This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സിയസ് III (ഭ.കാ. 1195 - 1203)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സിയസ് III (ഭ.കാ. 1195 - 1203)

ബൈസാന്തിയന്‍ ചക്രവര്‍ത്തി. അലക്സിയസ് ആഞ്ജലസ്, അലക്സിയസ് Iന്റെ പൗത്രനായ അന്‍ഡ്രോണിക്കസ് ആഞ്ജലസിന്റെ രണ്ടാമത്തെ പുത്രനായിരുന്നു. 1195-ല്‍ സൈന്യസഹായത്തോടെ ചക്രവര്‍ത്തിയായി. സഹോദരനായ ഐസക്ക് IIനെ അന്ധനാക്കിയശേഷം തടവില്‍ പാര്‍പ്പിച്ചു. ബാള്‍ക്കന്‍ പ്രദേശങ്ങളില്‍ ബൈസാന്തിയന്‍ സാമ്രാജ്യത്തിനുണ്ടായിരുന്ന സ്വാധീനശക്തി അദ്ദേഹത്തിന്റെ കാലത്തു ക്ഷയിച്ചു. 1195-ലും 1196-ലും ബള്‍ഗേറിയയ്ക്കെതിരായി അലക്സിയസ് III യുദ്ധം നടത്തിയെങ്കിലും അതു വിജയിച്ചില്ല. കുരിശുയുദ്ധത്തിലെ കക്ഷികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ച് 1203-ല്‍ കീഴടക്കി, ഐസക്ക് II-നെ വീണ്ടും ചക്രവര്‍ത്തിയാക്കി വാഴിച്ചു. ഇതിനെത്തുടര്‍ന്ന് അലക്സിയസ് III ത്രെയിസിലേക്കോടിപ്പോയി. അവിടെയുള്ള മോസിനേപെലിസില്‍വച്ച് സിംഹാസനം വീണ്ടെടുക്കാന്‍ അന്ത്യശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നീടിദ്ദേഹം എപ്പിറസിലെ ഏകാധിപതിയായ മൈക്കയില്‍ ആഞ്ജലസിന്റെ സംരക്ഷണയിലായി; തുടര്‍ന്ന് ഏഷ്യാമൈനറിലെത്തി ഇക്കോണിയം (കോനിയ) സുല്‍ത്താന്റെ സഹായം സ്വീകരിച്ചു. അവിടെനിന്നും തന്റെ ജാമാതാവായ തിയോഡര്‍ ലാസ്കാറസിനെതിരായി യുദ്ധം നടത്തി. 1210-ല്‍ തിയോഡര്‍ അലക്സിയസ് IIIനെ തടവുകാരനാക്കി; നിക്കെയിലെ സന്ന്യാസാശ്രമത്തിലേക്കയച്ചു. അവിടെവച്ച് 1210-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍