This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീതിശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീതിശാസ്ത്രം

Ethics

മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന നൈതികമൂല്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന തത്ത്വചിന്താശാഖ, പാശ്ചാത്യതത്ത്വചിന്തയിലെ 'എത്തിക്സ്' അഥവാ 'മോറല്‍ ഫിലോസഫി' (ധാര്‍മിക തത്ത്വചിന്ത) എന്ന ശാഖയെയാണ് നീതിശാസ്ത്രം എന്ന് വിവക്ഷിക്കുന്നത്. ഇന്ത്യന്‍ തത്ത്വചിന്തയില്‍ നീതിശാസ്ത്രത്തിനു സമാനമായ ആശയങ്ങളോ സങ്കല്പങ്ങളോ ഇല്ല. സംസ്കൃത ഭാഷയിലെ 'ധര്‍മശാസ്ത്രം' എന്ന സങ്കല്പം 'വര്‍ണാശ്രമധര്‍മ'ത്തെ പ്രതിപാദിക്കുന്ന ശാസ്ത്രമാണ്. സംസ്കൃതത്തിലെ 'നീതിശാസ്ത്രവും' ഇതേ അര്‍ഥത്തിലാണ് വ്യവഹരിക്കപ്പെടുന്നത്. സമൂഹത്തെ വിവിധ 'വര്‍ണ' ങ്ങളോ 'ജാതി'കളോ ആയി വിഭജിക്കുകയും അവയെ ശ്രേണീകൃതമായി പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യസംവിധാനമാണ് ഹിന്ദുമതത്തിന്റെ ഭൗതികവും ധാര്‍മികവുമായ അടിത്തറ. ജാതികളുടെ ശ്രേണീഘടനയില്‍ മേല്‍സ്ഥാനങ്ങളിലുള്ള 'ഉത്കൃഷ്ട' വര്‍ണങ്ങളിലെ വ്യക്തികളുടെ അഥവാ 'ദ്വിജ'രുടെ ജീവിതത്തെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ നാലു ഘട്ടങ്ങളായി വിഭജിക്കുന്നതാണ് ആശ്രമവ്യവസ്ഥ. ഓരോ വര്‍ണത്തിനും ജാതിക്കും നിശ്ചിതമായ നിയമങ്ങളാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഈ ജാതി നിയമങ്ങള്‍ നിശ്ചിത ജാതിയിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. വര്‍ണജാതിനിയമങ്ങളുടെ ലംഘനത്തിന് കടുത്ത ശിക്ഷാവിധികളും വ്യവസ്ഥ ചെയ്തിരുന്നു. വര്‍ണാശ്രമവ്യവസ്ഥ ശ്രേണീബദ്ധവും അസമവുമായിരുന്നതിനാല്‍, ഇന്ത്യയിലെ ധര്‍മശാസ്ത്രം ഫലത്തില്‍, അധികാരത്തെയും ആധിപത്യത്തെയും സാമൂഹ്യാസമത്വത്തെയും, ധാര്‍മികവത്കരിക്കുകയും സാധൂകരിക്കുകയുമാണ് ചെയ്യുന്നത്. താത്ത്വികമായി ആലോചിക്കുമ്പോള്‍, ഇന്ത്യന്‍ ധര്‍മശാസ്ത്രത്തിന്റെ ഏറ്റവും വലിയ ന്യൂനത അത് 'വ്യക്തി'യെ പൂര്‍വകല്പന (pre-suppose) ചെയ്യുന്നില്ല എന്നതാണ്. ഇന്ത്യന്‍ തത്ത്വചിന്ത ഒരിക്കലും 'മനുഷ്യ'നെക്കുറിച്ചുള്ള സങ്കല്പം മുന്നോട്ടു വച്ചിട്ടില്ല എന്ന ഹെഗലിന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാകുന്നു.

Image:Kant1.png image:Nsd22.png

മൂര്‍ത്തമായ അര്‍ഥത്തില്‍ മനുഷ്യവ്യക്തിയെ പൂര്‍വകല്പന ചെയ്തതുകൊണ്ടാണ് പാശ്ചാത്യ തത്ത്വചിന്തയ്ക്ക് വ്യക്തികളുടെ ജീവിതത്തിലും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളിലും നിയാമകമായ നന്മ-തിന്മകളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ഭാവന ചെയ്യാന്‍ കഴിഞ്ഞത്. വ്യക്തികളുടെയും സമൂഹത്തിന്റെയും പൊതുവായ താത്പര്യങ്ങള്‍ക്കനുയോജ്യമായ നൈതികമൂല്യങ്ങളാണ് നീതിശാസ്ത്രത്തിന്റെ പ്രമേയം. 'എന്താണ്' എന്നതിനെക്കാള്‍ നീതിശാസ്ത്രവ്യവഹാരത്തില്‍ പ്രധാനം 'എന്തായിരിക്കണം' എന്നതാണ്. ഗ്രീക്കു തത്ത്വചിന്തകനായ പ്ളേറ്റോ ആവിഷ്കരിച്ച നന്മ എന്നര്‍ഥം വരുന്ന 'ഗുഡ്' എന്ന സങ്കല്പമാണ് പ്രാചീന പാശ്ചാത്യ നീതിശാസ്ത്രത്തിന്റെ ആധാരശില. 'ദൈവം' എന്ന അര്‍ഥത്തിലും 'ഗുഡ്' പ്രയോഗിച്ചുവന്നിട്ടുണ്ട്. 18-ാം ശതകത്തിലെ പാശ്ചാത്യപ്രബുദ്ധതാ പ്രസ്ഥാനവും വിചാരവിപ്ലവവുമാണ് നൈതികവിചാരത്തെ ജ്ഞാനശാസ്ത്രപരമായി പുനര്‍നിര്‍വചിച്ച് സുസംഘടിതമാക്കിയത്. ആധുനിക നീതിശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളിലൊന്ന് ഇമ്മാനുവല്‍കാന്റ് ആവിഷ്കരിച്ച 'കാറ്റഗോറിക്കല്‍ ഇംപരിറ്റീവ്' (നിയാമകതത്ത്വം) എന്ന ആശയമാണ്. ശരി-തെറ്റുകളെ അഥവാ നന്മ-തിന്മകളെക്കുറിച്ച് പൂര്‍വകല്പിതമായ ചില സിദ്ധാന്തങ്ങള്‍ ആവശ്യമാണെന്ന് കാന്റ് നിരീക്ഷിച്ചു. ഇത്തരത്തിലുള്ള നിയാമകതത്ത്വങ്ങള്‍ വര്‍ണ-ജാതിഭേദമെന്യേ എല്ലാ വ്യക്തികള്‍ക്കും ബാധകമാണെന്ന് കാന്റ് നിഷ്കര്‍ഷിച്ചു. കാന്റിന് മുമ്പുതന്നെ തോമസ് ഹോബ്സും റൂസ്സോയും നിയാമകമായ നീതിശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു. ആധുനിക പൗരജീവിതത്തെയും രാഷ്ട്രീയ-നീതിന്യായ വ്യവസ്ഥയെയുമൊക്കെ നിര്‍ണയിക്കുന്ന 'സാമൂഹ്യ ഉടമ്പടി' (സോഷ്യല്‍ കോണ്‍ട്രാക്റ്റ്) എന്ന റൂസ്സോയന്‍ ആശയത്തിനു പിന്നിലുള്ളത് നീതിശാസ്ത്രവിചാരമായിരുന്നു. 'നിയാമകതത്ത്വ'ങ്ങളുടെ അടിസ്ഥാനം എന്തായിരിക്കണം എന്ന ചര്‍ച്ച അതിഭൗതികതയെയും മതാധികാരത്തെയും നിരാകരിക്കാനാണ് കാന്റിനെ പ്രേരിപ്പിച്ചത്. യഹൂദ-ക്രൈസ്തവ സങ്കല്പമനുസരിച്ച് നീതിശാസ്ത്രത്തെ നിര്‍ണയിക്കേണ്ടത് വെളിപാടുകളും ദൈവവുമാണ്. നന്മയുടെയും നീതിയുടെയും പ്രഭവം ദൈവമാണെന്നും അതിനാല്‍ ദൈവവചനങ്ങളും അതിന്റെ ലൗകിക പ്രതിനിധാനമായ തിരുസഭയുമാണ് നീതിശാസ്ത്രത്തിനാസ്പദമെന്നുമായിരുന്നു മധ്യകാല യൂറോപ്പിന്റെ വിശ്വാസം. ബാഹ്യശക്തിയുടെ പ്രേരണയോ പ്രചോദനമോ കൂടാതെ മനുഷ്യന് സ്വയം നീതിയുടെ ഉറവിടമാകാന്‍ കഴിയില്ലെന്ന വിശ്വാസമാണ് ക്രിസ്തുമതം പ്രചരിപ്പിച്ചത്. എന്നാല്‍, നീതിബോധത്തിന്റെ പ്രഭവമായി 'യുക്തി'യെ സ്ഥാപിച്ചുറപ്പിച്ച കാന്റ് നീതിശാസ്ത്രത്തെ ഒരേ സമയം മനുഷ്യവത്കരിക്കുകയും മതേതരവത്കരിക്കുകയും ചെയ്തു. 'യുക്തി'യെന്നത് മനുഷ്യത്വത്തെ നിര്‍വചിക്കുന്ന സാര്‍വത്രികമായ മാനവികസിദ്ധിയായതിനാല്‍, നീതിശാസ്ത്രത്തിന് സാര്‍വത്രികാസ്തിത്വമുണ്ടെന്നും കാന്റ് സിദ്ധാന്തിച്ചു. സാര്‍വത്രികമായ നീതി നിര്‍വഹിക്കുന്നതിനുള്ള ഒരുപാധി എന്ന നിലയ്ക്കാണ് പാശ്ചാത്യചിന്തകള്‍ ആധുനിക നിയമത്തെ വിഭാവന ചെയ്തത്.

Image:Rousseau 11.png Image:Levinas.png

ഒന്നും രണ്ടും ലോകയുദ്ധങ്ങളും നാസി കൂട്ടക്കൊലകളും യുക്തിയെ ആധാരമാക്കുന്ന നീതിശാസ്ത്രത്തിന്റെ സാര്‍വത്രികതയെ വളരെയേറെ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. ഹോര്‍ക്ക് ഹൈമറും അഡോര്‍ണോയും നേതൃത്വം നല്കിയ 'വിമര്‍ശനസിദ്ധാന്തം' ആവിഷ്കരിച്ച വിമര്‍ശനം ഉത്തരാധുനികചിന്തകരുടെ കൃതികളില്‍ ഏകപക്ഷീയമായ ആപേക്ഷികതാവാദമായും തനതു - പ്രാദേശികതാ വാദമായും അപചയിക്കുകയാണുണ്ടായത്. ഓരോ സംസ്കാരത്തിന്റെയും സവിശേഷമായ ജീവിതമൂല്യങ്ങളും കാഴ്ചപ്പാടുകളുമാണ് നീതിശാസ്ത്രത്തിനാസ്പദമായിരിക്കേണ്ടത് എന്നാണ് ഇവര്‍ വാദിക്കുന്നത്. എങ്കില്‍, വംശീയതയെയും നാസിസത്തെയും ജാതിമേധാവിത്വത്തെയും എതിര്‍ക്കുന്നതിനുള്ള സാര്‍വത്രികമായ നീതിശാസ്ത്രസങ്കല്പങ്ങള്‍ അപ്രസക്തമാവുകയാണ് ചെയ്യുന്നത്. യഹൂദചിന്തകനായ ഇമ്മാനുവേല്‍ ലെവിനാസ് നൈതികതയെ കേന്ദ്രമാക്കുന്ന തത്ത്വചിന്താപദ്ധതി ആവിഷ്കരിക്കാനും ശ്രമിച്ചിട്ടുണ്ട്. തത്ത്വചിന്തയില്‍ ഭവശാസ്ത്ര(ontology)ത്തെക്കാള്‍ പ്രാഥമികത്വം നീതിശാസ്ത്രത്തിനാണെന്നാണ് (എത്തിക്സ് പ്രസീഡ്സ് ഓന്‍ണ്ടോളജി) ലെവിനാസിന്റെ വാദം. അപരവ്യക്തിയോടുള്ള നൈതികമായ ഉത്തരവാദിത്തത്തില്‍നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും ഈ ഉത്തരവാദിത്തം ദൈവത്തോടുള്ള ഉത്തരവാദിത്തമാണെന്നുമുള്ള ലെവിനാസിയന്‍ നീതിശാസ്ത്രസങ്കല്പങ്ങള്‍, മതേതര ചിന്തകരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നീതി കേവലമാണെന്നും അതു പൂര്‍ണമായ അര്‍ഥത്തില്‍ പ്രായോഗികമാക്കാനാവില്ലെന്നുമാണ് ദെറിദ സിദ്ധാന്തിച്ചത്. കേവലവും സാര്‍വത്രികവുമായ നീതിസങ്കല്പത്തെ എത്രത്തോളം പ്രായോഗികവും പ്രയോജനകരവുമാക്കാമെന്നതാണ് സമകാലീന നീതിശാസ്ത്രം ആലോചിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍