This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനേകത്വവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനേകത്വവാദം

Pluralism


പരമയാഥാര്‍ഥ്യങ്ങളും (ultimate realities) വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങളും (objective realities) അനവധിയാണ് എന്ന് വാദിക്കുന്ന ദാര്‍ശനികസിദ്ധാന്തം. പരമസത്യം ഒന്നുമാത്രമേയുള്ളുവെന്നും, അതല്ല രണ്ടാണെന്നും, അതുമല്ല അനേകമാണെന്നും മൂന്നു സിദ്ധാന്തങ്ങളുണ്ട്. ആദ്യത്തേതിനെ ഏകത്വവാദമെന്നും (monism) രണ്ടാമത്തേതിനെ ദ്വൈതവാദമെന്നും (dualism) മൂന്നാമത്തേതിനെ അനേകത്വവാദമെന്നും (pluralism) പറയുന്നു.


പ്രപഞ്ചമെല്ലാം കൂടി ഒരേ ഒരു വസ്തുവാണോ? അഥവാ പല വസ്തുക്കളുടെയോ സത്തകളുടെയോ ഒരു സമാഹാരമാണോ? പ്രപഞ്ചത്തില്‍നിന്ന് വ്യതിരിക്തമായ ഒരു പരാശക്തി (പ്രപഞ്ചസ്രഷ്ടാവ്) ഉണ്ടോ? പരസ്പരവിഭിന്നങ്ങളായ രണ്ടു പദാര്‍ഥങ്ങളുടെ സംയോഗഫലമാണോ ഈ പ്രപഞ്ചം? ഈവക പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ചില ചിന്തകര്‍ ഏകത്വവാദികളും (നോ: ഏകത്വവാദം) മറ്റു ചിലര്‍ ദ്വൈതവാദികളും (നോ: ദ്വൈതവാദം) വേറേ ചിലര്‍ അനേകത്വവാദികളും ആയിത്തീര്‍ന്നു. അധുനിക തത്വചിന്തയില്‍ സ്പിനോസയുടെ ദര്‍ശനം ഏകത്വവാദവും ദെക്കാര്‍ത്തിന്റേത് ദ്വൈതവാദവും ലൈബ്നിറ്റ്സിന്റേത് അനേകത്വവാദവുമാണ്.


പാശ്ചാത്യപൌരസ്ത്യദര്‍ശനങ്ങളില്‍ അനേകത്വവാദത്തിന് ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. ഭാരതീയങ്ങളായ ന്യായവൈശേഷികദര്‍ശനങ്ങളിലും ബൌദ്ധ-ജൈനദര്‍ശനങ്ങളിലും അനേകത്വവാദം കാണാം. രാമാനുജന്റെ 'ആത്മാക്കളുടെ അനശ്വരബഹുത്വ'വും (eternal plurality of souls)മീമാംസയിലെ 'ആത്മാക്കളുടെ ബഹുത്വ'വും (plurality of souls) അനേകത്വവാദമാണെന്നു പറയാം. പ്രപഞ്ചത്തിനടിസ്ഥാനമായി പല പദാര്‍ഥങ്ങള്‍ ഉണ്ടെന്ന് പ്രാചീന ഗ്രീക് ദാര്‍ശനികര്‍ വിശ്വസിച്ചിരുന്നു. ലീസിപ്പസ്, ഡമോക്രിറ്റസ് തുടങ്ങിയ പരമാണുവാദികളും എംപിദോക്ളിസിനെപ്പോലെയുള്ള ഭൂതജീവവാദികളും (hylosoists) ആത്മീയമൊണാഡ് വാദിയായ ലൈബ്നിറ്റ്സും അരിസ്റ്റോട്ടല്‍, ഹെര്‍ബര്‍ട്ട്, വില്യം ജയിംസ് തുടങ്ങിയവരും അനേകത്വവാദികളാണ്.


അരിസ്റ്റോട്ടല്‍. പ്രപഞ്ചത്തെ പല പദവികളിലുള്ള സത്തകളുടെ ഒരു ശ്രേണിയായി അരിസ്റ്റോട്ടല്‍ വിഭാവനം ചെയ്യുന്നു. ഇവ സ്ഥൂലദ്രവ്യത്തില്‍നിന്നു തുടങ്ങി രൂപത്തില്‍ അവസാനിക്കുന്നു. ഹെര്‍ബര്‍ട്ടിന്റെ അനേകത്വവാദഗതിയനുസരിച്ച് നമ്മുടെ ഇന്ദ്രിയങ്ങള്‍ നമുക്ക് നല്കുന്നത് വസ്തുക്കളുടെ യഥാര്‍ഥ രൂപങ്ങളോ സത്തകളോ അല്ല; പ്രത്യുത സത്താഭാസങ്ങളാണ്. യഥാര്‍ഥസത്ത നമുക്ക് അജ്ഞാതമാണ്.


അനേകത്വവാദത്തിന് ഭൌതിക അനേകത്വവാദം (materialistic pluralism) എന്നും ആത്മീയാനേകത്വവാദം (spiritual pluralism) എന്നും രണ്ടു പിരിവുകളുണ്ട്. പ്രാചീന ഗ്രീക്കു ചിന്തകരായ ഡമോക്രിറ്റസിന്റെയും ലൂസിപ്പസിന്റെയും പരമാണുവാദം (atomism) ഭൌതികാനേകത്വവാദത്തെ അംഗീകരിക്കുന്നു. വസ്തുനിഷ്ഠവും ഇന്ദ്രിയാനുഭവവുമായ യാഥാര്‍ഥ്യങ്ങള്‍ക്ക് അതീതമായി ഒന്നും തന്നെ ഇല്ലെന്ന് ഭൌതികാനേകത്വവാദികള്‍ ശഠിക്കുന്നു. ഇവര്‍ നിരീശ്വരവാദികളാണ്.


ലൈബ്‍നിറ്റ്സ്. പരമസത്യങ്ങള്‍ അനവധിയാണെന്നും അവയുടെയെല്ലാം മുഖ്യപ്രകൃതി ആത്മീയമാണെന്നും ആത്മീയാനേകത്വവാദം വിശ്വസിക്കുന്നു. ലൈബ്‍നിറ്റ്സ് ആണ് ആത്മീയാനേകത്വവാദത്തിന്റെ ജനയിതാവ്. മൊണാഡിസം (monadism) എന്ന പേരിലാണ് അദ്ദേഹം ആത്മീയാനേകത്വവാദത്തെ വിളിച്ചിരുന്നത്. മൊണാഡുകള്‍ എന്ന് താന്‍ പേരുകൊടുത്തിരിക്കുന്ന അസംഖ്യം മൂലപദാര്‍ഥങ്ങള്‍ ചേര്‍ന്നതാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും. സ്വയം നിലനില്പുള്ളവയാണ് മൊണാഡുകള്‍. ഈ മൊണാഡുകള്‍ തമ്മില്‍ ഗുണാത്മകമായി വലിയ അന്തരമുണ്ട്. ഏറ്റവും വലിയ മൊണാഡ് ദൈവമാണ്. ദൈവം ഒരു മഹാമൊണാഡ് ആണ്; മൊണാഡുകളുടെ മൊണാഡ്. മൊണാഡുകളുടെ നിലനില്പിനുതന്നെ കാരണം ഈശ്വരന്‍ ആണ് എന്ന് ലൈബ്നിറ്റ്സ് അഭിപ്രായപ്പെട്ടു.


വൈവിധ്യവും നാനാത്വവും ബഹുത്വവും അംഗീകരിക്കാത്തവന് യുക്ത്യധിഷ്ഠിതമായ പ്രായോഗിക ജീവിതം തന്നെ അസാധ്യമാണ്. 'എല്ലാം ഒന്നാണെ'ന്ന മിഥ്യാബോധത്തില്‍ ക്രമപ്രവൃദ്ധമായ പുരോഗതിക്കോ പടിപടിയായ നവീകരണങ്ങള്‍ക്കോ സ്ഥാനമില്ല എന്നെല്ലാം വില്യം ജയിംസ് അനേകത്വവാദം പുരസ്കരിച്ച് അഭിപ്രായപ്പെട്ടു.


ഏകത്വവാദത്തിനും ദ്വൈതവാദത്തിനും വിരുദ്ധമാണ് അനേകത്വവാദമെങ്കിലും അവ രണ്ടും ഇതിലടങ്ങിയിട്ടുണ്ട്. ആത്മാവും ശരീരവും; ഈശ്വരനും പ്രപഞ്ചവും; ചിത്തവും പദാര്‍ഥവും എന്നീ ദ്വന്ദഭാവങ്ങള്‍ എല്ലാ അനേകത്വവാദത്തിലും അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരത്തില്‍ ദ്വൈതവാദമാണ്. വിശ്വമെല്ലാം വിശ്വകര്‍മാവില്‍നിന്ന് ഉദ്ഭവിച്ചിരിക്കുന്നു എന്ന് അംഗീകരിക്കുന്ന അനേകത്വവാദി ഒരര്‍ഥത്തില്‍ ഏകത്വവാദിയാണ്. നീതിശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും അനേകത്വവാദം സ്വാധീനത ചെലുത്തിയിട്ടുണ്ട്.


ആധുനിക വീക്ഷണം. ആധുനികശാസ്ത്രയുഗത്തില്‍ ഏകത്വവാദത്തിന് ആകര്‍ഷകത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. ശങ്കരാചാര്യരുടെയും മറ്റും അദ്വൈതവാദം അനേകത്വവാദമായി ഇന്ന് പലരും വ്യാഖ്യാനിക്കുന്നു. ബര്‍ട്രണ്‍ണ്ട് റസ്സലിന്റെ അഭിപ്രായത്തില്‍ പ്രപഞ്ചം നാനാത്വവും വൈവിധ്യവും നിറഞ്ഞതാണ്. ആധുനികശാസ്ത്രയുഗത്തില്‍ അനേകത്വവാദത്തിന് ഗണനീയമായ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നു.


(ഡോ. ജെ. കട്ടയ്ക്കല്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍