This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലക്കടല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിലക്കടല

Peanut

ഒരു എണ്ണക്കുരു. ലഗുമിനോസീ സസ്യകുടുംബത്തിലെ പാപ്പിലോണേസീ ഉപകുടുംബത്തില്‍ ഉള്‍പ്പെടുന്ന നിലക്കടലയുടെ ശാ.നാ. അരാച്ചിസ് ഹൈപ്പോജിയ (Arachis hypogea) എന്നാണ്. ഇംഗ്ളീഷില്‍ ഗ്രൗണ്ട്നട്ട് (grount nut) എന്നും പേരുള്ള നിലക്കടല, കപ്പലണ്ടി എന്ന സാധാരണ നാമത്തിലാണ് അറിയപ്പെടുന്നത്. തെക്കേ അമേരിക്കയില്‍ എവിടെയോയാണ് നിലക്കടലയുടെ ഉദ്ഭവം എന്നാണ് അനുമാനിക്കുന്നു. 15-ാം ശതകത്തോടെയാണ് നിലക്കടല ഇന്ത്യയില്‍ വ്യാപകമാകുന്നത്.

Image:nilakadala.png

ഇന്ത്യ, ചൈന, അമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് നിലക്കടല വ്യാപകമായി കൃഷി ചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നിലക്കടല ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍, നിലക്കടലക്കൃഷിയുടെ 60 ശതമാനത്തോളം തമിഴ്നാട്ടില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. കേരളത്തില്‍ പ്രധാനമായും പാലക്കാട് ജില്ലയാണ് നിലക്കടലക്കൃഷിയില്‍ മുന്നില്‍.

പടര്‍ന്നോ നിവര്‍ന്നോ വളരുന്ന ഓഷധിയാണ് നിലക്കടല. കാണ്ഡത്തിന് 30-80 സെ.മീ. വരെ ഉയരം കാണും; ഇലകള്‍ക്ക് 8-12 സെ.മീ. വരെ നീളവും. പ്രാസാകാരമുള്ള രണ്ട് ഉപപര്‍ണങ്ങളിലായി പോള (sheath) കാണപ്പെടുന്നു. അണ്ഡാകാരമുള്ള പത്രകങ്ങള്‍ക്ക് 2-5 സെ.മീ. വരെ നീളം ഉണ്ടായിരിക്കും. ഇലകളുടെ കക്ഷ്യങ്ങളില്‍നിന്നുണ്ടാകുന്ന മഞ്ഞ നിറമുള്ള പുഷ്പങ്ങള്‍ക്ക് ഏകദേശം 8 മി.മീറ്ററോളം നീളം ഉണ്ടായിരിക്കും. പുഷ്പങ്ങള്‍ ഒറ്റയായോ, 3-4 പുഷ്പങ്ങള്‍ ചേര്‍ന്ന കുട്ടമായോ കാണപ്പെടുന്നു. 8-10 വരെ എണ്ണമുള്ള കേസരങ്ങള്‍ ഏകഗുച്ഛങ്ങളാണ്. ഉത്തര അണ്ഡാശയമാണ് മറ്റൊരു പ്രത്യേകത. സ്വപരാഗണമാണ് സാധാരണം. ബീജസങ്കലനത്തിനുശേഷം അണ്ഡാശയത്തിന്റെ ആധാരം നീളമുള്ള ഒരു വൃന്തമായി മാറുകയും, അത് വികാസം പ്രാപിച്ചുവരുന്ന അണ്ഡാശയത്തെ മണ്ണിനടിയിലേക്ക് താഴ്ത്തുകയും ചെയ്യുന്നു.

Image:nilakadala 1.png

ആയതാകൃതിയിലുള്ള സൂപകങ്ങളാണ് (pod) കായ. ഇത് മണ്ണിനടിയില്‍ കാണപ്പെടുന്നു. 1.5 സെ.മീ. നീളമുള്ള സൂപകങ്ങളില്‍ 1-3 വരെ വിത്തുകള്‍ ഉണ്ടായിരിക്കും. വിത്തില്‍നിന്നും അരാച്ചിന്‍ (arachine) എന്ന ക്ഷാരകല്പം ലഭിക്കുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന എണ്ണക്കുരുവാണ് നിലക്കടല. വേനല്‍ക്കാലത്ത് കൃഷി ചെയ്ത് നല്ലവണ്ണം ജലസേചനം ചെയ്താല്‍ നല്ല വിളവ് ലഭിക്കും. എന്നാല്‍, മഴയെ മാത്രം ആശ്രയിച്ചും നിലക്കടലക്കൃഷി ചെയ്യാറുണ്ട്. ഇങ്ങനെ കൃഷി ചെയ്യുമ്പോള്‍, പക്ഷേ, വിളവ് വളരെ കുറവായിരിക്കും. 60 സെ.മീ. മുതല്‍ 125 സെ.മീ. വരെ മഴയും 21-27°C താപനിലയും അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് നിലക്കടല ക്കൃഷിക്ക് അനുയോജ്യം. മണല്‍മണ്ണ്, മണല്‍കലര്‍ന്ന പശിമരാശിമണ്ണ്, പശിമരാശിമണ്ണ്, കരിമണ്ണ് തുടങ്ങി മിക്കവാറും എല്ലാ ഇനത്തില്‍പ്പെട്ട മണ്ണിലും നിലക്കടല കൃഷി ചെയ്യാറുണ്ട്. എന്നാല്‍ ഇളക്കമുള്ളതും, നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണല്‍ കലര്‍ന്ന പശിമരാശിമണ്ണാണ് നിലക്കടലക്കൃഷിക്ക് ഏറ്റവും അനുയോജ്യം.

പ്രധാന ഇനങ്ങള്‍. പ്രധാനമായും രണ്ടുതരം നിലക്കടലകളാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്നത്; പടര്‍ന്നു വളരുന്നവയും (Spreading type or runner), നിവര്‍ന്നു വളരുന്നവയും (Bunch type or erect type).

മണ്ണിനടിയില്‍ ഉണ്ടാകുന്ന കായയുടെ ആകൃതി, വലുപ്പം, ഉള്ളിലുള്ള വിത്തിന്റെ എണ്ണം, വലുപ്പം, നിറം, അടങ്ങിയിരിക്കുന്ന എണ്ണയുടെ അളവ്, മൂപ്പെത്താന്‍വേണ്ട കാലാവധി എന്നിവയില്‍ ഈ രണ്ട് ഇനങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.

പടര്‍ന്നു വളരുന്ന ഇനത്തില്‍പ്പെട്ടവയ്ക്ക് സാധാരണയായി മൂപ്പ് കൂടുതല്‍ ആയിരിക്കും. 4-5 മാസം മൂപ്പുള്ള ഇവയുടെ ശിഖരങ്ങള്‍ മണ്ണില്‍ പടര്‍ന്നു പിടിച്ച് തഴച്ചുവളരുന്നു. (ഉദാ. ടി.എം.വി-1, ടി.എം.വി-4)

തെക്കേ ഇന്ത്യയിലും, ആഫ്രിക്കയിലും, വ്യാപകമായി കൃഷി ചെയ്യുന്ന ഒരിനം നിലക്കടലയാണ് 'മൌറിഷ്യസ് നിലക്കടല'. 'കോറമാണ്ടല്‍' എന്നും പേരുള്ള ഈ ഇനം കൂടുതല്‍ വിളവ് നല്‍കുന്നു. പുറമേ, ഇതിന്റെ വിത്തില്‍ അടങ്ങിയിരിക്കുന്ന എണ്ണയുടെ അളവും താരതമ്യേന കൂടുതലാണ്. പടര്‍ന്നു വളരുന്ന ഇനത്തില്‍പ്പെട്ടവ, കൃഷി ചെയ്തിരിക്കുന്ന സ്ഥലം മുഴുവന്‍ ഉഴുതാണ് വിളവെടുപ്പ് നടത്തുന്നത്.

നിവര്‍ന്നു വളരുന്ന ഇനത്തില്‍പ്പെട്ട നിലക്കടലസസ്യങ്ങളുടെ ശിഖരങ്ങള്‍ മണ്ണില്‍ പടര്‍ന്നു വളരുന്നില്ല. ഏകദേശം മൂന്നു മാസം മൂപ്പുള്ള ഇവയുടെ നേരെ ചുവട്ടില്‍ത്തന്നെയാണ് മിക്കവാറും കായകള്‍ ഉണ്ടാകുന്നത്. (ഉദാ. ടി.എം.വി-2), 'നട്ടല്‍', അഥവാ സ്പാനിഷ്, 'റെഡ് നട്ടല്‍' അഥവാ സ്മാള്‍ ജപ്പാന്‍ എന്നീ രണ്ടിനം നിലക്കടലകള്‍ ഇന്ത്യയില്‍ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്.

സ്മാള്‍ ജപ്പാന്‍ ഇനത്തിന്റെ തോടിന് നല്ല കട്ടിയുണ്ടായിരിക്കും. ഉരുണ്ടതും, ചെറുതുമായ തോടിനുള്ളില്‍ ഒരു വിത്ത് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കടും തവിട്ടോ, ചുവപ്പോ നിറമുള്ള ഇവയുടെ വിത്തില്‍ എണ്ണയുടെ അംശം കൂടുതല്‍ ആയിരിക്കും. സ്പാനിഷ് ഇനത്തിന്റെ വിത്തിന്, പിങ്കോ റോസോ നിറമായിരിക്കും.

വിര്‍ജിനിയ ബഞ്ച്, വലെന്‍സിയ എന്നീ നിവര്‍ന്നു വളരുന്ന ഇനങ്ങള്‍, വിര്‍ജിനിയ റണ്ണര്‍, ബിഗ് ജപ്പാന്‍ എന്നീ പടര്‍ന്നു വളരുന്ന ഇനങ്ങള്‍ ഇവ ഇന്ത്യയില്‍ കൃഷിചെയ്യുന്ന ചില വിദേശ ഇനങ്ങളാണ്. വിവിധ പ്രജനനമാര്‍ഗങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ് എച്ച്.ജി-1, എച്ച്.ജി-3, ജി.ഒ-553 എന്നിവ. ഉയര്‍ന്ന വിളവും രോഗപ്രതിരോധ ശേഷിയുമാണ് ഇവയുടെ പ്രത്യേകത.

വിത്ത് തിരഞ്ഞെടുക്കല്‍. നല്ല ആരോഗ്യമുള്ളതും, ആകൃതിയുള്ളതുമായ നിലക്കടലയാണ് വിത്തിനായി തിരഞ്ഞെടുക്കേണ്ടത്. പൂപ്പല്‍ ബാധിച്ചതോ, തണുപ്പ് തട്ടിയതോ ആയ വിത്തുകള്‍ വിതയ്ക്ക് നന്നല്ല. നിലക്കടലയുടെ തോട് കൈ കൊണ്ട് പൊളിച്ച ശേഷമാണ് നടേണ്ടത്. യന്ത്രോപകരണം കൊണ്ട് തോട് പൊളിക്കുമ്പോള്‍, വിത്ത് പൊട്ടിപ്പോകാന്‍ സാധ്യത കൂടുതലാണ്. വിത്ത് നേരത്തെ പൊളിച്ച് വയ്ക്കുന്നത് നല്ലതല്ല. എന്നാല്‍ 'സ്മാള്‍ ജപ്പാന്‍', 'സ്പാനിഷ്' എന്നീ ഇനങ്ങള്‍ തോടോടുകൂടിത്തന്നെ നടുന്നു. ഈ ഇനങ്ങളില്‍ വിത്ത് തോടിനുള്ളില്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മണ്ണിലെ ഈര്‍പ്പം പെട്ടെന്ന് ആഗിരണം ചെയ്യാന്‍ കഴിയുന്നു. മറ്റിനങ്ങളില്‍, തോടിനും, വിത്തിനും ഇടയിലുള്ള സ്ഥലത്തുകൂടി ഈര്‍പ്പം വിത്തിനുള്ളില്‍ എത്തുന്നില്ല. ഈ ഇനങ്ങളില്‍ തോട് പൊളിച്ചാണ് വിത്ത് നടേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്തു നടാന്‍, നിവര്‍ന്നു വളരുന്ന ഇനങ്ങള്‍ക്കു ശ.ശ. 1000 കി.ഗ്രാം വിത്തും, പടര്‍ന്നു വളരുന്ന ഇനങ്ങള്‍ക്ക് ശ.ശ. 75 കി.ഗ്രാം വിത്തും ആവശ്യമാണ്. പ്രധാനമായും രണ്ടു കാലയളവിലാണ് നിലക്കടല നടുന്നത്; ജൂണ്‍-ജൂലായ് മാസങ്ങളിലും, ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലും. മഴക്കാലത്ത് വിളവെടുപ്പ് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിവര്‍ന്നു വളരുന്ന ഇനം, വിളവെടുപ്പുകഴിഞ്ഞ് ഒരാഴ്ചയ്ക്കകം നടാന്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, പടരുന്നയിനം വിളവെടുപ്പിനുശേഷം 22മ്മ മാസം കഴിഞ്ഞതിനുശേഷം മാത്രമേ നടാന്‍ ഉപയോഗിക്കാവൂ.

നിലമൊരുക്കല്‍. ഉഴുതോ, കിളച്ചോ കളകള്‍ നീക്കം ചെയ്ത്, കട്ടകള്‍ ഉടച്ച് നിലം ഭംഗിയായി ഒരുക്കേണ്ടത് നിലക്കടലക്കൃഷിക്ക് അത്യാവശ്യമാണ്. കലപ്പയോ മറ്റോ ഉപയോഗിച്ച് 25-30 സെ.മീ. വരെ ഇടവിട്ട് ചാലുകള്‍ എടുക്കണം. ഈ ചാലുകളില്‍ 15 സെ.മീ. അകലത്തില്‍ ഓരോ വിത്തുവീതം നട്ട് മണ്ണിട്ടു മൂടണം. വിത്ത് നട്ട് ഒരാഴ്ചയ്ക്കകം തന്നെ മുളയ്ക്കുന്നു. മൂന്നാഴ്ച കഴിയുമ്പോള്‍ ആദ്യമായി, ഇട ഇളക്കി കൊടുക്കേണ്ടതാണ്. വിത്ത് നട്ട് 45 ദിവസം കഴിഞ്ഞാല്‍ ഇട ഇളക്കാന്‍ പാടുള്ളതല്ല. 60 ദിവസം കഴിയുമ്പോള്‍, നിലക്കടല സസ്യങ്ങള്‍ പുഷ്പിക്കാന്‍ ആരംഭിക്കുന്നു. പുഷ്പങ്ങള്‍, മണ്ണിനോട് അടുത്ത തണ്ടുകളിലാണ് കൂടുതലായി ഉണ്ടാകുന്നത്. ബീജസങ്കലനം കഴിഞ്ഞ പെണ്‍പുഷ്പങ്ങളുടെ അണ്ഡം മണ്ണിനടിയില്‍ പ്രവേശിച്ചാല്‍ മാത്രമേ, ഇവ കായ് ആയി മാറുകയുള്ളൂ. പടര്‍ന്നു വളരുന്ന ഇനത്തിന്റെ ശിഖരങ്ങളില്‍നിന്നും, ധാരാളം പുഷ്പങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട്, കായകള്‍ മണ്ണിനടിയില്‍ ചുറ്റിലുമായി പടര്‍ന്ന് കാണപ്പെടുന്നു.

വളപ്രയോഗം. സാധാരണ ഗതിയില്‍ നിലക്കടലയ്ക്ക്, അധികമായി വളങ്ങള്‍ ചേര്‍ക്കാറില്ല. ഒരു ഹെക്ടറിന് 2 ടണ്‍ ചാണകം അടിസ്ഥാന വളമായി ചേര്‍ക്കാവുന്നതാണ്. കൂടാതെ, 10 കി.ഗ്രാം നൈട്രജന്‍, 20 കി.ഗ്രാം ഫോസ്ഫറസ്, 40 കി.ഗ്രാം പൊട്ടാഷ് എന്നിവയും വളമായി ചേര്‍ക്കാം. ധാരാളം വിത്ത് ഉണ്ടാകുന്നതിനും, വിത്തില്‍ ദൃഢതയുള്ള പരിപ്പ് ഉണ്ടാകുന്നതിനും 11മ്മ ടണ്‍ കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്.

വിളവെടുപ്പും, സംസ്കരണവും. ഇനങ്ങളുടെ മൂപ്പനുസരിച്ച്, നിലക്കടല പല സമയങ്ങളിലാണ് വിളവെടുക്കുന്നത്. വിളവെടുക്കാറാകുമ്പോള്‍ ഇലകള്‍ മഞ്ഞ നിറമായി പൊഴിഞ്ഞു വീണു തുടങ്ങുകയും, സസ്യത്തിന്റെ വളര്‍ച്ച നില്‍ക്കുകയും ചെയ്യുന്നു. പാകമായ വിത്തിന്റെ പുറംതോടില്‍ ചെറിയ നിറ വ്യത്യാസം ഉണ്ടായിരിക്കും. പൊളിച്ചു നോക്കുമ്പോള്‍, തോടിന് അകവശം കറുപ്പുനിറവും, പരിപ്പിന്റെ പുറം തൊലിക്ക് ഇളം ചുവപ്പുനിറവും ഉണ്ടായിരുന്നാല്‍ വിളവെടുക്കാന്‍ പാകമായി എന്ന് കണക്കാക്കാവുന്നതാണ്. വിത്ത് കൈകൊണ്ട് അമര്‍ത്തിയാല്‍ തോട് പൊളിഞ്ഞു വരുന്നതും വിത്ത് പാകമായ ലക്ഷണത്തെ സൂചിപ്പിക്കുന്നു.

വിളയുടെ മൂപ്പിനെ ആശ്രയിച്ചാണ് വിളവ് ലഭിക്കുന്നത്. മൂപ്പു കുറഞ്ഞ ഇനത്തിന് ഒരു ഹെക്ടറിന് 1000-1800 കി.ഗ്രാം വരെയും, മൂപ്പ് കൂടിയ ഇനത്തിന് 1500-2500 കി.ഗ്രാം വരെയും വിളവ് ലഭിക്കും. ഉഴുതെടുക്കുന്ന വിത്തുകള്‍, വെയിലില്‍ ഉണക്കി സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

ഉപയോഗം. പ്രധാനമായും എണ്ണ ഉത്പാദനത്തിനുവേണ്ടിയാണ് നിലക്കടല കൃഷി ചെയ്യുന്നത്. ധാരാളം മാംസ്യാംശം അടങ്ങിയ ഒരു ആഹാര പദാര്‍ഥമായും ഇത് ഉപയോഗിക്കുന്നു. വനസ്പതിയുടെ ഒരു പ്രധാന ഘടകം നിലക്കടല എണ്ണയാണ്. സോപ്പു നിര്‍മാണത്തിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു. നിലക്കടല പിണ്ണാക്ക് കന്നുകാലികള്‍ക്കും കോഴികള്‍ക്കും ആഹാരമായും കൂടാതെ വളമായും ഉപയോഗിക്കുന്നു. നിലക്കടലയുടെ ഇലയും കാണ്ഡവും കന്നുകാലികളുടെ തീറ്റയായും ഉപയോഗിക്കുന്നു.

നിലക്കടല പരിപ്പില്‍ ജീവകം എ, ജീവകം ബി, തയാമിന്‍, ജീവകം ബി-2 മുതലായവ അടങ്ങിയിരിക്കുന്നു. നിലക്കടല ഉപയോഗിച്ച് പലഹാരങ്ങള്‍, നിലക്കടല പാല്‍, നിലക്കടല തൈര് മുതലായവയും ഉണ്ടാക്കാറുണ്ട്. വറുത്ത നിലക്കടല കേരളീയരുടെ ഇഷ്ടവിഭവമാണ്. വറുക്കാത്ത നിലക്കടല അരച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. നിലക്കടലയുടെ പരിപ്പില്‍നിന്നും ലഭിക്കുന്ന ഒരു പ്രോട്ടീന്‍ 'അര്‍ഡില്‍' എന്നു പേരുള്ള കൃത്രിമക്കമ്പിളിനാര് നിര്‍മിക്കാന്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു.

കീടങ്ങള്‍. വിവിധതരം കീടങ്ങള്‍, പുഴുക്കള്‍ എന്നിവ നിലക്കടലയെ സാരമായി ബാധിക്കാറുണ്ട്.

1. തണ്ടുതുരപ്പന്‍. ഇവ കാണ്ഡത്തിനകത്ത് പ്രവേശിച്ച് കാമ്പ് നശിപ്പിക്കുന്നു. സസ്യങ്ങളുടെ ചുവട്ടിലും സസ്യങ്ങളിലും ഡി.ഡി.ടിയോ, ബി.എച്ച്.സിയോ തളിച്ച് ഈ പുഴുവിനെ അകറ്റാവുന്നതാണ്.

2. ചെംപൂടപ്പുഴു (Red hairy caterpiller). ഇത് സസ്യങ്ങളുടെ ഇലകള്‍ തിന്നു നശിപ്പിക്കുകയും സസ്യത്തിന്റെ മുഴുവന്‍ നാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഈ പുഴു മണ്ണില്‍ സമാധിയിരിക്കുന്നതുകൊണ്ട് മണ്ണ് ഉഴുത് ഇവയെ നശിപ്പിക്കാന്‍ സാധിക്കും. മുട്ടകള്‍ ശേഖരിച്ച് നശിപ്പിക്കുക, ശലഭങ്ങളെ വിളക്ക് കെണി ഉപയോഗിച്ച് നശിപ്പിക്കുക, പരാമര്‍ തളിക്കുക എന്നിവയെല്ലാം ഇവയെ നശിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളാണ്.

3. സുരുള്‍പുച്ചി (Leaf roller). ഈ പുഴുക്കള്‍ നിലക്കടലയുടെ ഇലകളെയാണ് ആക്രമിക്കുന്നത്. വളര്‍ച്ചയെത്തിയ പുഴുക്കള്‍ ഇലകള്‍ ചുരുട്ടി ചുരളിനകത്തിരുന്ന് ഇലകള്‍ തിന്ന് നശിപ്പിക്കുന്നു. എന്‍ഡ്രിന്‍ തളിച്ച് ഈ പുഴുക്കളെ നശിപ്പിക്കാവുന്നതാണ്.

രോഗങ്ങള്‍. നിലക്കടലയെ ബാധിക്കുന്ന ഒരു രോഗമാണ് ടിക്കാരോഗം അഥവാ ഇലകളിലെ പുള്ളിക്കുത്ത് രോഗം. സെര്‍കോസ്പോറ പെര്‍സോണേറ്റ (Cercospora personata) എന്ന ബാക്റ്റീരിയയാണ് ഈ രോഗത്തിന് നിദാനം. ഇലകളില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങള്‍ കാണുന്നു. അടയാളങ്ങളുടെ മധ്യഭാഗത്തിന് കറുപ്പും ചുറ്റും മഞ്ഞ നിറവുമായിരിക്കും. ക്രമേണ ഇവ ഒന്നിച്ച് ചേര്‍ന്ന് മഞ്ഞയോടുകൂടിയ തവിട്ടു നിറത്തിലുള്ള വലിയ പാടുകളായിത്തീരൂം. പിന്നീട് ഇലകള്‍ കൊഴിഞ്ഞു പോകുന്നു. ആക്രമണ വിധേയമായ ചെടികള്‍ ഇലകള്‍ നഷ്ടപ്പെടുന്നതിനാല്‍ ദുര്‍ബലമാകുകയും, തത്ഫലമായി കായകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ബോര്‍ഡോ മിശ്രിതം തളിച്ച് ഈ രോഗത്തെ ഒരു പരിധിവരെ നിവാരണം ചെയ്യാന്‍ സാധിക്കും.

Image:nilakadala 2.png

വൈറസ് രോഗം എന്നറിയപ്പെടുന്ന ഒരു രോഗവും നിലക്കടലയെ ബാധിക്കാറുണ്ട്. ഈ രോഗം ബാധിച്ച സസ്യങ്ങള്‍ മുരടിച്ചു പോകുന്നു. ഇലകളില്‍ മഞ്ഞ നിറമുള്ള അടയാളങ്ങളും കാണപ്പെടും. ഇത് നിലക്കടലയുടെ വിളവിനെ സാരമായി ബാധിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍