This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിയന്തിരാവസ്ഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടിയന്തിരാവസ്ഥ

ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ-സാമൂഹ്യക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിതമായി സംഭവിക്കുന്നതും അടിയന്തിര പരിഹാരം ആവശ്യമായതുമായ സന്നിഗ്ധഘട്ടം

ഇത്തരം അടിയന്തിര ഘട്ടങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ എല്ലാ ഭരണഘടനകളിലും ഉണ്ട്. ഇതിനായി ചില സവിശേഷാധികാരങ്ങള്‍ അവ കാര്യനിര്‍വഹണ വിഭാഗത്തിന് നല്‍കുന്നു. രാജ്യത്തിന്റെ മുഴുവന്‍ ശക്തിയും എക്സിക്യൂട്ടീവില്‍ കേന്ദ്രീകരിച്ച് പ്രശ്നത്തെ നേരിടുക എന്നതാണ് ഉദ്ദേശ്യം. യുദ്ധകാല സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിന് ബ്രിട്ടണില്‍ നിലനില്‍ക്കുന്ന ഓര്‍ഡര്‍-ഇന്‍-കൌണ്‍സിലും (Order - in- Council) യുദ്ധകാല ക്യാബിനറ്റും (War cabinet) ഇതിന്റെ ഉത്തമോദാഹരണങ്ങളാണ്. അമേരിക്കയിലാകട്ടെ, യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസ്സിനാണെങ്കിലും (നിയമ നിര്‍മാണസഭ), അതിന്റെ നടത്തിപ്പിനാവശ്യമായ ചില സവിശേഷാധികാരങ്ങള്‍ പ്രസിഡന്റിനു നല്കിയിരിക്കുന്നു. ഫ്രഞ്ച് ഭരണഘടനയും (1958) ഇത്തരം ചില അധികാരങ്ങള്‍ പ്രസിഡന്റിനു നല്‍കിയിട്ടുള്ളതായി കാണാം.

ഇന്ത്യയിലെ സ്ഥിതി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അതിവിപുലമായ അധികാരങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന എക്സിക്യൂട്ടീവിന് നല്‍കുന്നത്. ഇതനുസരിച്ച്, നിയമനിര്‍മാണം മുതല്‍ ഭരണത്തെ സമഗ്രമായി ബാധിക്കുന്ന മറ്റു കാര്യങ്ങളില്‍വരെ അതിന് ഇടപെടാനാകും.

അടിയന്തിരാധികാരങ്ങളില്‍ സുപ്രധാനമാണ് ഒരു നിശ്ചിത കാലയളവിലേക്ക് നിയമനിര്‍മാണം നടത്താനുള്ള രാഷ്ട്രപതിയുടെ അധികാരം. 123-ാം വകുപ്പനുസരിച്ച്, പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇല്ലാത്ത അവസരങ്ങളില്‍ സംജാതമാകുന്ന അടിയന്തിരഘട്ടങ്ങള്‍ തരണം ചെയ്യാന്‍ അദ്ദേഹത്തിന് ഓര്‍ഡിനന്‍സ് (Ordinance) പുറപ്പെടുവിക്കാവുന്നതാണ്. ഇതിന് സാധാരണ നിയമത്തിന്റെ എല്ലാ സാധുതയും ഉണ്ടായിരിക്കുമെങ്കിലും അതിനെ തൊട്ടടുത്ത് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതും ആറാഴ്ചക്കുള്ളില്‍ ഇരുസഭകളുടെയും അംഗീകാരം നേടിയിരിക്കേണ്ടതുമാണ്. 213-ാം വകുപ്പ് പ്രകാരം ഇതേ അധികാരം, അല്പം ചില ഭേദഗതികളോടെ, സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും വിനിയോഗിക്കാവുന്നതാണ്.

പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ആഭ്യന്തര ഭദ്രത നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥകളുണ്ട്. ഭരണഘടനയുടെ 18-ാം ഭാഗത്തില്‍ ഇത് പ്രതിപാദിച്ചിരിക്കുന്നു. ഇതനുസരിച്ച് മൂന്നുതരം അടിയന്തിരാവസ്ഥകളാണ് രാഷ്ട്രപതിക്ക് പ്രഖ്യാപിക്കാനാകുന്നത്. ദേശീയാടിയന്തിരാവസ്ഥ, സംസ്ഥാനാടിയന്തിരാവസ്ഥ അഥവാ രാഷ്ട്രപതിഭരണം, സാമ്പത്തികാടിയന്തിരാവസ്ഥ.

ദേശീയാടിയന്തിരാവസ്ഥ. വിദേശാക്രമണം മൂലമോ ആഭ്യന്തര സായുധകലാപങ്ങള്‍ മൂലമോ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ നേരിടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭരണഘടനയുടെ 250, 352, 353, 354, 355, 358, 359 തുടങ്ങിയ വകുപ്പുകള്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്നു. 352-ാം വകുപ്പുപ്രകാരം രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഇത്തരം അടിയന്തിരാവസ്ഥ കേന്ദ്രമന്ത്രിസഭയുടെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരം ആയിരിക്കണമെന്നും അതിന് 30 ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുകയും വേണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ഈവിധം പ്രഖ്യാപിക്കുന്ന അടിയന്തിരാവസ്ഥയുടെ കാലാവധി ആറു മാസത്തേക്കാണെങ്കിലും പാര്‍ലമെന്റ് അനുവദിക്കുന്നപക്ഷം ആറുമാസം വച്ച് അതിനെ അനിശ്ചിതമായി ദീര്‍ഘിപ്പിച്ചുകൊണ്ടുപോകാവുന്നതാണ്.

ഇത്തരമൊരു അടിയന്തിരാവസ്ഥ നിലനില്‍ക്കുമ്പോള്‍, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലും പൌരാവകാശങ്ങളിലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കാന്‍ പര്യാപ്തമായ പല അധികാരങ്ങളും യൂണിയന്‍ ഗവണ്‍മെന്റിന് ലഭ്യമാകുന്നു. സംസ്ഥാനങ്ങളുടെ ഭരണനടത്തിപ്പിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക (353-ാം വകുപ്പ്); കേന്ദ്ര-സംസ്ഥാന ധനകാര്യബന്ധങ്ങളില്‍, വിശേഷിച്ച് 268 മുതല്‍ 279 വരെയുള്ള വകുപ്പുകളില്‍, അവശ്യം വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തുക (354-ാം വകുപ്പ്), 20-ഉം 21-ഉം വകുപ്പുകള്‍ ഒഴികെ മറ്റുവകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്ന മൌലികാവകാശങ്ങള്‍ നടപ്പിലാക്കുന്നത് തടയുന്നതിനുവേണ്ടി 32-ാം വകുപ്പ് സസ്പെന്‍ഡ് ചെയ്യുക (359-ാം വകുപ്പ്) തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടത്: മാത്രമല്ല 19-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ക്ക് സാധുത ഇല്ലാതെയും ആകുന്നു (358-ാം വകുപ്പ്). കൂടാതെ ലോക്‍സഭയുടെയും (83, 2-ാം വകുപ്പ്) സംസ്ഥാന നിയമസഭകളുടെയും (172-ാം വകുപ്പ്) കാലാവധി പാര്‍ലമെന്റിന്റെ അനുവാദത്തോടെ നീട്ടികൊടുക്കാവുന്നതുമാണ്, ഒരു പ്രാവശ്യം ഒരു വര്‍ഷം എന്ന കണക്കില്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ച് ആറ് മാസം കഴിയുന്നതുവരെ.

ഇന്ത്യയില്‍ ആകെ മൂന്ന് പ്രാവശ്യമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. 1962 ഒ. 26-ഉം 1971 ഡി. 3-ഉം, 1975 ജൂണ്‍ 26-ഉം. ഇതില്‍ ആദ്യത്തെ രണ്ടും വിദേശാക്രമണം മൂലമായിരുന്നെങ്കില്‍ (യഥാക്രമം, ചൈനയുടെയും പാകിസ്താന്റെയും), മൂന്നാമത്തെത് ആഭ്യന്തര കാരണത്താലാണ് പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ജനാധിപത്യ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലിഅഹമ്മദ് അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.1975-ല്‍ നിലവില്‍ വന്ന പ്രസ്തുത അടിയന്തിരാവസ്ഥ 18 മാസങ്ങള്‍ നീണ്ടുനില്ക്കുകയും കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലുടനീളം അനേകം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

പ്രസിഡന്റ് ഭരണം. ഭരണഘടനയില്‍ വിഭാവന ചെയ്തിട്ടുള്ള രണ്ടാമത്തെ അടിയന്തിരാവസ്ഥ സംസ്ഥാനത്തെ ബാഹ്യമായ ആക്രമണത്തിലും ആഭ്യന്തരകലാപത്തിലും നിന്ന് സംരക്ഷിക്കേണ്ട ചുമതല യൂണിയന്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ളതാണ്. സംസ്ഥാനഭരണം ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായി നിര്‍വഹിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ചുമതലയും യൂണിയന്‍ ഗവണ്‍മെന്റിനാണ്.

ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കനുസരണമായി ശക്തവും സുസ്ഥിരവുമായ ഭരണം നടത്താന്‍ സാധ്യമാകാത്ത സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നതായി പ്രസിഡന്റിന് ബോധ്യമായാല്‍, സംസ്ഥാന ഗവര്‍ണറുടെ ഉപദേശമനുസരിച്ചോ, അല്ലാതെയോ, പ്രസിഡന്റിന് പ്രസ്തുത സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനും അവിടത്തെ ഭരണം ഏറ്റെടുക്കുന്നതിനും ഭരണഘടന 356-ാം വകുപ്പില്‍ വ്യവസ്ഥചെയ്യുന്നു. ഇതോടെ, ഹൈക്കോടതിയുടെ അധികാരം ഒഴികെ, സംസ്ഥാനത്തെ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായിരിക്കുന്നതോ ഗവര്‍ണര്‍മുഖേന നടത്തേണ്ടതോ ആയ എല്ലാ അധികാരങ്ങളും സ്വയം ഏറ്റെടുക്കുന്നതിന് പ്രസിഡന്റിന് അധികാരം ലഭിക്കുന്നു. ആയതിലേക്ക് ഗവര്‍ണറെയും പ്രത്യേക ഭരണോപദേഷ്ടാക്കളെയും നിയമിക്കുന്നതായിരിക്കും. സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതിനും അവയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനും പ്രസിഡന്റിന് അധികാരമുണ്ട്. പ്രസിഡന്റ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ നിയമനിര്‍മാണാധികാരം കേന്ദ്രപാര്‍ലമെന്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പ്രസിഡന്റിനെ ഉപദേശിക്കുവാന്‍ പാര്‍ലമെന്റ് അംഗങ്ങളടങ്ങിയ ഒരു ഉപദേശകസമിതിയും ഉണ്ടായിരിക്കും.

ഇത്തരത്തിലുള്ള വിളംബരം പാര്‍ലമെന്റിന്റെ ഇരു സഭകളിലും സമര്‍പ്പിക്കേണ്ടതുണ്ട്. പ്രമേയങ്ങള്‍ വഴി ഈ വിളംബരം അംഗീകരിക്കാത്തപക്ഷം പുറപ്പെടുവിച്ച തീയതി മുതല്‍ രണ്ടു മാസത്തിനുശേഷം ഇത് സ്വയം ദുര്‍ബലമായിത്തീരുന്നതാണ്. ഇപ്രകാരം ഒരു വിളംബരം പുറപ്പെടുവിക്കുന്നത് പാര്‍ലമെന്റ് സമ്മേളിക്കാത്ത സമയത്താണെങ്കില്‍ അതിന് പ്രത്യേകവ്യവസ്ഥകളുണ്ട്. ഈ വിളംബരം പാര്‍ലമെന്റ് പ്രമേയംവഴി അംഗീകരിക്കുന്ന തീയതി മുതല്‍ ആറുമാസത്തെ കാലാവധിക്കുശേഷം, അതിനുമുന്‍പായി പിന്‍വലിക്കപ്പെടാത്ത പക്ഷമോ, വീണ്ടും ആറുമാസത്തേക്ക് പാര്‍ലമെന്റ് ആ വിളംബരത്തിന്റെ കാലാവധി തുടര്‍ന്നു നീട്ടാത്തപക്ഷമോ, പ്രവര്‍ത്തനരഹിതമായിത്തീരുന്നു. പ്രസിഡന്റുഭരണം ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീട്ടണമെങ്കില്‍ രണ്ട് ഉപാധികള്‍ നിറവേറ്റേണ്ടതുണ്ട്. ദേശവ്യാപകമായോ ഏതെങ്കിലും സംസ്ഥാനങ്ങളിലോ അടിയന്തിരാവസ്ഥ നിലനില്‍ക്കുക; തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം പ്രസ്തുത സംസ്ഥാനത്ത് നിലവിലില്ലെന്ന് ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്‍ സാക്ഷ്യപ്പെടുത്തുക. എന്നാല്‍ അത്തരം ഒരു വിളംബരവും മൂന്നു കൊല്ലത്തിനു ശേഷം ഒരു കാരണവശാലും നിലനില്ക്കുന്നതല്ല.

352-ഉം 356-ഉം വകുപ്പുകള്‍ പ്രകാരമുള്ള അടിയന്തിരാവസ്ഥകള്‍ക്ക് ചില കാതലായ വ്യത്യാസങ്ങള്‍ ഉണ്ട്. 352-ാം വകുപ്പ് പ്രകാരം ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാന്‍ പ്രസിഡന്റിന് അധികാരമില്ല. എന്നാല്‍ 356-ാം വകുപ്പ് പ്രകാരം ഈ അധികാരം അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. മറ്റൊന്ന് ദേശീയാടിയന്തിരാവസ്ഥ മൌലികാവകാശങ്ങളെ സാരമായി ബാധിക്കുമ്പോള്‍ പ്രസിഡന്റു ഭരണം അപ്രകാരം ചെയ്യുന്നില്ല എന്നതാണ്. മാത്രമല്ല 356-ാം വകുപ്പ് പ്രകാരമുള്ള വിളംബരത്തിന് മൂന്ന് കൊല്ലത്തിനപ്പുറം നിലനില്പ്പില്ല. എന്നാല്‍ ഇത്തരം സമയപരിധി ദേശീയാടിയന്തിരാവസ്ഥയ്ക്ക് ഭരണഘടന ബാധകമാക്കിയിട്ടില്ല. തന്നെയുമല്ല ഇത്തരം അടിയന്തിരാവസ്ഥ പ്രാബല്യത്തില്‍ വരാന്‍, പാര്‍ലമെന്റിന്റെ ഓരോ സഭയുടെയും മൊത്തം അംഗസംഖ്യയില്‍ ഭൂരിപക്ഷവും (Majority of the total membership of the House), വോട്ടെടുപ്പു നടക്കുന്ന സമയത്ത് ഹാജരായിരിക്കുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടും (Two -third of members present and voting) പ്രമേയത്തിനെ അനുകൂലിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പ്രസിഡന്റുഭരണത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സാങ്കേതികത്ത്വം ഇല്ല. വിളംബരം വോട്ടിന് ഇടുമ്പോള്‍ ഹാജരായിരിക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷം അതിനെ അനുകൂലിച്ചാല്‍ മതിയാകും.

ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള ഒന്നാണ് 356-ാം വകുപ്പ്. ഇതിനോടകം, നൂറിലധികം തവണ അത് ഉപയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം അത് ഒന്‍പതു പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്; 1956-ല്‍ രണ്ടു പ്രാവശ്യവും തുടര്‍ന്ന് 1959, 1964, 1965, 1970, 1979, 1981, 1982 എന്നീ വര്‍ഷങ്ങളില്‍ ഓരോ പ്രാവശ്യവും. ഒരുവേള, ഇന്ത്യയില്‍ ഏറ്റവുമധികം തവണ 356-ാം വകുപ്പിന്റെ പ്രയോഗത്തിന് പാത്രീഭവിച്ച സംസ്ഥാനവും കേരളം തന്നെ.

ദേശീയ രാഷ്ട്രീയത്തില്‍ അനേകം വിവാദങ്ങള്‍ക്ക് കളമൊരുക്കിയ ഒന്നാണ് പ്രസിഡന്റുഭരണം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംഘര്‍ഷഭരിതമാക്കിയതും മറ്റൊന്നല്ല. ഇതുനിമിത്തം, സര്‍ക്കാരിയ കമ്മീഷനും 1994-ല്‍ എസ്.ആര്‍. ബൊമ്മൈ കേസില്‍ സുപ്രിംകോടതിയും 356-ാം വകുപ്പിന്റെ ഉപയോഗത്തെ നിയന്ത്രിക്കാനാവശ്യമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി.

സാമ്പത്തികാടിയന്തിരാവസ്ഥ. ഭരണഘടനയുടെ 360-ാം വകുപ്പിലാണ് ഇത്തരം അടിയന്തിരാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. രാജ്യത്തിന്റെയോ, രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന്റെയോ സാമ്പത്തിക സുസ്ഥിരത അപകടത്തിലാണെന്ന് രാഷ്ട്രപതിക്ക് ബോധ്യമാകുന്നപക്ഷം അദ്ദേഹത്തിന് 360-ാം വകുപ്പ് പ്രകാരം വിളംബരം പുറപ്പെടുവിക്കാവുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഏതു വിളംബരവും അത് പുറപ്പെടുവിച്ച ദിവസം മുതല്‍ രണ്ടു മാസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കപ്പെടേണ്ടതും അതിന് അവയുടെ അംഗീകാരം ലഭിച്ചിരിക്കേണ്ടതുമാണ്. കാലാവധിയുടെ കാര്യത്തില്‍, സാമ്പത്തികാടിയന്തിരാവസ്ഥയുടെ കാര്യത്തിലും ഭരണഘടന യാതൊരുവിധ സമയപരിധിയും കല്പിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒരിക്കല്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചാല്‍ അത് പിന്‍വലിക്കുന്നതുവരെ തുടരും എന്നു സാരം.

360-ാം വകുപ്പ് പ്രകാരമുള്ള വിളംബരം നിലവിലുള്ളിടത്തോളം സംസ്ഥാനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് ഉണ്ടായിരിക്കും. മാത്രമല്ല, ഭരണഘടനയുടെ 207-ാം വകുപ്പിലെ വ്യവസ്ഥകള്‍ ബാധിക്കുന്നതും സംസ്ഥാന നിയമസഭകള്‍ പാസാക്കുന്നതുമായ എല്ലാ ധനബില്ലുകളും പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുമാണ്. ഇതിനും പുറമേ, സുപ്രിം കോടതി-ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെയും വേതനം വെട്ടിച്ചുരുക്കുന്നതിനും പ്രസിഡന്റിന് നിര്‍ദേശം പുറപ്പെടുവിക്കാം. 360-ാം വകുപ്പ് പ്രകാരമുള്ള അടിയന്തിരാവസ്ഥ ഇതുവരെ ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടില്ല.

വളരെ സൂക്ഷ്മതയോടെയും അവധാനതയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണ് പ്രസിഡന്റില്‍ നിക്ഷിപ്തമായിരിക്കുന്ന അടിയന്തിരാധികാരങ്ങള്‍. ഇക്കാര്യത്തില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചപോലും ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും എന്നാണ് അനുഭവം നല്കുന്ന പാഠം.

(പ്രൊഫ. പി.എസ്. അച്യുതന്‍പിള്ള, പ്രൊഫ. ആര്‍ ശങ്കരദാസന്‍ തമ്പി, ഡോ. വി.കെ. സുകുമാരന്‍ നായര്‍, ഡോ. ജെ. പ്രഭാഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍