This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീനാപ്രസാദ്, ഡോ. (1971 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീനാപ്രസാദ്, ഡോ. (1971 - )

കേരളത്തിലെ പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയും നൃത്തഗവേഷകയും. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നടനശാഖകളില്‍ അന്തര്‍ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയയായ നര്‍ത്തകിയാണ് ഡോ. നീനാ പ്രസാദ്.

Image:neenaprasadinterviw.png

1971 മേയ് 4-ന് തിരുവനന്തപുരത്ത് ഭാസ്കര്‍പ്രസാദിന്റെയും ഇന്ദിരയുടെയും മകളായി ജനിച്ചു. ചെറുപ്പത്തിലേ മോഹിനിയാട്ടം, ഭരതനാട്യം, കഥകളി തുടങ്ങിയ നൃത്തശാഖകളില്‍ സമര്‍പ്പിതപഠനം നിര്‍വഹിച്ചു. സ്കൂള്‍പഠനകാലത്തുതന്നെ മികച്ച നൃത്താവതരണങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ഇവര്‍ 1989, 90, 91 വര്‍ഷങ്ങളില്‍ കേരള യൂണിവേഴ്സിറ്റി കലാതിലകം എന്ന നിലയില്‍ പ്രശസ്തയായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദമെടുത്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍ നിന്നും 'ദ് കണ്‍സപ്റ്റ്സ് ഒഫ് ലാസ്യ ആന്‍ഡ് താണ്ഡവ ഇന്‍ ദ് ക്ലാസ്സിക്കല്‍ ഡാന്‍സസ് ഒഫ് സൌത്ത്ഇന്ത്യ-എ ഡീറ്റെയില്‍ഡ് സ്റ്റഡി' എന്ന വിഷയത്തില്‍ പിഎച്ച്.ഡി. നേടി. ദക്ഷിണേന്ത്യയില്‍ നിന്ന് നൃത്തത്തില്‍ ആദ്യമായി പിഎച്ച്.ഡി. നേടിയ വ്യക്തി എന്ന ബഹുമതിക്ക് ഇതവരെ അര്‍ഹയാക്കി. എ.എച്ച്.ആര്‍.ബി. റിസര്‍ച്ച് സെന്റര്‍ ഫോര്‍ ക്രോസ് കള്‍ച്ചറല്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സ് പെര്‍ഫോര്‍മന്‍സസില്‍ നിന്നും (യൂണിവേഴ്സിറ്റി ഒഫ് സറേ-യു.കെ.) 'പോസ്റ്റ് കൊളോണിയല്‍ ഐഡന്റിറ്റി കണ്‍സ്ട്രക്ഷന്‍' എന്ന വിഷയത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ചെയ്തു വരുന്നു.

അക്കാദമിക് തലത്തില്‍ ബിരുദങ്ങള്‍ നേടുന്നതിനിടയിലും നൃത്തപഠനത്തിന് ഇവര്‍ പ്രമുഖമായ സ്ഥാനം നല്കി. മോഹിനിയാട്ടത്തില്‍ കലാമണ്ഡലം സുഗന്ധിയുടെ കീഴില്‍ 8 വര്‍ഷവും കലാമണ്ഡലം ക്ഷേമാവതിയുടെ കീഴില്‍ 3 വര്‍ഷവും ഭരതനാട്യത്തില്‍ പദ്മശ്രീ അഡ്യാര്‍ ലക്ഷ്മണനോടൊപ്പം 11 വര്‍ഷവും കുച്ചിപ്പുടിയില്‍ പദ്മഭൂഷന്‍ വെമ്പട്ടി ചിന്നസത്യത്തോടൊപ്പം 12 വര്‍ഷവും കഥകളിയില്‍ വെമ്പായം അപ്പുക്കുട്ടന്‍ നായരോടൊപ്പം 10 വര്‍ഷവും സമാന്തരമായിത്തന്നെ നൃത്താഭ്യസനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഒട്ടനവധി നൃത്താവതരണങ്ങള്‍ നടത്തിയ ഇവര്‍ ഇന്ന് അന്തര്‍ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധേയയായ ഒരു കേരളീയ നര്‍ത്തകിയാണ്. 1995-ല്‍ തിരുവനന്തപുരത്ത് ഭരതാഞ്ജലി (ഭരതാഞ്ജലി അക്കാദമി ഒഫ് ഇന്ത്യന്‍ ഡാന്‍സസ്) എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചു. 2003-ല്‍ സൗഗന്ധിക സെന്റര്‍ ഫോര്‍ മോഹിനിയാട്ടം എന്ന പേരില്‍ ചെന്നൈയിലും ഒരു നൃത്തകലാലയം സ്ഥാപിച്ചിട്ടുണ്ട്.

Image:neena 11.png

വ്യക്തിഗത അവതരണങ്ങളിലും സംഘാവതരണങ്ങളിലും ഒരുപോലെ മൗലികമുദ്ര പതിപ്പിച്ചിട്ടുള്ള നര്‍ത്തികിയാണ് നീനാപ്രസാദ്. മോഹിനിയാട്ടത്തിലെ ചൊല്‍ക്കെട്ടുകള്‍, പദങ്ങള്‍, തില്ലാനകള്‍ എന്നിവ അതിന്റെ ശുദ്ധവും സാത്വികവുമായ ചാരുതയില്‍ അരങ്ങത്തവതരിപ്പിക്കുന്നതില്‍ ഇവര്‍ മികവു പ്രകടിപ്പിച്ചിട്ടുണ്ട്. ക്ലാസ്സിക്കല്‍ ശൈലിയില്‍ പദമൂന്നിനിന്നുകൊണ്ടുതന്നെ സമകാലികമായ ഒരു സൗന്ദര്യാനുഭവം നൃത്തവേദിക്ക് പകരാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ അവതരണവും പണ്ഡിതോചിതമായ ആസ്വാദനത്തിന് ഇണങ്ങുംവിധം പ്രൗഢമായിരിക്കുമ്പോഴും അത് ജനകീയമായ ഒരു മാനം പുലര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. പ്രധാന വ്യക്തിഗത അവതരണങ്ങള്‍ കൃഷ്ണഭക്തി (രാധ, യശോധ, മീര എന്നിവരുടെ കാഴ്ചപ്പാടില്‍), അമ്രപാലി, ശകുന്തള, ഊര്‍മിള തുടങ്ങിയവയാണ്. സംഘാവതരണങ്ങളില്‍ ശ്രദ്ധേയം തൌര്യത്രികം, സീതായനം, പൊന്‍പുലരി, കണികാണുംനേരം, കാവ്യനര്‍ത്തകി എന്നിവയാണ്.

പോര്‍ച്ചുഗലിലെ ഇവോറാ ഫെസ്റ്റിവല്‍ തുടങ്ങി പാരിസ്, സ്വിറ്റ്സര്‍ലണ്ട്, ബോണ്‍, കൊളോണ്‍, ഫ്രാങ്ഫര്‍ട്ട് എന്നിവിടങ്ങളില്‍ നൃത്താവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ അവതരണങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്: ലഖ്നൗ നൃത്തസംഘം ഫെസ്റ്റിവല്‍, മാമല്ലപുരം ഡാന്‍സ് ഫെസ്റ്റിവല്‍, എല്ലോറ ഡാന്‍സ് ഫെസ്റ്റിവല്‍, നിശാഗന്ധി നൃത്തോത്സവം, സ്വരലയ നൃത്തോത്സവം, കാളിദാസോത്സവം. ഇതിനു പുറമേ മുംബൈ, ചെന്നൈ, തിരുവനന്തപുരം, ഭോപ്പാല്‍, പാലക്കാട്, നാഗ്പൂര്‍, ബാംഗ്ളൂര്‍, ജയ്പൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ഇവരുടെ നൃത്താവതരണങ്ങള്‍ നടന്നിട്ടുണ്ട്.

കേരള കലാമണ്ഡലം ഭരണസമിതി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചുവരുന്നു.

മോഹിനിയാട്ടത്തില്‍ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും സീനിയര്‍ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഭരതനാട്യത്തില്‍ സീനിയര്‍ ഫെല്ലോഷിപ്പ് നേടുകയുമുണ്ടായി.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍