This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംഗ്ലോ-സിക്ക് യുദ്ധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആംഗ്ലോ-സിക്ക് യുദ്ധങ്ങള്‍

Anglo-Sikh Wars

ഈസ്റ്റിന്ത്യാക്കമ്പനിസൈന്യവും സിക്കുകാരും തമ്മില്‍ നടത്തിയ രണ്ടു യുദ്ധങ്ങള്‍. ഈ യുദ്ധങ്ങള്‍ മൂലം പഞ്ചാബ് ബ്രിട്ടീഷിന്ത്യയുടെ ഭാഗമായി.

ഒന്നാം യുദ്ധം (1845-46). പഞ്ചാബിനെ ഒരു പ്രബലരാഷ്ട്രമാക്കിയ രഞ്ജിത്സിങ്ങിന്റെ മരണത്തെ(1839)ത്തുടര്‍ന്ന് അവിടെ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ഖാല്‍സാസൈന്യം ഒരു ഭാഗത്തും, 5 വയസ്സുമാത്രം പ്രായമായ ദിലീപ്സിങ്ങിന്റെ റീജന്റായ ജിന്‍ദാന്‍ (Jhindan) റാണിയും പ്രധാനമന്ത്രിയായ ലാല്‍സിങ്ങും ചേര്‍ന്നു മറുഭാഗത്തും ആയി ചേരിതിരിഞ്ഞു നടത്തിയ ആഭ്യന്തരയുദ്ധം അന്തരീക്ഷത്തെ കൂടുതല്‍ കലുഷമാക്കി. രഞ്ജിത്സിങ്ങിന്റെ മരണശേഷം ഖാല്‍സാസൈന്യത്തിനു നേതൃത്വം നല്കാന്‍ ആരും ഉണ്ടായിരുന്നില്ല.

ഖാല്‍സാസൈന്യത്തെ ഈ അച്ചടക്കത്തകര്‍ച്ചയില്‍നിന്നു രക്ഷിച്ച്, അതിന്റെ ആത്മവീര്യവും ശക്തിയും വീണ്ടെടുക്കുവാന്‍ ഒരു പൊതുശത്രുവിനെതിരെ അവരെ അണിനിരത്തണമെന്നു ജിന്‍ദാന്റാണിയും ലാല്‍സിങ്ങും തീരുമാനിച്ചു. അതിനുവേണ്ടി ബ്രിട്ടീഷ്സൈന്യത്തെ ആക്രമിക്കുവാന്‍ സിക്കുസൈന്യത്തിന് ആജ്ഞ ലഭിച്ചു.

പഞ്ചാബു കടന്നാക്രമിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ലുധിയാന, ഫിറോസ്പൂര്‍, അംബാല എന്നിവിടങ്ങളില്‍ ഇംഗ്ലീഷുസൈന്യം താവളമടിച്ചു. സത്‍ലജ് നദി കടന്ന് പഞ്ചാബ് ആക്രമിക്കുവാനുള്ള പദ്ധതി ഇംഗ്ലീഷ്സൈന്യം ആസൂത്രണം ചെയ്യുകയും ചെയ്തു. ഈ ഘട്ടത്തില്‍ ഫിറോസ്പൂര്‍വഴി സിക്കുസൈന്യം അതിര്‍ത്തിപ്രദേശങ്ങളിലേക്കു കടന്നുകയറുവാനുള്ള ശ്രമം ആരംഭിച്ചു. സിക്കുകാരെ കഴിയുന്നത്ര പ്രകോപിപ്പിക്കുവാന്‍ ഫിറോസ്പൂരിലെ ബ്രിട്ടീഷ് കമാണ്ടറായ മേജര്‍ ബ്രോഡ്ഫുട് തുനിയുകയുണ്ടായി. അമൃതസരസ്സില്‍വച്ചുണ്ടായ ഉടമ്പടിയെ (1809) അതിലംഘിച്ചുകൊണ്ട് സിസ്-സത്‍ലജ് അതിര്‍ത്തിപ്രദേശങ്ങള്‍ (സത്‍ലജ്, യമുന എന്നീ നദികള്‍ക്കിടയിലുള്ള പ്രദേശം) ബ്രിട്ടീഷുകാര്‍ക്കവകാശപ്പെട്ടതാണെന്ന നിലയിലായി അവരുടെ പെരുമാറ്റം.

ധ്യാന്‍സിങ്ങിന്റെയും ഗുലാബ്സിങ്ങിന്റെയും ഇളയസഹോദരന്‍ രാജാ സുചേത്സിങ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിനു 15 ലക്ഷം രൂപയുടെ രഹസ്യസമ്പാദ്യം അവശേഷിച്ചിട്ടുണ്ടായിരുന്നു. ലാഹോര്‍ ഡര്‍ബാറിനവകാശപ്പെട്ട ആ സ്വത്ത് ബ്രിട്ടീഷുകാര്‍ ബലാത്കാരേണ കൈയടക്കി.

1819-ല്‍ നാഭയിലെ രാജാവ് രാജാ ജസ്വന്ത്സിങ് മോറോന്‍ ഗ്രാമം രഞ്ജിത്സിങ്ങിനു നല്കി. രഞ്ജിത്സിങ് പിന്നീട് ഈ ഗ്രാമം സര്‍ദാര്‍ ധ്യാന്‍സിങ്ങിന് നല്കുകയുണ്ടായി. ഇതിനെ ത്തുടര്‍ന്ന് സര്‍ദാര്‍ ധ്യാന്‍സിങ്ങും ജസ്വന്ത്സിങ്ങിന്റെ പുത്രനായ രാജാ ദേവേന്ദ്രസിങ്ങും തമ്മില്‍ വിദ്വേഷമായി. ബ്രിട്ടീഷ് ഗവണ്‍മെന്റ് രാജാവിന്റെ പക്ഷം ചേര്‍ന്നു. സത്ലജില്‍ ഫിറോസ്പൂരിനു സമീപമുണ്ടായിരുന്ന ലാഹോര്‍ ഡര്‍ബാറില്‍ ഉള്‍​പ്പെട്ട ദ്വീപും ബ്രിട്ടീഷുകാര്‍ കീഴടക്കി.

ലാഹോറിനെതിരായി ബ്രിട്ടീഷ് ഗവണ്‍മെന്റ് കുറേക്കൂടി കര്‍ക്കശമായ ഒരു നിലപാട് സ്വീകരിച്ചു. സര്‍ ചാള്‍സ് നേപ്പിയര്‍ ഡല്‍ഹി ഗസറ്റിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ സിക്കുകാരുമായുള്ള യുദ്ധത്തെക്കുറിച്ചു തുറന്നു പ്രസ്താവിക്കുകയുണ്ടായി. 1844-ല്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഗവര്‍ണര്‍ ജനറലായിരുന്ന ഹാര്‍ഡിങ് പ്രഭു (1785-1856) 1845 ഡി. 13-ന് യുദ്ധം പ്രഖ്യാപിച്ചു.

സിക്കുകാര്‍ സത്‍ലജ് നദി കടന്നുവെന്നതായിരുന്നു യുദ്ധപ്രഖ്യാപനത്തിനുള്ള കാരണം. ഹാര്‍ഡിങ് പ്രഭു സിക്കു മുന്നേറ്റത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. മുഡ്കി, ഫിറോസ്ഷഹ്​ര്‍ ആലിവാള്‍, സൊബ്രോണ്‍ എന്നീ സ്ഥലങ്ങളില്‍വച്ചു നടന്ന സംഘട്ടനങ്ങളില്‍ ഇംഗ്ലീഷുകാര്‍ വിജയം നേടി.

മുഡ്കിയില്‍വച്ചു സിക്കുകാര്‍ ജയിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് ലാല്‍സിങ്ങിന്റെ പിന്‍മാറ്റം. ലാല്‍സിങ്ങിന്റെ ഈ വഞ്ചന അവരുടെ പരാജയത്തിനു കാരണമായിത്തീര്‍ന്നു. അതുപോലെതന്നെ തേജ്സിങ്ങിന്റെ നിലപാടും ബ്രിട്ടീഷുകാരുടെ വിജയത്തെ സഹായിച്ചു. സൊബ്രോണ്‍ യുദ്ധത്തില്‍ ബ്രിട്ടീഷ്സൈന്യത്തെ സിക്കുകാര്‍ ചെറുത്തുനിന്നു. യുദ്ധത്തില്‍ നിരവധി സിക്കുകാര്‍ കൊല്ലപ്പെട്ടു. അങ്ങനെ ബ്രിട്ടീഷുകാര്‍ ലാഹോര്‍ പിടിച്ചെടുത്തു. തുടര്‍ന്നുണ്ടായ ലാഹോര്‍ ഉടമ്പടി (1846 മാ. 9) അനുസരിച്ച് യുദ്ധം അവസാനിക്കുകയും ചെയ്തു. ലാഹോര്‍ ഉടമ്പടിയിലെ വ്യവസ്ഥയനുസരിച്ച് ജലന്ധര്‍ ഉള്‍​പ്പെടെ സത്ലജിന്റെ ദക്ഷിണഭാഗത്തുള്ള അതിര്‍ത്തിദേശങ്ങളൊക്കെ ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. സിക്കുകാര്‍ ഒന്നരക്കോടി രൂപ ബ്രിട്ടീഷുകാര്‍ക്ക് നഷ്ടപരിഹാരമായി കൊടുക്കാന്‍ നിര്‍ബന്ധിതരായി. അതിനവര്‍ക്കു കഴിവില്ലാതിരുന്നതിനാല്‍ അരക്കോടി രൂപ രൊക്കമായും ബാക്കിക്ക് കാശ്മീരും ഹസാറയും ചേര്‍ന്നുള്ള ജില്ലകള്‍ ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. സിക്കുസൈന്യത്തിന്റെ സംഖ്യാബലം വെട്ടിക്കുറച്ചു. ദിലീപ്സിങ്ങിനെ മഹാരാജാവായും റാണി ജിന്‍ദാനെ റീജന്റായും ലാല്‍സിങ്ങിനെ പ്രധാനമന്ത്രിയായും ഇംഗ്ലീഷുകാര്‍ അംഗീകരിച്ചു. കാശ്മീര്‍ ഒരു ലക്ഷം പവന് ഗുലാബ്സിങ്ങിന് ഇംഗ്ലീഷുകാര്‍ വിറ്റു (1846 മാ. 16). കേണല്‍ ഹെന്‍റി ലോറന്‍സ് ലാഹോറിലെ ബ്രിട്ടീഷ് റസിഡന്റായി നിയമിതനായി. 1846 ഡി-ല്‍ ഉണ്ടായ ഭൈറോവല്‍ സന്ധിയനുസരിച്ച് ബ്രിട്ടീഷ് റസിഡന്റിന്റെ കീഴില്‍ ബ്രിട്ടീഷുകാരും സിക്കുകാരും ചേര്‍ന്ന ഒരു റീജന്‍സി കൌണ്‍സില്‍ രൂപവത്കരിക്കപ്പെട്ടു. ലാഹോറില്‍ ഒരു ബ്രിട്ടീഷ് സൈന്യത്തെ നിലനിര്‍ത്തുന്നതിനും വര്‍ഷംതോറും 22 ലക്ഷം രൂപ സൈന്യത്തിന്റെ ചെലവിലേക്കായി നല്കുന്നതിനും തീരുമാനിക്കുകയുണ്ടായി. ദിലീപ്സിങ്ങിനു പ്രായപൂര്‍ത്തി വരുന്നതുവരെ ഈ ഉടമ്പടികള്‍ പ്രാബല്യത്തില്‍ നിന്നു.

രണ്ടാം യുദ്ധം (1848-49). 1847 മുതല്‍ 1848 വരെ സിക്കുകാരുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ഒട്ടേറെ പുനഃക്രമീകരണങ്ങള്‍ പഞ്ചാബില്‍ നടന്നു. ഈ പ്രതികൂലപശ്ചാത്തലത്തിലാണ് മുള്‍ട്ടാന്‍ ഗവര്‍ണറായ മുള്‍രാജിനോട് വരവുചെലവുകണക്കുകള്‍ ബോധിപ്പിക്കുവാന്‍ ഇംഗ്ലീഷുകാര്‍ ആവശ്യപ്പെട്ടത്. ഇംഗ്ലീഷുകാര്‍ ആവശ്യപ്പെട്ട ഒരു ലക്ഷം പവന്‍ കൊടുക്കാനും മുള്‍രാജ് തയ്യാറായില്ല. 1848 മാ.-ല്‍ മുള്‍രാജ് ദിവാന്‍സ്ഥാനം രാജിവച്ചു. ഇംഗ്ലീഷുകാര്‍ അദ്ദേഹത്തിനു പകരം സര്‍ദാര്‍ ഖാന്‍സിങ്ങിനെ ദിവാനായി നിയമിച്ചു. അദ്ദേഹത്തെ അകമ്പടി സേവിച്ചിരുന്ന വാന്‍സ് അഗ്ന്യുവും ലെഫ്റ്റനന്റ് ആന്‍ഡേഴ്സനും വധിക്കപ്പെട്ടു (1848 ഏ. 20). അതിന്റെ പിന്നില്‍ മുള്‍രാജിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സംശയിക്കപ്പെടുന്നു. സൈന്യമേധാവിയായ ലോര്‍ഡ് ഗൗവും (Gough) ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൗസിയും (1812-60) പെട്ടെന്ന് നടപടികളൊന്നും സ്വീകരിക്കാതെ, ശീതകാലംവരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. എങ്കിലും സിക്ക് റീജന്‍സി കൗണ്‍സില്‍ അംഗമായ ഹെര്‍ബര്‍ട്ട് എഡ്വേഡ്സും ബ്രിട്ടീഷ് റസിഡന്റ് ക്യൂറിയും, കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ വിഫലശ്രമം നടത്തി. ഹസാറയിലെ സിക്കുഗവര്‍ണറുടെ പുത്രനായ ഷേര്‍സിങ്ങിനെ മുള്‍ട്ടാനിലെ ഇംഗ്ലീഷ്സൈന്യത്തെ സഹായിക്കുവാന്‍ ഇംഗ്ലീഷുകാര്‍ അയച്ചെങ്കിലും അദ്ദേഹം ചേരിമാറി മുള്‍രാജിന്റെ പക്ഷത്ത് നിലയുറപ്പിക്കയാണ് ചെയ്തത്. മുള്‍ട്ടാനിലെ കലാപം ജിന്ദാന്റാണിയുടെ പ്രവര്‍ത്തനത്തോടെ, സിക്ക് ദേശീയ യുദ്ധമായി മാറി. 1848 ഒ. 10-ന് ഡല്‍ഹൗസി പ്രഭു യുദ്ധം പ്രഖ്യാപിച്ചു. ഗൗ പ്രഭുവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ചിനാബ് തീരത്തെ രാംനഗറില്‍വച്ചുണ്ടായ യുദ്ധത്തില്‍ പരാജയപ്പെട്ടു. ചിലിയന്‍വാലാ യുദ്ധത്തിലും (1849 ജനു. 13) ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടു. എന്നാല്‍ 1849-ല്‍ ഗുജറാത്തില്‍വച്ചുണ്ടായ യുദ്ധത്തില്‍ സര്‍ ചാള്‍സ് നേപ്പിയറുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് സൈന്യം വിജയിച്ചു. മുള്‍ട്ടാന്‍ ഇംഗ്ലീഷ് സൈന്യത്തിനധീനമാവുകയും മുള്‍രാജ് കീഴടങ്ങുകയും ചെയ്തു. 1849 മാ. 22-ന് റാവല്‍പിണ്ടിയില്‍വച്ച് സിക്കുകാര്‍ പരാജയം സമ്മതിച്ചു. മുള്‍രാജിനെ ഒരു സൈനികകോടതി നാടുകടത്തല്‍ശിക്ഷ വിധിച്ച് പുറത്താക്കി. സിക്കുകാരെ സഹായിച്ചിരുന്ന അഫ്ഗാന്‍സൈന്യവും ബഹിഷ്കൃതമായി. ഇതോടെ യുദ്ധം അവസാനിച്ചു.

1849 മാ. 30-ന് ഡല്‍ഹൗസി പ്രഭു പുറപ്പെടുവിച്ച വിളംബരം മൂലം പഞ്ചാബ് മുഴുവന്‍ ബ്രിട്ടീഷിന്ത്യയില്‍ ലയിച്ചു. ദിലീപ്സിങ്ങിന് പെന്‍ഷന്‍ നല്കി അധികാരഭ്രഷ്ടനാക്കി. അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലായിരുന്നു ജീവിച്ചത്. പഞ്ചാബിന്റെ ലയനത്തോടുകൂടി ബ്രിട്ടീഷിന്ത്യന്‍ രാജ്യാതിര്‍ത്തി അഫ്ഗാനിസ്ഥാന്റെ അതിരുകള്‍ വരെ വ്യാപിച്ചു. പഞ്ചാബിലെ ഭരണകാര്യങ്ങള്‍ക്കായി സര്‍ ഹെന്‍റി ലോറന്‍സിന്റെ അധ്യക്ഷതയില്‍ ഒരു മൂന്നംഗ കമ്മിഷന്‍ നിയമിക്കപ്പെട്ടു. 1853-ല്‍ ഈ കമ്മിഷനെ പിരിച്ചുവിടുകയും സര്‍ ഹെന്‍റി ലോറന്‍സിനെ പഞ്ചാബിലെ ആദ്യത്തെ ചീഫ് കമ്മിഷണറായി നിയമിക്കുകയും ചെയ്തു. രണ്ടാം ബര്‍മീസ് യുദ്ധകാലത്തും (1852) 1857-ലെ ഇന്ത്യന്‍ കലാപകാലത്തും സിക്കുകാര്‍ ബ്രിട്ടീഷുകാരെ സഹായിക്കയാണ് ചെയ്തത്.

(ഡോ. എം.ജെ.കോശി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍