This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലപ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിലപ്പന

അമാരില്ലിഡേസീ (Amaryllidaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. കുര്‍ക്കുലിഗോ ഓര്‍ക്കിയോയിഡെസ് (Curculigo orchioides). കുര്‍ക്കുലിഗോ മലബാറിക്ക (C.malabarica) എന്ന ശാസ്ത്രനാമത്തിലും അറിയപ്പെടുന്ന നിലപ്പനയ്ക്കു താലമൂലി, താലപത്രിക, ഭൂതാലി, ദീര്‍ഘകന്ദി, താലി, വാരാഹി, ഹംസപദി തുടങ്ങിയ സംസ്കൃത പേരുകളുമുണ്ട്. ജാവയിലും ഇന്ത്യയിലെ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും ഇത് ധാരാളമായി വളരുന്നു. കേരളത്തില്‍ സമുദ്രനിരപ്പില്‍നിന്ന് സു. 700 മീറ്ററോളം ഉയരമുള്ള പ്രദേശങ്ങളിലാണ് നിലപ്പന സമൃദ്ധമായി വളരുന്നത്.

നിലപ്പനയുടെ തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടിരിക്കുന്ന മാംസളമായ പ്രകന്ദ(root stock - കിഴങ്ങ്)ത്തിന് 30 സെ.മീറ്ററോളം നീളമുണ്ട്. പ്രകന്ദത്തിന് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനുള്ള കഴിവുണ്ട്. ഇലകള്‍ പുഷ്പാകാരികമായി (rosette) വിന്യസിച്ചിരിക്കുന്നു. 15-45 സെ.മീ. നീളവും 2-3 സെ.മീ. വീതിയുമുള്ള നേര്‍ത്ത ഇലയുടെ അഗ്രം മണ്ണിനോടു തൊട്ടിരിക്കും. ചില അവസരങ്ങളില്‍ ഇലയുടെ അഗ്രത്തില്‍നിന്ന് വേരുകളുണ്ടാകാറുണ്ട്.

ഇലയുടെ കക്ഷ്യങ്ങളില്‍നിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. പുഷ്പമഞ്ജരിയുടെ ചുവടുഭാഗത്തുള്ള പുഷ്പങ്ങള്‍ ദ്വിലിംഗിയും അറ്റത്തേക്കു വരുന്തോറും ആണ്‍പുഷ്പങ്ങളും ആയിരിക്കും. പുഷ്പങ്ങള്‍ക്ക് കടുംമഞ്ഞ നിറമാണ്. പരിദളപുടം (perianth) 13-17 മി.മീറ്ററോളം നീളമുള്ള ആറുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആറ് ചെറിയ കേസരങ്ങളുണ്ട്. വര്‍ത്തികാഗ്രം മൂന്നായി പിളര്‍ന്നിരിക്കും. കായ് 13 മി.മീറ്ററോളം നീളമുള്ള സംപുടമാണ്. 1-4 വിത്തുകളുണ്ടായിരിക്കും. വിത്തുകള്‍ക്ക് തിളക്കമുള്ള കറുപ്പുനിറമാണ്.

നിലപ്പനക്കിഴങ്ങില്‍ റെസിന്‍, ടാനിന്‍, കൊഴുപ്പ്, അന്നജം, കാത്സ്യം ഓക്സലേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് വിഷഹരശക്തിയുള്ളതാണ്. കിഴങ്ങ് ഉണക്കിപ്പൊടിച്ച് മുറിവുകളില്‍ ലേപനം ചെയ്യുന്നത് രക്തപ്രവാഹം നിലയ്ക്കുന്നതിനും മുറിവ് ഉണങ്ങുന്നതിനും സഹായിക്കും. ആസ്ത്മ, മഞ്ഞപ്പിത്തം, ദഹനക്കേട്, ഛര്‍ദി, വയറിളക്കരോഗങ്ങള്‍, രക്തസംബന്ധമായ രോഗങ്ങള്‍, മൂലക്കുരു, വാതം, സന്ധികളിലെ വേദന തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ നിലപ്പനക്കിഴങ്ങ് ഉപയോഗിക്കുന്നു. നിലപ്പനക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിലോ പാലിലോ ചേര്‍ത്ത് കഴിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.

'നിലപ്പനക്കിഴങ്ങേറ്റം ശീതളം ബൃംഹണം ഗുരു

കഫപിത്തങ്ങളെ തീര്‍ക്കുമസ്ഥിസ്രാവത്തിന്നുമുത്തമം'

എന്നാണ് നിലപ്പനക്കിഴങ്ങിനെ ഗുണപാഠത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

നിലപ്പനയോട് ഏറെ രൂപസാദൃശ്യമുള്ള സസ്യമാണ് ലിലിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന മുസലി. അതിനാല്‍ പലപ്പോഴും നിലപ്പനയെ മുസലി എന്നു വിശേഷിപ്പിക്കാറുമുണ്ട്. ക്ളോറോഫൈറ്റം ബോറിവിലിയാനം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുസലിയാണ് �(സഫേദ് മുസലി-വെള്ള മുസലി) കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍