This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലപ്പാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിലപ്പാല

Snake weed

യുഫോര്‍ബിയേസീ (Euphorbiaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. യുഫോര്‍ബിയ ഹിര്‍ട്ട (Euphorbia hirta). യുഫോര്‍ബിയ പൈലുലിഫെറ (Euphorbia pilulifera) എന്ന ശാസ്ത്രനാമത്തിലും ഇതറിയപ്പെടുന്നു. ഉഷ്ണ-മിതോഷ്ണ മേഖലാപ്രദേശങ്ങളില്‍ എല്ലായിടങ്ങളിലും നിലപ്പാല ധാരാളമായുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും ഇത് കളസസ്യമായി വളരുന്നു.

Image:nilappana.png

15-50 സെ.മീ. വരെ നീളത്തില്‍ നിവര്‍ന്നോ പടര്‍ന്നോ വളരുന്ന വാര്‍ഷിക ഓഷധിയാണ് നിലപ്പാല. നാല് കോണുകളോടുകൂടിയതാണ് ഇതിന്റെ തണ്ട്. തണ്ടും ഇലകളും ലോമിലമായിരിക്കും. സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ക്ക് നാല് സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. പത്രവൃന്തം 1.5-3 മി.മീ. നീളമുള്ളതാണ്. അനുപര്‍ണങ്ങള്‍ വളരെ വേഗം കൊഴിഞ്ഞുപോകുന്നു. ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് കൂട്ടങ്ങളായാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ വളരെ ചെറുതും മങ്ങിയ വെളുപ്പുനിറമുള്ളതുമാണ്. കായ്കള്‍ 1.25 മി.മീ. വ്യാസമുള്ള ലോമിലമായ സമ്പുടമാണ്. വിത്തുകള്‍ക്ക് തവിട്ടുകലര്‍ന്ന ചുവപ്പുനിറമായിരിക്കും.

നിലപ്പാലസസ്യം സമൂലം ഉണക്കി ഔഷധമായി ഉപയോഗിക്കുന്നു. ആസ്ത്മ, ചുമ, വയറിളക്കരോഗങ്ങള്‍, മൂത്രനാള രോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് വിരയിളക്കാനും മുലപ്പാല്‍ വര്‍ധിക്കാനും വളരെ നല്ല ഔഷധമാണ്. സസ്യത്തിന്റെ പാലുപോലെയുള്ള കറയ്ക്ക് (latex) ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ കഴിവുണ്ട്. സസ്യത്തിന്റെ ഇല ഭക്ഷ്യയോഗ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍