This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിറം ജന്തുക്കളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിറം ജന്തുക്കളില്‍

കശേരുകികളും അകശേരുകികളും ഉള്‍പ്പെടുന്ന എല്ലാ ജന്തുക്കളിലും കാണുന്ന നിറം. ജന്തുക്കളുടെ ആവാസവ്യവസ്ഥ, ആഹാരം, ജീവിതരീതി എന്നിവ അനുസരിച്ച് അവയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്ഥിരമായി ഒരു നിറംമാത്രമുള്ള ജന്തുക്കളും നിമിഷങ്ങള്‍ക്കകം നിറം മാറാന്‍ കഴിവുള്ള ജന്തുക്കളും പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്. പ്രധാനമായും ശത്രുക്കളില്‍നിന്നും രക്ഷനേടുന്നതിനാണ് നിറം ജന്തുക്കളെ (മനുഷ്യന്‍ ഒഴികെ) സഹായിക്കുന്നത്. എന്നാല്‍ ഇര പിടിക്കുന്നതിനും, ഇണയെ ആകര്‍ഷിക്കുന്നതിനും, ആശയവിനിമയത്തിനും, ശത്രുക്കളെ ഭയപ്പെടുത്തുന്നതിനുമെല്ലാം അത് സഹായിക്കാറുമുണ്ട്.

Image:blue butterfly.png

രണ്ടു തരത്തിലാണ് ജന്തുക്കളില്‍ നിറം കാണപ്പെടുന്നത്; ഒന്ന്-ത്വക്കിലുള്ള ചില പ്രത്യേക വര്‍ണകങ്ങള്‍ മൂലം. രണ്ട്- ശരീരത്തിന്റെ ഉപരിതലത്തിലുള്ള ചില പ്രത്യേക ഘടനാവിശേഷംമൂലം പ്രകാശ പ്രതിഫലനമോ പ്രകാശത്തിന്റെ അപവര്‍ത്തനമോ സംഭവിക്കുന്നതിനാല്‍. ചിലപ്പോള്‍ ഈ രണ്ടു കാരണങ്ങള്‍ കൂടിച്ചേര്‍ന്നും ജന്തുക്കളില്‍ നിറം കാണപ്പെടാം.

Image:color j 1.png

പരിസരവുമായി പൊരുത്തപ്പെടാനുള്ള കഴിവ് ജന്തുക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം പ്രകൃതി ഈ വര്‍ണവൈവിധ്യം പ്രകടമാക്കിയിരിക്കുന്നത്. ശത്രുക്കളില്‍നിന്നും രക്ഷനേടാനും, ചുറ്റുപാടുകളില്‍നിന്നും തിരിച്ചറിയാതിരിക്കാനുമുള്ള വിദ്യ എന്ന നിലയിലാണ് ജന്തുക്കള്‍ നിറത്തെ ഉപയോഗിക്കുന്നത്.

ജന്തുക്കളില്‍ ഈ വര്‍ണവൈവിധ്യത്തിനു കാരണമായ വര്‍ണകോശങ്ങളെ ക്രൊമാറ്റോഫോറുകള്‍ എന്നു പറയുന്നു. പക്ഷികളുടെ തൂവലുകളുടെ വര്‍ണവും മത്സ്യങ്ങളുടെ ത്വക്കിലെ വര്‍ണവുമൊക്കെ നിയന്ത്രിക്കുന്നത് ഈ ക്രൊമാറ്റോഫോറുകളാണ്. ഷഡ്പദങ്ങളുടെ കാര്യവും ഭിന്നമല്ല.

Image:j 11.png

ഗ്വാനിന്‍ എന്ന വസ്തുവിന്റെ സാന്നിധ്യം മത്സ്യങ്ങളുടെ ത്വക്കിലെ വര്‍ണശോഭയ്ക്കു കാരണമായിത്തീരുന്നു. ഗ്വാനിന്‍ ഏതുരീതിയിലാണ് ത്വക്കില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് വര്‍ണവൈവിധ്യം പ്രത്യക്ഷപ്പെടുന്നത്. അതിസൂക്ഷ്മതരികളുടെ രൂപത്തിലാണെങ്കില്‍ അതില്‍ പതിക്കുന്ന പ്രകാശം പല ദിശകളിലേക്ക് പ്രസരിക്കുകയും വെള്ളനിറം ഉണ്ടാവുകയും ചെയ്യുന്നു. സൂചീരൂപത്തിലുള്ള പടലമായിട്ടാണ് കാണുന്നതെങ്കില്‍ വെള്ളിനിറം കാണാം. ഗ്വാനിന്‍ പടലത്തില്‍നിന്ന് പ്രകാശം ചുവന്നവര്‍ണകമായ ലൈപോക്രോമിലൂടെ കടന്നുപോകുമ്പോള്‍ മത്സ്യങ്ങള്‍ ഓറഞ്ചുനിറത്തിലുള്ളവയായി നമുക്കു ദൃശ്യമാകുന്നു.

Image:j 5.png

വിവിധതരം തുമ്പികള്‍, വണ്ടുകള്‍, ചിത്രശലഭങ്ങള്‍ എന്നിവയുടെ ശരീരം മനോഹരമായ നിറങ്ങളാല്‍ സമ്പന്നമാണ്. പ്രകാശത്തിന്റെ ഇന്റര്‍ഫെറന്‍സ് എന്ന പ്രതിഭാസമാണ് ഈ വര്‍ണവൈവിധ്യത്തിന് കാരണം. ഇവയുടെ ചിറകുകളില്‍ അതിസൂക്ഷ്മവും സുതാര്യവുമായ കണങ്ങള്‍ നിറഞ്ഞ നേര്‍ത്ത പാളികളുണ്ട്. ഈ നേര്‍ത്ത പാളികള്‍ ഓരോന്നും വായുവിനാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. പ്രകാശം ഈ വായുവില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് വിവിധ വര്‍ണങ്ങള്‍ രൂപംകൊള്ളുന്നത്.

ചില ചിത്രശലഭങ്ങളുടെ ചിറകിലെ യൂറിക് ആസിഡ് പരലുകളോ സമാനപദാര്‍ഥങ്ങളോ ആണ് അവയുടെ വര്‍ണരാജിക്കുകാരണം. മിക്ക ജന്തുക്കളിലും പ്രത്യേക വര്‍ണവസ്തുവിന്റെ സാന്നിധ്യമാണ് അവയ്ക്കു നിറം നല്‍കുന്നത്. ഈ വര്‍ണകങ്ങള്‍ ശാരീരികപ്രക്രിയകളുമായി നേരിട്ടു ബന്ധമുള്ളവയോ, വിസര്‍ജ്യപദാര്‍ഥങ്ങളോ, ഭക്ഷണജന്യമോ ആകാം.

Image:j 4.png Image:j 2.png

ജന്തുക്കളുടെ വര്‍ണവൈവിധ്യത്തിനു കാരണമായ മിക്ക വര്‍ണകങ്ങളെയും വേര്‍തിരിച്ചെടുക്കാനും പൂര്‍ണമായ തോതില്‍ അപഗ്രഥിക്കാനും പ്രയാസമുണ്ട്. മിക്കവയും സ്പെക്ട്രോസ്കോപ്പുപയോഗിച്ചാണ് തിരിച്ചറിയുന്നതുതന്നെ. ഇവയുടെ ആഗിരണനിരക്ക്, തരംഗദൈര്‍ഘ്യം എന്നിവയിലൂടെ വര്‍ണകങ്ങളെ തിരിച്ചറിയാമെങ്കിലും അവയുടെ രാസസ്വഭാവം പരിപൂര്‍ണമായി അപഗ്രഥനവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. സീസ് മൈക്രോ സ്പെക്ട്രോസ്കോപ്പ് ഉപയോഗിച്ചാണ് തരംഗദൈര്‍ഘ്യത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി ഈ വര്‍ണ സങ്കലനങ്ങളെ തിരിച്ചറിയുന്നത്.

Image:j 3.png

രക്തത്തിനു നിറം നല്കുന്ന ഹീമോഗ്ലോബിന്‍ എന്ന വസ്തുവിന്റെ യൗഗികങ്ങളായ ഹെമാറ്റിന്‍, ഹെമറ്റോപോര്‍ഫൈറിന്‍ എന്നിവയാണ് കശേരുകികളില്‍ നിറം നല്‍കുന്ന പ്രധാന വസ്തുക്കള്‍. ഇവയുടെ രാസഘടനയും അനുബന്ധവിജ്ഞാനീയവും ലഭ്യമാണ്. അവയെ വേര്‍തിരിച്ച്, ശുദ്ധീകരിച്ച് അപഗ്രഥനം നടത്തിയിട്ടുണ്ട്. സസ്തനികളിലെ ബൈല്‍പിഗ്മെന്റുകളും ഇതുപോലെതന്നെ പരീക്ഷണ-വിശകലനങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്.

Image:Untitle.png

കശേരുകികളില്‍ രക്തത്തിനു നിറം കൊടുക്കുന്ന വസ്തുവാണ് ഹീമോഗ്ലോബിന്‍. എങ്കിലും കുരങ്ങുകളിലും വെള്ളക്കാരുടെ മുഖത്തും നിറം നല്‍കുന്നതില്‍ മാത്രമേ ഈ വര്‍ണകം ചെറിയ പങ്കുവഹിക്കുന്നുള്ളൂ. ചിലയിനം മത്സ്യങ്ങളിലും സുതാര്യമായ ത്വക്കിലൂടെ ഹീമോഗ്ലോബിന്റെ സാന്നിധ്യമറിയാം. ഹീമോഗ്ലോബിന്‍ ഇല്ലാത്ത ചിലയിനം ജന്തുക്കളില്‍ ഹീമോഗ്ലോബിന്റെ യൗഗികമായ ഹെമാറ്റിന്‍ കാണപ്പെടുന്നു എന്നതാണ് കൗതുകകരമായ വസ്തുത. ലിംപെറ്റ്, ചിലയിനം കൊഞ്ചുകള്‍, ഒച്ചുകള്‍ എന്നിവയില്‍ ഹെമാറ്റിന്‍ എന്ന വര്‍ണവസ്തു കാണുന്നുണ്ട്.

Image:j 7.png

സീഅനിമോണ്‍ എന്ന കടല്‍ജീവിയില്‍ ബിലിറൂബിന്റെ വര്‍ണകമായ ബിലിവെര്‍ഡിന്‍ കാണപ്പെടുന്നു. നക്ഷത്രമത്സ്യങ്ങളില്‍ ഹെപ്പറ്റോപോര്‍ഫൈറിന്‍ എന്ന ഹീമോഗ്ലോബിന്‍ യൗഗികം കാണാം. ബിലിപെര്‍ഡിന്‍, ഹെമറ്റോപോര്‍ഫൈറിന്‍ എന്നിവ ചില ജന്തുക്കളുടെ മുട്ടത്തോടിലും കാണപ്പെടുന്നുണ്ട്.

ഹിസ്റ്റോഹെമാറ്റിന്‍ എന്നറിയപ്പെടുന്ന പേശീവര്‍ണകങ്ങള്‍ ജന്തുക്കളുടെ പേശികളിലും ശരീരകലകളിലും കണ്ടുവരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മയോഹെമാറ്റിന്‍. ഹീമോഗ്ലോബിന്‍ അതിന്റെ യൗഗികമായ ഹീമോക്രോമോജെന്‍ എന്നിവയുമായി ബന്ധമുണ്ടെങ്കിലും ഹിസ്റ്റോഹെമാറ്റിന്‍ തികച്ചും വ്യതിരിക്തമായ ഒരു വര്‍ണകമാണ്. ഹീമോഗ്ലോബിന്‍ അല്പം പോലും ഇല്ലാത്ത ജന്തുവര്‍ഗങ്ങളിലും ഈ വര്‍ണകം കാണപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ചിലയിനം പക്ഷികളുടെ തൂവലുകള്‍ക്കു നിറം കൊടുക്കുന്നതില്‍ ടുറാസീന്‍ എന്ന വര്‍ണകം നിര്‍ണായക പങ്കുവഹിക്കുന്നു (ഉദാ.Cape lory). ചെമ്പ്, നൈട്രജന്‍ എന്നിവ ഇതിന്റെ തന്മാത്രയില്‍ അടങ്ങിയിരിക്കുന്നു. നീലരക്തമുള്ള ജീവികള്‍ക്ക് (ചിലയിനം മൊളസ്കുകള്‍) രക്തത്തിന് നിറം പകരുന്ന വസ്തുവായ ഹീമോസയാനിന്‍ എന്ന വര്‍ണകത്തിലും ചെമ്പ് അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിനെപ്പോലെതന്നെ ശ്വസനത്തില്‍ സഹായിക്കുന്ന വര്‍ണകം മാത്രമാണിത്.

ലൈപോക്രോമുകള്‍ ആണ് ജന്തുക്കള്‍ക്ക് നിറം നല്‍കുന്ന മറ്റൊരു വര്‍ണ വസ്തു. കൊഴുപ്പുകോശങ്ങളുമായി ബന്ധമുള്ള ഇവ കൊഴുപ്പുലായനികളില്‍ മാത്രമേ ലയിക്കൂ. പച്ച, മഞ്ഞ, ചുവപ്പ് എന്നീ വ്യത്യസ്തവര്‍ണങ്ങള്‍ നല്‍കുന്ന ലൈപോക്രോമുകള്‍ ഉണ്ട്. കരോട്ടിനാണ് ഏറ്റവും നല്ല ഉദാഹരണം. എന്നാല്‍ സസ്യങ്ങളെപ്പോലെ ജന്തുക്കള്‍ക്ക് സ്വയം കരോട്ടിന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവില്ല. സസ്യങ്ങള്‍, സസ്യഭോജികള്‍ എന്നിവയെ ആഹാരമാക്കുന്നതിലൂടെയാണ് അവയ്ക്ക് കരോട്ടിന്‍ ലഭിക്കുന്നത്. ‌ കശേരുകികളിലും അകശേരുകികളിലും ചര്‍മത്തിന് കറുപ്പുനിറം നല്‍കുന്ന വര്‍ണകമാണ് മെലാനിന്‍. മെലാനിന്റെ സാന്ദ്രതയ്ക്കനുസരിച്ച് കറുപ്പുനിറത്തിന്റെ ഗാഢതയും വര്‍ധിക്കുന്നു. മനുഷ്യരില്‍ മെലാനിന്റെ അളവനുസരിച്ചാണ് വെളുത്തവര്‍, കറുത്തവര്‍, ഇരുണ്ട നിറക്കാര്‍ എന്നിങ്ങനെ വര്‍ണത്തെ വിവേചിച്ചറിയുന്നത്. മെലനോസൈറ്റ് എന്ന കോശങ്ങളാണ് മെലാനിന്‍ എന്ന വര്‍ണ പദാര്‍ഥത്തിന്റെ ഉത്പാദകര്‍. ഈ കോശങ്ങളുടെ ധര്‍മം വികലമാകുമ്പോള്‍ ത്വക്കില്‍ മെലാനിന്റെ അംശം കുറയുകയും അവിടെ 'വെള്ളപ്പാണ്ട്' എന്ന ചര്‍മരോഗം ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ മെലാനിന്റെ അധികമായ ഉത്പാദനം. 'മെലാനിസം' എന്ന അവസ്ഥയ്ക്ക് കാരണമാകും. ഉദാഹരണമായി മെലാനിസം ബാധിച്ച പുള്ളിപ്പുലികളുടെ നിറം കറുപ്പായി മാറുന്നു. തുറസ്സായ ആവാസ വ്യവസ്ഥയില്‍ ഇവയുടെ കറുപ്പ് നിറം കണ്ട് ഇരകള്‍ രക്ഷപ്പെടാറുണ്ട്. എന്നാല്‍ തെ. കിഴക്കന്‍ ഏഷ്യയിലെ നിബിഡവനങ്ങളിലെ പുള്ളിപ്പുലികള്‍ക്ക് ഈ നിറം ഇര പിടിക്കാന്‍ സഹായകമാകാറുണ്ട്.

മെലാനിനെ കൂടാതെ ക്വിനോണുകള്‍ (qunones) റ്റെറിനുകള്‍ (pterins), ഫ്ളാവിനുകള്‍ (flavins) തുടങ്ങിയ വര്‍ണകങ്ങള്‍ ജന്തുക്കളില്‍ വെളുപ്പ്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ബിലിന്‍ എന്ന വര്‍ണകം ചില പക്ഷികളുടെ മുട്ടകള്‍ക്ക് മഞ്ഞ കലര്‍ന്ന പച്ച നിറം നല്‍കുന്നു.

ചില ജന്തുക്കള്‍ക്ക്, പ്രത്യേകിച്ചും സമുദ്രത്തില്‍ ജീവിക്കുന്ന ജന്തുക്കള്‍ക്ക്, സ്വന്തമായി മഞ്ഞ, പച്ച തുടങ്ങി വിവിധ നിറങ്ങളിലുള്ള പ്രകാശം സൃഷ്ടിക്കാന്‍ കഴിവുണ്ട്. 'ജൈവദീപ്തി' എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഉണ്ടാകുന്നത്. (ഉദാ. നോക്ടിലുക) നോ: നോക്ടിലുക

മിക്ക ജന്തുക്കളുടെയും നിറം സ്ഥിരമാണെങ്കിലും ചില അവസരങ്ങളില്‍ അവയ്ക്ക് നിറം മാറാനും കഴിയും ഉദാ. പാമ്പിന്റെ തൊലി പൊഴിക്കല്‍, ചില പക്ഷികളുടെ തൂവല്‍ കൊഴിക്കല്‍ എന്നിവ. പ്രത്യുത്പാദനസമയത്തും, വിവിധ വളര്‍ച്ചാ ഘട്ടങ്ങളിലും ചില ജന്തുക്കളുടെ നിറം മാറാറുണ്ട്. ചിലന്തി, തവള തുടങ്ങിയ ജീവികള്‍ വളരെ സാവധാനത്തില്‍ നിറം മാറുന്നവയാണ്. ചില ജന്തുക്കള്‍ ശത്രുക്കളില്‍നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി ചുറ്റുപാടിനനുസൃതമായി നിറം മാറ്റുന്നു (ഉദാ. ഓന്ത്). ചിലതരം മത്സ്യങ്ങള്‍ക്കും ഇത്തരത്തില്‍ നിറം മാറാന്‍ കഴിവുണ്ട്. (ഉദാ. ഫ്ളൗണ്ടര്‍ മത്സ്യം). കണവ, നീരാളി തുടങ്ങിയ സമുദ്ര ജന്തുക്കള്‍ക്ക് നിമിഷങ്ങള്‍ക്കകം നിറം മാറാനുള്ള കഴിവുണ്ട്. ആഫ്രിക്കയിലെ ഒരിനം പല്ലി അഗാമ അഗാമ (Agama agama) സാധാരണയായി അത് അധിവസിക്കുന്ന മരത്തിന്റെ നിറത്തിലാണ് കാണപ്പെടുക. എന്നാല്‍ കൂട്ടത്തിലെ തലവനായ ആണ്‍പല്ലി, ഓറഞ്ച്, നീല എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. ഇണയെ ആകര്‍ഷിക്കാന്‍ ഈ കടുത്ത നിറം ഇവയെ സഹായിക്കുന്നു. ശത്രുക്കള്‍ എത്തിയാല്‍ ഉടന്‍ ഈ പല്ലി തവിട്ട് നിറമായി മാറുകയും ജീവനില്ലാത്തതുപോലെ കിടക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസൃതമായും ചില ജീവികള്‍ നിറം മാറാറുണ്ട് (ഉദാ. ധ്രുവപ്പൂച്ച). എന്നാല്‍ ചില ജീവികള്‍ക്ക്, അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള നിറം തന്നെ ഉണ്ടായിരിക്കും (ഉദാ. പുല്‍ച്ചാടി). ഹിമപ്രദേശങ്ങളില്‍ ജീവിക്കുന്ന ധ്രുവക്കരടിയുടെ വെളുപ്പ് നിറവും മരുഭൂമിയിലെ ഒട്ടകത്തിന്റെ തവിട്ടു നിറവും ഇതിന് ഉത്തമോദാഹരണങ്ങളാണ്.

ചില ജന്തുക്കള്‍ ശത്രുക്കളെ ഭയപ്പെടുത്തുന്നതിനുവേണ്ടിയും നിറം മാറാറുണ്ട്. ഉദാഹരണമായി ആഫ്രിക്കയില്‍ കാണപ്പെടുന്ന കമീലിയോ ഡിലെപ്സിസ് (Chameleo dilepsis) എന്നയിനം ഓന്ത് ശത്രുവിനെ കാണുമ്പോള്‍ വിവിധതരം പുള്ളികളും, വരകളും ശരീരത്തില്‍ പ്രകടമാക്കാറുണ്ട്. കൂടാതെ ഒരു പ്രത്യേകതരത്തിലുള്ള ശബ്ദവും ഇവ പുറപ്പെടുവിക്കും. ഈ നിറമാറ്റവും, ശബ്ദവും ഉപയോഗിച്ച് ഒരു പരിധിവരെ ശത്രുക്കളെ ഭയപ്പെടുത്താന്‍ ഇവയ്ക്ക് കഴിയുന്നു. എന്നാല്‍, ജന്തുക്കളുടെ ഗന്ധം, ശബ്ദം തുടങ്ങിയവ തിരിച്ചറിഞ്ഞ് ഇര പിടിക്കുന്ന ജീവികളില്‍നിന്നും രക്ഷപ്പെടാന്‍ ഈ നിറംമാറ്റം ഇവയെ സഹായിക്കുന്നില്ല.

മിക്കവാറും ഉരഗങ്ങളും ഉഭയജീവികളും ശരീരത്തിന്റെ താപനിയന്ത്രണത്തിനുവേണ്ടിയും അവയുടെ നിറം മാറാനുള്ള കഴിവ് ഉപയോഗപ്പെടുത്താറുണ്ട്. ജന്തു കുടുംബത്തിലെ കുഞ്ഞുങ്ങള്‍ മാതാപിതാക്കളുമായി ആശയവിനിമയം നടത്താനും നിറം ഉപയോഗിക്കുന്നുണ്ട്. ചില ജന്തുക്കള്‍ ശത്രുക്കളുടെ സാന്നിധ്യം നിറത്തിലൂടെ കൂട്ടത്തിലെ മറ്റ് അംഗങ്ങളെ അറിയിക്കാറുണ്ട്.

വിഷപദാര്‍ഥങ്ങളുപയോഗിച്ച് ശത്രുക്കളെ പ്രതിരോധിക്കാന്‍ കഴിവുള്ള ജീവികള്‍ക്ക് പൊതുവേ നല്ല കടുത്ത നിറങ്ങളാണുള്ളത്. 'മുന്നറിയിപ്പ് നല്‍കുന്ന നിറങ്ങള്‍' (Warning colours) എന്നറിയപ്പെടുന്ന ഈ നിറങ്ങളില്‍ ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നിവയാണ് പ്രധാനപ്പെട്ടവ. (ഉദാ. ഡെന്‍ഡോബേറ്റിസ് ലൂക്കോമിലാസ് എന്ന വിഷമുള്ള തവള, പഫര്‍ മത്സ്യം തുടങ്ങിയവ). ശരീരത്തില്‍ കൊമ്പുകളോ മുള്ളുകളോ ഉള്ള ജന്തുക്കളുടെ ശരീരത്തിന് പൊതുവേ നല്ല നിറമായിരിക്കും (ഉദാ. മുള്ളന്‍പന്നി, ന്യൂഡിബ്രാങ്ക്). മുള്ളുകളുള്ള മെക്സിക്കന്‍ ചിലന്തിയിനമായ ഗാസ്റ്റെറാകാന്‍ത (Gasteracantha)യ്ക്ക് കടുത്ത മഞ്ഞനിറമാണുള്ളത്; സസ്തനികളില്‍ മസ്റ്റെലിഡെ എന്ന കുടുംബത്തിലുള്‍പ്പെടുന്ന ധ്രുവപ്പൂച്ച, ഒരിനം കീരി (weasel) എന്നിവയ്ക്ക് കറുപ്പും വെളുപ്പും കലര്‍ന്ന നിറവും. എന്നാല്‍ ഇവയുടെ ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ദുര്‍ഗന്ധമുള്ള ഒരു സ്രവം ശത്രുക്കളെ അകറ്റി നിര്‍ത്തുന്നു.

ശത്രുക്കളില്‍നിന്നും രക്ഷനേടാന്‍ ചില ജന്തുക്കള്‍ മറ്റു ജന്തുക്കളുടെ നിറവും രൂപവും അനുകരിക്കാറുണ്ട് (mimicry). ഉദാഹരണമായി പ്രോറ്റിലെസ് ക്രിസ്റ്റേറ്റസ് (Proteles cristatus) എന്ന ഒരിനം ചെന്നായ, ഹൈന(Hyaena hyaena)യെ അനുകരിക്കാറുണ്ട്. പുള്ളിപ്പുലികള്‍ ഈ ചെന്നായയെ ആഹാരമാക്കുന്നുണ്ട്. എന്നാല്‍ പുള്ളിപ്പുലികള്‍ ഒരിക്കലും ശക്തന്മാരായ ഹൈനയെ ആക്രമിക്കാറില്ല. ഈ ചെന്നായയ്ക്ക് ഹൈനയുടേതുപോലെ ശരീരത്തില്‍ തവിട്ട് നിറമുള്ള വരകളുണ്ട്. ഇങ്ങനെ ഹൈനയുടെ നിറഭദേം അനുകരിച്ച് ചെന്നായകള്‍ പുള്ളിപ്പുലികളെ കബളിപ്പിച്ച് രക്ഷപ്പെടാറുണ്ട്.

ശത്രുക്കളില്‍നിന്നും രക്ഷനേടാന്‍ എന്നതുപോലെ ഇര പിടിക്കാനും നിറം ജന്തുക്കളെ വളരെയധികം സഹായിക്കാറുണ്ട് (ഉദാ. പുള്ളിപ്പുലി). പുള്ളിപ്പുലി സാധാരണയായി, മരത്തിനു മുകളിലാണ് ഇരയെ പ്രതീക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ശരീരത്തിന്റെ നിറവും പുള്ളികളും മരത്തിന്റെ നിറത്തിനോട് യോജിക്കുന്നതിനാല്‍, ഇരകള്‍ക്ക് ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. മുതലകളുടെ നിറവും, ശരീരത്തിന്റെ പുറത്തുള്ള മുഴകളും മറ്റും മൂലം അവ വെള്ളത്തില്‍ പൊങ്ങികിടക്കുന്ന തടികളാണെന്ന് ഇരകള്‍ തെറ്റിദ്ധരിക്കുന്നു. ആങ്ക്ളര്‍ മത്സ്യവും, ലിങ്സ് ചിലന്തിയുമെല്ലാം ഇതുപോലെ ഇരകളെ കബളിപ്പിച്ച് വേട്ടയാടുന്ന ജന്തുക്കളാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍