This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിസ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിസ്കാരം

ഇസ്ലാമിലെ ഒരു ആരാധനാ കര്‍മം. നിര്‍ബന്ധ ആരാധനയായ നിസ്കാരം ഏറ്റവും ശ്രേഷ്ഠമായ പുണ്യകര്‍മമായാണ് കരുതപ്പെടുന്നത്. നിയതമായ പ്രാര്‍ഥനയും അനുഷ്ഠാനവും ഇതിനുണ്ട്. നിസ്കാരത്തിന് അറബിയില്‍ 'സ്വലത്ത്' (പ്രാര്‍ഥന) എന്നാണ് പറയുക. എന്നാല്‍ പേര്‍ഷ്യന്‍ ഉര്‍ദു ഭാഷകളില്‍ 'നമാസ്' എന്ന പദമാണ് ഉപയോഗിക്കുന്നത്. ഈ പദത്തില്‍ നിന്നാകാം മലയാളത്തില്‍ 'നിസ്കാരം' അല്ലെങ്കില്‍ 'നമസ്കാരം' എന്ന പദം പ്രയോഗത്തില്‍ വന്നത്.

ഇസ്ലാമിന്റെ ആദ്യകാലത്ത് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടിരുന്നില്ല. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മദീന പലായനത്തിന് (ഹിജ്റ) ഒരു വര്‍ഷം മുമ്പാണ് ഇത് കര്‍ശനമായും നിലവില്‍ വന്നത്. പ്രവാചകന്റെ ഇസ്റാഅ് (രാത്രി പ്രയാണം) മിഅ്റാജ്(ആകാശാരോഹണം)കളുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. ഒരു രാത്രിയില്‍ ജിബ്രില്‍ എന്ന മാലാഖ മുഹമ്മദ്നബിയെ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും പലസ്തീനിലെ മസ്ജിദുല്‍ അഖ്സയിലേക്ക് 'ബുറാഖ്' എന്ന വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നും ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കാനായി ഉപരിലോകത്തെത്തിച്ചു, പൂര്‍വികരായ പ്രവാചകന്മാര്‍ പലരെയും അവിടെ കാണുക മാത്രമല്ല, ഒടുവില്‍, ദൈവസന്നിധിയില്‍ എത്തുകയും ചെയ്തു, അവിടെവച്ച് ലഭിച്ച ചില സുപ്രധാന നിര്‍ദേശങ്ങളിലൊന്ന് അഞ്ച് നേരത്തെ നിസ്കാരമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

നിര്‍ബന്ധ നിസ്കാരങ്ങള്‍ അഞ്ചെണ്ണമാണ്-സുബഹ്, ളുഹ്റ്, അസറ്, മഗ്രിബ്, ഇശാ. ഇവ യഥാക്രമം പ്രഭാതത്തിലും ഉച്ചയ്ക്കും വൈകുന്നേരവും സൂര്യാസ്തമയത്തിനുടനെയും രാത്രിയിലുമാണ് പ്രതിദിനം നിര്‍വഹിക്കുക. വെള്ളിയാഴ്ച ദിവസങ്ങളില്‍ ളുഹ്റ് നിസ്കാരത്തിനുപകരമായി ജുമുഅഃ നിസ്കാരമാണ്. ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസികളും പള്ളികളില്‍ ഒത്തുകൂടി ഒരുമിച്ചാണ് (ജമാഅത്തായി) ഇത് നിര്‍വഹിക്കേണ്ടത്. മറ്റുള്ളവ ഒറ്റയ്ക്കും കൂട്ടായും നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ ജമാഅത്ത് നിസ്കാരത്തിന് ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനെക്കാള്‍ 27 ഇരട്ടി പ്രതിഫലമുണ്ടെന്നാണ് വിശ്വാസം. നിര്‍ബന്ധ നിസ്കാരങ്ങളില്‍ മറ്റൊന്ന് ജനാസ (മയ്യിത്ത്) നിസ്കാരമാണ്. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട്, മരിച്ചയാള്‍ക്കുവേണ്ടിയുള്ള നിസ്കാരമാണിത്.

നിസ്കാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി അംഗശുദ്ധി വരുത്തേണ്ടതുണ്ട്. 'വുദു' ചെയ്യുക എന്നാണ് ഇതിനു പറയുക. നിസ്കാരത്തിനായി 'വുദു' ചെയ്യുന്നുവെന്ന ഉദ്ദേശ്യത്തോടെ (നിയ്യത്ത്) മുഖവും കൈകള്‍ രണ്ടും മുട്ട് വരെയും കാലുകള്‍ നെരിയാണിക്കൊപ്പവും കഴുകലും തലയും ചെവിയും വെള്ളം കൊണ്ട് തടകലുമാണ് 'വുദു'വിന്റെ ഏറ്റവും ചുരുങ്ങിയ രൂപം.

ലോകത്തുള്ള എല്ലാ വിശ്വാസികളും ഒരേ ദിശയിലേക്ക് (ഖിബ്ല) തിരിഞ്ഞാണ് നിസ്കരിക്കേണ്ടത്. അഥവാ മുസ്ലിങ്ങളുടെ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ മക്കയിലെ 'കഅ്ബ'യ്ക്ക് അഭിമുഖമായാണ് നിസ്കാരം നിര്‍വഹിക്കേണ്ടത്. അതിനാല്‍ ഓരോ രാജ്യത്തും ഖിബ്ലയുടെ ദിശ വ്യത്യസ്തമായിരിക്കും. ഉദാഹരണമായി, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലിങ്ങള്‍ പടിഞ്ഞാറ് ദിശയില്‍ വടക്കോട്ട് അല്പം ചരിഞ്ഞാണ് നിസ്കരിക്കേണ്ടത്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഖിബ്ലയുടെ ദിശ ഏകദേശം തെക്ക് കിഴക്കായിരിക്കും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇത് വടക്കോട്ടുമാണ്. കേരളത്തില്‍ പടിഞ്ഞാറ് ദിശയില്‍ വടക്കോട്ട് 30° ചരിഞ്ഞാണ് ഇത് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഏഴ് വന്‍കരകളിലെയും ജനവാസപ്രദേശങ്ങളെ ഒരു വൃത്തത്തിനുള്ളില്‍ സങ്കല്പിച്ചാല്‍, അതിന്റെ മധ്യഭാഗം കഅ്ബയായിരിക്കുമെന്നതിനാലാണ് ഖിബ്ലയായി ഈ സ്ഥാനം തന്നെ തിരഞ്ഞെടുത്തതെന്ന് പല മുസ്ലിം ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. (ഉരുണ്ട ഭൂമിയില്‍ ഇതു യാഥാര്‍ഥവുമാണ്. എന്നാല്‍, ആദ്യകാലത്ത് മുസ്ലിങ്ങളുടെ ഖിബ്ല മക്കയായിരുന്നില്ല, പലസ്തീനിലെ മസ്ജിദുല്‍ അഖ്സ (ബൈത്തുല്‍ മുഖദ്ദീസ്) ആയിരുന്നു. ഹിജ്റ രണ്ടാം വര്‍ഷത്തിലാണ് ഇപ്പോഴത്തെ ഖിബ്ലയ്ക്ക് അഭിമുഖമായി നിസ്കരിക്കാനാരംഭിച്ചത്.

നിസ്കാരത്തില്‍ പ്രവേശിക്കുന്നുവെന്ന 'നിയ്യത്തോടെ' ആയിരിക്കണം തുടക്കം. തുടര്‍ന്ന്, കൈകള്‍ രണ്ടും ചെവിയോളമുയര്‍ത്തി 'അല്ലാഹു അക്ബര്‍' (ദൈവമാണ് അത്യുന്നതന്‍) എന്നുച്ചരിച്ച് നെഞ്ചില്‍ അഥവാ പൊക്കിളിനു മുകളിലും നെഞ്ചിനു താഴെയുമായി കെട്ടണം. ഇതിനെ 'തക്ബീറത്തുല്‍ ഇഹ്റം' എന്നാണ് പറയുക. പിന്നീട് ചില പ്രാര്‍ഥനകളും ക്രിയകളുമാണ്. സാഷ്ടാംഗം (സുജൂദ്), കുനിയല്‍ (റുകൂഅ്), ഇരുത്തം (അത്തഹിയാത്ത്) തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഇതിനെല്ലാം കൃത്യമായ രൂപവും ഘടനയും നിര്‍ണയിച്ചിട്ടുണ്ട്. ഓരോ ക്രിയയ്ക്കും പ്രത്യേകം പ്രാര്‍ഥനകളുമുണ്ട്.

ഓരോ സമയത്തെ നിസ്കാരത്തിനും 'റക്അത്തു'കളുടെ എണ്ണം ക്ളിപ്തപ്പെടുത്തിയിട്ടുണ്ട്. ഒരു തക്ബീറത്തുല്‍ ഇഹ്റാം മുതല്‍ അടുത്ത തക്ബീറത്തുല്‍ ഇഹ്റാം വരെയോ അല്ലെങ്കില്‍ സലാം വീട്ടുന്നത് വരെയോ (നിസ്കാരത്തില്‍ നിന്നും പിന്‍വാങ്ങല്‍) ആണ് ഒരു 'റക്അത്ത്'. നിര്‍ബന്ധ നിസ്കാരങ്ങളായ സുബ്ഹ്, ളുഹ്റ്, അസറ്, മഗ്രിബ്, ഇശാ എന്നിവയ്ക്ക് യഥാക്രമം രണ്ട്, നാല്, നാല്, മൂന്ന്, നാല് എന്നിങ്ങനെയാണ് റക്അത്തുകള്‍. ജുമുഅഃ നിസ്കാരത്തിന് രണ്ടും മയ്യിത്ത് നിസ്കാരത്തിന് ഒരു റക്അത്തുമാണുള്ളത്.

നിര്‍ബന്ധ നിസ്കാരങ്ങള്‍ക്കുപുറമേ, ചില സുന്നത്ത് നിസ്കാരങ്ങളുമുണ്ട്. നിര്‍വഹിക്കല്‍ നിര്‍ബന്ധമില്ലാത്തതും എന്നാല്‍ ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നതുമായ നിസ്കാരങ്ങളാണ് സുന്നത്ത് നിസ്കാരങ്ങള്‍. പെരുന്നാള്‍ നിസ്കാരം, തറാവീഹ് നിസ്കാരം, തഹജൂദ് നിസ്കാരം, വിത്വ്റ് നിസ്കാരം, മഴയെ തേടിയുള്ള നിസ്കാരം, ഗ്രഹണ നിസ്കാരം തുടങ്ങിയവ സുന്നത്ത് നിസ്കാരങ്ങള്‍ക്കുദാഹരണങ്ങളാണ്.

സ്ത്രീക്കും പുരുഷനും നിസ്കാരത്തിന് പ്രത്യേകം വസ്ത്രധാരണ രീതി നിശ്ചയിച്ചിട്ടുണ്ട്. പുരുഷന്‍ കാല്‍മുട്ടിനും പൊക്കിളിനും ഇടയില്‍ നിര്‍ബന്ധമായും മറച്ചിരിക്കണം. ചുമല് വസ്ത്രം കൊണ്ട് മറയ്ക്കുകയെന്നത് ഉത്തമമാണ്. സ്ത്രീ മുന്‍കൈയും മുഖവുമൊഴിച്ച് ബാക്കിയുള്ള ശരീരഭാഗങ്ങളെല്ലാം മറച്ചിരിക്കണം. നിസ്കാര കുപ്പായമെന്ന പ്രത്യേകതരം വസ്ത്രമാണ് നിസ്കാര വേളകളില്‍ സ്ത്രീകള്‍ അണിയുന്നത്.

ഇസ്ലാമിന്റെ അടിസ്ഥാനത്തെ ബലപ്പെടുത്തുന്ന ഈ കര്‍മം ആത്മശുദ്ധി, ആത്മീയ വളര്‍ച്ച, സ്വഭാവ-കര്‍മങ്ങളുടെ സംസ്കരണം എന്നിവയ്ക്കു നിദാനമായ വിശ്വാസത്തെ സജീവമായി നിലനിര്‍ത്തുന്നു. ഒരു വിശ്വാസിയെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം അവന്റെ നിസ്കാരമാണെന്ന മുഹമ്മദ് നബിയുടെ വചനവും ഇത് തന്നെയാണര്‍ഥമാക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍