This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ക്കാട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ക്കാട

Common Sandpiper

കരാഡ്രിഡെ (Charadridae) ഗോത്രത്തിലെ സ്കോളോപാസിഡെ (scolopacidae) കുടുംബത്തില്‍പ്പെടുന്ന ചതുപ്പുനില ദേശാടനപ്പക്ഷി. ശാ.നാ. ട്രിങ്ക ഹൈപ്പോലൂക്കസ് (Tringa hypoleucos). കടലോരം മുതല്‍ മലമുകള്‍ വരെ ജലാശയങ്ങളുള്ള പ്രദേശങ്ങളിലെല്ലാം സാധാരണ കാണുന്ന പക്ഷിയാണിത്. കേരളത്തില്‍ ജലാശയതീരങ്ങള്‍ക്കടുത്ത് സെപ്തംബര്‍ മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് നീര്‍ക്കാടകളെ സാധാരണ കാണുക.

Image:neerkkada.png

കുയിലിന്റെ വലുപ്പവും അണ്ഡാകൃതിയുള്ള ശരീരവും നേരിയ കഴുത്തും തലയും നീണ്ടകൊക്കും വളരെച്ചെറിയ വാലും നഗ്നമായ നീളംകൂടിയ കാലുകളുമുള്ള നീര്‍ക്കാടയുടെ ഉപരിഭാഗത്തിന് ചാരവും തവിട്ടുംകലര്‍ന്ന നിറമാണ്. ഉരസ്സിന്റെ ഇരുവശവും മങ്ങിയ തവിട്ടുനിറവും അടിവശത്തിന് വെള്ളനിറവുമാണ്. കഴുത്തിന് മുന്‍ഭാഗത്ത് ഇരുണ്ട ഏതാനും രേഖകളുമുണ്ട്. കണ്ണിനുമീതെ ഒരു വെളുത്തവരയുണ്ട്. ചിറകുകള്‍ വിടര്‍ത്തുമ്പോള്‍ ചിറകുകള്‍ക്കു മധ്യഭാഗത്തായി നീളമുള്ള ഒരു വെളുത്ത പട്ട തെളിഞ്ഞുകാണാം.

നീര്‍ക്കാടപക്ഷികള്‍ ഒറ്റയ്ക്കു സഞ്ചരിക്കുന്നവയാണ്. ഇവ ജലാശയതീരങ്ങളില്‍ വാല്‍കുലുക്കിക്കൊണ്ട് തലയും കഴുത്തും ഇടയ്ക്കിടെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്ത് മണ്ണില്‍ നിന്നോ കരയ്ക്കടുത്തുവെള്ളത്തില്‍നിന്നോ ഇടയ്ക്കിടെ ഓരോന്ന് കൊത്തിയെടുത്ത് ഭക്ഷിക്കുന്നു. നീര്‍ക്കാടകളുടെ ആഹാരം ചെളിയിലും നനഞ്ഞമണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന ചെറുപ്രാണികളാണ്. ചെറുമത്സ്യങ്ങളെയും ഇവ ഭക്ഷിക്കാറുണ്ട്. ഇവ പറക്കുമ്പോള്‍ പ്ലീ-പ്ലീ, എന്നോ ച്വീ,ച്വീ എന്നോ നേരിയ ശബ്ദം പുറപ്പെടുവിക്കുന്നു.

സെപ്തംബര്‍ മാസത്തിലാണ് നീര്‍ക്കാടകള്‍ കേരളത്തിലെത്തുന്നത്. മൂന്നും നാലും ഒന്നിച്ച് പുഴയോരങ്ങളില്‍ ഓടിയും പറന്നും മത്സരിക്കുന്നു. തനിയെ ഇരതേടാനിഷ്ടപ്പെടുന്ന ഈ പക്ഷികള്‍ താന്‍ കണ്ടുപിടിച്ച സ്ഥലത്ത് മറ്റാരും വരരുതെന്ന് ശാഠ്യം പിടിക്കുന്നവയാണ്. തലയും വാലും കുലുക്കിക്കൊണ്ട് ധൃതിയില്‍ ഇരതേടുന്ന ഈ പക്ഷികള്‍ ഒരു സ്ഥലത്തും അടങ്ങിയിരിക്കുന്ന സ്വഭാവമുള്ളവയല്ല.

നീര്‍ക്കാടകളുടെ ചിറകടി സവിശേഷമാണ്. ചിറകുകള്‍ ഉയര്‍ന്നു താഴുന്നതുകാണുമ്പോള്‍ പക്ഷി തണുപ്പുകൊണ്ടോ മറ്റോ വിറങ്ങലിച്ചുപോയിട്ടുണ്ടെന്നു തോന്നും. മറ്റു പക്ഷികളെപ്പോലെ നീര്‍ക്കാടകളുടെ ചിറകുകള്‍ക്ക് വഴക്കം കുറവാണ്. പറക്കുമ്പോള്‍ പലപ്പോഴും ചിറകുകള്‍ ചലിപ്പിക്കാതെ താഴോട്ടു വളച്ചു പിടിക്കുകയും ഇവയുടെ പതിവാണ്. ഈ സമയത്ത് ചിറകുകളുടെ അറ്റത്തോടറ്റമുള്ള ആകൃതി ഒരു വില്ലിന്റേതായിരിക്കും. ഹിമാലയത്തിനും അതിനു വടക്കുമുള്ള പ്രദേശത്താണ് നീര്‍ക്കാടകള്‍ കൂടുകെട്ടി കുഞ്ഞുവിരിയിക്കുക. മേയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മാസക്കാലമാണ് പ്രജനനകാലം. ജലാശയതീരങ്ങളിലൊ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളിലൊ ചെറിയൊരു കുഴിയോടെ ഇലകള്‍ നിരത്തിയുണ്ടാക്കുന്നതാണ് ഇതിന്റെ കൂട്. ഒരു പ്രജനനകാലത്ത് നാലുമുട്ടകളിടുന്നു. മുട്ടകള്‍ക്ക് മഞ്ഞ കലര്‍ന്ന തവിട്ടു നിറമായിരിക്കും. മുട്ടകളില്‍ ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള പുള്ളികളും അടയാളങ്ങളും ഉണ്ടായിരിക്കും. കുഞ്ഞുങ്ങള്‍ വളര്‍ന്നാലുടന്‍ നീര്‍ക്കാടകള്‍ തെക്കോട്ടു സഞ്ചരിക്കുന്നു. കേരളത്തിലെത്തുന്ന ദേശാടനപക്ഷികളില്‍ ഏറ്റവുമധികം കാലം ഇവിടെ കാണപ്പെടുന്നത് നീര്‍ക്കാടകളാണെന്ന് കരുതപ്പെടുന്നു.

വെള്ളത്തിലും വെള്ളത്തിനടുത്തും സദാ ജീവിക്കുന്ന നീര്‍ക്കാടകള്‍ ദിവസേന ഒരു പ്രാവശ്യമെങ്കിലും വെള്ളത്തില്‍ കുളിക്കുക പതിവാണ്. കരയില്‍ നിന്നു സാവകാശം വെളളത്തിലിറങ്ങുന്ന പക്ഷി വെള്ളത്തിലിറങ്ങിനിന്നു മുട്ടുകുത്തി മുതുകുവരെ വെള്ളത്തിലാണ്ടു നല്ലപോലെ രണ്ടുപ്രാവശ്യം കുടഞ്ഞശേഷം പെട്ടെന്ന് പൊന്തുന്നു. വീണ്ടും ഇതേപോലെ താഴ്ന്നശേഷം ശരീരം പല പ്രാവശ്യം കുടയുകയും കൊക്ക് വെള്ളത്തില്‍ മുക്കി തൂവലുകളോരോന്നായി ചിട്ടയോടെ ചീകിവെടിപ്പാക്കുകയും ചെയ്യുന്നു. കരയില്‍ കയറിയശേഷവും ഇവ കാലുകളും കൊക്കും ഉപയോഗിച്ച് തൂവലുകള്‍ വൃത്തിയാക്കുന്നു. നീര്‍ക്കാടകള്‍ ചിറകുവൃത്തിയാക്കുന്നത് സവിശേഷ രീതിയിലാണ്. ഒരു ചിറകുമാത്രം വിടര്‍ത്തി അതേഭാഗത്തുള്ള കാലുകൊണ്ടു ചിറകിന്റെ അറ്റം പിടിച്ചു നന്നായി വലിച്ചുവിടുന്നു. അപ്പോള്‍ ചിറകിന്റെ അഗ്രം നിലത്തുമുട്ടി അയച്ചുവിട്ട സ്പ്രിങ് എന്നപോലെ വീണ്ടും കൂടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍