലെ ഹൈസ്കൂളിലും സര്‍വകലാശാലയിലും ആണ് റോബര്‍ട്ട് ആഡം വിദ്യാഭ്യാസം ചെയ്തത്. സി.എന്‍. ക്ളെറിസോ എന്ന ഫ്രഞ്ചുവാസ്തുവിദ്യാവിദഗ്ധന്റെ കീഴില്‍ ഇദ്ദേഹം 1755 മുതല്‍ 1757 വരെ പഠനം നടത്തി. നേപ്പിള്‍സ്, ഫ്ളോറന്‍സ്, വിസന്‍സാ, വെനീസ് മുതലായ സ്ഥലങ്ങളില്‍ ഇവരൊരുമിച്ച് പഠനപര്യടനങ്ങള്‍ നടത്തുകയുണ്ടായി. ഈ പഠനപര്യടനങ്ങളുടെ അനന്തരഫലമായാണ് ദ് റൂയിന്‍സ് ഒഫ് ദ് പാലസ് ഒഫ് ദി എംപറര്‍ ഡയക്ളീഷന്‍ അറ്റ് സ്പാലാട്രോ എന്ന കൃതി 1764-ല്‍ പ്രസിദ്ധീകരിച്ചത്.

റോബര്‍ട്ട് ആഡം പുനര്‍നിര്‍മിതി നടത്തിയ ഓസ്റ്റര്‍ലി പാര്‍ക്കിലെ പോര്‍ട്ടിക്കോ

1758-ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ആഡം റോബര്‍ട്ട് വാസ്തുവിദ്യാവിദഗ്ധനെന്ന നിലയില്‍ അതിവേഗം അംഗീകാരം നേടി. 1761-ല്‍ സര്‍. വില്യം ചേംബര്‍സിനോടൊപ്പം ഇദ്ദേഹവും രാജകീയ വാസ്തുവിദ്യാവിദഗ്ധനായി നിയമിതനായി. ഇളയസഹോദരന്‍ ജെയിംസ് (1730-94) ക്ളെറിസോയോടൊപ്പം നടത്തിയ പഠന പര്യടനത്തിനുശേഷം (1760-63) ലണ്ടനില്‍ എത്തിച്ചേരുകയുണ്ടായി. 1773-ല്‍ റോബര്‍ട്ടും ജെയിംസുംകൂടി എഴുതിയ പുസ്തകങ്ങളുടെ ആദ്യവാല്യം പുറത്തിറങ്ങി. ഫ്രാന്‍സില്‍ ലൂയി പതിനാറാമന്‍ ശൈലി എന്നറിയപ്പെടുന്ന ഗൃഹോപകരണസംവിധാനശൈലിക്ക് (furniture design) ആദ്യരൂപം നല്കിയത് ഈ സഹോദരന്‍മാരായിരുന്നു. സീലിങ്, പുകക്കുഴല്‍ എന്നിങ്ങനെ പലതിന്റെയും പുതുമനിറഞ്ഞ ഡിസൈനുകളും, മറ്റു പല നവീനശൈലികളും ഇവര്‍ അവതരിപ്പിക്കുകയുണ്ടായി.

ജീവിതാന്ത്യത്തില്‍ മാത്രമേ റോബര്‍ട്ട് ആഡമിന് തന്റെ കഴിവുകള്‍ മുഴുവന്‍ പ്രകടമാക്കാനുള്ള അവസരം ലഭിച്ചുള്ളു. ഇദ്ദേഹത്തിന്റെ പ്രസിദ്ധനിര്‍മിതികളായ ഹേര്‍വുഡ് ഹൗസ്, കെഡ്ലിസ്റ്റണ്‍, ന്യൂബിഹാള്‍, കെന്‍വുഡ്, ലൂടണ്‍ഹൂ, നോസ്ട്രല്‍ പ്രിയോറി മുതലായ ഗ്രാമീണവസതികള്‍ 1760-നും 1770-നും ഇടയ്ക്ക് നിര്‍മിച്ചവയാണ്. പ്രശസ്തങ്ങളായ ചില നാഗരിക സൗധങ്ങളും അടുത്ത ഒരു ദശാബ്ദക്കാലത്തിനിടയ്ക്ക് ഇദ്ദേഹം രൂപകല്പന ചെയ്തു നിര്‍മിക്കുകയുണ്ടായി. കേംബ്രിഡ്ജ്-എഡിന്‍ബറോ സര്‍വകലാശാലകള്‍ക്കുവേണ്ടി പ്ലാനുകള്‍ തയ്യാറാക്കിയെങ്കിലും ഇദ്ദേഹത്തിനവ പൂര്‍ത്തിയാക്കാന്‍ അവസരം കിട്ടിയില്ല. എഡിന്‍ബറോയിലുള്ള റെജിസ്റ്റര്‍ ഹൗസ് മാത്രമാണ് ഇന്ന് ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന നിര്‍മിതി. നവീന ക്ലാസ്സിക് ശൈലിയുടെ പ്രമുഖപ്രയോക്താവായിരുന്നെങ്കിലും ആഡം നവീന റൊമാന്റിക് ഗോഥിക്ശൈലിയും ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നാമാവശേഷമായിക്കഴിഞ്ഞ ആന്‍വിക്ക് കോട്ട (Anwick castle) ഇതിനുദാഹരണമാണ്. 1792 മാ. 3-ന് റോബര്‍ട്ട് ആഡം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍