This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിസാമാബാദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിസാമാബാദ്

ആന്ധ്രപ്രദേശ് സംസ്ഥാനത്തെ ഒരു ജില്ല, ആസ്ഥാന നഗരം. മുന്‍ ഹൈദരബാദ് സംസ്ഥാനത്തിലുള്‍പ്പെട്ടിരുന്ന ഈ ജില്ല 1956 നവ. 1-ന് ആന്ധ്രപ്രദേശിന്റെ ഭാഗമായി. ജില്ലയുടെ വിസ്തീര്‍ണം: 8,000 ചി.കി.മീ.; ജനസംഖ്യ: 23,45,685 (2001); അതിരുകള്‍: വ.-ആദിലാബാദ് ജില്ലയും മഹാരാഷ്ട്ര സംസ്ഥാനവും, കി.-കരിംനഗര്‍ ജില്ല, തെ.-മേദക് ജില്ല, പ.-മഹാരാഷ്ട്ര.

ഡെക്കാണ്‍ പീഠഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന നിസാമാബാദ് ജില്ലയില്‍ മിതമായ കാലാവസ്ഥ അനുഭവപ്പെടുന്നു. വരണ്ട ഇലപൊഴിയും കാടുകളാണ് ജില്ലയില്‍ പ്രധാനമായും കാണപ്പെടുന്നത്. തേക്ക്, എബണി തുടങ്ങിയ വൃക്ഷങ്ങള്‍ ഈ കാടുകളില്‍ വളരുന്നു. ജില്ലയിലെ തേക്കിന്‍ കാടുകള്‍ മുമ്പ് വളരെയേറെ പ്രശസ്തിയാര്‍ജിച്ചിരുന്നു. എന്നാല്‍ വിവേചനരഹിതവും അശാസ്ത്രീയവുമായ ചൂഷണം മൂലം ഇവ ഇന്ന് ഭാഗികമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു. തടി-ഇന്ധന ആവശ്യങ്ങള്‍, ബീഡിതെറുപ്പ്, മുളയുത്പന്നങ്ങളുടെ നിര്‍മാണം തുടങ്ങിയവയ്ക്കാണ് പ്രധാനമായും വനവിഭവങ്ങളെ ആശ്രയിക്കുന്നത്. മാങ്ങ, സീതപ്പഴം എന്നിവ ജില്ലയിലെ പ്രധാന ഫലവൃക്ഷങ്ങളാകുന്നു.

കരിമണ്ണ്, ചെമ്മണ്ണ്, എക്കല്‍ നിറഞ്ഞ മണ്ണ് തുടങ്ങി അനവധി മണ്ണിനങ്ങള്‍ ജില്ലയില്‍ കാണപ്പെടുന്നുണ്ട്. നിസാമാബാദ് ജില്ലയിലെ നദികളില്‍ പ്രഥമസ്ഥാനം ഗോദാവരിക്കാണ്. ഗോദാവരിയുടെ പ്രധാന പോഷകനദിയായ മഞ്ജീര (Manjira) യാണ് മറ്റൊരു പ്രധാന നദി. ഫൂലാങ് (Phulang), യട്ലകാട്ടവാഗു(Yedlakattavagu) എന്നിവയാണ് മറ്റു നദികള്‍.

ആന്ധ്രപ്രദേശിലെ കാര്‍ഷികപരമായി ഏറ്റവും വികസിച്ച ജില്ലകളിലൊന്നാണ് നിസാമാബാദ്. നെല്ലും കരിമ്പുമാണ് മുഖ്യ വിളകള്‍. ചോളം. നിലക്കടല എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. നിസാംസാഗര്‍, പോച്ചംപാട്, പോചാരം, രാമദുഗു, നല്ലവഗു പദ്ധതികളാണ് ജില്ലയിലെ കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നത്. കോഴി-കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയും ഇവിടെ വളരെയധികം പുരോഗമിച്ചിട്ടുണ്ട്.

Image:nisam sagar.png

നിസാമാബാദിലെ വ്യാവസായിക മേഖല വളരെയേറെ വികസിതമാണ്. കാര്‍ഷിക വ്യവസായങ്ങള്‍ക്കാണ് വ്യാവസായിക മേഖലയില്‍ മുന്‍തൂക്കം. ഷക്കര്‍ നഗര്‍, ബോധാന്‍, സാരംഗ്പൂര്‍ എന്നിവിടങ്ങളില്‍ പഞ്ചസാര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. സാരംഗ്പൂര്‍, കിസാന്‍ നഗര്‍, കാമറെഡ്ഢി എന്നിവിടങ്ങളില്‍ പ്രത്യേകം വ്യാവസായിക മേഖലകള്‍ (Industrial Estate) ഉണ്ട്. അലുമിനിയം ഉപകരണങ്ങള്‍, സ്റ്റീല്‍ ഫര്‍ണിച്ചര്‍, പൈപ്പ് ഫിറ്റിങ്ങുകള്‍, ബിസ്കറ്റ് തുടങ്ങിയവ ജില്ലയിലെ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു. ഗതാഗതമേഖലയില്‍ റെയില്‍-റോഡ് ഗതാഗതത്തിനാണ് പ്രാമുഖ്യം. നിസാമാബാദ് പട്ടണത്തെ ബോധാനുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാതയ്ക്കുപുറമേ സെക്കന്തരാബാദ്-മന്‍മദ് റെയില്‍പ്പാത ജില്ലയിലൂടെയാണ് കടന്നുപോകുന്നത്.

തെലുഗ്, ഉര്‍ദു, ഹിന്ദി എന്നിവയാണ് നിസാമാബാദ് ജില്ലയില്‍ പ്രചാരത്തിലുള്ള മുഖ്യഭാഷകള്‍; ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ എന്നിവ പ്രധാന മതവിഭാഗങ്ങളും. ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ആദര്‍ശ് ഹിന്ദു വിദ്യാലയ ബിരുദ കോളജ്, ജവാഹര്‍ലാല്‍ നെഹ്റു നിയമ കോളജ്. ബികാനൂരിലെ ബിരുദാനന്തര ബിരുദ കേന്ദ്രം തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. അര്‍മൂര്‍ (Amur)അച്ചാംപേട്, ജലാല്‍പൂര്‍, ബോധാന്‍, പെഡാ താനേ, ബികാനൂര്‍, ബീബിപേട്ട്, കാമറെഡ്ഢി, കൗലാസ്, നിസാമാബാദ് തുടങ്ങിയവ ജില്ലയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍