This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകാരണഭീതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അകാരണഭീതി

Phobia

ഒരു വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സന്ദര്‍ഭത്തോടോ ഒരാള്‍ക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയം.

ലഘുമനോരോഗങ്ങളില്‍ (Neurotic Reaction types) ഒന്നാണിത്. ഒബ്സസിവ് കമ്പല്‍സീവ് (Obsessive compulsive) മനോരോഗത്തോടു ചേര്‍ത്ത് ഇതിനെ വര്‍ഗീകരിക്കാന്‍ ചില വിദഗ്ധര്‍ ശ്രമിച്ചു. ബ്യൂലര്‍ (1916) തുടങ്ങിയ ഫ്രഞ്ചു മനോരോഗവിദഗ്ധന്മാര്‍ ഇതിനെ ആശങ്കാമനോരോഗം (Anxiety) ആയി വ്യവഹരിച്ചു. മേല്‍പറഞ്ഞ രോഗമുള്ളവര്‍ക്കും ഒന്നോ രണ്ടോ തരം അകാരണഭീതി കൂടി ഉണ്ടാവുക സാധാരണമായതിനാല്‍ ഈ വര്‍ഗീകരണത്തിന്റെ അടിസ്ഥാനം മനസ്സിലാക്കാന്‍ കഴിയും. പക്ഷേ അകാരണഭീതി മാത്രമുള്ള ധാരാളം രോഗികളുണ്ട് എന്നത് ഒരു വസ്തുതയാകയാല്‍ അതു വേര്‍തിരിച്ചു പഠിക്കേണ്ടതുണ്ട്.

ശിശുക്കള്‍ക്കു പല കാര്യങ്ങളെയും പറ്റി നിരാസ്പദഭീതി ഉണ്ടാകാം. കൂടുതല്‍ അറിവും അനുഭവങ്ങളും ഉണ്ടാകുന്തോറും ഭയം ക്രമേണ ഇല്ലാതാകുന്നു. ഭയപ്പെടേണ്ടതും ഭയപ്പെടേണ്ടാത്തതുമായ വസ്തുക്കളെയും സന്ദര്‍ഭങ്ങളെയും പറ്റി അവര്‍ മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ വസ്തുതയുടെ പശ്ചാത്തലത്തില്‍ ശിശുസഹജമായ ഭയം സ്വാഭാവികമാണെന്നും അത് ഒരു പ്രൌഢവയസ്കനില്‍ കണ്ടാല്‍ അസ്വാഭാവികമാണെന്നും തന്മൂലം ലഘുമനോരോഗമാണെന്നും കണക്കാക്കാം. അകാരണഭീതിയുള്ള ആളിന് ഭയജനകമായ വസ്തുവോ, സന്ദര്‍ഭമോ, വ്യക്തിയോ, സാധാരണഗതിയില്‍ ഭയഹേതുകമല്ലെന്ന് അറിയാമെങ്കിലും അയാള്‍ക്ക് അവയെ ഭയപ്പെടാതിരിക്കാന്‍ കഴിയുകയില്ല. ഈ വൈരുധ്യം മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അപകടശങ്കയ്ക്കടിപ്പെട്ടുപോകുന്ന അയാള്‍ സ്വന്തം അകാരണഭീതിയെ ന്യായീകരിക്കാന്‍ ശ്രമിക്കാറുണ്ട്.

ചരിത്രം. ആധുനിക മനശ്ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയെ അകാരണഭീതിയിലേക്ക് ആദ്യമായി ആകര്‍ഷിച്ചത് 1871-ല്‍ വെസ്റ്റ്ഫാല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ്.

വെസ്റ്റ്ഫാലിനു ശേഷം പലരും വിവിധതരം അകാരണഭീതികള്‍ക്കു വിശദീകരണവും പേരും നല്‍കിയിട്ടുണ്ട്. സ്റ്റാന്‍ലി ഹാള്‍ 1914-ല്‍ 136 തരം അകാരണഭീതികളെപ്പറ്റി പരാമര്‍ശിച്ചു.

അഗോറഫോബിയ (Agoraphobia) - വിസ്താരമേറിയ വെളിംപ്രദേശത്തെപ്പറ്റിയുള്ള ഭയം, ക്ളൌസ്ട്രോഫോബിയ-(claustrophobia) ഇടുങ്ങിയതും ഇരുളടഞ്ഞതുമായ സ്ഥലങ്ങളെപ്പറ്റിയുള്ള ഭീതി, അക്രോഫോബിയ (Acrophobia) - ഉയരത്തിലേക്കു കയറുവാനുള്ള ഭയം, മിസോഫോബിയ (Mysophobia) - മാലിന്യഭീതി, സൂഫോബിയ (Zoophobia)- മൃഗങ്ങളെപ്പറ്റിയുള്ള ഭയം, പൈറോഫോബിയ (Pyrophobia)- അഗ്നിഭീതി എന്നിവയെല്ലാം ഹാളിന്റെ വര്‍ഗീകരണത്തിലുള്‍പ്പെടുന്നു.

ഫ്രോയിഡ് ഈ രോഗത്തെ ആങ്സൈറ്റി ഹിസ്റ്റീരിയ (Anxiety hysteria) എന്നു വിളിച്ചു. ശിശുക്കളുടെ അകാരണഭീതിയെപ്പറ്റിയുള്ള പഠനവും അപഗ്രഥനവും പ്രൌഢവയസ്ക്കരിലെ അകാരണഭയത്തിന്റെ പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുമെന്ന് അദ്ദേഹം വാദിച്ചു.

കുതിരയെക്കുറിച്ച് ഹാന്‍സ് എന്ന ബാലനുണ്ടായ അകാരണഭീതിയെ ഫ്രോയിഡ് വിശകലനം ചെയ്തു. ഹാന്‍സ് സ്വന്തം അമ്മയില്‍ അനുരക്തനായിരുന്നെന്നും തന്മൂലം എതിരാളിയായ അച്ഛനോട് വെറുപ്പു പുലര്‍ത്തിയിരുന്നെന്നും (നോ: ഈഡിപ്പസ് കോംപ്ളക്സ്) അദ്ദേഹം പറയുന്നു. അമ്മയുടെ മേലുള്ള ആഗ്രഹം അച്ഛനുമായുള്ള സ്നേഹബന്ധത്തില്‍ സംഘട്ടനമുണ്ടാക്കി. ഈ സംഘട്ടനം അവനില്‍ ഉളവാക്കിയ ആക്രമണാസക്തി, അച്ഛന്‍ അവന്റെ ലിംഗം ഛേദിച്ചുകളയുമോ എന്നൊരു ഭയം ജനിപ്പിച്ചു. അമ്മയോടുള്ള സ്നേഹവും അച്ഛനോടുള്ള വെറുപ്പും അബോധമനസിലേക്കു താഴ്ന്നിറങ്ങി (Repression)യതോടുകൂടി അച്ഛനോടു തോന്നിയിരുന്ന വെറുപ്പും ഭയവും മുമ്പ് കുതിരയോടുതോന്നിയിരുന്ന ഭയത്തിലേക്ക് (തന്റെ ലിംഗം കുതിര കടിച്ചെടുത്തുകളയുമെന്ന് അവന്‍ നേരത്തെ ഭയപ്പെട്ടിരുന്നു.) ആദേശം ചെയ്യപ്പെട്ടു. ഒരാളോടോ, ഒരു വസ്തുവിനോടോ തോന്നുന്ന വികാരം മറ്റൊരാളിലോ വസ്തുവിലോ ആരോപിക്കുന്ന മനസ്സിന്റെ പ്രതിരോധ (Defence mechanism) തന്ത്രമനുസരിച്ച് കുതിരയോടുള്ള അകാരണഭീതി പ്രബലമായിത്തീര്‍ന്നു. ഈ അകാരണഭീതി ഉണ്ടായതിന് മാനസികാദേശം (Displace-ment), പശ്ചാദ്ഗമനം (Regression)വിപര്യയം (Reversal) എന്നീ മൂന്നു മാനസിക പ്രതിരോധതന്ത്രങ്ങള്‍ അവന്റെ ഉപബോധമനസില്‍ പ്രവര്‍ത്തിച്ചതായി ഫ്രോയിഡ് കരുതുന്നു.

ഉപബോധമനസ്സിലേക്ക് പൂഴ്ത്തപ്പെടുന്ന അസന്തുഷ്ടവും അപ്രകാശിതവുമായ ആശകളും അഭിനിവേശങ്ങളും ബോധമനസ്സിലേക്ക് കടന്നുവരുവാന്‍ മാനസികാദേശം എന്ന പ്രതിരോധപ്രക്രിയയിലൂടെ അഹന്ത (ego) നടത്തുന്ന ശ്രമമാണ് എല്ലാ അകാരണഭീതിയുടെയും പിന്നില്‍ വര്‍ത്തിക്കുന്നതെന്ന് ഫ്രോയിഡ് പ്രസ്താവിക്കുന്നു. ഇവ സാധാരണ പെരുമാറ്റത്തെ തടയുകയോ അമിതമായി നിയന്ത്രിക്കുകയോ ചെയ്യുന്നു. പ്രൌഢവയസ്കരുടെ അകാരണഭീതിയുടെ പിന്നിലെ അസന്തുഷ്ടമായ ആശകള്‍ പലപ്പോഴും അക്രമപരവും ലൈംഗികവുമാകാം. പക്ഷേ അവിടെ ലൈംഗികതയ്ക്ക് മുഖ്യസ്ഥാനമുണ്ട്. അവ മിക്കവാറും ബാല്യകാലത്തെ ആഗ്രഹങ്ങളുടെ പരിഷ്കരിച്ച പതിപ്പായിരിക്കാം. വസ്തുതകളെ വളച്ചൊടിച്ച് അഹന്തയ്ക്കു സംതൃപ്തി നല്‍കി ബോധമനസ്സില്‍ പ്രവേശിക്കുന്നതിന് മാനസികാദേശ പ്രതിരോധം വളരെയേറെ പ്രയോജനകരമാണെങ്കിലും പശ്ചാദ്ഗമനം, വിപര്യയം, സാത്മീകരണം (Identification) എന്നീ മാനസികപ്രതിരോധതന്ത്രങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കുകയും വികൃതമാക്കുകയും ചെയ്യുന്നു. ഉപബോധമനസ്സില്‍ ആണ്ടുപോയ ഒരുവന്റെ അസംതൃപ്തമായ അഭിലാഷങ്ങള്‍ ബോധമനസ്സിലേക്ക് കടന്നുവരുവാനുള്ള ഒരു കുറുക്കുവഴിയാണ് അകാരണഭീതി എന്നു പറയാം.

സ്വപ്നംപോലെ അകാരണഭീതിയുടെ പ്രകൃതവും പ്രതിജനഭിന്നമായിരിക്കും. ആവര്‍ത്തിക്കപ്പെടുന്ന ചില സ്വപ്നങ്ങള്‍ക്കു പ്രത്യേകം ചില അര്‍ഥമുള്ളതുപോലെ വിവിധതരം അകാരണഭീതികള്‍ക്കും അബോധപൂര്‍വമായ ചില സാമാന്യാര്‍ഥങ്ങള്‍ രോഗികള്‍ കല്പിക്കാറുണ്ടെന്ന് മാനസികാപഗ്രഥനവിദഗ്ധന്മാര്‍ (Psychoanalysts) മനസ്സിലാക്കി. അഗോറാഫോബിയാ ഉള്ള ആളിന് അയാള്‍ ഭയപ്പെടുന്ന വീഥികള്‍ ലൈംഗികകര്‍മങ്ങള്‍ക്ക് സൌകര്യം ലഭിക്കുന്ന സ്ഥലങ്ങളായി അബോധധാരണകള്‍ ഉണ്ടായിരിക്കും. പാലം കടക്കാന്‍ ഭയപ്പെടുന്ന വനിത പ്രസവിക്കാന്‍ ഭയപ്പെടുന്നു. പൊതുനിരത്തിലോ മറ്റെവിടെയെങ്കിലുമോ വീണുപോകുമെന്ന് ഭീതി തോന്നുന്ന സ്ത്രീ 'ലൈംഗികമായ വീഴ്ചയെ' ആലങ്കാരികഭാഷയില്‍ പ്രകടിപ്പിക്കുകയാണ്. ക്ളൌസ്ട്രോഫോബിയയുള്ളവര്‍ക്ക് ജീവനോടുകൂടി കുഴിച്ചുമൂടപ്പെടുമോ എന്ന് അബോധഭയമുണ്ടായിരിക്കാം.

ഒറ്റയ്ക്ക് ഇരിക്കാന്‍ ഭയമുള്ളവര്‍ അത്തരം സന്ദര്‍ഭത്തില്‍ സ്വയംഭോഗം ചെയ്യാന്‍ പ്രേരിതരായി പോകുമെന്ന് ഭയപ്പെടുന്നുണ്ടാവാം. ഭ്രാന്തുവരുമോ എന്ന അകാരണഭീതി ഉള്ളവര്‍ സ്വയംഭോഗത്തെയോ ലിംഗഛേദനത്തെയോ ആഗ്രഹിക്കുന്നവരായിരിക്കാം. ചിലന്തിയെ ഭയപ്പെടുന്നത് സ്ത്രീയുടെ ലൈംഗികാവയവങ്ങളോടുള്ള ഭയം നിമിത്തമാകാം. ചിത്രശലഭങ്ങള്‍ സുന്ദരികളായ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നു. ചെറിയ ചീവീടുകളും ഇഴജന്തുക്കളും ചെറിയ കുട്ടികളുടെ ലിംഗത്തെ പ്രതിനിധാനം ചെയ്യുന്നു.

പൊതുവേ ഈ അബോധപ്രേരണകള്‍ ശിക്ഷയുടെയും (punishment) പ്രലോഭനങ്ങളുടെയും (Temptation) രൂപത്തിലായിരിക്കും ഒരുവന് അനുഭവപ്പെടുന്നത്. വിവിധതരം അകാരണഭീതികള്‍ ഒരുവനില്‍ ഉടലെടുക്കുന്നത് മിക്കപ്പോഴും അയാളുടെ മുന്‍കാലചരിത്രത്തെയും വിവിധ വസ്തുക്കളോടും സന്ദര്‍ഭങ്ങളോടുമുള്ള മനോഭാവത്തെയും ആശ്രയിച്ചായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍