This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍സമുദ്ര കേബിള്‍ നിക്ഷേപണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തര്‍സമുദ്ര കേബിള്‍ നിക്ഷേപണം

വൈദ്യുതശക്തിയും ശബ്ദത്തിനു സമാനമായ വൈദ്യുത സംജ്ഞ(electrical signals)കളും ദൂരെ ദിക്കുകളിലേക്ക് പ്രേഷണം (transmission) ചെയ്യുന്നതിനുവേണ്ടി സമുദ്രാന്തര്‍ഭാഗത്ത് കേബിളുകള്‍ നിക്ഷേപിക്കുന്ന പ്രക്രിയ.

ചരിത്രം.19-ാം ശ.-ത്തിന്റെ മധ്യത്തില്‍ മാത്യുഫിന്റേയിന്‍മുറേയും കൂട്ടുകാരും കൂടിയാണ് സമുദ്രത്തിനടിയില്‍ കേബിള്‍ നിരത്തുന്നതിനുവേണ്ടിയുള്ള പ്രയത്നം ആദ്യമായി ആരംഭിച്ചത്. ന്യൂഫൌണ്ട്‍ലന്‍ഡിനും അയര്‍ലന്‍ഡിനും ഇടയ്ക്കുള്ള അത്‍ലാന്തിക് സമുദ്രത്തിന്റെ അടിഭാഗം ചെളികെട്ടിക്കിടക്കുന്നതാണെന്നും നിരപ്പുള്ളതാണെന്നും ഇവര്‍ കണ്ടുപിടിച്ചു. പിന്നീട് 1855-ല്‍ സൈറസ് ഡബ്ള്യു. ഫീല്‍ഡ് ഈ ഭാഗത്ത് കേബിള്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഇടയ്ക്കുവച്ച് മുറിഞ്ഞുപോയതിനാല്‍ വിജയിച്ചില്ല. 1857-ല്‍ ഫീല്‍ഡ് വീണ്ടും അത്‍ലാന്തിക് സമുദ്രത്തില്‍ കേബിള്‍ നിക്ഷേപണം ആരംഭിച്ചു. ഈ യത്നത്തില്‍ രണ്ടു പ്രാവശ്യം ഇദ്ദേഹം പരാജയപ്പെട്ടു. ഒടുവില്‍ 1866 ജൂല. 27-ന് ന്യൂഫൌണ്ട്‍ലന്‍ഡിലെ ഹാര്‍ട്സ് കണ്ടന്റും അയര്‍ലന്‍ഡിലെ വലന്റിനയും തമ്മില്‍ അത്ലാന്തിക്കിന്നടിയിലൂടെ കേബിളുകള്‍കൊണ്ട് വിജയകരമായി ബന്ധിക്കപ്പെട്ടു.

ഇരുപതാം ശ.-ത്തിന്റെ ആരംഭത്തില്‍ കേബിള്‍ നിക്ഷേപണം പുരോഗമിച്ചു. 1902-ല്‍ കാനഡാ, ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്നതിന് പസിഫിക് സമുദ്രത്തില്‍ ഒരു കേബിള്‍ ലൈനിന്റെ പണി പൂര്‍ണമാക്കി. ഇന്ത്യയെ ആസ്റ്റ്രേലിയയും ആഫ്രിക്കയും തമ്മില്‍ കൂട്ടിയിണക്കുന്ന കേബിള്‍ ലൈനുകള്‍ ഇന്നുണ്ട്. ഇന്ത്യയില്‍ മുംബൈ, മദിരാശി എന്നിവിടങ്ങളില്‍നിന്നും ഓരോ അന്തസ്സമുദ്രകേബിള്‍ ലൈന്‍ പുറപ്പെടുന്നുണ്ട്.

കേബിളുകളുടെ ഘടന. സമുദ്രാന്തര്‍ഭാഗത്ത് നിരത്തുന്നതിനുള്ള പ്രത്യേക കേബിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, മധ്യത്തില്‍ അടക്കം ചെയ്തിട്ടുള്ള കമ്പിയാണ്. ചില കേബിളില്‍ രണ്ടു കമ്പികള്‍ ഉണ്ടാകാം. ഓരോ കമ്പിയും നിര്‍മിച്ചിട്ടുള്ളത് കമ്പിനാരുകള്‍ പിരിച്ചു ചേര്‍ത്താണ്. അതുകൊണ്ട് കേബിളുകള്‍ ആവശ്യാനുസരണം വളയ്ക്കുന്നതിന് കഴിയുന്നു. ഈ കമ്പികളില്‍കൂടിയാണ് വൈദ്യുതശക്തിക്കും വൈദ്യുതസംജ്ഞകള്‍ക്കും സമാനമായ വൈദ്യുതി പ്രവഹിക്കുന്നത്. കേബിളുകള്‍ രോധിതമായിരിക്കും. അവയെ പൊതിഞ്ഞുകൊണ്ട് വൃത്താകൃതിയില്‍ ക്രമപ്പെടുത്തിയ കമ്പികളുടെ സംരക്ഷണകവചം ഉണ്ട്. കാലാവസ്ഥയേയും സമുദ്രജലത്തിന്റെ രാസപ്രവര്‍ത്തനപ്രവണതയേയും നിശ്ശേഷം ചെറുത്തുനില്ക്കുന്നതിനു കരുത്തുറ്റ ആവരണം കൊണ്ട് പൊതിഞ്ഞ് കവചിത കമ്പിയെ പരിരക്ഷിക്കുന്നു. നിക്ഷേപണപ്രവര്‍ത്തനത്തിനിടയ്ക്ക് കേബിളുകളില്‍ പ്രയോഗിച്ചേക്കാവുന്ന വലിവ് ബലത്തേയും അമര്‍ച്ചയേയും ചെറുത്തുനില്ക്കാന്‍ കവചിതകമ്പികള്‍ക്കും ബാഹ്യാവരണത്തിനും കരുത്ത് ആവശ്യമാണ്. 1920-നുശേഷം പോളിത്തീനും റബറും ഗുട്ടാപെര്‍ച്ചയും കേബിളുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കപ്പെട്ടു.

കേബിള്‍ നിരത്തുന്നരീതി. ഒരു കേബിള്‍ ലൈന്‍ സംവിധാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍ താഴെപ്പറയുന്നവയാണ്:

(1) സമുദ്രാന്തര്‍ഭാഗത്തുകൂടിയുള്ള ഏറ്റവും ഹ്രസ്വമായ മാര്‍ഗത്തില്‍കൂടിയാണ് കേബിള്‍ നിരത്തേണ്ടത്. ചെലവ് കുറയ്ക്കുന്നതിനാണ് ഈ മുന്‍കരുതല്‍.

(2) കേബിള്‍ ലൈന്‍ നിക്ഷേപിച്ചശേഷം അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് വിഷമമുണ്ടാകരുത്.

(3) കേബിളുകളുടെ നിക്ഷേപണം ലൈനിന്റെ പരിസരത്തുള്ള നഗരങ്ങള്‍ക്കോ മറ്റു പ്രദേശങ്ങള്‍ക്കോ അസൌകര്യം സൃഷ്ടിക്കരുത്.

(4) തുറമുഖ പരിസരങ്ങളില്‍കൂടിയും മീന്‍പിടിത്തകേന്ദ്രങ്ങളില്‍കൂടിയും കേബിള്‍ലൈന്‍ കടന്നുപോകാന്‍ പാടില്ല.

(5) കേബിള്‍ലൈന്‍ കടന്നുപോകുന്ന സമുദ്രാന്തര്‍ഭാഗത്തെപ്പറ്റിയും അവിടത്തെ കലുഷമായ ജലപ്രവാഹങ്ങളെപ്പറ്റിയും വ്യക്തമായ അറിവുണ്ടായിരിക്കണം.

സമുദ്രത്തിനടിയില്‍ 25 മുതല്‍ 30 കി.മീ. വരെ അകലത്തിലാണ് കേബിള്‍ലൈനുകള്‍ ക്രമപ്പെടുത്തുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാണ് ലൈനുകള്‍ക്ക് തമ്മില്‍ ഇത്രയും അകലം. വൈദ്യുത യന്ത്രങ്ങളും യാന്ത്രികോപകരണങ്ങളും സാമഗ്രികളും അടക്കം ചെയ്തിട്ടുള്ള ഒരു കപ്പലിന്റെ സഹായത്തോടെയാണ് കേബിളുകള്‍ നിരത്തുന്നത്. കപ്പലില്‍ ഉയര്‍ന്ന് മുന്നോട്ട് ഉന്തിനില്ക്കുന്ന കഴയും അതിന്‍മേല്‍ കേബിള്‍ ചുറ്റിയിട്ടുള്ള ചക്രങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഒരു ചക്രത്തില്‍ നിന്നാണ് കേബിള്‍ ആവശ്യാനുസരണം പുറമേക്ക് അഴിഞ്ഞഴിഞ്ഞുപോകുന്നത്. ഇവയ്ക്ക് പുറമേ കേബിള്‍ നിക്ഷേപിക്കുന്നതിനുള്ള കേബിള്‍ എഞ്ചിനുകളും അവയെ പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതമോട്ടോറുകളും കേബിളിന്റെ വലിവ് നിര്‍ണയിക്കുന്നതിനുള്ള ഡൈനാമോമീറ്ററുകളും കപ്പലില്‍ ഉണ്ടായിരിക്കും. നീളംകൂടിയ കേബിള്‍ലൈനുകളില്‍ ഉണ്ടാകുന്ന വൈദ്യുതസംജ്ഞ(electrical signal)കളുടെ മൂല്യക്ഷയനിവൃത്തിക്കായി പ്രവര്‍ധകങ്ങള്‍ (amplifiers) അടക്കം ചെയ്തിട്ടുള്ള ആവര്‍ത്തിനി (repeater), ലൈനിനോട് ചേര്‍ത്ത് ക്രമപ്പെടുത്തിയിരിക്കും. ഇവ ജലം പ്രവേശിക്കാത്ത കൂടുകളില്‍ അടക്കം ചെയ്ത് കേബിളുകളുടെ അഗ്രങ്ങളില്‍ സംയോജിപ്പിക്കുന്നു.

കേബിള്‍ലൈനുകളുടെ അറ്റകുറ്റപ്പണികള്‍. ലൈനുകളില്‍ സംഭവിക്കാറുള്ള ഭൂദോഷം (earth fault) ഏതുസ്ഥാനത്താണെന്ന് കരയിലിരുന്നു നിര്‍ണയിക്കുന്നതിന് ഒരു വൈദ്യുതമാപനോപകരണമായ ബ്രിഡ്ജ് ഉപയോഗിക്കുന്നു. സ്ഥാനം നിര്‍ണയിച്ചുകഴിഞ്ഞാല്‍ അറ്റകുറ്റപ്പണിക്കായി ആ സ്ഥാനത്തേക്ക് കപ്പല്‍ നീങ്ങുന്നു. നിശ്ചിത സ്ഥാനത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ച് സമുദ്രാന്തര്‍ഭാഗത്തുനിന്ന് കേബിള്‍ പൊക്കി എടുത്താണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നോ: കേബിള്‍

(കെ.കെ. വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍