This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിവേദിത, സിസ്റ്റര്‍ (1867 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിവേദിത, സിസ്റ്റര്‍ (1867 - 1911)

Image:Sister_Nivedita.png

സ്വാമി വിവേകാനന്ദന്റെ ശിഷ്യ.ഭഗിനി നിവേദിത എന്ന പേരില്‍ അറിയപ്പെട്ടു. അയര്‍ലണ്ടുകാരായ സാമുവലിന്റെയും മേരിയുടെയും മകളായി 1867 ഒ. 28-ന് ജനിച്ചു. മാര്‍ഗരറ്റ് നോബിള്‍ എന്നാണ് യഥാര്‍ഥപേര്. ഇംഗ്ലണ്ടില്‍ ജീവിതമാരംഭിച്ച മാര്‍ഗരറ്റ് ടൊറെന്റണിലെ ഹാലിഫാക്സ് സ്കൂളില്‍, വിദ്യാഭ്യാസം നടത്തിയശേഷം, പതിനെട്ടാം വയസ്സില്‍ കെസ്വിക്കിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായി. തീവ്രമായ മതവീക്ഷണം ചെറുപ്പത്തിലേ തന്നെ ഉണ്ടായിരുന്ന മാര്‍ഗരറ്റിന് ലൗകിക ജീവിത സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കെസ്വിക്ക് വിട്ടശേഷം ഒരു അനാഥാലയത്തില്‍ കുറച്ചുകാലം കുട്ടികള്‍ക്കൊപ്പം ജീവിച്ചു. പിന്നീട് റെക്സ്ഹാം സെക്കണ്ടറി സ്കൂളില്‍ ജോലി കിട്ടിയതോടെ ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടായി. സുവിശേഷ പ്രവര്‍ത്തകയായി മാറിക്കഴിഞ്ഞിരുന്ന മാര്‍ഗരറ്റ്,പള്ളി വികാരികളുടെ ചില നിര്‍ദയമായ സാമൂഹിക നടപടികളോട് പ്രതിഷേധിച്ച് ശക്തമായ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. നിരവധി തൂലികാനാമങ്ങളില്‍ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതി.

വിദ്യാഭ്യാസ പ്രവര്‍ത്തക എന്ന നിലയില്‍ മാര്‍ഗരറ്റ് സജീവമായി പ്രവര്‍ത്തിച്ചു. ലണ്ടനില്‍ ന്യൂ സ്കൂള്‍ സ്ഥാപിക്കുന്നതിന് ഹസിസ്ഭേല്യു മാര്‍ഗരറ്റിന്റെ സഹായം തേടിയിരുന്നു. 1895-ല്‍ അവിടംവിട്ട്,റസ്കിന്‍ സ്കൂള്‍ സ്ഥാപിച്ചു. അക്കാലത്ത് ലേഡി ഇസബെല്ലിന്റെ ഭവനത്തില്‍ വച്ചുനടന്ന മതപ്രഭാഷണത്തിനിടയിലാണ് മാര്‍ഗരറ്റ് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടുന്നത്. പിന്നീടദ്ദേഹത്തെ അവര്‍ ഗുരുവായി സ്വീകരിച്ചു. 1898 ജനു. 28-ന് അവര്‍ ഭാരതത്തിലെത്തി.

Image:Sister Nivedita vivekanandan.png

മാര്‍ച്ച് 25-ന് ബംഗാളില്‍വച്ച് മാര്‍ഗരറ്റിന് സ്വാമിജി 'നിവേദിത' എന്ന പേര് കൊടുത്തു. ശ്രീരാമകൃഷ്ണസമ്പ്രദായത്തിലുള്ള പരിശീലനമാണ് നിവേദിത അഭ്യസിച്ചത്. ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും നിവേദിതയുടെ ആത്മീയജീവിതത്തിന് കൂടുതല്‍ ഉണര്‍വേകി. വിവേകാനന്ദസന്ദേശങ്ങളുടെ പ്രചരണാര്‍ഥം അല്‍മോറ, കാശ്മീര്‍ എന്നിവിടങ്ങളില്‍ കുറച്ചുകാലം താമസിച്ചു.    പിന്നീട് നൈഷ്ഠിക ബ്രഹ്മചാരിണിയായി ഏറെക്കാലം ബേലൂര്‍ മഠത്തില്‍ കഴിച്ചു കൂട്ടിയ നിവേദിത, 1898 നവംബര്‍ 12-ന് ബാഗ്ബസാറില്‍ ഒരു പുതിയ സ്കൂളിന് തുടക്കമിട്ടു. വിദ്യാര്‍ഥിനികള്‍ക്ക് മാത്രമായുള്ള ഈ സ്കൂളില്‍ ആധ്യാത്മികാന്വേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നു. ഇക്കാലത്ത് ടാഗൂര്‍ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും രബീന്ദ്രനാഥ ടാഗൂറിന്റെ ഉറ്റ സുഹൃത്തായി മാറുകയും ചെയ്തു. ഇതിനോടകം സന്ന്യാസജീവിതത്തില്‍ തീവ്രമായി ആകൃഷ്ടയായിത്തീര്‍ന്ന നിവേദിത, കാളിമാതാവിന്റെ കടുത്ത ഭക്തയായി മാറിയിരുന്നു. ആത്മീയ പ്രചാരണത്തിനിടെ വന്നുപെട്ട സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള വഴി തേടി സ്വാമി വിവേകാനന്ദന്‍, തുരീയാനന്ദസ്വാമികള്‍ എന്നിവര്‍ക്കൊപ്പം ലണ്ടനിലേക്കു പോയി. പിന്നീട് അമേരിക്കയിലുമെത്തി. അവിടങ്ങളില്‍ നിരവധി വിവേകാനന്ദ ശിഷ്യരെ സംഘടിപ്പിക്കുകയും സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തു. 1902-ല്‍ വിവേകാനന്ദസ്വാമികള്‍ സമാധിയായശേഷവും നിവേദിതയുടെ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇളക്കം തട്ടിയില്ല. ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണഗോഖലെ തുടങ്ങിയ പ്രമുഖരുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താനും പുതിയ രാഷ്ട്രീയ സങ്കല്പം പടുത്തുയര്‍ത്താനും നിവേദിത മുന്നിലുണ്ടായിരുന്നു. ഹിന്ദുധര്‍മത്തിന്റെ ശക്തിയില്‍ അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ബറോഡയില്‍വച്ച് അരവിന്ദഘോഷിനെ പരിചയപ്പെട്ടതും നിവേദിതയുടെ ജീവിതസങ്കല്പത്തെ ഊര്‍ജ്വസ്വലമാക്കി. ദക്ഷിണേന്ത്യയില്‍ ഇവര്‍ നടത്തിയ സന്ദര്‍ശനങ്ങളും ചര്‍ച്ചകളും ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ പ്രവര്‍ത്തനങ്ങളിലേക്ക് ശക്തമായരീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളില്‍ അണിചേരുകയും ചെയ്തു. വിദ്യാഭ്യാസം, സ്വാതന്ത്ര്യപ്രസ്ഥാനം, ബംഗാള്‍ വിഭജനം, സ്വദേശി പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആത്മീയമായ ഒരുണര്‍വ് വിപ്ളവചലനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാനും ഭഗിനി നിവേദിത ശ്രമിച്ചു. ഭാരതത്തിന്റെ ദേശീയതയ്ക്കുവേണ്ടിയുള്ള സമരങ്ങളില്‍ നിവേദിതയും മുന്നിട്ടുനിന്നു. ഭാരതീയരുടെ വിഗ്രഹാരാധനാ സങ്കല്പത്തെ അവര്‍ മാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സ്വാതന്ത്യ്ര പ്രക്ഷോഭങ്ങള്‍ക്കും ആത്മീയ ധാരകള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ച നിവേദിതവിധവാബാലികമാര്‍ക്കുവേണ്ടി ഒരു ബോര്‍ഡിങ് സ്കൂള്‍ പണികഴിപ്പിക്കുകയുണ്ടായി. വനിതകള്‍ക്കായി പ്രത്യേക സന്ന്യാസ ചിട്ടകളോടെ ഒരു മാതൃമന്ദിരവും അവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നു. ധീരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ അസാമാന്യ ധീരതയോടെ നേരിട്ട നിവേദിത ക്രമേണ, രോഗാതുരയായിത്തീര്‍ന്നു.

നിവേദിതയുടെ സമ്പൂര്‍ണ കൃതികള്‍ അഞ്ചുവാല്യങ്ങളിലായി കല്‍ക്കത്ത അദ്വൈതാശ്രമത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔവര്‍ മാസ്റ്റര്‍ ആന്‍ഡ് ഹിസ് മെസ്സേജ്, ദ് മാസ്റ്റര്‍ ആസ് ഐ സോ ഹിം തുടങ്ങിയ ഗ്രന്ഥങ്ങള്‍ വിഖ്യാതങ്ങളാണ്. 1911 ഒ. 13-ന് 44-ാം വയസ്സില്‍ ഡാര്‍ജിലിങ്ങില്‍ വച്ച് സിസ്റ്റര്‍ നിവേദിത ദിവംഗതയായി.

(എം. സുരേഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍