This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡിസണ്‍ രോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഡിസണ്‍ രോഗം

Addision's disease

അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമത കുറയുമ്പോള്‍ കോര്‍ടിസോണ്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനുള്ള ആ ഗ്രന്ഥിയുടെ കഴിവ് നഷ്ടപ്പെടുകയും തത്ഫലമായി മറ്റു വൈഷമ്യങ്ങള്‍ക്കു പുറമേ ശരീരത്തിന് നിറഭേദം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥ. തോമസ് അഡിസനാണ് 1855-ല്‍ ഈ രോഗം ആദ്യമായി വിവരിച്ചത്. പ്രധാനമായും 20 വയസ്സിനും 40 വയസ്സിനും ഇടയ്ക്കാണ് ഇതുണ്ടാകുന്നത്. ക്ഷയം, അര്‍ബുദം ആര്‍സെനിക് വിഷബാധ, രക്തസ്രാവം മുതലായവ ഈ രോഗത്തിനു കാരണമാകാറുണ്ട്.

മാരകമായ ഒരു രോഗമാണിത്. രോഗിക്ക് സാധാരണയായി അസ്വാസ്ഥ്യവും തളര്‍ച്ചയും വിശപ്പില്ലായ്മയും ഉണ്ടാകും. നാഡിമിടിപ്പും രക്തസമ്മര്‍ദവും കുറയുന്നു. കൈരേഖകള്‍, ശരീരത്തിലെ ഉണങ്ങിയ മുറിപ്പാടുകള്‍, കൈകാല്‍ മുട്ടുകള്‍ എന്നിവ ആദ്യം തവിട്ടുനിറമായും പിന്നീട് കറുപ്പുനിറമായും മാറുന്നു. സന്ധികള്‍ കറുത്തുവരികയും ചെയ്യും. ബാക്കി സ്ഥലങ്ങളിലെ തൊലി വിളര്‍ക്കുകയും പിന്നീട് നീലനിറം ഉള്ളതായിത്തീരുകയും ചെയ്തേക്കാം. ഓക്കാനവും ഛര്‍ദിയും വയറിളക്കവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ദേഹത്തിന്റെ തൂക്കം കുറഞ്ഞുവരുന്നു. മൂത്രം തീരെ ഇല്ലാതായിത്തീരുന്നു. ധാരാളം വെള്ളവും സോഡിയവും മൂത്രത്തില്‍ കൂടി നഷ്ടപ്പെടുന്നു. ശരീരത്തിന്റെ താപനില 38°C-ഓ അതില്‍ കൂടുതലോ ആകുകയും രോഗി അബോധാവസ്ഥയില്‍ എത്തുകയും ചെയ്യും. പെട്ടെന്ന് മരണം സംഭവിക്കാറുണ്ട്.

സീറം-സോഡിയവും രക്തത്തിലെ പഞ്ചസാരയും പ്ളാസ്മയിലെ ക്ളോറൈഡും ആല്‍ക്കലിശേഖരവും നന്നേ താഴുന്നു. പക്ഷേ സീറം-പൊട്ടാസിയം കൂടിവരും. തൈറോടോക്സിക്കോസിസ്, മിക്സെഡീമ, പ്രമേഹം, ന്യുമോണിയ എന്നീ രോഗങ്ങളും അഡിസണ്‍ രോഗത്തിനോടൊപ്പം വരാനിടയുണ്ട്.

കോര്‍ടിസോണ്‍ മാംസപേശികളില്‍ കുത്തിവയ്ക്കുകയോ ത്വക്കില്‍ നിക്ഷേപിക്കുകയോ ഭക്ഷിക്കുകയോ ചെയ്ത് രക്തത്തില്‍ കോര്‍ടിസോണിന്റെ നില സാധാരണമാക്കിയാല്‍ രോഗവിമുക്തിയുണ്ടാകും.

(ഡോ. നളിനി വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍