This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീന്തല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

നീന്തല്‍

സവിശേഷമായ ശാരീരകചലനത്തിലൂടെ വെള്ളത്തില്‍ നീങ്ങുന്ന പ്രക്രിയ. ഇന്ന്, ഇത് വൈവിധ്യമാര്‍ന്നതും നിയതമായ വ്യവസ്ഥകളുള്ളതുമായ ഒരു കായിക കലയും വ്യായാമവും കൂടിയാണ്. മത്സ്യങ്ങള്‍, ഇഴജന്തുക്കള്‍, കന്നുകാലികള്‍ തുടങ്ങിയവയ്ക്ക് ഈ കഴിവ് ജന്മസിദ്ധമാണെങ്കിലും മനുഷ്യന് ഇത് പരിശീലനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇതില്‍ ഏറ്റവും പ്രധാനം വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള കഴിവ് നേടുക എന്നതാണ്. മനുഷ്യശരീരത്തിന്റെയും വെള്ളത്തിന്റെയും സാന്ദ്രത ഏകദേശം തുല്യമായിരിക്കെ, ശ്വാസകോശത്തില്‍ ശ്വസനംവഴി ഓക്സിജന്‍ നിറയ്ക്കപ്പെടുമ്പോള്‍ വെള്ളത്തെ അപേക്ഷിച്ച് ശരീരത്തിന്റെ സാന്ദ്രത കുറയുന്നതിനാലാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സാധിക്കുന്നത്. ചലിക്കുന്നതിന്റെ എതിര്‍ദിശയില്‍ കൈകാലുകളുടെ ചലനത്താല്‍ ചെലുത്തുന്ന തള്ളല്‍മൂലം വെള്ളത്തില്‍ ശരീരചലനവും സാധ്യമാകുന്നു.

ചരിത്രം

നീന്തല്‍ മത്സരങ്ങള്‍ എന്നു തുടങ്ങിയെന്ന് കൃത്യമായി പറയാനാവില്ല. ഈജിപ്തില്‍ ബി.സി. 2500-ല്‍ നീന്തല്‍ പരിശീലിച്ചിരുന്നതായി തെളിവുകള്‍ ഉണ്ട്. ഗ്രീസിലും റോമിലും നീന്തല്‍ വ്യാപകമായ തോതില്‍ പ്രചരിച്ചിരുന്നുവെന്ന് മാത്രമല്ല, പട്ടാളക്കാരുടെ പരിശീലനത്തില്‍ അതിന് പ്രധാനമായ സ്ഥാനം നല്കുകയും ചെയ്തിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. പൗരസ്ത്യദേശങ്ങളില്‍ ബി.സി. ഒന്നാം നൂറ്റാണ്ടിലാണ് നീന്തലിന്റെ ചരിത്രം തുടങ്ങുന്നത്. ജപ്പാനില്‍ നീന്തല്‍മത്സരങ്ങള്‍ നടന്നതിന് തെളിവുകള്‍ ഉണ്ട്. അവിടത്തെ സ്കൂളുകളില്‍ നീന്തല്‍ പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു.

Image:swimminggal.png

പസിഫിക് തീരത്തെ നാവികവര്‍ഗത്തില്‍പ്പെട്ട ചില വിഭാഗങ്ങള്‍ കുട്ടികളെ പിച്ചനടക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ നീന്താന്‍ പഠിപ്പിച്ചിരുന്നുവത്രെ. കുളിക്കുന്ന സാധാരണ കുളങ്ങളില്‍നിന്നും വ്യത്യസ്തമായ നീന്തല്‍ക്കുളങ്ങള്‍ റോമാക്കാര്‍ നിര്‍മിച്ചിരുന്നു. മധ്യകാലങ്ങളില്‍ യൂറോപ്പില്‍ നീന്തല്‍ മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. കുളങ്ങളിലെയും പുഴകളിലെയും വെള്ളത്തില്‍ നീന്തി പകര്‍ച്ചവ്യാധി പിടിപെടുമെന്നുള്ള വിശ്വാസമായിരുന്നു ഇതിനുപിന്നില്‍.

എന്നാല്‍, ആധുനിക നീന്തല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇംഗ്ലണ്ടിലായിരുന്നു. 1828-ല്‍ ലിവര്‍പൂളിലാണ് ആദ്യമായി നീന്തല്‍ മത്സരങ്ങള്‍ക്കായുള്ള നീന്തല്‍ക്കുളങ്ങള്‍ (Swimming pool) പണികഴിപ്പിച്ചത്. 1837-ല്‍ ലണ്ടനില്‍ ആദ്യമത്സരം നടന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ബ്രസ്റ്റ് സ്ട്രോക്ക് ഇനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. 1846-ല്‍ ആസ്റ്റ്രേലിയയിലും നീന്തല്‍ മത്സരങ്ങള്‍ ആരംഭിച്ചു.

1860-കളില്‍ ലണ്ടനിലെ നീന്തല്‍ക്ലബ്ബുകള്‍ തമ്മില്‍ മത്സരങ്ങള്‍ അരങ്ങേറിയിരുന്നു. 1876-ല്‍ ക്ലബ്ബുകളുടെ മത്സരം നിയന്ത്രിക്കുന്നതിനായി മെട്രോ പൊളിറ്റന്‍ സ്വിമ്മിങ് അസോസിയേഷന്‍ (ഇപ്പോള്‍ ലണ്ടന്‍ സ്വിമ്മിംഗ് അസോസിയേഷന്‍) എന്ന സംഘടന രൂപംകൊണ്ടു.

അമേരിക്കയില്‍ നീന്തല്‍ മത്സരങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചത് 1888-ല്‍ അമേച്വര്‍ അത്ലറ്റിക് യൂണിയനാ (AAU) യിരുന്നു. അന്താരാഷ്ട്ര നീന്തല്‍ മത്സരങ്ങളുടെ സംഘടനയായ ഫെഡറേഷന്‍ ഇന്റര്‍ നാഷണല്‍ ദേ നേറ്റേഷന്‍ അമേച്വര്‍ (FINA-ഫിന) 1909-ല്‍ രൂപംകൊണ്ടു. ഇപ്പോള്‍ ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ നീന്തല്‍ മത്സരങ്ങള്‍ക്ക് പുറമേ, ഡൈവിങ്, സിങ്ക്റണൈസ്ഡ് സ്വിമ്മിങ്, വാട്ടര്‍പോളോ, ദീര്‍ഘദൂര നീന്തല്‍മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു. സ്വിറ്റ്സര്‍ലണ്ടിലാണ് 'ഫിന'യുടെ ആസ്ഥാനം.

1896-ല്‍ ഏഥന്‍സില്‍ നടന്ന പ്രഥമ ഒളിമ്പിക്സില്‍ത്തന്നെ നീന്തല്‍മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. നീന്തല്‍ വിഭാഗത്തില്‍ മൂന്നിനങ്ങളില്‍ മാത്രമാണ് മത്സരങ്ങള്‍ നടത്തിയിരുന്നത്. കാലക്രമേണ ഇവയുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. 1912-ല്‍ സ്റ്റോക്ക്ഹോം ഒളിമ്പിക്സില്‍ വനിതകള്‍ക്കായുള്ള മത്സരങ്ങളും ഏര്‍പ്പെടുത്തി.

1970-കളില്‍ ഒളിമ്പിക്സിലെ പ്രധാന ഇനങ്ങളില്‍ രണ്ടാമതായി നീന്തല്‍ മത്സരങ്ങള്‍. ഇതിനുശേഷമാണ് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. 1973-ല്‍ ബെല്‍ഗ്രേഡിലാണ് ആദ്യത്തെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടന്നത്. പന്ത്രണ്ടാമത് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് 2007-ല്‍ മെല്‍ബണില്‍ നടന്നു.

യൂറോപ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് 1926-ല്‍ ആരംഭിച്ചു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് ഗെയിംസിന് 1930-ലും പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിന് 1951-ലുമാണ് തുടക്കം കുറിച്ചത്.

സ്ട്രോക്കുകള്‍

നീന്തുന്നതിനായുള്ള കൈകാലുകളുടെ പ്രത്യേക ചലനത്തിനാണ് സ്ട്രോക്ക് എന്നുപറയുന്നത്. കൂടുതല്‍ വേഗത്തില്‍ നിന്താനുള്ള ശ്രമത്തിന്റെ ഫലമായാണ് 1873-ല്‍ ഇംഗ്ളണ്ടില്‍ കൈകള്‍ മേലോട്ടുയര്‍ത്തിയുള്ള ഒരു പുതിയ രീതി നിലവില്‍ വന്നത്. ഈ രീതി പ്രയോഗത്തില്‍വരുത്തിയ ട്രജര്‍ എന്നയാള്‍ അതിന്റെ തത്ത്വങ്ങള്‍ മനസ്സിലാക്കിയത് തെക്കെ അമേരിക്കയിലെ തദ്ദേശീയരില്‍ നിന്നുമായിരുന്നു. ക്രോള്‍ ഓവര്‍ ആംസ്ട്രോക്ക് എന്നാണ് ഈരീതി അറിയപ്പെടുന്നത്. ഈ സ്ട്രോക്ക് ഉപയോഗിച്ച് അതിവേഗം ചെറുദൂരം നീന്താന്‍ കഴിയുമെന്ന് തെളിഞ്ഞതോടെ വന്‍തോതിലുള്ള പ്രചാരമാണ് ഇതിനുലഭിച്ചത്.

Image:NEETHAL.png

സാധാരണയായി ക്രോള്‍ സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക്, ബട്ടര്‍ഫ്ളൈ സ്ട്രോക്ക്, ബ്രസ്റ്റ് സ്ട്രോക്ക്, സൈഡ് സ്ട്രോക്ക് എന്നിവയാണ് പ്രധാന സ്ട്രോക്കുകള്‍.

ഏറ്റവും വേഗത്തില്‍ നീന്താനാണ് ക്രോള്‍ സ്ട്രോക്കുകള്‍ അഥവാ ഫ്രീ സ്റ്റൈല്‍ സ്ട്രോക്കുകള്‍ ഉപയോഗിക്കുന്നത്. നേരത്തെ വിവരിച്ച ക്രോള്‍ ഓവര്‍ ആംസ്ട്രോക്കിന് രൂപമാറ്റം സംഭവിച്ചാണ് ഈ രീതി നിലവില്‍ വന്നത്. ജലോപരിതലത്തില്‍ കമഴ്ന്ന് കിടന്ന് കൈകള്‍ രണ്ടും ഇടവിട്ട് വൃത്താകാരത്തില്‍ ചലിപ്പിച്ച് കാലുകള്‍ ഇടവിട്ട് വെള്ളത്തിലടിക്കുന്ന രീതിയാണിത്. ഇങ്ങനെ നീന്തുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ശ്വാസോച്ഛ്വാസം നടത്തേണ്ടതുണ്ട്.

പിറകോട്ട് നീന്താനാണ് ബാക്ക് സ്ട്രോക്കുകള്‍ ഉപയോഗിക്കുന്നത്. ഇടവിട്ടുള്ള കൈകളുടെ ചലനം തന്നെയാണിത്. 1900-ലാണ് ബാക്ക് സ്ട്രോക്ക് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത്.

Image:starting-block.png

1935-ല്‍ മേയേഴ്സ് എന്ന അമേരിക്കക്കാരനാണ് ബട്ടര്‍ഫ്ളൈ സ്ട്രോക്കുകള്‍ ആവിഷ്കരിച്ചത്. 1952-ലെ ഒളിമ്പിക്സില്‍ ഇത് ഒരു മത്സരയിനമായി ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ സ്ട്രോക്കില്‍ കൈകള്‍ പിറകോട്ടടിക്കുന്നത് വെള്ളത്തിനു പുറത്തുവച്ചാണ്. ചിത്രശലഭങ്ങളുടെ ചിറകടിയെ അനുസ്മരിപ്പിക്കുന്നതുകൊണ്ടാണ് ഈ രീതിക്ക് ബട്ടര്‍ഫ്ളൈ സ്ട്രോക്ക് എന്ന പേര് ലഭിച്ചത്.

ആദ്യകാലങ്ങളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന സ്ട്രോക്കാണ് ബ്രസ്റ്റ് സ്ട്രോക്ക്. വെള്ളത്തില്‍ കമഴ്ന്ന് കിടന്ന് കൈകാലുകള്‍ പരമാവധി വിടര്‍ത്തിയാണ് ഈ സ്ട്രോക്കില്‍ ചലനം സാധ്യമാക്കുന്നത്. താരതമ്യേന വേഗത കുറഞ്ഞ ബ്രസ്റ്റ് സ്ട്രോക്കില്‍ കൈകള്‍ പിറകോട്ടടിക്കുന്നത് വെള്ളത്തിനടിയില്‍ വച്ചാണ്. മത്സരയിനങ്ങള്‍ക്കതീതമായി ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും മറ്റുമാണ് സൈഡ് സ്ട്രോക്കുകള്‍ ഉപയോഗിക്കുന്നത്. അപകടത്തില്‍പ്പെട്ടയാളെയുമെടുത്ത് നീന്തുന്ന രീതിയാണിത്.

നീന്തല്‍ക്കുളങ്ങള്‍

Swimming pool

പ്രധാനമായും രണ്ടുതരം നീന്തല്‍ക്കുളങ്ങളാണ് മത്സരത്തിനായി ഉപയോഗിക്കുന്നത്: നീളംകൂടിയ ലോങ് കോഴ്സ് പൂളുകളും നീളംകുറഞ്ഞ ഷോര്‍ട്ട് കോഴ്സ് പൂളുകളും. ഒരു മത്സര റെക്കോര്‍ഡ് ഫെഡറേഷന്‍ ഇന്റര്‍ഷണലെ ഡി നടേഷന്‍ (FINA) അംഗീകരിക്കണമെങ്കില്‍ അത് ലോങ് കോഴ്സ് പൂളിലായിരിക്കണം.

സാധാരണയായി എട്ട് ട്രാക്കുകളാണ് ഒരു നീന്തല്‍ക്കുളത്തില്‍ ഉണ്ടാവുക. ഓരോ ട്രാക്കിന്റെ ആരംഭത്തിലും ജലനിരപ്പില്‍ നിന്നും മുപ്പത് ഇഞ്ച് ഉയരത്തിലായി സ്റ്റാര്‍ട്ടിങ് ബ്ളോക്കുകള്‍ ഉണ്ടായിരിക്കും. മത്സരത്തിന്റെ ആരംഭത്തില്‍ നീന്തല്‍താരങ്ങള്‍ ഇവിടെയാണുണ്ടാവുക. സാധാരണയായി നാലടി ആഴമുള്ള കുളത്തിലാണ് മത്സരങ്ങള്‍ നടക്കുക. ലോങ് കോഴ്സ് പൂളുകള്‍ക്ക് 50 മീറ്റര്‍ നീളവും 23 മീറ്റര്‍ വീതിയുമാണുണ്ടാവുക. ഷോര്‍ട്ട് കോഴ്സ് പൂളിന്റെ നീളം 25 മീറ്ററും വീതി 18 മീറ്ററുമാണ്.

സാധാരണഗതിയില്‍ ഔട്ട് ഡോര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ലോങ് കോഴ്സ് പൂളിലും ഇന്‍ഡോര്‍ മത്സരങ്ങള്‍ ഷോര്‍ട്ട് കോഴ്സ് പൂളിലുമാണ് നടക്കുന്നത്.

നിയമങ്ങള്‍

സ്റ്റാര്‍ട്ട്. ബാക്ക് സ്ട്രോക്ക് ഒഴികെയുള്ള മത്സരയിനങ്ങളിലെല്ലാം മത്സരാര്‍ഥി സ്റ്റാര്‍ട്ടിങ് ബ്ളോക്കിലാണ് നില്‍ക്കേണ്ടത്. മത്സരം നിയന്ത്രിക്കുന്നയാളുടെ നിര്‍ദേശമനുസരിച്ച് ഓരോരുത്തരും സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ കയറി, ബ്ലോക്കിന്റെ മുന്‍വശത്ത് വിരല്‍ കുത്തിപ്പിടിക്കണം. സ്റ്റാര്‍ട്ടറുടെ പിസ്റ്റളില്‍ നിന്നും വെടിയൊച്ച കേള്‍ക്കുന്നതോടെ നീന്തല്‍ക്കാര്‍ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്യണം. ശരീരത്തിന് ആയം (momentum) ലഭിക്കുന്നതുവരെ കൈകള്‍ വൃത്താകാരത്തിലാണ് തുഴയേണ്ടത്. പിന്നീട് നിശ്ചയിക്കപ്പെട്ട സ്ട്രോക്കില്‍ നീന്തണം.

Image:swimming stadium 11.png

എന്നാല്‍ ഇപ്പോള്‍, മുന്‍ ഒളിമ്പിക്സ് ചാമ്പ്യനായ മാര്‍ക്ക് സ്പിറ്റ്സിന്റെ 'ഗ്രാബ് സ്റ്റാര്‍ട്ട്' രീതിയാണ് ഉപയോഗിച്ചുവരുന്നത്. ഈ രീതിയനുസരിച്ച് സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ നില്‍ക്കുന്നയാളുടെ കൈകള്‍ രണ്ട് കാല്‍പ്പാദങ്ങളുടെ ഇടയിലോ ഇരുവശത്തുമായോ ആണ് വയ്ക്കേണ്ടത്. ഗ്രാബ് സ്റ്റാര്‍ട്ട് നിയമമനുസരിച്ച് നിശ്ചയിക്കപ്പെട്ട സ്ട്രോക്കില്‍ത്തന്നെയാണ് ആദ്യം മുതല്‍ നീന്തേണ്ടത്.

ബാക്ക് സ്ട്രോക്ക് ജനങ്ങളുടെ സ്റ്റാര്‍ട്ടിങ്ങില്‍ മത്സരാര്‍ഥികള്‍ നീന്തല്‍ക്കുളത്തില്‍ത്തന്നെയാണ് നില്‍ക്കേണ്ടത്.

ടേണ്‍ (Turn). നീന്തല്‍ക്കുളത്തിന്റെ ഒരറ്റത്തെത്തി തിരിച്ച് നീന്തുമ്പോള്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ക്രോള്‍ മത്സരയിനങ്ങളില്‍ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗം നീന്തല്‍ക്കുളത്തിന്റെ ചുമരില്‍ തട്ടിക്കണം. എന്നാല്‍ ബാക്ക് സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടര്‍ഫ്ളൈ സ്ട്രോക്ക് വിഭാഗങ്ങളില്‍ കൈകളാണ് ചുമരില്‍ തട്ടിക്കേണ്ടത്.

കാല്‍പ്പാദങ്ങള്‍ ശക്തിയായി ചുമരിലിടിച്ച് തിരിച്ച് നീന്തുന്നതിന് ഫ്ളിപ്പ് ടേണ്‍ (Flip turn) എന്നാണ് പറയുക. 1956-ലെ ഒളിമ്പിക്സിലാണ് ഫ്ളിപ്പ്-ടേണ്‍ നിലവില്‍ വന്നത്.

മത്സരങ്ങളുടെ കൃത്യമായ നടത്തിപ്പിനായി വിവിധ ജഡ്ജുകള്‍ ഉണ്ടായിരിക്കും. സ്റ്റാര്‍ട്ടര്‍ ആണ് നീന്തല്‍ താരങ്ങളെ മത്സരത്തിനായി ട്രാക്കില്‍ അണിനിരത്തുന്നത്. ടേണ്‍ ജഡ്ജുകള്‍ മത്സരാര്‍ഥികളുടെ ടേണുകളുടെ കൃത്യത പരിശോധിക്കുന്നു. സ്ട്രോക്ക് ജഡ്ജുകള്‍ മത്സരാര്‍ഥികള്‍ ശരിയായ സ്ട്രോക്കില്‍ തന്നെയാണോ നീന്തുന്നതെന്ന് പരിശോധിക്കുന്നു. ടൈംകീപ്പര്‍ നീന്താനെടുക്കുന്ന സമയവും മറ്റും കണക്കാക്കുന്നു.

മത്സരയിനങ്ങള്‍

നീന്തല്‍ മത്സരങ്ങള്‍ ടീം ഇനങ്ങളായും വ്യക്തിഗതയിനങ്ങളായുമാണ് നടത്തപ്പെടുന്നത്. വിവിധ സ്ട്രോക്കുകളുടെ അടിസ്ഥാനത്തിലും ട്രാക്കിന്റെ നീളത്തിന്റെ അടിസ്ഥാനത്തിലും മത്സരങ്ങളും തരംതിരിക്കാവുന്നതാണ്.

Image:grab-track-start.png

റിലേ മത്സരങ്ങളാണ് ടീം ഇനങ്ങളില്‍പ്പെടുന്നത്. ഒരു ടീമില്‍ നാലുപേരാണുണ്ടാവുക. ഇതില്‍ 4 x 100, 4 x 200 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഫ്രീസ്റ്റൈല്‍, ബട്ടര്‍ഫ്ളൈ സ്ട്രോക്ക്, ബാക്ക് സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക് എന്നീ സ്ട്രോക്കുകളുടെ അടിസ്ഥാനത്തിലാണ് വ്യക്തിഗത മത്സരങ്ങള്‍ നടത്തുന്നത്. ഒരൊറ്റയിനത്തില്‍ത്തന്നെ വ്യത്യസ്ത സ്ട്രോക്കുകള്‍ ഒത്തുചേരുന്ന മെഡ്ലി (medely) ഇനങ്ങള്‍ മത്സരങ്ങളുടെ പ്രത്യേകാകര്‍ഷണമാണ്. ഈ മത്സരയിനത്തില്‍ ആകെ ദൂരത്തിന്റെ നാലിലൊന്ന് ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും അടുത്ത ബ്രെസ്റ്റ് സ്ട്രോക്കിലും അവസാനത്തെ കാല്‍ഭാഗം ഫ്രീസ്റ്റൈലിലുമാണ് തുടര്‍ന്ന് നീന്തേണ്ടത് മെഡ്ലി മത്സരങ്ങള്‍ വ്യക്തിഗതയിനത്തിലും റിലേയിനത്തിലും നടത്തപ്പെടുന്നു.

Image:neenthal 2.png

വാട്ടര്‍പോളോ. ഏഴു പേര്‍വീതം ഉള്ള രണ്ട് ടീമുകള്‍ തമ്മില്‍ നീന്തല്‍ക്കുളത്തില്‍ നടത്തുന്ന കളിയാണിത്. ഇതിനുപയോഗിക്കുന്ന പന്ത് ഫുട്ബോളിനോട് സാമ്യമുള്ളതിനാലാകാം 'വെള്ളത്തിലെ ഫുട്ബോള്‍' എന്നാണ് ഈ കളി ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് കൈയിലുള്ള വടികൊണ്ട് പന്ത് തട്ടുകയായിരുന്നു പതിവ്. പിന്നീട് പന്ത് കൈകൊണ്ട് വെള്ളത്തില്‍ക്കൂടി മുന്നോട്ട് തള്ളി(ഹാന്‍ഡ്ബോളിനോടു സാമ്യം)യും പരസ്പരം കൈമാറിയും ഗോള്‍ ഏരിയയില്‍ കടന്ന് ഗോള്‍വലയത്തിലേക്ക് എറിയുകയാണ് കളിയുടെ സാമാന്യ രീതി. 1870-ല്‍ ബ്രിട്ടനിലാണ് ഈ കളിക്ക് തുടക്കം കുറിക്കപ്പെട്ടത്. 20 മുതല്‍ 30 വരെ മീറ്റര്‍ നീളമുള്ള നീന്തല്‍ ക്കുളങ്ങളിലാണ് സാധാരണയായി മത്സരങ്ങള്‍ നടക്കുന്നത്.

സിങ്ക്ക്രൊണൈസ്ഡ് നീന്തല്‍. മുന്‍കൂട്ടി നിശ്ചയിച്ച് പ്രത്യേകമായ രീതിയില്‍ സംഗീതത്തിന്റെ താളത്തിനൊത്ത് ഒന്നോ അതിലധികമോ നീന്തല്‍ത്താരങ്ങള്‍ ജലോപരിതലത്തില്‍ നടത്തുന്ന അഭ്യാസപ്രകടനമാണിത്. അഭ്യാസ പ്രകടനങ്ങള്‍ക്ക് നൃത്തവുമായി സാമ്യമുള്ളതിനാല്‍ 'വാട്ടര്‍ ബാലെ' എന്നും ഇതറിയപ്പെടുന്നു.

1933-ല്‍ ഷിക്കാഗോയില്‍ നടന്ന സെഞ്ചുറി ഒഫ് പ്രോഗ്രസ്സ് എക്സ്പോസിഷനില്‍ മോഡേണ്‍ മെര്‍മെയ്ഡ്സിന്റെ പ്രകടനത്തോടെയാണ് സിങ്ക്രൊണൈസ്ഡ് നീന്തല്‍ ജനപ്രീതി നേടിയത്.

Image:NEETHAL2.png

1941-ല്‍ വിസ്കോസിന്‍ യൂണിവേഴ്സിറ്റിയിലെ കായികാധ്യാപകനായിരുന്ന കാതറീന്‍ കര്‍ട്ട്സ് ആണ് ലോകത്ത് ആദ്യമായി ഒരു അമേച്വര്‍ സിങ്ക് റണൈസ്ഡ് ടീമിനെ വാര്‍ത്തെടുത്തത്. 1948-ല്‍ യു.എസ്സിലെ അമേച്വര്‍ അത്ലറ്റിക് യൂണിയന്‍ (AAU) ഈ ഇനവും നീന്തല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തി. 1951-ലെ ജൂനിയര്‍ ഒളിമ്പിക്സില്‍ ഈ മത്സരയിനം ഉള്‍പ്പെടുത്തിയെങ്കിലും 1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലാണ് 'വാട്ടര്‍ബാലെ' ശ്രദ്ധിക്കപ്പെടുന്ന മത്സരയിനമായി മാറിയത്. 1979-ല്‍ ആരംഭിച്ച 'ഫിന'യുടെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലെ മുഖ്യ ആകര്‍ഷണവും ഈ മത്സരയിനംതന്നെ.

സോളോ, ഡ്യൂയെറ്റ്, ട്രയോ എന്നീ ഇനങ്ങളിലാണ് മുഖ്യമായും മത്സരങ്ങള്‍ നടക്കുന്നത്. ഒരു ടീമില്‍ നാലുമുതല്‍ എട്ടു വരെ അംഗങ്ങളാണ് ഉണ്ടാവുക.

ബാലെ ലെഗ്, ഡോള്‍ഫിന്‍ ഹെഡ് ഫസ്റ്റ്, ഡോള്‍ഫിന്‍ ഫൂട്ട് ഫസ്റ്റ്, കരണം മറിച്ചില്‍, ഡൈവേഴ്സ് തുടങ്ങി വിസ്മയം ജനിപ്പിക്കുന്ന പലതരം സ്റ്റണ്ടുകള്‍ സിങ്ക്രൊണൈസ്ഡ് നീന്തലിന്റെ സവിശേഷതയാണ്.‌

Image:arathi saha.png

[ആരതി സാഹ]

ഡൈവിങ്. തലമാത്രം ആദ്യം സ്പര്‍ശിക്കത്തക്കവിധം വെളളത്തിലേക്കുള്ള കുതിച്ചുചാട്ടത്തിനാണ് ഡൈവിങ് എന്നുപറയുന്നത്. 1904-ലെ ഒളിമ്പിക്സ് മുതല്‍ ഡൈവിങ് നീന്തല്‍ മത്സരങ്ങളുടെ ഭാഗമായി അംഗീകരിക്കപ്പെട്ടുപോരുന്നു. നോ: ഡൈവിങ്

ദീര്‍ഘദൂര നീന്തല്‍ മത്സരങ്ങള്‍. 1500 മീറ്ററില്‍ കൂടുതല്‍ ദൂരമുള്ള നീന്തല്‍ മത്സരങ്ങളെല്ലാം ദീര്‍ഘദൂര മാരത്തോണ്‍ നീന്തല്‍ മത്സരങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഓപ്പണ്‍ വാട്ടര്‍ എന്‍ഡ്യൂറന്‍സ് സ്വിമ്മിംഗ് (Open water endurance swimming) എന്നാണ് ഇതിനു സാങ്കേതികമായി പറയുന്നത്. ദീര്‍ഘദൂര നീന്തല്‍ മത്സരങ്ങള്‍ നീന്തലിന്റെ പ്രചാരത്തിന് വളരെ സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്നതാണ് ദീര്‍ഘദൂര നീന്തല്‍ മത്സരങ്ങളില്‍ ഏറെ പ്രധാനം. ക്യാപ്റ്റന്‍ മാത്യു വെബ് എന്ന ഇംഗ്ലീഷുകാരനാണ് (1875) ആദ്യമായി ഇംഗ്ലീഷ്ചാനല്‍ നീന്തിക്കടന്ന വ്യക്തി. ഇംഗ്ലണ്ടിലെ ഡോവറില്‍ നിന്നും ഫ്രാന്‍സിലെ കേപ് ഗ്രീനെസ് വരെയുള്ള 32 കി.മീ. നീന്താന്‍ അദ്ദേഹം 21 മണിക്കൂര്‍ 45 മിനുട്ടെടുത്തു. യു.എസ്സിലെ ഗെര്‍ട്യ്രൂഡ് എഡര്‍ലെയാണ് ഇംഗ്ളീഷ് ചാനല്‍ നീന്തിക്കടന്ന ആദ്യവനിത. 1926-ല്‍ അവര്‍ കേപ് ഗ്രീസ്നെസില്‍ നിന്നും 56 കി.മീ. നീന്തി കിങ്സ് ഡോണിലെത്താന്‍ കേവലം 14 മണിക്കൂര്‍ 31 മിനുട്ടാണെടുത്തത്. പില്ക്കാലത്ത് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നവരില്‍ ഇന്ത്യാക്കാരനായ മിഹിര്‍സെന്നും ഉള്‍പ്പെടുന്നു. ഇദ്ദേഹം പാക് കടലിടുക്ക്, ബോസ്പ്രസ് കടലിടുക്ക്, പനാമ കടലിടുക്ക് എന്നിവ നീന്തിക്കടന്നതും ദീര്‍ഘദൂര നീന്തല്‍ക്കാര്‍ക്ക് ആവേശവും പ്രചോദനവും നല്കി. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന വനിതകളില്‍ ഇന്ത്യയിലെ ആരതിസാഹയും ഉള്‍പ്പെടുന്നു.

Image:Captain Matthew Webb.png

Image:Gertrud_Ederle.png

1927-ല്‍ തോമസ് ബ്ലോവര്‍ എന്ന ഇംഗ്ലീഷുകാരനാണ് ആദ്യമായി നോര്‍ത്ത് ചാനല്‍ നീന്തിക്കടന്ന വ്യക്തി. 1948-ല്‍ ആദ്യമായി ഡാനിയല്‍ കാര്‍പ്പിയോ ജിബ്രാള്‍ട്ടര്‍ ഉള്‍ക്കടല്‍ നീന്തിക്കടുന്നു. ദീര്‍ഘദൂര നീന്തല്‍മത്സരങ്ങളില്‍ അര്‍ജന്റീനക്കാരനായ പെട്രൊ എ. കാന്‍ഡിയോട്ടിയുടെയും അമേരിക്കക്കാരനായ ജോണ്‍ വി. സിഗ്മണ്ടിന്റെയും റെക്കോര്‍ഡുകളാണ് ഇന്നും ചരിത്രമായി നിലനില്‍ക്കുന്നത്. 1935-ല്‍ കാന്‍ഡിയോട്ടി പരാന നദിയിലുടെ 281 മൈല്‍ കേവലം 84 മണിക്കൂറിലാണ് നീന്തിയെത്തിയത് 1940-ല്‍ സിഗ്മണ്ട് മിസിസ്സിപ്പി നദിയിലൂടെ 292 മൈല്‍ 89 മണിക്കൂറില്‍ നീന്തിയെത്തി.

നീന്തല്‍ ഇന്ത്യയില്‍. നീന്തലില്‍ സാര്‍വദേശീയ രംഗത്ത് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ല. ലോകനീന്തല്‍ മത്സരങ്ങളിലെ അതികായരായ ഹംഗറി, ഡെന്‍മാര്‍ക്ക്, ആസ്റ്റ്രേലിയ, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ്സ്., ചൈന തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലൊന്നും ഇന്ത്യ കടന്നുവരുന്നില്ല.

വില്‍സണ്‍ ചെറിയാന്‍, മഹാനന്ദി, സനല്‍കുമാര്‍, സെബാസ്റ്റ്യന്‍ സേവ്യര്‍, എസ്. രാധാകൃഷ്ണന്‍, പ്രകാശമിത്ര, ഗൗരവ് കപൂര്‍, കസാന്‍സിങ്, ബുലാ ചൗധരി, വിശാല്‍ കപൂര്‍, പല്ലവിഷെട്ടി, പുഷ്പമിശ്ര, സന്ദീപ് തേജ്വാള്‍ തുടങ്ങിയവര്‍ വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Image:candiotti-nadador12.png

സ്വിമ്മിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ (SFI) ആണ് ഇന്ത്യയിലെ നീന്തല്‍ കായിക മത്സരത്തിന്റെ ഉന്നതാധികാര സമിതി. 1948-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ശ്രമഫലമായി നാഷണല്‍ സ്വിമ്മിങ് അസോസിയേഷനും (NSA) ഇന്ത്യന്‍ സ്വിമ്മിങ് ഫെഡറേഷനും (ISF) തമ്മില്‍ ലയിച്ചാണ് ഈ സംഘടന രൂപംകൊണ്ടത്. ലോക നീന്തല്‍ മത്സരങ്ങളുടെ വേദിയായ 'ഫിന'യുടെ അംഗീകാരം ഈ സംഘടനയ്ക്കുണ്ട്.

ആറു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഈ സംഘടന വലിയ നേട്ടമൊന്നും കൈവരിച്ചതായി കാണുന്നില്ല. ശാസ്ത്രീയമായ പരിശീലനത്തിന്റെ അപര്യാപ്തതയും നീന്തല്‍ താരങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ സംഘടന പരാജയപ്പെട്ടതുമൂലം ലോകനിലവാരത്തില്‍ ഒരു നീന്തല്‍ താരത്തെ വാര്‍ത്തെടുക്കാന്‍ രാജ്യത്തിനു കഴിയാതെപോയി.

നീന്തല്‍, കേരളത്തില്‍. കേണല്‍ ഗോദവര്‍മരാജയും (ജി.വി. രാജ) എന്‍. പരമേശ്വരന്‍ നായരുമാണ് കേരളത്തില്‍ നീന്തല്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. കേരളത്തിലെ ആദ്യത്തെ നീന്തല്‍ ക്ളബ്ബായ 'ഡോള്‍ഫിന്‍' തിരുവനന്തപുരത്തെ പിരപ്പന്‍കോട്ട് രൂപം നല്കിയത് പരമേശ്വരന്‍ നായരായിരുന്നു.

1952-ല്‍ സി.എ. എബ്രഹാം സെക്രട്ടറിയും ജി.വി. രാജ പ്രസിഡണ്ടുമായി 'തിരു-കൊച്ചി' അക്വാറ്റിക് അസോസിയേഷന്‍ നിലവില്‍വന്നു. 1962-ല്‍ ജി.വി. രാജയുടെ ശ്രമഫലമായി തിരുവനന്തപുരം വാട്ടര്‍ വര്‍ക്സ് എന്ന പേരില്‍ ഒരു നീന്തല്‍ക്കുളം സ്ഥാപിച്ചു. സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും മികച്ച നീന്തല്‍ക്കുളങ്ങളില്‍ ഒന്നായിരുന്നു ഇത്. പിന്നീട്, 1987-ല്‍ രണ്ടാം ദേശീയ ഗെയിംസിനോടനുബന്ധിച്ച് തൃശ്ശൂരും 1997-ല്‍ ആലപ്പുഴയിലും (രാജാ കേശവദാസ് മെമ്മോറിയല്‍) നീന്തല്‍ക്കുളങ്ങള്‍ നിര്‍മിച്ചു.

Image:mihir sen.png Image:khazan-singh.png Image:chowdhury.png Image:G.V.png

ദേശീയ കായികരംഗത്തേക്ക് നിരവധി നീന്തല്‍ താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. 1956 മുതല്‍ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം പങ്കെടുക്കുന്നുണ്ട്. ആദ്യമെഡല്‍ 1959-ല്‍ കേശവന്‍ നായര്‍ നേടി. 1974-ലെ ബാംഗ്ളൂര്‍ നാഷണല്‍ ഗെയിംസില്‍ വേഗംകൂടിയ ഏഴ് നീന്തല്‍ താരങ്ങള്‍ മലയാളികളായിരുന്നു. 1985-ല്‍ ഡല്‍ഹിയില്‍ നടന്ന പ്രഥമ ദേശീയ ഗെയിംസിലും 1987-ല്‍ തൃശ്ശൂരില്‍ നടന്ന രണ്ടാമത് ദേശീയ ഗെയിംസിലും കേരളമായിരുന്നു നീന്തല്‍ മത്സരയിനങ്ങളിലെ ജേതാക്കള്‍. വില്‍സണ്‍ ചെറിയാന്‍, എസ്. രാധാകൃഷ്ണന്‍ തുടങ്ങിയ ദേശീയ നീന്തല്‍ താരങ്ങള്‍ അന്ന് കേരളത്തിനായി മെഡലുകള്‍ നേടി. 1997-ലെ നാലാമത് ദേശീയ ഗെയിംസില്‍, മലയാളികളായ സെബാസ്റ്റ്യന്‍ സേവ്യര്‍, ഷിബു സെബാസ്റ്റ്യന്‍ എന്നിവര്‍ വേഗതയേറിയ നീന്തല്‍ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും മികച്ച നീന്തല്‍താരങ്ങളിലൊരാളായ സെബാസ്റ്റ്യന്‍ സേവ്യര്‍ വിവിധ വര്‍ഷങ്ങളിലെ ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പുകളിലായി 70 സ്വര്‍ണമെഡലുകള്‍ നേടിയിട്ടുണ്ട്. 1996-ല്‍ അറ്റ്ലാന്റ ഒളിമ്പിക്സിനുള്ള ദേശീയ ടീമില്‍ ഇദ്ദേഹം നീന്തലില്‍ ഒളിമ്പിക്സ് ലേബല്‍ നേടിയ ആദ്യ മലയാളിയായി.

സിറിയക് ജെ. തോപ്പില്‍, ടി.ജെ. ജേക്കബ്, മാത്യു ജേക്കബ്, ജോര്‍ജ് ജോസഫ്, കെ.കെ. കുട്ടി, സി.വി. കുഞ്ഞു, ജി.എസ്. നായര്‍, പി.ടി. തോമസ്, പി. സനല്‍കുമാര്‍, എം.എന്‍. ഗോപിനാഥ്, പോള്‍ ചെറിയാന്‍, ആര്‍. സരിത, എസ്.എല്‍. മിനി, എസ്. ലൈല, പ്രീതി മേനോന്‍, സുമി സിറിയക് തുടങ്ങി നിരവധി മലയാളികള്‍ ദേശീയ മത്സരങ്ങളില്‍ കേരളത്തിനായി മെഡലുകള്‍ നേടിയിട്ടുണ്ട്.

നീന്തല്‍ ഒരു വ്യായാമം

ഒരു മത്സരയിനമെന്നതിലുപരി നീന്തലിന് മറ്റു ചില പ്രാധാന്യങ്ങള്‍ കൂടിയുണ്ട്. ചില ജോലി നിര്‍വഹണത്തിനായി നീന്തല്‍ അറിഞ്ഞിരിക്കുക നിര്‍ബന്ധമാണ്. ഉദാഹരണമായി കടലില്‍ മുത്തും പവിഴവും മുങ്ങിയെടുക്കുന്ന പേള്‍ ഡൈവേഴ്സിനും മറ്റ് മുങ്ങല്‍ വിദഗ്ധര്‍ക്കും പട്ടാളത്തിലെ പ്രത്യേക വിഭാഗമായ നേവി ബീല്‍സിനും നീന്തല്‍ ഒരു നിര്‍ബന്ധ പരിശീലന മുറയാണ്. മറൈന്‍ ബയോളജിപോലുള്ള ശാസ്ത്ര പഠനങ്ങള്‍ക്കും നീന്തല്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളാണ് നീന്തലിനു പ്രാധാന്യമുള്ള മറ്റൊരു മേഖല. ലൈഫ് ഗാര്‍ഡ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവര്‍ ഇതിനായി പ്രത്യേക സ്ട്രോക്കുകള്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Image:shiny and wilson.png Image:xavier.png

ആരോഗ്യ സംരക്ഷണത്തിനും വീണ്ടെടുപ്പിനും നീന്തല്‍ ഒരു പരിശീലനമുറയായി സ്വീകരിക്കാറുണ്ട്. ശരീരത്തിനും മനസ്സിനും ഉന്‍മേഷവും ഓജസ്സും പ്രദാനം ചെയ്യുന്നു എന്നതിന് പുറമേ നീന്തല്‍ ശരീര ബലക്ഷയത്തിനും മറ്റുമുള്ള നല്ലൊരു രോഗചികിത്സക്കായി പരക്കെ അംഗീകരിച്ചിട്ടുണ്ട്. ഒഴുക്കിനെതിരെ നീന്തുന്ന റെസിസ്റ്റന്‍സ് സ്വമ്മിങ്രീതി ഇന്ന് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്ന ഒരു മികച്ച പരിശീലനമുറയാണ്. ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും സുരക്ഷിതമായി നീന്തല്‍ പരിശീലിക്കേണ്ടതിന്റെ ആവശ്യകത റോയല്‍ ലൈഫ് ഡൈവിങ് സൊസൈറ്റിപോലുള്ള സന്നദ്ധസംഘടനകളും മറ്റ് നീന്തല്‍ സംഘടനകളും നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍