This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിവെന്‍, ഡേവിഡ് (1910 - 1983)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിവെന്‍, ഡേവിഡ് (1910 - 1983)

Niven,David

Image:Niven devid.png

ബ്രിട്ടീഷ് ചലച്ചിത്ര നടന്‍. ജെയിംസ് ഡേവിഡ് ഗ്രഹാം നിവെന്‍ എന്നാണ് യഥാര്‍ഥ നാമധേയം. 1910 മാര്‍ച്ച് 1-ന് ലണ്ടനില്‍ ജനിച്ചു. അഞ്ചാം വയസ്സില്‍ത്തന്നെ പിതാവ് കൊല്ലപ്പെടുകയും മാതാവ് വേറെ വിവാഹം കഴിക്കുകയും ചെയ്തതോടെ, ചെറുപ്പകാലം ഏറെക്കുറെ ഒറ്റയ്ക്കാണ് കഴിച്ചുകൂട്ടിയത്. ബാന്‍ഡ് ഹര്‍ട്സിലെ റോയല്‍ മിലിട്ടറി അക്കാദമിയില്‍നിന്നും പട്ടാള പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഡോവറിലും മാള്‍ട്ടയിലുമായി ഹൈലാന്‍ഡ്-ഇന്‍ഫന്ററിയില്‍ 1932 വരെ സേവനമനുഷ്ഠിച്ചു. പിന്നീട്, സിനിമാമോഹവുമായി ഹോളിവുഡിലെത്തി. 1932 മുതല്‍ 35 വരെയുള്ള കാലത്ത് ഇദ്ദേഹം കാനഡയിലും, വെസ്റ്റ് ഇന്‍ഡീസിലും യു.എസ്സിലുമാണ് ജീവിച്ചത്. അവിടങ്ങളില്‍ മദ്യവില്പനക്കാരനായും അലക്കുകാരനായും ഉപജീവനം നടത്തി. 1939 വരെയുള്ള കാലത്ത് 25-ഓളം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ഇദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. 1939-ല്‍ പുറത്തിറങ്ങിയ 'റാഫിള്‍സ്' ഏറെ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ്. 'ക്ളിയോപാട്ര' (1934), 'എ ഫെദര്‍ ഇന്‍ ബാര്‍ഹാറ്റ്' (1935), 'റോസ്മേരി' (1936), 'ഡോഡ്സ് വര്‍ത്ത്' (1936), 'ദ് ചാര്‍ജ് ഒഫ് ദ് ലൈറ്റ് ബ്രിഗേഡ്' (1936), 'ദ് പ്രിസണര്‍ ഒഫ് സന്‍സ' (1937), 'വോര്‍ മെന്‍ ആന്‍ഡ് എ പ്രയര്‍' (1938), 'ത്രീ ബ്ളൈന്‍ഡ് മൈസ്' (1938), 'ദ് റിയല്‍ ഗ്ളോറി' (1939) തുടങ്ങിയവയായിരുന്നു നീവന്‍ ഡേവിഡിന്റെ ആദ്യകാല മികച്ച ചിത്രങ്ങള്‍.

Image:matter of life and death.png

രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ യുദ്ധകാലത്തും ഇദ്ദേഹം രണ്ടു സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. 'ദ് ഫസ്റ്റ് ഒഫ് ദ് ഫ്യൂ' (1942), 'ദ് വെ അണസ്' (1944) എന്നിവയായിരുന്നു അവ.

രണ്ടാംലോകയുദ്ധത്തിനുശേഷം ഹോളിവുഡില്‍ തിരിച്ചെത്തുകയും, 'എ മാറ്റര്‍ ഒഫ് ലൈഫ് ആന്‍ഡ് ഡെത്ത്' (1946), 'എറൌണ്ട് ദ് വേള്‍ഡ് ഇന്‍ 84ബ്ബ ഡെയ്സ്' (1956), 'ദ് പിങ്ക് പാന്തര്‍' (1963) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലഭിനയിക്കുകയും ചെയ്തു. 1958-ല്‍ പുറത്തിറങ്ങിയ 'സെപ്പറേറ്റ് ടേബിള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചു.

നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'ദ് ബിഷപ്സ് വൈഫ്' (1947), 'എ കിസ് ഇന്‍ ദ് ഡാര്‍ക്ക്' (1949), 'ഹാപ്പി ഗോ ലൌവ്ലി' (1951), ദ് ലേഡി ഡെയ്സ് നോ' (1952), 'ദ് മൂണ്‍ ഈസ്റ്റ് ബ്ളൂ' (1953), 'ദ് കിങ്സ് തീഫ്' (1955), 'ദ് ലിറ്റില്‍ ഹട്ട്' (1957), 'ആസ്ക് എനി ഗേള്‍' (1959), 'ദ് ഷോര്‍ട്ടസ്റ്റ് സേ' (1962), 'ദ് ബെസ്റ്റ് ഒഫ് എനിമീസ്' (1962), 'ഗണ്‍സ് ഒഫ് ഡാര്‍ക്ക്നെസ്' (1962), 'ലേഡി എന്‍' (1965), 'ഐ ഒഫ് ദ് ഡെവിള്‍' (1966) 'ദ് ബ്രൈന്‍' (1969), പേപ്പര്‍ ടൈഗര്‍ (1975), 'മര്‍ഡര്‍ ബൈ ഡെത്ത്' (1976), 'സ്പീസ് ഫീവര്‍' (1978), 'റഫ് കട്ട്' (1980), 'കഴ്സ് ഒഫ് ദ് പിങ്ക് പാന്തര്‍' (1983) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.

1940-ല്‍ ഇദ്ദേഹം പ്രിമൂല സൂസന്‍ റോളോയെ വിവാഹം ചെയ്തു. ആറു വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം അവര്‍ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. പിന്നീട്, 1948-ല്‍ പ്രശസ്ത സ്വീഡിഷ് മോഡലും അഭിനേത്രിയുമായിരുന്ന പൌലീന ടെര്‍സ്മിസനെ വിവാഹം ചെയ്തു.

രണ്ട് ആത്മകഥകള്‍ ഉള്‍പ്പെടെ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ദ് മൂണ്‍ എ ബലൂണ്‍ (1971), ഓണ്‍ ദി എംപ്റ്റി ഹോര്‍സസ് (1975) എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ ആത്മകഥാ രചനകള്‍. ഗോ സ്ളോവ്ലി കംബാക്ക് ക്യുക്ലി എന്ന ഒരു നോവലും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1983 ജൂല. 29-ന് സ്വിറ്റ്സര്‍ലണ്ടില്‍വച്ച് അസുഖബാധിതനായിരിക്കെ നിവെന്‍ ഡേവിഡ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍