This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്യാപദേശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്യാപദേശം

Allegory

ഒരു അര്‍ഥാലങ്കാരം. അപ്രസ്തുതപ്രശംസയുടെ വകഭേദമാണ് ഇത്. ഉപമേയം പറയാത്തതാണ് അന്യാപദേശം (ഉപമേയസ്യാനുക്താവന്യാപദേശഃ). സ്വന്തരൂപത്തെ ആച്ഛാദനം ചെയ്യുക, പ്രച്ഛന്നവേഷം ധരിക്കുക, യാഥാര്‍ഥ്യം മറച്ചുവച്ച് വേറൊന്ന് പ്രകടിപ്പിക്കുക, ഇല്ലാത്തത് നടിക്കുക എന്നെല്ലാമാണ് 'അപദേശ' ശബ്ദത്തിന്റെ അര്‍ഥം. ഒരു സാഹിത്യ പ്രസ്ഥാനമെന്ന നിലയില്‍, പ്രകൃതാര്‍ഥസൂചനയ്ക്കുവേണ്ടി അപ്രകൃതമായ മറ്റൊന്നു പറഞ്ഞാല്‍ അത് അന്യാപദേശമായിത്തീരുന്നു. ഒന്ന് പറയുകയും അതില്‍നിന്ന് വേറൊന്ന് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇതിന്റെ മുഖ്യസവിശേഷത. സാഹിത്യത്തിലെന്നപോലെ ചിത്രരചന മുതലായ കലകളിലും ഇത് പ്രാചീനകാലം മുതല്‍ സാരമായ സ്വാധീനം ചെലുത്തിവരുന്നു.

പാശ്ചാത്യ സാഹിത്യത്തില്‍. ഒരു സാഹിത്യരചനയിലോ കലാസൃഷ്ടിയിലോ അക്ഷരാര്‍ഥത്തില്‍ പ്രത്യക്ഷത്തില്‍ ലഭിക്കുന്ന വിവക്ഷയ്ക്കു സമാന്തരമായി കൂടുതല്‍ ഒരു പൊരുള്‍ കൂടി ബോധപൂര്‍വം ഉള്‍ക്കൊള്ളിക്കുന്ന രീതിക്ക് പാശ്ചാത്യലോകത്തില്‍ വളരെ പഴക്കമുണ്ട്. ഈസോപ്പിന്റെ കഥകള്‍ തുടങ്ങി ജന്തുകഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞ പ്രാചീനാഖ്യാനങ്ങളാണ് യൂറോപ്യന്‍ കഥാസാഹിത്യത്തിലെ ആദ്യത്തെ അന്യാപദേശങ്ങള്‍. എന്നാല്‍ ഇതിനു മുമ്പ് ബൈബിളില്‍ പഴയതും പുതിയതുമായ നിയമങ്ങളില്‍ പ്രതീകഭംഗിയോടുകൂടിയുള്ള പല പരാമര്‍ശങ്ങളും ഉപാഖ്യാനങ്ങളും കാണാനുണ്ട്. 80-ാം സങ്കീര്‍ത്തനത്തില്‍ വര്‍ണിച്ചിരിക്കുന്ന മുന്തിരിവള്ളിയുടെ കഥ ഇസ്രയേലിന്റെ തദാനീന്തന സ്ഥിതിയെ പരഭാഗഭംഗിയോടുകൂടി അനുവാചക ഹൃദയങ്ങളില്‍ ശക്തിയായി മുദ്രണം ചെയ്യുന്നു. കുഞ്ഞാടുകളേയും മറ്റും പറ്റിയുള്ള സൂചനകളോടുകൂടി യേശു നടത്തുന്ന ഉദ്ബോധനങ്ങളിലെ പല ഉപകഥകളും, അപ്പോസ്തലനായ പൌലോസ് റോമര്‍ക്കും കൊരിന്ത്യര്‍ക്കും എഫേസ്യര്‍ക്കും ഫിലിപ്പിയര്‍ക്കും കൊലോസ്സ്യര്‍ക്കും തെസ്സലോനീക്യര്‍ക്കും തിമോഥെയോസിനും തീത്തോസിനും ഫിലേമോന്നും എഴുതിയ ലേഖനങ്ങളിലെ നിരവധി പരാമര്‍ശങ്ങളും പ്രതീകഭംഗി മുറ്റിനില്ക്കുന്ന ഉത്തമ സാഹിത്യസൃഷ്ടികളാണ്. അധ്യാത്മികമായ അര്‍ഥാവിഷ്കരണങ്ങള്‍ക്ക് അതിസമര്‍ഥമായ അന്യാപദേശങ്ങളാണ് ബൈബിളില്‍ ഉടനീളം ഉള്ളതെന്ന് തോമസ് അക്വിനാസ് (1225-74) എന്ന ദൈവശാസ്ത്രപണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജറുസലം അങ്ങനെയാണ് ചരിത്രപരമായി ഒരു വിശുദ്ധനഗരത്തേയും, പ്രതീകാത്മകമായി ക്രൈസ്തവ സഭയേയും, ധാര്‍മികാര്‍ഥത്തില്‍ ആത്മാവിനെയും, ഇവയെല്ലാം കൂടി ചേര്‍ന്ന് വിജയലാളിതമായ ക്രൈസ്തവ വിശ്വാസത്തെയും പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു അന്യാപദേശമല്ലെങ്കിലും ദാന്തേ അലിഗരി(1265-1321)യുടെ ദിവ്യനാടകം (Divine Comedy) ഈ വ്യാഖ്യാനവിവൃതിയെ സമ്പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ട്.

പ്രാചീന ഗ്രീസില്‍ ഹോമറിന്റെയും ഹെസിയോദിന്റെയും ഇതിഹാസ കാവ്യങ്ങളിലെ പല ഭാഗങ്ങള്‍ക്കും അന്യാപദേശപ്രധാനമായ അര്‍ഥചമല്കാരങ്ങള്‍ നല്കി വ്യാഖ്യാനിക്കാന്‍ പല പണ്ഡിതന്‍മാരും അക്കാലം മുതല്‍ ശ്രമിച്ചുവരുന്നുണ്ട്. പ്ളേറ്റോ, സെനേക്കോ തുടങ്ങിയ ദാര്‍ശനികന്‍മാര്‍ ഈ ശ്രമങ്ങളെ അന്നുതന്നെ നിരാകരിക്കുകയാണ് ചെയ്തത് (എന്നാല്‍ പ്ളേറ്റോ തന്നെ തന്റെ റിപ്പബ്ളിക്കില്‍ ഒരു ഗുഹയെപ്പറ്റി നടത്തുന്ന പരാമര്‍ശം ഒരു അന്യാപദേശമാണ്). ഓവിഡ് (ബി.സി. 43 - എ.ഡി. 17), വെര്‍ജില്‍ (ബി.സി. 70-19), പ്ളൂട്ടാര്‍ക് (എ.ഡി. 48-120) തുടങ്ങിയ പ്രാചീന ലത്തീന്‍ കവികളും സാഹിത്യകാരന്‍മാരും പല 'ബിംബങ്ങളും സ്വീകരിച്ച് അര്‍ഥചമല്കാരം വരുത്തിയിട്ടുള്ളവരാണ്.'

ഇംഗ്ളീഷ് സാഹിത്യം സ്വതന്ത്രവ്യക്തിത്വത്തോടുകൂടി ഉരുത്തിരിയാന്‍ തുടങ്ങിയകാലം മുതല്‍ നിഗീര്യാധ്യവസായ പ്രസ്ഥാനത്തിന് നല്ല സ്വാധീനത സാഹിത്യസൃഷ്ടികളില്‍ ചെലുത്താന്‍ കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ആദ്യം എടുത്തു പറയേണ്ട കൃതി എഡ്മണ്‍ഡ് സ്പെന്‍സറുടെ (1552-99) ഫേയ്റീ ക്വീന്‍ (Faerie Queene) ആണ്. പ്രഭുക്കന്‍മാരാലും സാമന്തന്‍മാരാലും പരിസേവിതയായി ഇതില്‍ വര്‍ണിക്കപ്പെടുന്ന ഗ്ളോറിയാന എന്ന വനമോഹിനി ഒന്നാം എലിസബത്ത് രാജ്ഞിയല്ലാതെ മറ്റാരുമല്ല. സ്പെന്‍സറുടെ സമകാലികനായ ഫ്രാന്‍സിസ്ബേക്കന്റെ (1561-1626) വിജ്ഞാന വികസന (Advancement of Learning)ത്തിലും ധാരാളം പ്രതീകങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതായി കാണാം. ക്രൈസ്തവ ധര്‍മശാസ്ത്രങ്ങളുടെ ഏറ്റവും ഉദാത്തമായ അക്കാലത്തെ ആവിഷ്കരണം ജോണ്‍ ബന്യന്റെ (1628-88) തീര്‍ഥാടക പുരോഗതി (Pilgrim's Progress) എന്ന അന്യാപദേശത്തിലാണ്.

തൊട്ടടുത്ത തലമുറയില്‍ ജോണ്‍ ഡ്രൈഡന്റെ (1631-1700) അബ്ശാലോമും അഹിതോപ്പലും എന്ന കാവ്യം ഈ പ്രസ്ഥാനത്തില്‍ മുഴച്ചുനില്ക്കുന്നു. ഒരു ബൈബിള്‍ കഥയെ പശ്ചാത്തലമായി സ്വീകരിച്ചുകൊണ്ട് ഡ്രൈഡന്‍ അക്കാലത്തെ രാഷ്ട്രീയോപജാപങ്ങളെ നിശിതമായി അപഹസിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. മതത്തെയും മാനുഷിക ദൌര്‍ബല്യങ്ങളെയും പരിഹാസരസത്തോടുകൂടി വിവരിക്കുന്ന അദ്ദേഹത്തിന്റെ മറ്റു രണ്ട് അന്യാപദേശകൃതികളാണ് മക്ഫ്ളെക്നോ (Mac Flecknoe), മാന്‍പേടയും പുള്ളിപ്പുലിയും (The Hint and the Panther) എന്നിവ.

ഇംഗ്ളീഷ് സാഹിത്യത്തിലെ ഒന്നാമത്തെ രാഷ്ട്രീയാപഹാസകൃതിയായി നിലനില്ക്കുന്ന ഡീന്‍ (ജൊനാഥന്‍) സ്വിഫ്റ്റി (1666-1745)ന്റെ ഗള്ളിവറുടെ സഞ്ചാരകഥകള്‍ക്കുള്ള സ്ഥാനം കാലത്തിന് ഇന്നുവരെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അത്യുത്തമമായ ഒരു ബാലസാഹിത്യകൃതിയെന്നതുപോലെ തന്നെ സമകാലികരാഷ്ട്രീയസംഭവങ്ങളെ സകല ആവരണങ്ങളും മാറ്റി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഒരു അന്യാപദേശാഖ്യാനം എന്ന നിലയിലും അതിന്റെ ശാശ്വത മൂല്യം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപോലെ തന്നെ, അദ്ദേഹത്തിന്റെ വെള്ളത്തൊട്ടിയുടെ കഥ(The Tale of a Tub)യും പ്രതീകഭംഗികലര്‍ന്ന ഒരു ആക്ഷേപഹാസ്യകൃതിയാണ്; ഇതില്‍ ഇരയായിരിക്കുന്നതു മതകലഹങ്ങളാണെന്ന വ്യത്യാസമേ ഉള്ളു.

ഷെല്ലിയുടെ ബന്ധനമുക്തനായ പ്രൊമിഥിയൂസ് (Prometheus), ലൂയി കരോളി(1832-98)ന്റെ അദ്ഭുതലോകത്തിലെ ആലീസ് (Alice in Wonderland) തുടങ്ങിയവയും പ്രത്യക്ഷാര്‍ഥത്തിനു പുറമേ പല ആന്തരികവിവക്ഷകളും ഉള്‍ക്കൊള്ളുന്ന ഉത്തമകൃതികളെന്ന സ്ഥാനത്തിന് അര്‍ഹങ്ങളാണ്.

ആധുനികപാശ്ചാത്യസാഹിത്യങ്ങളില്‍ അന്യാപദേശത്തിന്റെ അതിപ്രസരം ക്രമേണ മങ്ങിവരുന്നതായാണ് കാണുന്നത്. എന്നാല്‍ ഫ്രാന്‍സ് കാഫ്ക(1886-1924)യുടെ ചെറുകഥകളിലും നോവലുകളിലും പ്രതീകാത്മകമായ പ്രതിപാദനങ്ങള്‍ സുലഭമാണ്. സി.എസ്. ല്യൂവിസ് രചിച്ച തീര്‍ഥാടകന്റെ പശ്ചാദ്ഗമനം (Pilgrim's Regress) ബന്യന്റെ അന്യാപദേശത്തിന്റെ ഒരു ബദല്‍ രചനയാണെന്ന് പേരുകൊണ്ടു തന്നെ വ്യക്തമാകുന്നു. ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയാപഹാസകൃതി എന്ന പദവിക്ക് അര്‍ഹമായിരിക്കുന്നത് ജോര്‍ജ് ഓര്‍വലിന്റെ (1903-50) ആനിമല്‍ ഫാം (Animal Farm) എന്ന അന്യാപദേശാഖ്യാനമാണ്.

ഭാരതീയസാഹിത്യങ്ങളില്‍. പാശ്ചാത്യലോകത്തിലെന്നതുപോലെ അന്യോക്തിപ്രധാനമായ സാഹിത്യസൃഷ്ടി പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നുവോ എന്ന കാര്യം സംശയാസ്പദമാണ്. ഒന്നാം ശ.-ത്തിനടുത്ത് ജീവിച്ചിരുന്നതായി സാഹിത്യചരിത്രകാരന്‍മാര്‍ കരുതുന്ന അശ്വഘോഷന്‍ ഈ സങ്കേതവുമായി പരിചിതനായിരുന്നുവെന്ന് വിചാരിക്കാന്‍ ചില ന്യായങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ടെങ്കിലും ഇദ്ദേഹം ഇത് ബോധപൂര്‍വം ഉപയോഗിച്ചുവെന്നതിന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. ഇദ്ദേഹത്തിന്റെ ബുദ്ധചരിതത്തിലും, സൌന്ദരനന്ദത്തിലും ശാരീപുത്ര പ്രകരണത്തിലും അങ്ങിങ്ങായി ചില പ്രതീകഭംഗികള്‍ ഒളിവീശുന്നുണ്ടെന്നേ പറഞ്ഞുകൂടു. എ.ഡി. 6-ാം ശ.-ത്തിനു മുമ്പുണ്ടായ പഞ്ചതന്ത്രം, ഈസോപ്പിന്റെ കഥകളില്‍ എന്നപോലെ പക്ഷിമൃഗാദികളെ കഥാപാത്രങ്ങളാക്കുന്നുണ്ടെങ്കിലും ശരിക്ക് ഒരു അന്യാപദേശമെന്ന പദവിക്ക് അര്‍ഹമല്ല. 'മിത്രഭേദം', 'മിത്രപ്രാപ്തി', 'സന്ധിവിഗ്രഹം', 'ലബ്ധനാശം', 'അപരീക്ഷിതകാരിത്വം' എന്നീ പേരുകളോടുകൂടിയ അഞ്ചു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്ന ഈ കഥാസമാഹാരം ചില ലോകതത്ത്വങ്ങളെ ഉദാഹരിക്കാനായി ഏതാനും ജന്തുകഥകളെ സരസമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

എ.ഡി. 11-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന കൃഷ്ണമിശ്രന്‍ എന്ന കവിയുടെ പ്രബോധചന്ദ്രോദയം നാടകമാണ് അന്യാപദേശരീതിയില്‍ സംസ്കൃതത്തില്‍ ഉണ്ടായിട്ടുള്ള ആദ്യത്തെ സാഹിത്യസൃഷ്ടി. ആറങ്കങ്ങളുള്ള ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ മനസ്സ്; പ്രവൃത്തി, നിവൃത്തി, മോഹം, വിവേകം, കാമം, രതി, ക്രോധം, ഹിംസ, അഹങ്കാരം, ദംഭം, ലോഭം, തൃഷ്ണ, മിഥ്യാദൃഷ്ടി, മതി, ധര്‍മം, കരുണ, മൈത്രി, ശാന്തി, ശ്രദ്ധ, ക്ഷമ, സന്തോഷം, വസ്തു, വിചാരം, ഭക്തി തുടങ്ങിയ അമൂര്‍ത്ത സത്തകളാണ്. ശരിക്കു പറഞ്ഞാല്‍ ഇത് അന്യാപദേശത്തിന്റെ നിര്‍വചനത്തില്‍പെടുകയില്ല. മനുഷ്യമനോവൃത്തികള്‍ക്ക് പ്രതീകാത്മകമായ പുരുഷാകാരം നല്കി, യഥാര്‍ഥജ്ഞാനം ഉദിക്കേണ്ട വഴികളെ തത്ത്വചിന്താപ്രധാനമായി ആവിഷ്കരിക്കാനുള്ള ഒരുശ്രമമാണ് ഇവിടെ നടന്നിട്ടുള്ളത് (കുമാരനാശാന്‍ ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്).

പരമാനന്ദ ദാസസേന കവികര്‍ണപൂരന്‍ രചിച്ച (16-ാം ശ.) ചൈതന്യചന്ദ്രോദയം, യശോപാലന്‍ എന്ന കവി(13-ാം ശ.)യുടെ മോഹപരാജയം എന്നിങ്ങനെ അന്യാപദേശപരമായ മറ്റു ചില സംസ്കൃത നാടകങ്ങളെപ്പറ്റിയും സാഹിത്യചരിത്രകാരന്‍മാര്‍ പ്രസ്താവിക്കുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും സഹൃദയരുടെ ഇടയില്‍ പ്രചാരമോ അവരുടെ അംഗീകാരമോ നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രസ്ഥാനത്തിലുള്‍പ്പെടുത്താവുന്ന സങ്കല്പ സൂര്യോദയം, യതിരാജവിജയം അല്ലെങ്കില്‍ വേദാന്തവിലാസം എന്നീ നാടകങ്ങള്‍ യഥാക്രമം ദാക്ഷിണാത്യന്‍മാരായ വെങ്കടനാഥവേദാന്തദേശിക കവി താര്‍ക്കിക സിംഹനും വരദാചാര്യനും എഴുതിയവയാണ്. ഇവ രാമാനുജ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് എഴുതിയവയാണെന്നാണ് കാണുന്നത്.

സംസ്കൃതത്തില്‍ അന്യാപദേശ കാവ്യങ്ങളും അത്ര വിരളമല്ല. അന്യാപദേശശതകം എന്ന പേരില്‍ നീലകണ്ഠദീക്ഷിതരും (17-ാം ശ.) 18-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന മിഥിലയിലെ മധുസൂദനനും അല്‍മോറയിലെ ആലങ്കാരികനായ വിശ്വേശ്വരനും കാവ്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രചാരമുള്ളത് ദീക്ഷിതരുടെ കൃതിയാണ്. രുദ്രനാരായണവാചസ്പതിയുടെ ഭാവവിലാസം, ദക്ഷിണാമൂര്‍ത്തിയുടെ ലോകോക്തിമുക്താവലി, നാഗരാജന്റെ ഭാവശതകം, കുസുമദേവന്റെ ദൃഷ്ടാന്തകലികാശതകം, ഗുവാനിയുടെ ഉപദേശശതകം തുടങ്ങിയ കൃതികളേയും ഈ പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുത്താം. ഇവയുടെ കര്‍ത്താക്കന്‍മാരുടെ ജീവിതത്തെയോ മറ്റു കൃതികളേയോപറ്റി വിശ്വാസയോഗ്യമായ വിവരങ്ങളൊന്നും ഇല്ലെന്നുള്ളതും ഈ കൃതികളുടെ രചനാഭംഗി പരിമിതമാണെന്നുള്ളതും എടുത്തുപറയേണ്ട വസ്തുതകളാണ്.

കേരളത്തില്‍. നീലകണ്ഠദീക്ഷിതര്‍ എഴുതിയ അന്യാപദേശശതകത്തിന്റെ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളുമായി പല കൃതികളും ഈ പ്രസ്ഥാനത്തില്‍ കേരളീയര്‍ രചിച്ചിട്ടുണ്ട്. അതിന് പുറമേ, കേരളീയകവികളുടെ വകയായി സംസ്കൃതത്തിലും മലയാളത്തിലും പല മൌലികകൃതികളും ഉണ്ടായിട്ടുണ്ട്; ഇവയുടെ പേരുകളും അന്യാപദേശശതകം, അന്യാപദേശമാല എന്നു തുടങ്ങിയവതന്നെ. ദീക്ഷിതരുടെ അന്യാപദേശശതകത്തിന് കേരളത്തില്‍ ആദ്യമായുണ്ടായ സമഗ്രവും വിമര്‍ശനപരവും ആയ വ്യാഖ്യാനം സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെതാണ് (1813-47). ഓരോ പദ്യത്തിനും പ്രത്യേകം അവതാരികകള്‍ എഴുതിയിട്ടുള്ള സര്‍വംകഷമായ ഒരു സംസ്കൃത വ്യാഖ്യാനമാണിത്. ശ്രീമൂലം തിരുനാള്‍ രാമവര്‍മയുടെ പിതാവായ ചങ്ങനാശേരി ലക്ഷ്മീപുരത്ത് രാജരാജവര്‍മ കോയിത്തമ്പുരാനും (1825-59) ഇതിലെ നാല്പതോളം ശ്ളോകങ്ങള്‍ക്ക് സംസ്കൃതത്തില്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

അന്യാപദേശശതകത്തിന് മലയാളത്തിലുള്ള ഏറ്റവും പ്രസിദ്ധമായ തര്‍ജുമ കേരളവര്‍മ വലിയ കോയിത്തമ്പുരാന്റേ(1845-1914)താണ് (നോ: അന്യാപദേശശതകം). ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികള്‍ (1824-87) എന്ന പണ്ഡിതന്‍ അന്യാപദേശദ്വാസപ്തതി എന്ന പേരിലും കടത്തനാട്ടു രവിവര്‍മത്തമ്പുരാന്‍ (1872-1914) അന്യാപദേശം എന്ന പേരിലും ഈ പ്രസ്ഥാനത്തില്‍ ഓരോ മൌലിക സംസ്കൃത കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ (1858-1926) എഴുതിയ അന്യാപദേശവും മാവേലിക്കര ഉദയവര്‍മതമ്പുരാന്റെ (1844-1921) അന്യാപദേശശതകവും ഗ്രാമത്തില്‍ രാമവര്‍മ കോയിത്തമ്പുരാന്റെ (1853-1916) അന്യാപദേശമാലയും മലയാളത്തിന് ഈ ശാഖയില്‍ ലഭിച്ചിട്ടുള്ള സ്വതന്ത്രകാവ്യങ്ങളാണ്. തനിക്കു കുറച്ചു തുക കടം തന്നിരുന്ന ധനികനായ ഒരു ഉത്തമര്‍ണന്‍ അത് തിരിച്ചു ചോദിച്ചപ്പോള്‍ ഗ്രാമത്തില്‍ രാമവര്‍മ കോയിത്തമ്പുരാന്‍ മറുപടിയായി നല്കിയ താഴെപറയുന്ന ശ്ളോകം ഇദ്ദേഹത്തിന്റെ അന്യാപദേശമാലയില്‍ ഉള്ളതാണ്.

'വല്ലപ്പോഴുമൊരിക്കലിത്തിരി ഭവല്‍

പാകത്തെ നോക്കീടുവോര്‍-

ക്കെല്ലാര്‍ക്കും ബഹുധോപകാരകരമാ-

യീടും ഫലം നല്കിലും

തെങ്ങേ, നിന്നുടെ തുങ്ഗതയ്ക്കനുസരി-

ച്ചുള്‍ക്കാതലുണ്ടായിരു-

ന്നെന്നാലിത്ഥമുലച്ചിലിച്ചെറുസമീ-

രന്‍ കൊണ്ടു വന്നീടുമോ?'

ദീക്ഷിതരുടെ അന്യാപദേശശതകത്തിന്റെ രീതി ഗ്രഹിക്കുവാന്‍ അതിന് കേരളവര്‍മ നല്കിയിരിക്കുന്ന ഒരു വിവര്‍ത്തനം നല്ലൊരു മാതൃകയാണ്.

'പല്ലണച്ചു ചെറുവിട്ചരങ്ങളെ

യുപദ്രവിച്ച് വിളയാടുവാന്‍

വല്ലഭത്വമെഴുമെത്ര പട്ടികളിരിക്കി-

ലെന്തവ മരിക്കിലും?

നല്ലവന്‍മലയിലേറി വാണിടണ-

മിച്ഛപോലെ വിഹരിക്കണം,

കൊല്ലണം മദഗജങ്ങളെശ്രുതി

മൃഗേന്ദ്രനെന്നിഹ പരത്തണം'

20-ാം ശ.-ത്തിന്റെ രണ്ടാം ദശകം കഴിഞ്ഞതിനുശേഷം ഈ പ്രസ്ഥാനത്തില്‍ മലയാളകവികളാരും കാര്യമായ താത്പര്യം പ്രദര്‍ശിപ്പിച്ചതായി കാണുന്നില്ല.

അന്യാപദേശവും പ്രതീകാത്മകകവിതയും. അന്യാപദേശം (Allegory) എന്നും പ്രതികാത്മകവാദം (Symbolism) എന്നും പറയുന്നതിന്റെ വിഭജനരേഖ ഏതാണ്ട് സുനിര്‍വചിതമാണ്. അന്യാപദേശങ്ങള്‍ അപ്രകൃതമായ ഒന്നിനെ കൈക്കൊണ്ടുകൊണ്ട് പ്രകൃതമായ ഒന്നിനെ ഭംഗ്യന്തരേണ സമര്‍ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ സാഹിത്യത്തിലെ - മറ്റു കലകളിലേയും - പ്രതീകാത്മക പ്രസ്ഥാനം കലാകാരനിലുള്ള അതീന്ദ്രിയ യാഥാര്‍ഥ്യത്തെ ഉദാത്തമായ ഭാവചിന്തകളിലൂടെ, രഹസ്യവാദപ്രസ്ഥാനത്തിന് സാഹോദര്യം വഹിക്കുന്ന ആവിഷ്കരണരീതിയില്‍, പ്രകാശിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 19-ാം ശ.-ത്തിന്റെ അവസാനത്തില്‍ ഫ്രാന്‍സില്‍ രൂപംകൊണ്ട സിംബോളിക് പ്രസ്ഥാനത്തിലെ കലാകാരന്‍മാര്‍ എല്ലാവരും തന്നെ 'കല കലയ്ക്കുവേണ്ടി' എന്ന വാദത്തില്‍ മുറുകെപ്പിടിച്ചവരായിരുന്നു. കവിയുടെ 'ആന്തരികസ്വപ്നം' (inner dream) അഭിവ്യഞ്ജിപ്പിക്കുന്ന അതിസൂക്ഷ്മമായ പ്രതീകങ്ങളാണ് ഇവരുടെ ആശയപ്രകാശനത്തിന് തുണ നിന്നിട്ടുള്ളത്. ആധ്യാത്മികവും മതപരവും ഐസ്വരവുമായ ഊന്നല്‍ തങ്ങളുടെ സൃഷ്ടികള്‍ക്ക് നല്കാന്‍ ഇവര്‍ ശ്രമിച്ചു. കവികളുടെ ഉള്ളിലും കവികളിലൂടെ മാത്രവും നിലനില്ക്കുന്ന പ്രപഞ്ചത്തെപ്പറ്റിയുള്ള അതിഭൌതിക സങ്കല്പത്തിന്റെ കാഹളവാദികളായ ഇവര്‍ ആദര്‍ശവാദികളായ സൌന്ദര്യാരാധകരും അതീന്ദ്രിയ സാക്ഷാത്കാരങ്ങളില്‍ മാത്രം സത്യം ദര്‍ശിക്കുന്നവരുമായിരുന്നു. 'ഭാവനാദീപ്തമായ ആന്തരികാനുഭവത്തിന്റെ പ്രകാശത്തെ, അത് വ്യഞ്ജിപ്പിക്കാന്‍ നിപുണമായ പ്രതീകകേന്ദ്രത്തില്‍ പ്രതിഫലിപ്പിച്ച് ഹൃദയംഗമമാക്കുന്ന' പ്രകാശനസരണിക്കാണ് സിംബലിസം, പ്രതീകാത്മകരീതി, ഛായാവാദം, പ്രതിരൂപാത്മകപ്രസ്ഥാനം എന്നൊക്കെ പേരുവീണിട്ടുള്ളതെന്ന് ജി.ശങ്കരക്കുറുപ്പ് പറയുന്നു നോ: സിംബലിസം

എന്നാല്‍, കഥാവസ്തുവോ സന്ദര്‍ഭമോ അറിയാവുന്ന ഒരാള്‍ക്ക് അന്യാപദേശപരാമര്‍ശങ്ങള്‍ അനായാസമായി ഗ്രഹിക്കാന്‍ കഴിയുന്നു. മേലുദ്ധരിച്ച ഗ്രാമത്തില്‍കോയിത്തമ്പുരാന്റെ പദ്യത്തിലെ തെങ്ങ് ഇദ്ദേഹത്തിന്റെ ഉത്തമര്‍ണന് പകരം നില്ക്കുന്നു. വളരെ ഔന്നത്യത്തില്‍ നില്ക്കുന്ന ജനോപകാരപ്രദമായ ഈ വൃക്ഷം ഒരു ചെറുകാറ്റടിക്കുമ്പോള്‍-തുച്ഛമായ ഒരു തുകയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ - ഉലയുന്നതിന്റെ പരിഹാസരസികതനിറഞ്ഞ സ്ഥിതിയെക്കുറിച്ച് ഈ അപ്രകൃതപരാമര്‍ശം നല്ല ഒരു ഭാഷ്യം ചമയ്ക്കുകയും ചെയ്യുന്നു.

ഭാരതീയ വേദോപനിഷത്തുകളിലെ പല സൂചനകളെയും അന്യാപദേശങ്ങളായും പ്രതീകങ്ങളായും വ്യാഖ്യാനിക്കാനുള്ള ഒരു പ്രവണത ആധുനികകാലത്ത് സാര്‍വത്രികമായി കണ്ടുവരുന്നുണ്ട്. ചില നാടന്‍പാട്ടുകളില്‍ കൂടി പ്രതീകാത്മകത്വം ദര്‍ശിക്കാനുള്ള ശ്രമത്തിന്റെ നല്ല ഒരു ഉദാഹരണമാണ്.

'അക്കര ഞാനൊരു മുല്ല നട്ടു, മുല്ല നട്ടു,

ഇക്കര ഞാനൊരു കാവല്‍കാത്തു, കാവല്‍കാത്തു,

മുല്ലയ്ക്കൊരുകുടം വെള്ളം വീഴ്ത്തി,

വെള്ളം വീഴ്ത്തി,'

എന്ന ഗാനത്തില്‍ 'പാരത്രിക ജീവിതസുഖത്തില്‍ വിശ്വാസമര്‍പ്പിച്ച് ഈ ലോകത്തില്‍ അതിനെ നോക്കിയും കണ്ണുനീരില്‍ നനച്ചും കഴിയുന്ന അധ്യാത്മവാദിയായ ഏതോ കേരളീയന്റെ ഭാവന'യെ ദര്‍ശിക്കുന്ന വിമര്‍ശകന്റെ വീക്ഷണം. കുമാരനാശാന്റെ ജീവിതത്തിലെ നിര്‍ണായകമായ ചില ഘട്ടങ്ങളില്‍ ഇദ്ദേഹം രചിച്ചിട്ടുള്ള വീണപൂവ്, ഒരു സിംഹപ്രസവം, ഗ്രാമവൃക്ഷത്തിലെ കുയില്‍ തുടങ്ങിയ കവിതകള്‍ സിംബലിസത്തോടെന്നതിനെക്കാള്‍ അന്യാപദേശത്തോടാണ് അടുത്തുനില്ക്കുന്നത്.

അന്യാപദേശം, ചിത്രകലയില്‍. ആശയങ്ങളെ വ്യക്തികളായി പ്രതിനിധാനം ചെയ്ത്, അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രസ്തുത ആശയങ്ങളെ വിവരിക്കുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്യുന്ന സാഹിത്യസങ്കേതം. ഇംഗ്ളീഷില്‍ ഇതിനെ 'അലിഗറി' എന്നു പറയുന്നു. ഇതു മറ്റു കലകളിലും ഉണ്ട്. അരൂപങ്ങളായ ആശയങ്ങള്‍ക്ക് വ്യക്തികളുടെ രൂപം നല്കി അവരുടെ ഭാവഹാവാദികളിലൂടെ പ്രസ്തുത ആശയത്തെ വിശദമാക്കുന്ന ചിത്രകലാസമ്പ്രദായം ആണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ഭാരതീയ കലയില്‍ രാഗമാലാ ചിത്രങ്ങള്‍ ഒരു ഉദാഹരണമാണ്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ആരോഹണങ്ങളും, പുരുഷരൂപികളായ ഈ രാഗങ്ങളില്‍ ഓരോന്നിനും പത്നിമാരായി അഞ്ചുരാഗിണിമാരും ഓരോ രാഗിണിക്കും എട്ടുപുത്രന്‍മാരും ഉണ്ടെന്ന് ഒരു സങ്കല്പമുണ്ട്. രാഗങ്ങളെ മറ്റു ക്രമങ്ങളിലും വിഭജിക്കാറുണ്ട്. ഈ രാഗിണിമാരെ കാമിനിമാരായി സങ്കല്പിച്ചുകൊണ്ട് രചിച്ചിട്ടുള്ള ചിത്രങ്ങളെ രാഗമാലാചിത്രങ്ങള്‍ എന്നു പറയുന്നു. രാജസ്ഥാനികലാപ്രസ്ഥാനത്തിലെ ഒരു ചിത്രണസങ്കേതമാണിത്. തോടിരാഗത്തിന്റെ ചിത്രത്തില്‍ ഒരു തരുണി വീണ വായിക്കുന്നു. ആ സംഗീതത്തില്‍ മാന്‍കിടാങ്ങള്‍ ആകൃഷ്ടരായി നില്ക്കുന്നു. തോണ്ടിദേശമായ ദക്ഷിണേന്ത്യയുടെ രാഗമാണ് തോടി. ദക്ഷിണദേശത്തിന്റെ പ്രതീകമാണ് വീണ. മാന്‍കിടാങ്ങള്‍ രാഗത്തില്‍ ലയിച്ച കാമുകഹൃദയങ്ങളാണെന്നും ഒരു സങ്കല്പമുണ്ട്. ഇപ്രകാരം ചിത്രിതരൂപങ്ങളിലൂടെ സംഗീതം, പ്രേമം മുതലായ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അന്യാപദേശ ചിത്രങ്ങളാണ് രാഗമാലാചിത്രങ്ങള്‍.

ശരത്കാലം:എഫ്.കോസ്സാ രചിച്ച ഒരു അന്യാപദേശ ചിത്രം

പാശ്ചാത്യകലയില്‍ ബോട്ടിസെല്ലി രചിച്ച പ്രൈമവേര എന്ന അലിഗറി പ്രസിദ്ധമാണ്. ഇത് വസന്തത്തിന്റെ ചിത്രമാണ്. ചിത്രത്തിന്റെ നടുവില്‍ സൌന്ദര്യദേവതയായ വീനസ്സും ഒരരുകില്‍ ആപ്പിള്‍ പറിച്ചുകൊണ്ട് പാരീസ് എന്ന യുവാവും നില്ക്കുന്നു. വീനസ് സദ്ഗുണസമ്പൂര്‍ണയാണ്. പാരീസ് ഈ ദേവതയെ തിരഞ്ഞെടുക്കുന്നു. ഇതേവിധം ഈ ചിത്രം കാണുന്നവരും സദ്ഗുണങ്ങളെ തിരഞ്ഞെടുക്കണമെന്നാണ് ചിത്രത്തിന്റെ താത്പര്യം. ലോറന്‍സോ മെഡിസി എന്ന പ്രഭുവിന്റെ അനന്തിരവനായ ഒരു ചെറുപ്പക്കാരനുവേണ്ടിയാണ് ഈ ചിത്രം രചിക്കപ്പെട്ടത്. ചിത്രത്തിലൂടെ ബോട്ടിസെല്ലി പ്രസ്തുത യുവാവിനെ ഉപദേശിക്കുകയാണ് ചെയ്യുന്നത്. പ്രസിദ്ധമായ മറ്റൊരു ചിത്രമാണ് ഇറ്റാലിയന്‍ ചിത്രകാരനായ ഫ്രാന്‍സെസ് കോസ്സാ രചിച്ച ഗ്രീഷ്മം (Autumn) എന്ന ചിത്രം. ഫോര്‍ഡ് മഡോക്സ് ബ്രൌണ്‍ രചിച്ച അധ്വാനം എന്ന അന്യാപദേശ ചിത്രത്തില്‍ അധ്വാനിക്കുന്നവരെ വെളിച്ചത്തിലും അധ്വാനഫലം അനുഭവിക്കുന്നവരെ നിഴലിലും പ്രതിഷ്ഠിച്ചിരിക്കുന്നു. ജി.എഫ്. വാട്ട്സിന്റെ പ്രത്യാശ എന്ന ചിത്രത്തില്‍ പ്രത്യാശ ഒരു തരുണിയാണ്. അവളുടെ കണ്ണുകള്‍ കെട്ടിയിരിക്കുന്നു. ഭൂഗോളത്തിന്റെ മുകളിലാണ് ഇരിക്കുന്നത്. കൈയില്‍ ഒരു 'ലയര്‍' (lyre) ഉണ്ട്. ഒറ്റക്കമ്പിയൊഴികെ മറ്റെല്ലാം പൊട്ടിപ്പോയിരിക്കുന്നു. നിരാശാഭരിതമായ ഈ അന്തരീക്ഷത്തിലും പ്രസ്തുത ലയറില്‍നിന്ന് ആവുന്നത്ര സംഗീതം വലിച്ചെടുക്കാനാണ് അവളുടെ ശ്രമം. പിക്കാസ്സോയുടെ പ്രസിദ്ധമായ ഗൂര്‍ണിക്ക എന്ന കാര്‍ട്ടൂണ്‍ ചിത്രവും വിശാലമായ അര്‍ഥത്തില്‍ ഒരു അന്യാപദേശചിത്രമാണ്. സ്പെയിനിലെ നിരായുധരായ ബാസ്ക് പട്ടണവാസികളെ ഫ്രാങ്കോയുടെ പിണിയാളുകളായി വന്ന ഹിറ്റ്‍ലറുടെ വൈമാനികര്‍ ബോംബിട്ടു കൊല്ലുന്നതാണ് പ്രമേയം. നോ: ഗൂര്‍ണിക്ക

(ഇ.എം.ജെ. വെണ്ണിയൂര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍