This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ക്കെട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ക്കെട്ട്

ശരീരത്തില്‍ അമിതമായുള്ള ദ്രാവകം കെട്ടിക്കിടന്ന് ചില ഭാഗങ്ങളില്‍ വീക്കമുണ്ടാകുന്ന അവസ്ഥ. സാധാരണയായി കാലിലാണ് ഇതു കാണപ്പെടുക. നീര്‍ക്കെട്ടിന് നിരവധി കാരണങ്ങളുണ്ട്. വേനല്‍ക്കാലത്ത് കൂടുതല്‍ നേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്താല്‍ അധികമുള്ള ജലാംശം കാല്‍പ്പാദങ്ങളിലും കണങ്കാലിലും കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. കാലിലെ ധമനികള്‍ക്ക് ബലക്ഷയമുണ്ടായാലും എംഫിസീമ, ബ്രോങ്കൈറ്റിസ് എന്നീ ശ്വാസകോശരോഗങ്ങളുടെ ഫലമായും ഹൃദയത്തില്‍ സമ്മര്‍ദമേറുകയും കാലില്‍ നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യും.

Image:neerkkettu.png

കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍ എന്ന ഹൃദ്രോഗാവസ്ഥയിലും കാല്‍പ്പാദങ്ങളില്‍ നീരുണ്ടാകാം. ഗര്‍ഭിണികളിലും കാല്‍പ്പാദങ്ങളില്‍ നീര്‍ക്കെട്ട് കാണാം.

രക്തത്തില്‍ പ്രോട്ടീനിന്റെ അളവു കുറഞ്ഞാലും നീര്‍ക്കെട്ടുണ്ടാകാം. പോഷകാഹാരക്കുറവ്, വൃക്കരോഗം, കരള്‍രോഗം എന്നിവ മൂലമാണ് രക്തത്തില്‍ പ്രോട്ടീന്‍ കുറയുക. രക്തക്കുഴലുകള്‍ക്കുള്ളില്‍ ജലത്തെയും ലവണങ്ങളെയും പിടിച്ചുനിര്‍ത്തുന്നതില്‍ സഹായിക്കുന്നത് പ്രോട്ടീനാണ്. ഇതിന്റെ ഫലമായി ജലാംശം കലകളില്‍ നിന്നു പുറത്തേക്ക് പോവുകയില്ല. പ്രോട്ടീന്റെ അളവു കുറയുന്നതോടെ ഈ സന്തുലനത്തില്‍ വ്യതിയാനമുണ്ടാകുന്നു. രക്തത്തിലെ പ്രധാന പ്രോട്ടീനായ ആല്‍ബുമിന്‍ കുറയുമ്പോള്‍ കാല്‍പ്പാദങ്ങള്‍, കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ നീര് പ്രത്യക്ഷപ്പെടുന്നു. മൂത്രത്തിലൂടെ ആല്‍ബുമിന്‍ നഷ്ടപ്പെടുന്നുണ്ടോ എന്ന് മൂത്രപരിശോധന നടത്തിയാല്‍ മനസ്സിലാക്കാം.

പലപ്പോഴും നീരുകാണപ്പെടുന്ന ഭാഗത്ത് മിനുമിനുപ്പ് കൂടുതലായിരിക്കും. ആ ഭാഗത്ത് ത്വക്ക് വലിഞ്ഞുമുറുകിയിരിക്കും. നീരുള്ള ഭാഗത്ത് ചെറുതായി അമര്‍ത്തിയാല്‍ കൈയെടുത്തതിനുശേഷവും അമര്‍ത്തിയതിന്റെ പാടുകാണാം. നീര്‍ക്കെട്ടു തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം അതിന്റെ കാരണം കണ്ടെത്തി ഒഴിവാക്കുക എന്നതാണ്. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നതോടെ നല്ലൊരു ശതമാനം ശ്വാസകോശ-ഹൃദ്രോഗങ്ങളെ തടയാന്‍ കഴിയും. ദൂരയാത്ര ചെയ്യുമ്പോള്‍, ഇടയ്ക്കിടെ എഴുന്നേറ്റുനടക്കുന്നത്, ഏറെനേരം ഇരുന്നുണ്ടാകുന്ന നീര്‍ക്കെട്ടു തടയാന്‍ സഹായകമാണ്. ഇതിനു കഴിയുന്നില്ലെങ്കില്‍ കാല്‍പ്പാദത്തിനും കണങ്കാലിനും ഇരുന്നുകൊണ്ടുതന്നെ ലഘുവ്യായാമം നല്കുക. ഇത് രക്തസഞ്ചാരം സുഗമമാക്കാനും അതുവഴി നീര്‍ക്കെട്ട് തടയാനും സഹായിക്കും. ഉപ്പു കുറഞ്ഞ ഭക്ഷണം നീര്‍ക്കെട്ട് കുറയ്ക്കാന്‍ പ്രയോജനപ്രദമാണ്.

ആയുര്‍വേദത്തില്‍. നീര്‍ക്കെട്ടിനെ ശോഫം എന്ന സംസ്കൃതപദംകൊണ്ടാണ് ആയുര്‍വേദം വിവരിക്കുന്നത്. വിളര്‍ച്ച (anaemia), വിഷജന്തുക്കളുടെ കടി, മുറിവ്, ചതവ് ഇവ സംഭവിക്കുമ്പോള്‍ രക്തം, പിത്തം, കഫം ഇവ ദുഷിച്ച് ബാഹ്യസിരകളില്‍ രോധം (രക്തചംക്രമണത്തിന് തടസം) ഉണ്ടാക്കിയാണ് നീര്‍ക്കെട്ട് ഉണ്ടാക്കുന്നത്. വിളര്‍ച്ച എന്ന ആഭ്യന്തരകാരണംകൊണ്ടുണ്ടാകുന്ന നീര്‍ക്കെട്ട് ശരീരം ആസകലവും വിഷജന്തുക്കളുടെ കടി, മുറിവ്, അഭിഘാതം തുടങ്ങിയവ കൊണ്ടുണ്ടാകുന്ന നീര്‍ക്കെട്ട് സ്ഥാനികവും ആയിരിക്കും. ഇത് വിളര്‍ച്ച, ഹൃദ്രോഗം, വൃക്കരോഗം, വിഷം, അഭിഘാതം ഇവയില്‍ ഉപദ്രവ രോഗമായും രോഗലക്ഷണമായും കണ്ടുവരുന്നു. വിളര്‍ച്ചകൊണ്ടുണ്ടാകുന്ന നീര്‍ക്കെട്ടില്‍ വിളര്‍ച്ചയ്ക്കുള്ള ചികിത്സകൊണ്ടും വിഷം, അഭിഘാതം, ഹൃദ്രോഗം ഇവകൊണ്ടുണ്ടാകുന്ന നീര്‍ക്കെട്ടില്‍ യഥാക്രമം അവയ്ക്കുളള ചികിത്സ കൊണ്ടും നീര്‍ക്കെട്ട് ശമിപ്പിക്കാം. പാദത്തില്‍ നീര്‍ക്കെട്ട് കണ്ടാല്‍ അത് ഹൃദ്രോഗത്തെയും രാവിലെ എഴുന്നേല്ക്കുമ്പോള്‍ കണ്‍പോളകള്‍ക്ക് കീഴില്‍ കണ്ടാല്‍ അത് വൃക്കരോഗങ്ങളെയും ദ്യോതിപ്പിക്കുന്നു. മൂത്രം കൂടുതലായി പുറപ്പെടുവിക്കുക, രക്തചംക്രമണത്തെ കൂടുതല്‍ വര്‍ധിപ്പിക്കുന്ന ഞെരിഞ്ഞില്‍, തഴുതാമ, നീര്‍മരുത്, ബാര്‍ലി എന്നിവ ഉപയോഗിക്കുക ഇവയെല്ലാം നീര്‍ക്കെട്ടിന്റെ ചികിത്സയ്ക്ക് ഔഷധങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍