This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീമാന്‍, യുവല്‍ (1925 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീമാന്‍, യുവല്‍ (1925 - 2006)

ഇസ്രയേലി ഭൗതികശാസ്ത്രജ്ഞന്‍. ന്യൂക്ളിയര്‍ ഭൗതികശാസ്ത്രശാഖയില്‍ സബ് അറ്റോമിക കണങ്ങളെക്കുറിച്ചുള്ള നീമാന്റെ ഗവേഷണങ്ങള്‍ സൈദ്ധാന്തിക ഭൗതികത്തിന് പുതിയ മാനങ്ങള്‍ നല്കി. എന്‍ജിനീയറിങ്, ഭൗതികശാസ്ത്രം, സൈനികം, രാഷ്ട്രീയം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യാപരിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റേത്. 'തെഹിയ' രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചുകൊണ്ട് അതിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇസ്രയേലി പാര്‍ലമെന്റിലേക്ക് (Knesset) രണ്ടുതവണ തെരഞ്ഞെടുക്കപ്പെടുകയും ശാസ്ത്ര,വികസന വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ആണവോര്‍ജവിദ്യ കൈവരിക്കുകയും ഇസ്രയേലിന്റെ ബഹിരാകാശ പദ്ധതിക്കു തുടക്കം കുറിക്കുകയും ചെയ്തത് നീമാനാണ്.

Image:yuval2.png

1925 മേയ് 14-ന് ഇസ്രയേലിലെ ടെല്‍ അവീവില്‍ ജനിച്ചു. ഹെയ്ഫയിലെ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി (1945). രണ്ടാം ലോകയുദ്ധാനന്തരം ഇസ്രയേലി ആര്‍മിയില്‍ച്ചേര്‍ന്ന് പ്രതിരോധസേനയുടെ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് ഇദ്ദേഹത്തിന് അക്കാദമികരംഗത്തുനിന്നു വിട്ടുനില്ക്കേണ്ടിവന്നു. എന്നാല്‍ അറബ്-ഇസ്രയേലി യുദ്ധ(1948)ത്തിനുശേഷം പഠനം തുടര്‍ന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളജ്, പാരിസിലെ അഡ്വാന്‍സ്ഡ് സ്കൂള്‍ ഫോര്‍ വാര്‍ സ്റ്റഡീസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം സൈദ്ധാന്തിക ഭൗതികത്തില്‍ ഗവേഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ 1958-ല്‍ ലണ്ടനിലെ ഇസ്രയേലി എംബസിയില്‍ മിലിട്ടറി അറ്റാഷെ ആയി ചേര്‍ന്നു. 1962-ല്‍ ഡോക്ടറേറ്റ് നേടി. സായുധസേനയില്‍നിന്നു പിരിഞ്ഞ് ഇസ്രയേലി അറ്റോമിക് എനര്‍ജി കമ്മീഷന്റെ (IAEC) റിസേര്‍ച്ച് എസ്റ്റാബ്ളിഷ്മെന്റില്‍ സയന്റിഫിക് ഡയറക്ടറായി. ടെല്‍ അവീവില്‍ ഭൗതികശാസ്ത്രവകുപ്പ് സ്ഥാപിച്ച് അതിന്റെ തലവനായി സേവനം തുടര്‍ന്നു. 1968-ല്‍ ടെക്സസ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ പാര്‍ട്ടിക്കിള്‍ തിയറിയുടെ ഡയറക്ടറായി. 1983-ല്‍ ഇസ്രയേലി സ്പേസ് ഏജന്‍സി സ്ഥാപിക്കുകയും അതിന്റെ തലവനായി മരണംവരെ തുടരുകയും ചെയ്തു.

മൗലികകണങ്ങളുടെ വര്‍ഗീകരണത്തിലും ഗ്രൂപ്പ് സിദ്ധാന്തത്തിലും നീമാന്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ന്യൂക്ളിയോണുകള്‍, ഹൈപ്പറോണുകള്‍ (പൊതുവില്‍ ബാരിയോണുകള്‍), മെസോണുകള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളില്‍ മുഴുകിയ നീമാന്‍ 1961-ല്‍ 'യൂണിറ്ററി സിമട്രി'യെക്കുറിച്ചുള്ള ഗവേഷണഫലം പ്രസിദ്ധീകരിച്ചു. അണുകേന്ദ്ര ഭൌതിക ശാഖയില്‍ സുപ്രധാന സൈദ്ധാന്തിക പുരോഗതിയായി പരിണമിച്ച 'ക്വാര്‍ക്ക് പരികല്പന'യ്ക്ക് ഇത് അടിസ്ഥാനമിട്ടു. 1961-ല്‍ നീമാനും യു.എസ്. ശാസ്ത്രജ്ഞനായ മുറേ ഗല്‍മാനും സ്വതന്ത്രമായ ഗവേഷണങ്ങളിലൂടെ മൌലികകണങ്ങളെ (elementary particles) വര്‍ഗീകരിക്കുന്നതിനുള്ള ഗണിതീയരൂപം വികസിപ്പിച്ചെടുത്തു. SU(3) സിദ്ധാന്തം എന്ന് ഇതറിയപ്പെട്ടു. ഒമേഗ മൈനസ് (Ω-) കണത്തിന്റെ ദ്രവ്യമാനം ശരിയായി പ്രവചിക്കാന്‍ ഇതുമൂലം കഴിഞ്ഞു. ഈ സിദ്ധാന്തത്തെ കേന്ദ്രീകരിച്ച് നീമാനും ഗല്‍മാനും ചേര്‍ന്നു പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ദി എയ്റ്റ്ഫോള്‍ഡ് വേ (1964). (മൗലികകണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഗല്‍മാന് 1969-ല്‍ നോബല്‍ സമ്മാനം ലഭിച്ചു). നീമാന്റെ പഠനങ്ങള്‍ പില്ക്കാലത്ത് പാര്‍ട്ടിക്കിള്‍ ഫിസിക്സ്, കോസ്മോളജി, അസ്ട്രോഫിസിക്സ്, എപ്പിസ്റ്റമോളജി എന്നീ മേഖലകളില്‍ ഉപയുക്തങ്ങളായി. സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തില്‍ (General relativity) 'വൈറ്റ് ഹോള്‍സ്' എന്ന സാങ്കേതികസംജ്ഞ ആദ്യമായി ഉപയോഗിച്ചത് നീമാനാണ്. 20 ഗ്രന്ഥങ്ങളും 350-ല്‍പരം ശാസ്ത്രപ്രബന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നീമാനും യൊറാം കിര്‍ഷും ചേര്‍ന്നു രചിച്ച ഗ്രന്ഥമാണ് പ്രസിദ്ധമായ ദ് പാര്‍ട്ടിക്കിള്‍ ഹണ്ടേഴ്സ് (1986).

വീസ്മാന്‍ പ്രൈസ് (1966), റോഥ്സ്ചൈല്‍ഡ് പ്രൈസ് (1968), ഇസ്രയേലിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഇസ്രയേല്‍ പ്രൈസ് (1969), ഐന്‍സ്റ്റൈന്‍ പ്രൈസ് (1969), കോളജ് ദെ ഫ്രാന്‍സ് മെഡല്‍ (1972), ബിര്‍ള സയന്‍സ് അവാര്‍ഡ് (1998) തുടങ്ങിയ അനേകം ബഹുമതികള്‍ നീമാനു ലഭിച്ചു.

ഇസ്രയേല്‍ അക്കാദമി ഒഫ് സയന്‍സസിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗം (1966), അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ വിദേശ ഓണററി അംഗം (1970), യു.എസ്. നാഷനല്‍ അക്കാദമി ഒഫ് സയന്‍സസില്‍ ഫോറിന്‍ അസോസിയേറ്റ് (1972), ന്യൂയോര്‍ക്ക് അക്കാദമി ഒഫ് സയന്‍സസില്‍ ഓണററി ലൈഫ് മെമ്പര്‍ (1973) എന്നീ നിലകളില്‍ ഇദ്ദേഹം സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. രണ്ടാം തവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഊര്‍ജവകുപ്പുകൂടി ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 1997-2002 കാലഘട്ടത്തില്‍ ഇസ്രയേല്‍ അസോസിയേഷന്‍ ഒഫ് എന്‍ജിനിയേഴ്സിന്റെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. ഇസ്രയേല്‍, യു.എസ്., ജര്‍മനി, റഷ്യ എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകള്‍ ഇദ്ദേഹത്തിന് ഓണററി ഡോക്ടര്‍ ബിരുദം സമ്മാനിച്ചിട്ടുണ്ട്.

2006 ഏപ്രില്‍ 26-ന് ടെല്‍ അവീവില്‍ നീമാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍