This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീര്‍ക്കാക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീര്‍ക്കാക്ക

Little Cormorant

പെലിക്കനിഫോര്‍മിസിലെ (Pelecaniformes) ഫാലക്രോക്കൊറാസിഡേ (Phalacrocoracidae) ഗോത്രത്തില്‍പ്പെടുന്ന നീര്‍പക്ഷി. കാക്കത്താറാവെന്നും അറിയപ്പെടുന്ന ഇതിന്റെ ശാ.നാ. ഫാലക്രോകൊറാക്സ് നൈജര്‍ (Phalacrocora niger) എന്നാണ്. കാട്ടുകാക്കയെക്കാള്‍ അല്പം വലുതാണ് തിളങ്ങുന്ന കറുപ്പുനിറമുള്ള ഈ പക്ഷി. പുറത്തുള്ള കറുപ്പിന് പച്ചത്തേപ്പുണ്ട്. താറാവിനോട് ഏറെ സാദൃശ്യമുള്ള പക്ഷിക്ക് നീണ്ടു നേര്‍ത്ത വാലും മെലിഞ്ഞ് ഒതുങ്ങിയ കൊക്കുമാണുള്ളത്. കൊക്കിന്റെ അഗ്രം കൂര്‍ത്തു വളഞ്ഞിരിക്കും. തൊണ്ടയുടെ അടിഭാഗത്തായി ചെറിയ വെളുത്ത വരകളും തലയുടെ പിന്‍ഭാഗത്ത് അല്പം പൂവും കാണാം.

ഗ്രാമപ്രദേശങ്ങളിലെ കുളങ്ങളിലും ചിറകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. മരക്കുറ്റികളിലോ മരക്കൊമ്പുകളിലോ ചിറകും വിടര്‍ത്തിയിരുന്നാണ് നീര്‍ക്കാക്ക വിശ്രമിക്കുന്നത്. വെള്ളത്തില്‍ മുങ്ങാംകുഴിയിട്ടാണ് ആഹാരം സമ്പാദിക്കുന്നത്. മത്സ്യങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. വെള്ളത്തിലെ തവളകളെയും ചെറുജീവികളെയും ഇവ ആഹാരമാക്കാറുണ്ട്. ജലപ്പരപ്പില്‍ നീന്തി തലതാഴ്ത്തി കരണം മറിഞ്ഞ് ഊളിയിട്ട് മുങ്ങി ഇരപിടിക്കുകയാണ് പതിവ്. കൊക്കില്‍ കുറുകെ എടുത്ത മത്സ്യവുമായി വെള്ളത്തിനു മുകളിലെത്തുന്ന നീര്‍ക്കാക്ക പെട്ടെന്നു മുകളിലേക്കു കുതിച്ച് ചുണ്ടനക്കി മത്സ്യത്തിന്റെ തല അകത്തോട്ടാക്കി വിഴുങ്ങുന്നു. ഉടനെതന്നെ വീണ്ടും ഊളിയിട്ടു മീന്‍പിടിക്കാന്‍ പോകും. സാമാന്യം വലുപ്പം കൂടിയ മത്സ്യങ്ങളെയും ഇവ പിടിച്ചു വിഴുങ്ങാറുണ്ട്.

Image:neerkkakka.png

എല്ലാ നീര്‍ക്കാക്കകളും കൊക്കുകളും കാളിമുണ്ടികളും ഇടകലര്‍ന്ന് സംഘം ചേര്‍ന്നാണ് കൂടുകൂട്ടുന്നത്. ഇവ ഒരു സമയം നാലോ അഞ്ചോ മുട്ടകളിടും. നീല കലര്‍ന്ന പച്ചയോ വെളുപ്പോ നിറമുള്ളതാണ് മുട്ടകള്‍. വിവിധയിനങ്ങളുടെ മുട്ടകളുടെ വലുപ്പ വ്യത്യാസം ഇവയെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു.

രണ്ടിനം നീര്‍ക്കാക്കകള്‍ കാണപ്പെടുന്നുണ്ട്. വന്‍ കാക്കയും (Large cormorant.P.carbo) ജടകാക്കയും (Indian Shag.P.fuscicollis) വന്‍കാക്കകള്‍ക്ക് താറാവിനോളം വലുപ്പമുണ്ടായിരിക്കും. ഇണചേരുന്നകാലത്ത് ഇവയുടെ തലയും കഴുത്തും ചാരനിറം കലര്‍ന്ന വെളുപ്പായിരിക്കും. പറക്കുമ്പോള്‍ ഇവയുടെ തുടയിലെ വലിയ അണ്ഡാകൃതിയുള്ള വെളുപ്പുനിറം വ്യക്തമായി കാണാന്‍ കഴിയും. സാമാന്യം വലുപ്പമുള്ള ജടക്കാക്കകള്‍ക്ക് ഇണചേരുന്ന കാലത്ത് കണ്ണിനു പുറകില്‍ വെള്ള തൂവലുകളും തലയിലും കഴുത്തിലും വെള്ളപ്പുള്ളികളും ഉണ്ടായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍