This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷികാഗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷികാഗ

Ashikaga

1. 1338 മുതല്‍ 1573 വരെ കിയോട്ടോ ആസ്ഥാനമാക്കി ജപ്പാന്‍ ഭരിച്ച ഷോഗണ്‍വംശം. ചക്രവര്‍ത്തിയെ പേരിനുമാത്രം അധികാരിയാക്കി മാറ്റി യഥാര്‍ഥ ഭരണം നടത്തിയിരുന്ന ഉന്നത പട്ടാള ഉദ്യോഗസ്ഥനെയാണ് 'ഷോഗണ്‍' എന്നു വിളിച്ചിരുന്നത്.

ടക്കോജിയായിരുന്നു അഷികാഗ ഷോഗണ്‍വംശ സ്ഥാപനകന്‍. ജപ്പാന്‍ ഭരിച്ചിരുന്ന കാമകുറ ഷോഗണ്‍ വംശത്തെയും ഹോജൊകുടുംബത്തെയും ഉന്‍മൂലനം ചെയ്യാന്‍ ഗോദൈ-യാഗോ ചക്രവര്‍ത്തി (ഭ.കാ. 1318-39) ചില പദ്ധതികളാവിഷ്കരിച്ചു. അസംതൃപ്തരായ ചില പട്ടാള നേതാക്കാന്മാരെയും സാമന്തന്മാരെയും അദ്ദേഹം കൂട്ടുപിടിച്ചു. ആദ്യം വിജയിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തിനു ഒകിയിലേക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു. അവിടെനിന്നും സൈന്യശേഖരം നടത്തിയ ഗോ-ദൈ-യാഗോ കാമകുറയെ എതിരിട്ടു. കാമകുറഭാഗത്തെ സൈന്യനേതാവായിരുന്ന അഷികാഗ ടക്കോജി (1305-58) ഗോ-ദൈ-യാഗോയുടെ പക്ഷത്തേക്കു ചാഞ്ഞു. 1333-ല്‍ ഹോജൊ രാജവംശത്തിന്റെ ഭരണം അവസാനിച്ചു. തുടര്‍ന്നു ചക്രവര്‍ത്തിയായിത്തീര്‍ന്ന ഗോ-ദൈ-യാഗോയെ മിനാട്ടൊ-ഗാവയുദ്ധത്തില്‍ (1336) അഷികാഗ ടക്കോജി തോല്പിക്കുകയും കിയോട്ടോയില്‍ കോമിയോയെ ചക്രവര്‍ത്തിയായി വാഴിക്കുകയും ചെയ്തു.

അഷികാഗ ടക്കോജി 1338-ല്‍ ഷോഗണായിത്തീര്‍ന്നു. 1358-ല്‍ ഇദ്ദേഹം നിര്യാതനാകുന്നതുവരെയുള്ളകാലം ആഭ്യന്തര കുഴപ്പങ്ങള്‍ അവസാനിപ്പിക്കാനുള്ള യുദ്ധങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചു. ഹോജൊ വംശത്തെയും ഗോ-ദൈ-യാഗോ ചക്രവര്‍ത്തിയെയും ചതിച്ചതിനാല്‍, അഷികാഗ ഷോഗണേറ്റിന്റെ സ്ഥാപകനായ അഷികാഗ ടക്കോജിക്കു ജപ്പാന്‍ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ല. അഷികാഗയുമായുള്ള യുദ്ധത്തില്‍ പരാജിതനായ ഗോ-തൈ-യാഗോ ചക്രവര്‍ത്തി, നാറ സമതലത്തിന്റെ തെക്കുള്ള പര്‍വതങ്ങള്‍ നിറഞ്ഞ യോഷിനൊ പ്രദേശത്തേക്കു മാറിത്താമസിച്ചു. അദ്ദേഹത്തെയും ചക്രവര്‍ത്തിയായി ചിലര്‍ കരുതിയതിനാല്‍ 1392 വരെ രണ്ടു ചക്രവര്‍ത്തിമാര്‍ ജപ്പാനിലുണ്ടായി.

അഷികാഗ ഷോഗണേറ്റിന്റെ ആസ്ഥാനം കിയോട്ടോ ആയിരുന്നു; കാമകുറവംശത്തിന്റെ ഒരു ശാഖ കിഴക്കേ ജപ്പാനും ഭരിച്ചിരുന്നു. ഇങ്ങനെ വിഭക്തമായ ജപ്പാനെ ഏകീകരിക്കുവാന്‍ അഷികാഗ ഷോഗന്‍മാര്‍ക്കു കഴിഞ്ഞില്ല. 1368 മുതല്‍ 1394 വരെ ജപ്പാന്‍ ഭരിച്ച യോഷിമിറ്റ്സു ആയിരുന്നു അഷികാഗ ഷോഗണേറ്റിലെ ഏറ്റവും പ്രബലനായ ഭരണാധികാരി. രാഷ്ട്രീയമായ അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും ഈ കാലത്ത് ജപ്പാനില്‍ നടമാടിയിരുന്നെങ്കിലും, സാമൂഹിക ചരിത്രത്തില്‍ അഷികാഗഭരണത്തിനു വലിയ സ്ഥാനമുണ്ട്.

വണിക് വര്‍ഗം ജപ്പാനില്‍ വളര്‍ന്നുതുടങ്ങിയത് അഷികാഗമാരുടെ കാലംമുതല്‍ക്കാണ്. വമ്പിച്ച ഭൂസ്വാമികളായിരുന്നു അഷികാഗ ഷോഗണ്‍മാരെങ്കിലും വിദേശവ്യാപാരത്തിലായിരുന്നു അവര്‍ക്ക് ആഭിമുഖ്യം. കപ്പം വാങ്ങാന്‍ ചൈനയില്‍പോയ ജപ്പാന്‍കാര്‍ വിലപിടിച്ച വസ്തുക്കളുമായി നാട്ടില്‍ തിരിച്ചെത്തി. കപ്പല്‍ നിര്‍മാണം ഇക്കാലത്തു ജപ്പാനില്‍ വികസിച്ചു; കപ്പലുകള്‍ വാടകയ്ക്കു കൊടുത്ത് വമ്പിച്ച ധനവും അവര്‍ സമ്പാദിച്ചു. കിയോട്ടോയിലെ സെന്‍ ബുദ്ധ വിഹാരങ്ങള്‍ അഷികാഗ ഷോഗണ്‍മാരുടെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്നു. കലയെയും കലാകാരന്മാരെയും അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്ന ഷോഗണായിരുന്നു യോഷിമിറ്റ്സു. ലോകസാഹിത്യത്തിനു ജപ്പാന്റെ മികച്ച സംഭാവനയായ 'നോ നാടകം' (No Drama) വികസിച്ചതും ഇക്കാലത്താണ്. മുറോമാച്ചിയില്‍ ഉടലെടുത്ത നിരവധി ശില്പവേലകള്‍ ഇന്നും നിലവിലുണ്ട്. 1397-ല്‍ യോഷിമിറ്റ്സു സ്ഥാപിച്ച സുവര്‍ണഗോപുരം (കിന്‍കാകുജി) അദ്ദേഹത്തിന്റെ പിന്‍ഗാമിയായ യോഷിമാസ സ്ഥാപിച്ച രജതഗോപുരം (ജിന്‍കാകുജി) എന്നിവ ലോകപ്രശസ്തങ്ങളാണ്. 1467-ലെ യുദ്ധംമൂലം അഷികാഗ ഷോഗണ്‍മാരുടെ നിരവധി സംഭാവനകള്‍ നാശോന്മുഖമായി; അനവധി പ്രഭുകുടുംബങ്ങളും സാമന്തന്‍മാരും നശിച്ചു; പകരം ഗ്രാമപ്രദേശങ്ങളിലെ ജനത ശക്തരാകാനും തുടങ്ങി.

1428-ല്‍ ഗ്രാമത്തിലെ നികുതി ഇളവു ചെയ്യണമെന്നു വാദിച്ച് ചില നേതാക്കന്മാര്‍ നിവേദനം സമര്‍പ്പിച്ചു. ഈ നിവേദനം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്നു നാട്ടിലുടനീളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ബുദ്ധമതവിശ്വാസങ്ങളില്‍ പല പരിവര്‍ത്തനങ്ങളും ഇക്കാലത്തുണ്ടായി.

ഈ പരിതഃസ്ഥിതികളെ തികച്ചും ചൂഷണം ചെയ്തു മുന്നോട്ടുവന്ന ഒഡനൊബുനഗ (1534-82) ഓവാരിയിലെ 4 ജില്ലകളില്‍ അധികാരം ഉറപ്പിച്ചു. 1560-ല്‍ ടോട്ടോമിപ്രഭുവായ ഇമഗാവയെ തോല്പിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്കുയര്‍ന്നു. പുതിയതരം യുദ്ധായുധങ്ങളുമായി ഒഡനൊബുനഗ കിയോട്ടോയില്‍ പ്രവേശിച്ച് അവസാനത്തെ അഷികാഗ ഷോഗണായ യോഷ്യാകിയെ ചക്രവര്‍ത്തിയായി വാഴിച്ചു. യോഷ്യാകി 1573-ല്‍ മറ്റൊരു സൈന്യശക്തിയെ കൂട്ടുപിടിച്ച് നൊബുനഗയെ പുറംതള്ളാന്‍ പദ്ധതി തയ്യാറാക്കി. ഇതറിഞ്ഞ ഒഡ നൊബുനഗ യോഷ്യാകിയെ സമാധാനപരമായി സിംഹാസനത്തില്‍നിന്നും 1573-ല്‍ ഒഴിവാക്കി. അതോടെ അഷികാഗ ഷോഗണ്‍ഭരണം ജപ്പാനില്‍ അസ്തമിച്ചു.

അഷികാഗ ഷോഗണ്‍ ഭരണകാലത്താണ് ജപ്പാനില്‍ ആദ്യമായി യൂറോപ്യന്മാര്‍ പ്രവേശിക്കുന്നത്. 1543-ല്‍ ഉത്തര ചൈനിയിലേക്കു തിരിച്ച ഒരു പോര്‍ച്ചുഗീസ് കപ്പല്‍ കൊടുങ്കാറ്റുമൂലം ക്യുഷുവിന്റെ തെക്കേ അറ്റത്തെ ഒരു ചെറു ദ്വീപായ ടെനിഗഷിമയില്‍ വന്നടുത്തു. ഈ കപ്പല്‍ യാത്രക്കാരെ ജപ്പാന്‍കാര്‍ ഹാര്‍ദമായി സ്വീകരിച്ചു. 1549-ല്‍ ഫ്രാന്‍സിസ് സേവിയര്‍ ഇവിടെ എത്തി ക്രിസ്തുമത പ്രചാരണം നടത്തി.

2. ടോക്കിയോയ്ക്ക് 80 കി.മീ. വ. ഹോണ്‍ഷുവില്‍ അഷികാഗ എന്ന പേരില്‍ ഒരു നഗരം ഉണ്ട്; ജപ്പാനിലെ ഒരു നെയ്ത്തു വ്യവസായ കേന്ദ്രമാണിത്. നോ: ജപ്പാന്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍