This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിഹലാനി, ഗോവിന്ദ് (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിഹലാനി, ഗോവിന്ദ് (1940 - )

ഹിന്ദി ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും. കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായ ഇദ്ദേഹം, ഇന്ത്യയില്‍ സമാന്തര ചലച്ചിത്രപ്രസ്ഥാനത്തെ സജീവമാക്കിയ ആദ്യകാല സിനിമാപ്രവര്‍ത്തകരിലൊരാളാണ്. ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പുറമേ, മറാഠി, ബംഗാളി ഭാഷകളിലും സിനിമാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

Image:Govind Nihalani.png

1940 ആഗ. 19-ന് കറാച്ചിയില്‍ ജനിച്ചു. ഇന്ത്യാവിഭജനാനന്തരം മുംബൈയിലേക്ക് കുടിയേറുകയായിരുന്നു. 1962-ല്‍ സിനിമാട്ടോഗ്രാഫിയില്‍ ബിരുദം കരസ്ഥമാക്കിയ നിഹലാനി വിഖ്യാത ചലച്ചിത്ര ഛായാഗ്രാഹകനായ വി.കെ. മൂര്‍ത്തിയുടെ അസിസ്റ്റന്റായിട്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. അക്കാലത്ത്, ശ്യാം ബെനഗലിന്റെ പല ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചിരുന്നത് മൂര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള പ്രവര്‍ത്തനം നിഹലാനിക്ക് ശ്യാം ബെനഗലുമായുള്ള സൗഹൃദത്തിന് വഴിയൊരുക്കി. ഛായാഗ്രഹണരംഗത്ത് സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതില്‍ മൂര്‍ത്തിയുടെയും ശ്യാം ബെനഗലിന്റെയും ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. 1970-ല്‍ പുറത്തിറങ്ങിയ ശാന്തത ആണ് ഇദ്ദേഹം സ്വന്തമായി ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യ ചലച്ചിത്രം. അങ്കുര്‍ (1974), നിശാന്ത് (1975), ഭൂമിക (1977), ജുനൂന്‍ (1978), അറ്റന്‍ബറോയുടെ ഗാന്ധി (1981) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ഛായാഗ്രഹണ ജീവിതത്തിലെ ആദ്യകാല ചിത്രങ്ങള്‍.

Image:aakrosh.png

1980-കളോടെ നിഹലാനി സംവിധാനരംഗത്തേക്കും കടന്നു.ഛായാഗ്രഹണത്തിലെന്നപോലെതന്നെ സംവിധാന നിര്‍വഹണത്തിലും ഇദ്ദേഹം തന്റേതായ ഒരു ശൈലി രൂപപ്പെടുത്തുകയും നിരവധി പരീക്ഷണങ്ങള്‍ക്ക് മുതിരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കന്നി ചിത്രമായ ആക്രോശ് (1980) തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. ഫിലിം ഫെയര്‍ പുരസ്കാരമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ക്കര്‍ഹമായിട്ടുള്ള ഈ ചിത്രത്തില്‍ ഓം പുരി, നസ്റുദ്ദീന്‍ ഷാ, സ്മിതാപാട്ടീല്‍, അമ്രീഷ് പുരി തുടങ്ങി ഒരു വലിയ താരനിരതന്നെയുണ്ട്. 1981-ലെ, ന്യൂഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ മയൂരം പട്ടം കരസ്ഥമാക്കിയതും ഈ ചിത്രമായിരുന്നു. വിഖ്യാത മറാഠി സാഹിത്യകാരന്‍ വിജയ് ടെണ്ടുല്‍ക്കര്‍ ആണ് ഇതിന്റെ രചന നിര്‍വഹിച്ചത്. നിഹലാനി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിട്ടുള്ളത്. വിജോതാ (1982), അര്‍ധ് സത്യ (1982), തമസ് (1986), പാര്‍ട്ടി (1984), ദൃഷ്ടി (1990), പിതാ (1991), കര്‍മയോദ്ധാ (1992), ഹസാര്‍ ചൗരാസി മാ (1997), തക്ഷക് (2000), ദേഹ് (2001), ദേവ് (2004) തുടങ്ങിയവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചലച്ചിത്രങ്ങള്‍. ഹസാര്‍ ചൗരാസി മാ ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവിയുടെ ഒരു കഥയെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. ഇതിന്റെ തിരക്കഥ ഇദ്ദേഹമാണ് രചിച്ചത്. കമല്‍ഹാസന്‍ നായകനായി അഭിനയിച്ച കുരുതിപ്പുനല്‍ (1996) എന്ന ചലച്ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്. ഇതില്‍ മിക്കവാറും എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണവും ഇദ്ദേഹം തന്നെ നിര്‍വഹിച്ചു. തക്ഷക്, ദേവ്, ദേഹ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും ഇദ്ദേഹത്തിന്റേതുതന്നെയാണ്. ദേഹ് എന്ന ചിത്രം അതില്‍ ആവിഷ്കരിച്ചിട്ടുള്ള സ്പെഷ്യല്‍ ഇഫക്റ്റുകൊണ്ടുകൂടി ശ്രദ്ധേയമാണ്.

ചലച്ചിത്രത്തോടൊപ്പംതന്നെ പരസ്യചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. സത്യജിത് റായ് (1982) എന്ന ജീവചരിത്ര ഡോക്യുമെന്ററി ഇതില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. സിബെല്‍ ചാറ്റര്‍ജിയോടൊന്നിച്ച്, എന്‍സൈക്ളോപീഡിയ ഒഫ് ഹിന്ദി സിനിമ എന്ന ബൃഹത്തായ ഒരു റഫറന്‍സ് ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രത്യേക ക്ഷണിതാവായും വിധി കര്‍ത്താവായും പങ്കെടുത്തിട്ടുണ്ട്.

1981, 84 വര്‍ഷങ്ങളില്‍ മികച്ച സംവിധായകനും 1979, 80, 84 വര്‍ഷങ്ങളില്‍ മികച്ച സിനിമാറ്റോഗ്രാഫര്‍ക്കുമുള്ള നാഷണല്‍ ഫിലിം ഫെയര്‍ പുരസ്കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്. 2002-ല്‍ രാഷ്ട്രം ഇദ്ദേഹത്തെ പദ്മശ്രീ നല്കി ആദരിച്ചു.

ചലച്ചിത്രത്തിന്റെ നാനാമേഖലകളില്‍ നിര്‍ണായകസംഭാവന ചെയ്ത് വ്യക്തിയെന്ന നിലയില്‍ ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ വേറിട്ട ഒരു വ്യക്തിത്വത്തിനുടമയാണ് നിഹലാനി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍