This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീണ്ടകര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീണ്ടകര

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട വില്ലേജും ചവറ വികസനബ്ളോക്കിന്റെ കീഴിലുള്ള ഗ്രാമപഞ്ചായത്തും. വിസ്തൃതി: 10.19 ച.കി.മീ. കേരളത്തിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രം, തുറമുഖം എന്നീ നിലകളില്‍ പുരാതനകാലം മുതല്‍ ശ്രദ്ധേയമാണ്. പ്ലീനി, ടോളമി തുടങ്ങിയ പുരാതന പാശ്ചാത്യ സഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ നീണ്ടകര പരാമൃഷ്ടമായിട്ടുണ്ട്. മത്സ്യബന്ധന തുറമുഖമായ ഇവിടെ നിരവധി മത്സ്യസംസ്കരണശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളിലധികവും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പരമ്പരാഗത രീതിക്കുപുറമേ, യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ചും ഇവിടെ മത്സ്യബന്ധനം നടത്താറുണ്ട്.

കൊല്ലം നഗരത്തില്‍നിന്നും ഒന്‍പത് കി.മീ. വടക്കായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് 1953-ല്‍ ഇന്ത്യോ-നോര്‍വീജിയന്‍ പ്രോജക്ട് ആരംഭിച്ചത്. ശക്തികുളങ്ങരയിലെ ബോട്ട് നിര്‍മാണ കേന്ദ്രം, മത്സ്യത്തൊഴിലാളി പരിശീലന സ്ഥാപനം, ഐസ് ഫാക്ടറി, റെഫ്രിജറേഷന്‍ പ്ലാന്റ് എന്നിവ ഈ പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. നീണ്ടകര കടല്‍ത്തീരത്തെ മണലില്‍ മോണസൈറ്റ്, ഇല്‍മനൈറ്റ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും നീളംകൂടിയ പാലങ്ങളിലൊന്നാണ് നീണ്ടകരയിലേത്. ഇവിടെ സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്ക് നാലു നൂറ്റാണ്ടിലേറെ കാലപ്പഴക്കമുണ്ടെന്ന് അനുമാനിക്കുന്നു. പോര്‍ച്ചുഗീസുകാരാണ് ഈ പള്ളി നിര്‍മിച്ചത്. തദ്ദേശീയരില്‍ ഭൂരിഭാഗവും മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്ന ക്രിസ്തുമതവിശ്വാസികളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%95%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍