This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്താരാഷ്ട്ര ബന്ധങ്ങള്‍, മനഃശാസ്ത്രപരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്താരാഷ്ട്ര ബന്ധങ്ങള്‍, മനഃശാസ്ത്രപരം

മതം, വര്‍ഗം, ആദര്‍ശം, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന അനൌപചാരികമായ സമ്പര്‍ക്കം മനഃശാസ്ത്രപരായ അന്താരാഷ്ട്രബന്ധങ്ങളുടെ പരിധിയില്‍പ്പെടുന്നു.

രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഔപചാരികമായ പ്രഖ്യാപിതബന്ധം, അനൌപചാരികമായ വൈകാരികബന്ധം എന്നു രണ്ടായി വിഭജിക്കാം. ഔപചാരികബന്ധം ഭൂമിഃശാസ്ത്രപരമായ കാരണങ്ങള്‍കൊണ്ടോ സാമ്പത്തിക കാരണങ്ങള്‍കൊണ്ടോ രാഷ്ട്രീയ പരിഗണനകള്‍കൊണ്ടോ ഉടലെടുക്കുന്നു. വൈകാരികബന്ധം സൌഹാര്‍ദത്തിലോ ശത്രുതയിലോ അധിഷ്ഠിതമാകാം. സൌഹൃദത്തില്‍ കഴിയുന്ന രാഷ്ട്രങ്ങള്‍ തമ്മില്‍ ഔപചാരികമായ സംഘട്ടനങ്ങള്‍ ഉണ്ടായേക്കാം. അതുപോലെതന്നെ ഔപചാരികമായി സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങള്‍ തമ്മില്‍ വൈകാരികമായ സുഹൃദ്ബന്ധം വളര്‍ന്നുകൂടെന്നുമില്ല. രാജ്യങ്ങളുടെ അതിര്‍വരമ്പുകളെ അതിലംഘിച്ച് പടര്‍ന്നുകിടക്കുന്ന സംഘടനകള്‍ സംസ്കാരം, മതം, ആദര്‍ശം തുടങ്ങിയ ഘടകങ്ങള്‍ വൈകാരികബന്ധം ഉളവാക്കാന്‍ സഹായിക്കുന്നു.

രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്ക് വൈകാരികമായ പല കാരണങ്ങളുണ്ട്. ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ക്കു മറ്റൊരു രാഷ്ട്രത്തിലെ ജനങ്ങളെ അന്യരായിട്ടല്ലാതെ കാണാന്‍ സാധ്യമല്ല. ഭാഷ, മതം, ആദര്‍ശം, പേര്, വസ്ത്രധാരണം, ആഹാരരീതി തുടങ്ങിയവയിലുള്ള വ്യത്യാസം ഇത്തരം മനോഭാവമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നു. അതിര്‍ത്തി സംരക്ഷണ ഏര്‍പ്പാടുകള്‍, ചുങ്കവ്യവസ്ഥകള്‍, പാസ്പോര്‍ട്ടു നിബന്ധനകള്‍ മുതലായവ ഈ 'അന്യര്‍' എന്നുള്ള ചിന്താഗതിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഈ അന്യരെ അവര്‍ സ്നേഹിക്കുമോ ഭയപ്പെടുമോ സംശയദൃഷ്ടിയോടെ നോക്കുമോ വെറുക്കുമോ എന്നുള്ളത് പ്രധാനമായും പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അതൃപ്തി. അതൃപ്തനായി, നിരാശനായി ജീവിക്കുന്ന മനുഷ്യന്‍ എല്ലാറ്റിനെയും വെറുക്കുന്നു എന്നുള്ളത് മനഃശാസ്ത്രസത്യമാണ്. ഒരു രാഷ്ട്രത്തിലെ ഭൂരിപക്ഷം ജനങ്ങളും, ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അസംതൃപ്തരായിരിക്കുകയും ഇതില്‍നിന്നും അവരുടെ മനസ്സില്‍ ഉടലെടുക്കുന്ന വെറുപ്പിനെയും ക്ഷോഭത്തെയും അന്യരാജ്യക്കാരുടെ നേരെ തിരിച്ചുവിട്ട് സ്വയം രക്ഷനേടുന്ന ഒരു രാഷ്ട്രത്തലവന്‍ അവിടെ ഉണ്ടായിരിക്കുകയും ചെയ്താല്‍ ഈ പ്രക്രിയ പൂര്‍ണമാകുന്നു.

രാഷ്ട്രത്തലവന്റെ മാനസികാരോഗ്യം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഇടപാടുകളില്‍ സാധാരണ ജനങ്ങളുടെ പ്രതിനിധികളായി രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുകയാണ് ചെയ്യുന്നത്. ഈ രാഷ്ട്രത്തലവന്മാര്‍ വര്‍ധിച്ച പ്രതാപത്തിലും അന്താരാഷ്ട്രരംഗത്തെ അന്തസ്സിലും ശക്തിപ്രകടനത്തിലും താത്പര്യമുള്ളവരാകുമ്പോഴും അപകര്‍ഷബോധം മുതലായ മാനസികദുര്‍ബലതകള്‍കൊണ്ട് വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അശക്തരാകുമ്പോഴും അവര്‍ തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നു. അതിന്റെ പ്രതികരണങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കുന്നു.

മൂഢവിശ്വാസങ്ങള്‍. അതിരുകടന്ന സ്വരാജ്യസ്നേഹം, സ്വവര്‍ഗത്തിന്റെ സംസ്കാരത്തെയും മേന്‍മയെയും കുറിച്ചുള്ള മൂഢവിശ്വാസങ്ങള്‍ എന്നിവ അന്യരാജ്യക്കാരെ വെറുക്കുന്നതിന് ഒരു ജനതയെ പ്രേരിപ്പിക്കുന്നു.

മുന്‍വിധികള്‍. വിവിധ രാഷ്ട്രങ്ങളിലെ സാധാരണ ജനങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുക വളരെ വിരളമാണ്. എങ്കിലും ഓരോ രാജ്യത്തിലെ ജനങ്ങളുടെ ഇടയിലും മറ്റു രാജ്യക്കാരെക്കുറിച്ച് ചില ധാരണകള്‍ പ്രചാരത്തിലിരിക്കും. ഈ ധാരണകള്‍ ശരിയോ തെറ്റോ ആകാമെങ്കിലും അന്യരാജ്യക്കാരോടുള്ള മനോഭാവത്തെ ഇവ പ്രബലമായി സ്വാധീനിക്കുന്നു.

പ്രചാരണം. സാധാരണ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ച് യഥാര്‍ഥ വസ്തുതകള്‍ ലഭിക്കാതിരുന്നാല്‍ സൌഹൃദ ബന്ധങ്ങള്‍ തകരാനിടയാകും. അന്താരാഷ്ട്രപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നങ്ങളുടെയും സംഭവവികാസങ്ങളുടെയും യഥാര്‍ഥ വിവരം സാധാരണ ജനങ്ങള്‍ക്ക് ലഭിക്കാതെവരും. ഇങ്ങനെ വരുമ്പോള്‍ സ്ഥാപിത താത്പര്യക്കാരുടെ പ്രചാരണങ്ങള്‍ വിശ്വസിക്കുന്ന സാധാരണ ജനങ്ങള്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വീക്ഷിച്ച് നീതിപൂര്‍വമായ തീരുമാനം എടുക്കാന്‍ സാധിക്കാതെ ചേരിതിരിഞ്ഞ് അന്യരാജ്യക്കാരെ വെറുക്കുന്നു.

യുദ്ധം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുതാമനോഭാവത്തിന്റെ മൂര്‍ധന്യാവസ്ഥയാണ് യുദ്ധം. യുദ്ധത്തിന് അല്ലെങ്കില്‍ നശീകരണത്തിന് ഉള്ള വാസന മനുഷ്യപ്രകൃതിയുടെ ഒരു വശമെന്നനിലയ്ക്ക് യുദ്ധം ഭൂമുഖത്ത് അനിവാര്യമാണെന്നും ചരിത്രം അതു തെളിയിക്കുന്നുണ്ടെന്നും അന്താരാഷ്ട്രബന്ധങ്ങളുടെ മനഃശാസ്ത്രവശം വിശകലനം ചെയ്യുന്ന ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നശീകരണത്തിനുള്ള വാസന മനുഷ്യപ്രകൃതിയുടെ ഒരു വശമല്ലെന്നും അസംതൃപ്തിയും നൈരാശ്യവും ബാധിച്ച മനസ്സിന്റെ ഒരു ചാപല്യം മാത്രമാണെന്നും അതുകൊണ്ട് ഇവ രണ്ടും ഭൂമുഖത്തുനിന്നും മാറ്റിയാല്‍ യുദ്ധം ഇല്ലാതാക്കാന്‍ സാധിക്കുമെന്നും മറ്റൊരു വിഭാഗം ചിന്തകന്മാര്‍ വിശ്വസിക്കുന്നു. ചില പ്രത്യേക മനുഷ്യവര്‍ഗവും രാജ്യക്കാരും അന്യരെ അപേക്ഷിച്ച് അക്രമസ്വഭാവം ഉള്ളവരാണ് എന്നൊരു സിദ്ധാന്തവും നിലവിലുണ്ട്. പക്ഷെ അവരുടെ പരിതഃസ്ഥിതിയാണോ പാരമ്പര്യമാണോ ഇതിന് കാരണമെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടിട്ടില്ല.

പരിഹാരം. രാഷ്ട്രീയവും സാമ്പത്തികവുമായ നടപടികളോടൊപ്പം മാനസികാരോഗ്യവും ശാരീരികാരോഗ്യം പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്നു എന്നു ഗ്രഹിച്ചു ലോകത്തെങ്ങും എല്ലാത്തരത്തിലുമുള്ള മനുഷ്യരിലും അതു വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക, യുവതലമുറകളില്‍ അന്താരാഷ്ട്ര ചിന്താഗതി വളര്‍ത്തിയെടുക്കുക, മറ്റു രാഷ്ട്രങ്ങളിലെ ജനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അറിവു ലഭ്യമാക്കുക തുടങ്ങിയ മനഃശാസ്ത്രപരമായ നടപടികള്‍കൂടി സ്വീകരിച്ചാല്‍ മാത്രമേ ശാശ്വതമായ അന്താരാഷ്ട്രസൌഹാര്‍ദം നിലനില്ക്കുകയുള്ളൂ എന്ന് മനഃശാസ്ത്രജ്ഞന്‍മാര്‍ വിശ്വസിക്കുന്നു. നോ: അന്താരാഷ്ട്രബന്ധങ്ങള്‍

(ഡോ. ദേവദാസ മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍