This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍പ്പേഴ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍പ്പേഴ്

മിര്‍ട്ടേസി (Myrtaceae) സസ്യകുടുംബത്തില്‍പ്പെടുന്ന നിത്യഹരിതവൃക്ഷം. ശാ.നാ. ബാരിങ്റ്റോണിയ സ്പീഷിയോസ (Barringtonia). ആന്‍ഡമാന്‍ ദ്വീപുകള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, ഇന്ത്യയിലെ കടലോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വളരുന്നു.

13-20 മീ. വരെ ഉയരത്തില്‍ വളരുന്ന നീര്‍പ്പേഴിന്റെ ഇലകള്‍ക്ക് 25-35 സെ.മീ. നീളവും 10-18 സെ.മീ. വീതിയും ഉണ്ടായിരിക്കും. തോലുപോലിരിക്കുന്ന ഇലകള്‍ തിളക്കമുള്ളതും അധോമുഖ അണ്ഡാകാരവും പത്രവൃന്തത്തിലേക്ക് വീതികുറഞ്ഞുവരുന്ന ഉരുണ്ട അഗ്രത്തോടുകൂടിയതുമാണ്. ശാഖാഗ്രങ്ങളില്‍ കുലകളായിട്ട് വലിയ പുഷ്പങ്ങളുണ്ടാകുന്നു. ബാഹ്യദളപുഞ്ജം രണ്ടായി പിരിഞ്ഞിരിക്കുന്നു. ഇടതൂര്‍ന്ന് നൂലുപോലുള്ള കേസരങ്ങളെ പൊതിഞ്ഞ് നാലു ദളങ്ങളുണ്ടായിരിക്കും. ഫലം നാലു കോണുകളുള്ളതും തൂങ്ങിക്കിടക്കുന്നതുമാണ്. ചിരസ്ഥായിയായ ബാഹ്യദളങ്ങളും വര്‍ത്തികയുടെ ചില ഭാഗങ്ങളും കൂടിച്ചേര്‍ന്ന് ഫലത്തിന് ഒരു മകുടം സൃഷ്ടിക്കുന്നു. ഫലത്തിനകത്ത് ചകിരിയുമുണ്ട്. ഒരു ഫലത്തില്‍ ഒറ്റവിത്തു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഇതിന്റെ വിത്ത് മത്സ്യത്തിന് വിഷമാണ്. സസ്യഭാഗങ്ങള്‍ മനുഷ്യന് മരണകാരണമാകാറില്ലെങ്കിലും രോഗകാരണമാകാറുണ്ട്.

നീര്‍പ്പേഴിന്റെ മരപ്പട്ടയില്‍ ഒരുതരം എണ്ണ അടങ്ങിയിരിക്കുന്നു. വിത്തില്‍ 3.28 ശ.മാ. ഗ്ളൂക്കോസിഡിക് സാപ്പോണും ബാരിങ്റ്റോണും അടങ്ങിയിട്ടുണ്ട്. ഭംഗിയുള്ള വൃക്ഷമായതിനാല്‍ നീര്‍പ്പേഴ് അലങ്കാരവൃക്ഷമായി വഴിയരികില്‍ നട്ടുവളര്‍ത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍