This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ത്തിപ്പലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ത്തിപ്പലി

Purple lippa

വെര്‍ബിനേസി (Verbenaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഫില നോഡിഫ്ലോറ (Phyla nodiflora), ലിപ്പിയ നോഡിഫ്ളോറ (Lippa nodiflora) എന്നും അറിയപ്പെടുന്ന നീര്‍ത്തിപ്പലി സംസ്കൃതത്തില്‍ ജലപിപ്പലി, ശാരദീ, മത്സ്യഗന്ധാ, ബഹുശിഖാ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ വളരുന്നതിനാലാണ് ഈ സസ്യത്തിന് ജല(നീര്‍)ത്തിപ്പലി എന്ന പേര് ലഭിച്ചത്. ഇതിന്റെ ഫലങ്ങള്‍ക്ക് തിപ്പലിയുടെ ഫലത്തിന്റെ ആകൃതിയും രസവുമാണ്.

ഉഷ്ണമേഖലാപ്രദേശങ്ങളിലെയും സമശീതോഷ്ണമേഖലാപ്രദേശങ്ങളിലെയും ജലാശയങ്ങളുടെ തീരത്തും, സമുദ്രതീരങ്ങളിലെ ചതുപ്പുപ്രദേശങ്ങളിലുമാണ് നീര്‍ത്തിപ്പലി സമൃദ്ധമായി വളരുന്നത്. നിലംപറ്റി വളരുന്ന ബഹുവര്‍ഷിയായ ഈ ഓഷധിക്ക് അനേകം ചെറിയ ശാഖകളുണ്ടാവും. ഇലകള്‍ വൃത്താകാരമോ ആയതാകാരമോ ആയിരിക്കും. 2.5-5 സെ.മീ. നീളമുള്ള ഇലകളുടെ സീമാന്തം ദന്തുരമാണ്. പത്രകക്ഷ്യങ്ങളില്‍ നിന്നാണ് പൂങ്കുലകളുണ്ടാകുന്നത്. ആദ്യം ഗോളാകൃതിയില്‍ കാണപ്പെടുന്ന പൂങ്കുല പിന്നീട് നീളത്തിലാകുന്നു. പുഷ്പങ്ങള്‍ക്ക് വെളുപ്പോ ഇളം റോസോ നിറമായിരിക്കും. സഹപത്രങ്ങളുടെ അഗ്രഭാഗം വീതികൂടിയിരിക്കും. ബാഹ്യദളപുടത്തിന് രണ്ട് മി.മീ. നീളമുണ്ടായിരിക്കും ഉരുണ്ട ഡ്രൂപ്പാണ് ഫലം.

Image:neerthippalli.png

നീര്‍ത്തിപ്പലിയില്‍ ലിപ്പിഫ്ളോറിന്‍, ഗ്ളൈക്കോസൈഡ് നോഡിഫ്ളോറെറ്റിന്‍, നോഡിഫ്ളോറിഡിന്‍ അ, ആ എന്നീ ഫ്ളാവോണുകള്‍; നോഡിഫ്ളോറിന്‍ അ,ആ എന്ന തിക്തപദാര്‍ഥങ്ങള്‍, ലാക്റ്റോസ്, മാള്‍ട്ടോസ്, ഫ്രാക്റ്റോസ്, ഗ്ളൂക്കോസ്, സൈലോസ് എന്നീ രാസഘടകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. സമൂലവും, ഇളം തണ്ടും, ഇലയും ഫലവും ഔഷധമായുപയോഗിക്കുന്നു. നേത്രരോഗങ്ങള്‍ക്ക് ഔഷധമാണ്. ശുക്ളവര്‍ധകമാണ്. ഘീതവീര്യപ്രധാനമായതിനാല്‍ രക്തവികാരങ്ങള്‍, ശരീരദാഹം, വ്രണം ഇവ ശമിപ്പിക്കും. നീര്‍ത്തിപ്പലി സമൂലം പച്ചയ്ക്ക് അരച്ചെടുത്ത് അപക്വമായ പരുവില്‍വച്ചാല്‍ പരു എളുപ്പം പൊട്ടുകയും, പഴുത്തുപൊട്ടിയ പരുവില്‍ വച്ചാല്‍ എളുപ്പം ഉണങ്ങുകയും ചെയ്യും. ഈ ഓഷധിയുടെ ഇലയും വിത്തും അരച്ച് മോരില്‍ കലക്കിക്കുടിച്ചാല്‍ രക്താര്‍ശസ്സ് ശമിക്കും.

'ജലപിപ്പലികാ ഹൃദ്യാ ശുക്ളദാലഘു

സംഗ്രാഹിണീ ഹിമാരൂപക്ഷാരക്തദാഹവ്രണാപഹം

കടുപാകരസാ രുച്യാകഷായാവഹ്നി വര്‍ധിനീ'

എന്നാണ് ഭാവപ്രകാശത്തില്‍ നീര്‍ത്തിപ്പലിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ആസ്ത്മാ, ശ്വാസകോശരോഗങ്ങള്‍, കാല്‍മുട്ടുവേദന, ഹൃദ്രോഗങ്ങള്‍, പനി, അള്‍സറുകള്‍, പിത്തരോഗങ്ങള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍