This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡലൂഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ഡലൂഷ്യ

Andalusia

യൂറോപ്പില്‍ ഐബീരിയ ഉപദ്വീപില്‍ മധ്യകാലഘട്ടങ്ങളില്‍ നിലവിലിരുന്ന മുസ്ലിം രാജ്യങ്ങള്‍ ഉള്‍​പ്പെട്ടിരുന്ന ഭൂവിഭാഗത്തിന്റെ പൊതുസംജ്ഞ. ഈ പ്രദേശം ഇപ്പോള്‍ സ്പെയിനിന്റെ ഭാഗമാണ്. അറബിഭാഷയില്‍ 'ജസീറത്ത് അല്‍ ആന്തലൂസ്' എന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശം സ്പെയിനിന്റെ എട്ടു പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. എ.ഡി. അഞ്ചാം ശ.-ത്തില്‍ വാന്‍ഡല്‍ വര്‍ഗക്കാര്‍ അധിവസിച്ചിരുന്നതുകൊണ്ട് ആ വര്‍ഗനാമത്തില്‍നിന്നാണ് ആന്‍ഡലൂഷ്യ എന്ന പദം നിഷ്പന്നമായതെന്നാണ് പണ്ഡിതമതം. വാന്‍ഡല്‍ വര്‍ഗക്കാരെ അറബിഭാഷയില്‍ 'അല്‍ ആന്‍ദലിഷ്' എന്നാണ് വിളിച്ചുവന്നിരുന്നത്.

അറബികളുടെ ആക്രമണം. സ്പെയിനിലെ വിസിഗോത്തുകളുടെ ഭരണത്തിനോട് കഠിനമായ വെറുപ്പുണ്ടായിരുന്ന കാലയളവില്‍ (എ.ഡി. 8-ാം ശ.) അറബികള്‍ ഐബീരിയ ആക്രമിച്ചു. ഉത്തരാഫ്രിക്കയില്‍ അധികാരം ഉറപ്പിക്കുകയും, ഇഫ്രിക്ക, മഗ്രിബ് എന്നീ പ്രദേശങ്ങളുടെ ഗവര്‍ണറായി മൂസാ ഇബ്നുനുസയര്‍ നിയമിതനാവുകയും ചെയ്തത് ആന്‍ഡലൂഷ്യ ആക്രമിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. ബെര്‍ബെര്‍ വര്‍ഗത്തിലെ യോദ്ധാവായ താരിഫ് 710 ജൂല.-ല്‍ മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഐബീരിയ ഉപദ്വീപിന്റെ ദക്ഷിണഭാഗത്ത് വിജയകരമായ ഒരാക്രമണം നടത്തി. ഈ വിജയത്തില്‍നിന്നു പ്രചോദനം നേടിയ മൂസാ ഇബ്നുനുസയറിന്റെ സൈന്യാധിപനായ താരിഖ് 711 ഏ.-മേയ് മാസങ്ങളില്‍ ഒരു സേനയുമായി മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ആന്‍ഡലൂഷ്യയില്‍ എത്തി. അവിടത്തെ വിസിഗോത്ത് രാജാവായ റോഡറിക്ക്, താരിഖിന്റെ മുസ്ലിം സേനകളുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടു (711 ജൂല. 19); ഐബീരിയ ഉപദ്വീപിലെ നഗരങ്ങള്‍ ഒന്നൊന്നായി താരിഖ് കീഴടക്കി. ഗവര്‍ണറായിരുന്ന മൂസാ ഇബ്നുനുസയറും ആന്‍ഡലൂഷ്യയില്‍ സൈന്യസമേതമെത്തി. ഇങ്ങനെ താരിഖും മൂസയും ഐബീരിയ ഉപദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി. ഈ അവസരത്തില്‍ ഖലീഫയായിരുന്ന അല്‍വാലിദ് ആന്‍ഡലൂഷ്യയിലെ ആക്രമണങ്ങള്‍ മതിയാക്കി ഉടന്‍ ദമാസ്കസിലേക്കു മടങ്ങാനായി അദ്ദേഹത്തിന്റെ ഗവര്‍ണറായ മൂസയോടും സൈനിക നേതാവായ താരിഖിനോടും ആവശ്യപ്പെട്ടു. അതനുസരിച്ച് സ്ഥലംവിട്ട ഇവര്‍ പിന്നീട് ആന്‍ഡലൂഷ്യയില്‍ മടങ്ങിയെത്തിയില്ല.

ഖലീഫയുടെ ഗവര്‍ണര്‍മാരായി (വാലി) പലരും ആന്‍ഡലൂഷ്യ ഭരിച്ചു. ഈ കാലഘട്ടത്തില്‍ വിവിധ അറബിഗോത്രങ്ങളില്‍​പ്പെട്ടവര്‍ തമ്മില്‍ ആഭ്യന്തരയുദ്ധത്തിലേര്‍​പ്പെട്ടിരുന്നതുകൊണ്ട് ആന്‍ഡലൂഷ്യയില്‍ സമാധാനം നിലനിന്നില്ല.

മാര്‍വാനിദ് കാലഘട്ടം. അബ്ദുല്‍ റഹ്മാന്‍ ഇബ്നുമുആവിയ്യ ആന്‍ഡലൂഷ്യയിലെ ഗവര്‍ണറെ (യൂസഫ് ഇബ്നു അബ്ദുല്‍ റഹ്മാന്‍ അല്‍ഫിഹ്റി) തോല്പിച്ചശേഷം കൊര്‍ദോവയില്‍വച്ച് അമീര്‍ ആയി സ്വയം പ്രഖ്യാപിച്ചു (756 മേയ് 15). മാര്‍വാനിദ് കാലഘട്ടമെന്നറിയപ്പെടുന്ന അടുത്ത 100 വര്‍ഷക്കാലത്തിനുള്ളില്‍ ആന്‍ഡലൂഷ്യയില്‍ സമാധാനം പുലര്‍ത്താനും അതിര്‍ത്തികള്‍ സംരക്ഷിക്കാനും അവിടത്തെ ഭരണാധികാരികള്‍ക്ക് പല യുദ്ധങ്ങളിലും ഏര്‍​പ്പെടേണ്ടിവന്നു. അബ്ദുല്‍ റഹ്മാന്‍ II ആണ് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരി. അദ്ദേത്തിന്റെ അനന്തരഗാമികളുടെ കാലത്തും രാജ്യത്ത് അസാമാധാനനിലയാണുണ്ടായിരുന്നത്.

അബ്ദുല്‍ റഹ്മാന്‍ III-ന്റെ 50 വര്‍ഷക്കാലത്തെ ഭരണം ആന്‍ഡലൂഷ്യയുടെ ചരിത്രത്തിലെ സുപ്രധാന ഘട്ടമാണ്. ഇദ്ദേഹത്തിന്റെ മരണശേഷം (961 ന. 4) അല്‍ഹക്കം II ഭരണാധിപനായി; അദ്ദേഹത്തിന്റെ ഭരണകാലം സമാധാനപൂര്‍ണമായിരുന്നു. അന്ന് കൊര്‍ദോവ, ലോകത്തിന്റെ ആഭരണം (Ornament of the World) എന്ന അപരനാമത്തില്‍ പ്രശസ്തി ആര്‍ജിച്ചു. മുസ്ലിംലോകത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു കൊര്‍ദോവ. പിന്നീട് ഭരണാധികാരം പിടിച്ചെടുത്തത് അല്‍മന്‍സൂര്‍ (മുഹമ്മദ് ഇബ്നു അബി അമീര്‍) ആയിരുന്നു. അദ്ദേഹം സമീപ ക്രൈസ്തവ രാജ്യങ്ങളുമായി മതയുദ്ധ(ജിഹാദ്)ത്തില്‍ ഏര്‍​പ്പെട്ടു. ഉത്തരകസ്റ്റീലുമായുള്ള യുദ്ധം കഴിഞ്ഞു മടങ്ങിവരവേ അല്‍ മന്‍സൂര്‍ നിര്യാതനായി (1002 ആഗ. 9). അല്‍മന്‍സൂറിന്റെ കാലത്ത് ആന്‍ഡലൂഷ്യ ശക്തമായ രാഷ്ട്രമായിരുന്നു. അദ്ദേഹത്തെത്തുടര്‍ന്നു അബ്ദുല്‍ മാലിക്ക്, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ആന്‍ഡലൂഷ്യ ഭരിച്ചു.

ആന്‍ഡലൂഷ്യയിലെ ഖലീഫമാരുടെ ആധിപത്യത്തിന് ഉടവുതട്ടിയതിനെത്തുടര്‍ന്ന് അവിടെ അനവധി സ്വതന്ത്രരാജ്യങ്ങള്‍ ഉടലെടുത്തവയില്‍ സെവില്‍, ഗ്രനാഡ, ടൊളീഡൊ, സാരഗോസ, ബഡജോസ് എന്നിവ പ്രധാനപ്പെട്ടവയായിരുന്നു.

11-ാം ശ.-ത്തില്‍ സ്പെയിനിലെ ക്രൈസ്തവ രാജാക്കന്‍മാര്‍ സംഘടിതമായി ആന്‍ഡലൂഷ്യയിലെ മുസ്ലിം ഭരണത്തിനെതിരായി സമരം ഊര്‍ജിതപ്പെടുത്തി.

അല്‍ഫോന്‍സോ VI (1042-1109) ഭരിച്ചിരുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ക്കെതിരായി ആന്‍ഡലൂഷ്യയിലെ മുസ്ലിം ഭരണാധികാരികള്‍ ഉത്തരാഫ്രിക്കയിലെ ബെര്‍ബര്‍ വംശക്കാരായ അല്‍മൊറാവിദുകളുടെ (അല്‍ മുറബ്ബിത്) സഹായം അഭ്യര്‍ഥിച്ചു. അമീര്‍ യൂസുഫ് ഇബ്നു താഷുഫിന്‍, ആന്‍ഡലൂഷ്യയില്‍ സൈന്യസമേതമെത്തി. പരസ്പരം കലഹിച്ചിരുന്ന ആന്‍ഡലൂഷ്യയിലെ മുസ്ലിം ഭരണാധികാരികളെ ഓരോരുത്തരെയായി സ്ഥാനഭ്രഷ്ടരാക്കിയശേഷം അവരുടെ ഭൂവിഭാഗങ്ങള്‍ തന്റെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. അന്നു മുതല്‍ മുസ്ലിം സ്പെയിന്‍ (ആന്‍ഡലൂഷ്യ) മഗ്രിബിന്റെ (മൊറോക്കോ) അധീശാധികാരത്തിന്‍കീഴിലായി.

അല്‍മൊറാവിദുകള്‍. അല്‍മൊറാവിദുകളുടെ ആധിപത്യത്തിന്‍കീഴിലായിത്തീര്‍ന്ന ആന്‍ഡലൂഷ്യ കുറേക്കാലം വീണ്ടും അഭിവൃദ്ധിയിലേക്കു നീങ്ങി. എന്നാല്‍ ടൊളിഡൊ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല; തന്നെയുമല്ല സാരഗോസയും ക്രൈസ്തവര്‍ പിടിച്ചെടുത്തു (1118). മൊറോക്കോയിലെ യൂസുഫ് ഇബ്നുതാഷുഫിന്റെ അനന്തരഗാമിക്ക് അല്‍മൊഹാദു (അല്‍മുവഹിദ്)കളുടെ ആക്രമണഭീഷണി നേരിടേണ്ടി വന്നു. തന്മൂലം അദ്ദേഹത്തിന് ആന്‍ഡലൂഷ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ല. അവിടെ വീണ്ടും അന്തച്ഛിദ്രങ്ങളും കലാപങ്ങളും വര്‍ധിച്ചു.

അല്‍മൊഹാദുകള്‍. 12-ാം ശ.-ത്തില്‍ ആന്‍ഡലൂഷ്യ അല്‍മൊഹാദുകളുടെ ആധിപത്യത്തിലായി. 100 വര്‍ഷക്കാലത്തേക്ക് അവര്‍ ആന്‍ഡലൂഷ്യയില്‍ പിടിച്ചുനിന്നു. എന്നാല്‍ ക്രൈസ്തവരാജാക്കന്‍മാര്‍ ആന്‍ഡലൂഷ്യയുടെ പല ഭാഗങ്ങളും കീഴടക്കിക്കൊണ്ടിരുന്നു. കസ്റ്റീലിലെ അല്‍ഫോന്‍സോ VIII (1155-1214) ആന്‍ഡലൂഷ്യയില്‍ നിര്‍ണായകവിജയം നേടി. അല്‍അറാക്കില്‍വച്ച് അല്‍മൊഹാദു ഖലീഫയായ അബു യൂസുഫ് യാക്കൂബ് 1194 ജൂല.-ല്‍ ക്രൈസ്തവരെ തോല്പിച്ചെങ്കിലും ആ വിജയം ദീര്‍ഘകാലത്തേക്കു നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. 15 വര്‍ഷത്തിനുള്ളില്‍ വിവിധ ക്രൈസ്തവരാജാക്കന്‍മാര്‍ സംഘടിച്ച് മുസ്ലിം ഭരണത്തിനെതിരായി യുദ്ധം ചെയ്തു. 1212 ജൂല. 17-ല്‍ ക്രൈസ്തവരാജാക്കന്‍മാര്‍ ആന്‍ഡലൂഷ്യയിലെ മുസ്ലിം ഭരണാധികാരികളെ പരാജയപ്പെടുത്തി.

നസ്രിദുകള്‍. അടുത്ത 250 വര്‍ഷം ഗ്രനാഡ മാത്രമാണ് മുസ്ലിംഭരണത്തിന്‍കീഴിലുണ്ടായിരുന്നത്. ഐബീരിയ ഉപദ്വീപിലെ മറ്റു പ്രദേശങ്ങളെല്ലാം ക്രൈസ്തവര്‍ പല കാലഘട്ടങ്ങളില്‍ കീഴടക്കിക്കഴിഞ്ഞിരുന്നു. ബനു അല്‍ അഹ്മാര്‍ എന്നും അറിയപ്പെട്ടിരുന്ന നസ്രിദ് വംശസ്ഥാപകനായ മുഹമ്മദ് I അല്‍ഗാലിബ്ബില്ല 1238-ല്‍ ഗ്രനാഡ അധീനപ്പെടുത്തിയശേഷം അല്‍ഹംബ്ര എന്ന കോട്ടയുടെയും അതിലെ വിശ്വപ്രശസ്തിയാര്‍ജിച്ച കൊട്ടാരത്തിന്റെയും പണി ആരംഭിച്ചു. കസ്റ്റീലിലെ ഫെര്‍ഡിനന്‍ഡ് I-ന്റെയും അദ്ദേഹത്തിന്റെ അനന്തരഗാമിയായ അല്‍ഫോന്‍സോ X (1221-84)ന്റെയും അധീശാധികാരം അദ്ദേഹം അംഗീകരിച്ചു. ഗ്രനാഡയിലെ രാജാക്കന്‍മാര്‍ക്ക് ആന്‍ഡലൂഷ്യയിലെ ക്രൈസ്തവരാജാക്കന്‍മാരുമായും മൊറോക്കോയിലെ മാരിനിദ് വംശക്കാരായ മുസ്ലിംഭരണാധികാരികളുമായും മാറിമാറി ബന്ധങ്ങള്‍ പുലര്‍ത്തുന്നതില്‍ വളരെ ക്ലേശിക്കേണ്ടിവന്നു. എന്നാല്‍ മാരിനിദ് വംശക്കാരില്‍നിന്ന്, ക്രൈസ്തവശക്തികള്‍​ക്കെതിരായി നിര്‍ണായകസഹായം ഗ്രനാഡയിലെ അവസാനത്തെ അമീറിനു ലഭിച്ചില്ല. 1340-ല്‍ ഗ്രനാഡയിലെ അബുല്‍ ഹസന്‍ ക്രൈസ്തവരാജാക്കന്‍മാരാല്‍ തോല്പിക്കപ്പെട്ടു. എന്നാല്‍ കുറേക്കാലത്തേക്കുകൂടി ഗ്രനാഡയ്ക്ക് അതിന്റെ പ്രതാപം പുലര്‍ത്തുവാന്‍ അവിടത്തെ സ്മാരകമന്ദിരങ്ങളും ഗ്രന്ഥശേഖരങ്ങളും പ്രസിദ്ധ പണ്ഡിതന്‍മാരുടെ സാന്നിധ്യവും സഹായകമായി. 15-ാം ശ.-ത്തില്‍ അരഗോണിലെ ഫെര്‍ഡിനന്‍ഡും കസ്റ്റീലിലെ ഇസബലയും ഗ്രനാഡയ്ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തി; 1492 ജനു. 3-നു ഗ്രനാഡയും കീഴടക്കപ്പെട്ടു. ആന്‍ഡലൂഷ്യയിലെ അവസാന നസ്രിദ്വംശരാജാവായ അബു അബ്ദുല്ല തന്റെ പൂര്‍വികന്‍മാര്‍ പണികഴിപ്പിച്ച അല്‍ഹംബ്രയില്‍നിന്ന് ഒഴിഞ്ഞുപോയി. അതോടെ ആന്‍ഡലൂഷ്യയിലെ (മുസ്ലിം സ്പെയിന്‍) മുസ്ലിംഭരണവും അവസാനിച്ചു. നോ: അല്‍ഹംബ്ര; സ്പെയിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍