This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലവറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിലവറ

ദ്രവ്യങ്ങള്‍ രഹസ്യമായും സുരക്ഷിതമായും സൂക്ഷിക്കുന്നതിനായി പണിയുന്ന അറ. 'നിലയറ' എന്നും പേരുണ്ട്. രാജകൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും ഒട്ടനേകം നിലവറകള്‍ രഹസ്യമായി നിര്‍മിക്കുക പതിവായിരുന്നു.

ആഭരണങ്ങള്‍, ഉടമ്പടി രേഖകള്‍, വിലപിടിപ്പുള്ള മറ്റു ദ്രവ്യങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ സൂക്ഷിക്കാന്‍ നിലവറകളിലാണ് സംരക്ഷിച്ചിരുന്നത്. ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും പൂജാസാമഗ്രികളും സൂക്ഷിക്കുന്നതിന് ഭിത്തിക്കടിയില്‍ പണിത നിലവറകളും തടിയില്‍ പണിത പ്രത്യേക നിലവറപ്പുരകളുമുണ്ട്. ക്ഷേത്രസംബന്ധമായ കച്ചകളും നീട്ടുത്തരവുകളും സൂക്ഷിക്കുവാനും വസ്തുസംബന്ധമായ രേഖകള്‍ സൂക്ഷിക്കുവാനും പ്രത്യേകം തയ്യാറാക്കിയ നിലവറയുണ്ടാകും. പള്ളികളിലും മോസ്കുകളിലും വിശുദ്ധവസ്തുക്കളും മതഗ്രന്ഥങ്ങളും സൂക്ഷിക്കുന്നതിനും നിലവറകള്‍ നിര്‍മിക്കാറുണ്ട്. പഴയ നാലുകെട്ടുകളില്‍ പൂര്‍വികരുടെ ഉപയോഗസാമഗ്രികളും കുലചിഹ്നങ്ങളും നിലവറകളില്‍ വച്ചിരുന്നു. പ്രത്യേകം നിര്‍മിച്ച നിലവറകളില്‍ പരദേവതയെ കുടിയിരുത്തുന്ന നാലുകെട്ടുകളും ഉണ്ടായിരുന്നു. 'നിലവറ ഭഗവതി' എന്ന പേരില്‍ അതറിയപ്പെട്ടിരുന്നു.

മന്ത്രവാദസംബന്ധമായ ആഭിചാരക്രിയകളില്‍ തളയ്ക്കുന്ന പ്രേതാത്മാക്കളെ നിലവറകളില്‍ കൂടിയിരുത്തി മന്ത്രതന്ത്രവാദികള്‍കൊണ്ട് മുദ്രവച്ച് താഴിട്ട് പൂട്ടുന്നതായുള്ള വിശ്വാസം കേരളത്തില്‍ നിലനിന്നിരുന്നു. മന്ത്രവാദഗ്രന്ഥങ്ങളും ആഭിചാര സംബന്ധമായ താളിയോലകളും കരുതിവയ്ക്കാനും നിലവറകള്‍ സജീവമായിരുന്നു. മണ്ണിനടിയില്‍ നിര്‍മിക്കുന്ന നിലവറകള്‍ ശത്രുസംഹാരത്തിനും മറ്റും ചിലപ്പോള്‍ ഉപയോഗിച്ചിരുന്നു. ശത്രുക്കളില്‍ നിന്ന് ഒളിച്ചുതാമസിക്കാനും മണ്ണിനടിയിലെ വായുസജ്ജമായ നിലവറകള്‍ ഉപയോഗിച്ചിരുന്നു.

നാലുകെട്ടുകളില്‍ പലപ്പോഴും ഓരോ മുറികളിലും നിലവറകള്‍ സജ്ജീകരിച്ചിരുന്നതായി കാണാം. അടുക്കളയോടനുബന്ധിച്ചുള്ള മുറിയില്‍ ധാന്യശേഖരം സൂക്ഷിക്കുന്നതിനുള്ള നിലവറയും പൂജാമുറിയില്‍ പരദേവതയെ പൂജിക്കുന്നതിനുള്ള നിലവറയും ക്രമീകരിച്ചിരുന്നു. പൂര്‍വികരുടെ വാളും പരിചയും, മെതിയടി, വെള്ളികെട്ടിയ ചൂരല്‍ തുടങ്ങിയവയും ചില പഴയ ഗൃഹങ്ങളുടെ നിലവറകളില്‍ ഇന്നും കാണാം. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ഊട്ടുപുരകളില്‍ കാണപ്പെടുന്ന നിലവറകളില്‍ ലോഹപ്പാത്രങ്ങളുടെ ശേഖരമാണ് സൂക്ഷിച്ചിരുന്നത്. പടക്കോട്ടകളില്‍ അതിശക്തമായ ആയുധങ്ങള്‍ രഹസ്യമായി കരുതിവയ്ക്കുന്നത് നിലവറകളിലായിരുന്നു. യുദ്ധത്തില്‍ മരണപ്പെടുന്ന പൂര്‍വികരെ നിലവറകളില്‍ കുടിയിരുത്തി ആരാധിക്കുന്ന ചടങ്ങ് ചില നായര്‍ തറവാടുകളില്‍ നിലനിന്നിരുന്നു. പ്രാചീനമായ ഒരു സംസ്കാരത്തിന്റെ സമൃദ്ധിയുടെ ചിഹ്നമാണ് നിലവറകള്‍.

(എം. സുരേഷ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%B5%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍