This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിറം, സസ്യങ്ങളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിറം, സസ്യങ്ങളില്‍

വിവിധ അനുപാതത്തില്‍ സസ്യങ്ങളിലടങ്ങിയിരിക്കുന്ന വര്‍ണകങ്ങളുടെ അടിസ്ഥാനത്തില്‍ സസ്യങ്ങളില്‍ കാണുന്ന നിറവ്യത്യാസം. ഒരു നിശ്ചിത തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശത്തെ മാത്രം പ്രതിഫലിപ്പിക്കുന്ന രാസവസ്തുക്കളെയാണ് പൊതുവേ വര്‍ണകങ്ങള്‍ എന്നു പറയുന്നത്. ഈ പ്രകാശ പ്രതിഫലനമാണ് വസ്തുക്കളെയും ജീവജാലങ്ങളെയും വര്‍ണാഭമാക്കുന്നത്. പൂക്കള്‍, ഇലകള്‍, ഫലങ്ങള്‍, പവിഴപ്പുറ്റുകള്‍, ജന്തുക്കള്‍ തുടങ്ങി സകലതിലും വര്‍ണകങ്ങളുടെ സാന്നിധ്യമുണ്ട്. വര്‍ണകങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു എന്നതിലുപരിയായി നിശ്ചിത തരംഗദൈര്‍ഘ്യമുള്ള പ്രകാശത്തെ മാത്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു.

Image:sa 21.png

Image:brown alga.png

സസ്യങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ അടിസ്ഥാന ജീവപ്രക്രിയയായ പ്രകാശസംശ്ലേഷണത്തിനാണ് വര്‍ണകങ്ങള്‍ ഉപയോഗപ്പെടുന്നതെങ്കിലും പ്രകൃതിയെ വര്‍ണാഭമാക്കുന്നതില്‍ ഈ രാസകണങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നു. പുഷ്പങ്ങള്‍, ഫലങ്ങള്‍ എന്നിവയുടെ മനോഹരമായ നിറങ്ങള്‍ക്കു പുറമേ ഋതുഭേദങ്ങള്‍ക്കനുസരിച്ച് വൃക്ഷങ്ങളുടെ ഇലകളിലുണ്ടാകുന്ന നിറവ്യത്യാസത്തിന് കാരണവും വര്‍ണകങ്ങളാണ്. പരാഗണത്തിനുവേണ്ടി ശലഭങ്ങളെയും വണ്ടുകളെയും ആകര്‍ഷിക്കാനും വിവിധ നിറങ്ങള്‍ സസ്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.

മൂന്ന് അടിസ്ഥാന വര്‍ണകങ്ങളാണ് സസ്യങ്ങളില്‍ കാണപ്പെടുന്നത്: ക്ളോറോഫില്‍, കരോട്ടിനോയിഡ്, ഫൈകോബിലിന്‍. സസ്യങ്ങളുടെ ആഹാരനിര്‍മാണ പ്രക്രിയയായ പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോസിന്തസിസ്സില്‍ ഈ വര്‍ണകങ്ങള്‍, പ്രത്യേകിച്ചും ക്ലോറോഫില്ലുകള്‍ സുപ്രധാന പങ്കു വഹിക്കുന്നു. സൂര്യ പ്രകാശത്തെ ആഗിരണം ചെയ്യുന്നത് ഈ വര്‍ണകമാണ്. ഒരു വര്‍ണകത്തിന് ഒരു നിശ്ചിത തരംഗദൈര്‍ഘ്യമുള്ള പ്രകാശകിരണത്തെ മാത്രമേ ആഗിരണം ചെയ്യാന്‍ കഴിയൂ. അതുകൊണ്ട്, വിവിധ നിറത്തിലുള്ള വര്‍ണകങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്യേണ്ടിവരുന്നു.

ക്ലോറോഫില്‍ പച്ചനിറമുള്ള വര്‍ണകമാണ്. സസ്യങ്ങള്‍ക്ക് ഹരിതഭംഗിനല്കുന്നത് ഈ വര്‍ണകമാണ്. ഇതിന്റെ രാസഘടന സങ്കീര്‍ണമാണ്. 'പോര്‍ഫൈറിന്‍ റിങ്' അടങ്ങിയിട്ടുള്ള ഈ വര്‍ണകത്തിന്റെ സൂര്യപ്രകാശാഗിരണശേഷിയും ഈ രാസഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ലോറോപ്ലാസ്റ്റ് എന്ന വര്‍ണ കണങ്ങളില്‍ കാണപ്പെടുന്ന ഇവയുടെ തന്മാത്രയുടെ കേന്ദ്രസ്ഥാനത്ത് മഗ്നീഷ്യം തന്മാത്രയും ഉണ്ട്. ‌

Image:Un.png

വളയരൂപത്തിലുള്ള ഇതിന്റെ തന്മാത്രയ്ക്കു ചുറ്റും ഇലക്ട്രോണുകള്‍ സുഗമമായി സഞ്ചരിക്കുന്നു. ഇലക്ട്രോണുകള്‍ ഇങ്ങനെ സ്വതന്ത്രസഞ്ചാരം നടത്തുന്നതിനാല്‍, ഈ തന്മാത്രാവളയത്തിന് എപ്പോഴും ഇലക്ട്രോണുകള്‍ നഷ്ടപ്പെടാനും ലഭിക്കാനുമുള്ള സാധ്യത ഏറെയാണ്. അതുപോലെ തന്നെ മറ്റു തന്മാത്രകള്‍ക്കു ഇലക്ട്രോണുകളെ നല്കാനും സാധിക്കുന്നു. ഈ അടിസ്ഥാന പ്രതിഭാസത്തിലൂടെയാണ് ക്ളോറോഫില്‍ എന്ന വര്‍ണകം സൂര്യപ്രകാശത്തിലെ ഊര്‍ജത്തെ പിടിച്ചെടുക്കുന്നത്.

ക്ലോറോഫില്‍ നാലു തരത്തിലുണ്ട്-ക്ലോറോഫില്‍- മ,യ,ര,റ എന്നിവയാണവ. ഇതില്‍ ഏറ്റവും പ്രാധാന്യമുള്ളത് ക്ലോറോഫില്‍ 'മ' യാണ്. ക്ലോറോഫില്‍ 'മ' ആണ് പ്രകാശസംശ്ലേഷണം സാധ്യമാക്കുന്നത്. ഊര്‍ജവാഹികളായ ഇലക്ട്രോണുകളെ പഞ്ചസാര നിര്‍മിക്കുന്ന തന്മാത്രകള്‍ക്ക് കൈമാറുന്നത് ഈ വര്‍ണകമാണ്. ഹരിതസസ്യങ്ങള്‍, ആല്‍ഗകള്‍, സയനോബാക്റ്റീരിയ തുടങ്ങി, പ്രകാശ സംശ്ലേഷണം നടത്തുന്ന സസ്യങ്ങളില്‍ എല്ലാം ഈ വര്‍ണകവുമുണ്ട്.

ഹരിത ആല്‍ഗയിലും സസ്യങ്ങളിലും മാത്രം കാണപ്പെടുന്ന വര്‍ണകമാണ് ക്ലോറോഫില്‍ 'യ'. ക്രോമിസാറ്റ, തവിട്ട് ആല്‍ഗകള്‍, ഡൈനോഫ്ലാജലേറ്റുകള്‍ എന്നിവയില്‍ മാത്രം കാണുന്ന വര്‍ണകമാണ് ക്ലോറോഫില്‍ 'ര'. ചില പ്രത്യേക വിഭാഗം ചുവന്ന ആല്‍ഗകളിലും സൈനോബാക്റ്റീരിയങ്ങളിലും ക്ലോറോഫില്‍ 'റ' കാണപ്പെടുന്നു.

Image:Flower.png

സസ്യങ്ങളില്‍ കാണപ്പെടുന്ന മറ്റൊരു സുപ്രധാന വര്‍ണകമാണ് കരോട്ടിനോയിഡ്. സാധാരണയായി ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളില്‍ ഈ വര്‍ണകം കാണപ്പെടുന്നു. കരോട്ടിനോയിഡുകള്‍ കൊഴുപ്പില്‍ ലയിക്കുന്നവയായതിനാല്‍ ഇവയെ ക്രോമോലിപ്പിഡുകള്‍ എന്നും വിളിക്കുന്നു. അപൂരിതാവസ്ഥയാണ് ഈ വര്‍ണകങ്ങള്‍ക്ക് പ്രത്യേക നിറം നല്കുന്നത്. കരോട്ടിനുകള്‍, സാന്തോഫിലുകള്‍, കരോട്ടിനോയ്ഡ് ആസിഡുകള്‍ സാന്തോഫില്‍എസ്റ്ററുകള്‍ എന്നിങ്ങനെ വിവിധ ഉപവിഭാഗങ്ങള്‍ ഈ വര്‍ണകത്തിനുണ്ട്. പോളി ഐസ്രോപീന്‍ ഘടനയുള്ള ഈ കരോട്ടിനോയിഡുകളെ വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയാണ് പേപ്പര്‍ക്രോമാറ്റോഗ്രഫി.

കാരറ്റ്, മധുരക്കിഴങ്ങ്, പഴങ്ങള്‍, ഇലകള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡാണ് കരോട്ടിന്‍. 1831-ല്‍ വാക്കന്‍ റോഡര്‍ എന്ന ശാസ്ത്രജ്ഞനാണ് കാരറ്റില്‍നിന്നും കരോട്ടിനെ ആദ്യമായി വേര്‍തിരിച്ചെടുത്തത്. ഇതിനാലാണ് ഈ വര്‍ണകത്തിന് 'കരോട്ടിന്‍' എന്ന പേരു ലഭിച്ചത്. കരോട്ടിന്‍ എന്ന രാസവസ്തുവിന്റെ തന്മാത്രയില്‍ ആറ് കാര്‍ബണ്‍ ആറ്റംവീതമടങ്ങിയ രണ്ടു കാര്‍ബണ്‍ വളയങ്ങളാണുള്ളത്. ഇവയെ കാര്‍ബണ്‍ ആറ്റങ്ങളുടെ ഒരു ചങ്ങലകൊണ്ടു ബന്ധിപ്പിച്ചിരിക്കുന്നു.

100-ല്‍പ്പരം കരോട്ടിനുകള്‍ കാണപ്പെടുന്നു. എന്നാല്‍ ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട കരോട്ടിനുകള്‍. പ്രകൃതിയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കരോട്ടിനാണ് ബീറ്റാ കരോട്ടിന്‍. ക്യാരറ്റ്, മത്തന്‍, മധുരക്കിഴങ്ങ്, ചീര തുടങ്ങിയവയ്ക്ക് നിറം നല്കുന്ന വര്‍ണകമാണിത്. ലൈക്കോപ്പിന്‍ എന്ന കരോട്ടിനാണ് തക്കാളി, പപ്പായ എന്നിവയുടെ ചുവപ്പുനിറത്തിന് കാരണം.

മറ്റൊരു പ്രധാനപ്പെട്ട കരോട്ടിനോയിഡാണ് സാന്തോഫില്‍ (Xanthophyll). ഇലകള്‍ക്ക് മഞ്ഞനിറം നല്കുന്നത് ഈ വര്‍ണകമാണ്. പ്രകൃതിയില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സാന്തോഫില്‍ ആണ് ല്യൂട്ടിന്‍ (leutein). ഇല വര്‍ഗങ്ങളിലാണ് ല്യൂട്ടിന്‍ സാന്നിധ്യമുള്ളത്. സസ്യങ്ങളില്‍ പ്രത്യേകിച്ച് തവിട്ട് ആല്‍ഗകളില്‍ കാണപ്പെടുന്ന പ്രധാന വര്‍ണകമാണ് ഫ്യൂക്കോ സാന്തിന്‍ (fucoxanthin).

കരോട്ടിന്‍ നിര്‍മിക്കാനുള്ള കഴിവ് സസ്യങ്ങള്‍ക്കു മാത്രമേയുള്ളൂ. എന്നാല്‍ ചെറുകുടലില്‍ വച്ച് കരോട്ടിനുകളെ ഓക്സീകരിച്ച് ജീവകം 'എ' ആക്കിമാറ്റാന്‍ ജന്തുക്കള്‍ക്ക് കഴിവുണ്ട്.

Image:fruits.png

സസ്യങ്ങളിലെ സുപ്രധാന വര്‍ണകമായ ക്ലോറോഫില്ലിനെ സൂര്യപ്രകാശം ആഗിരണം ചെയ്യാന്‍ കരോട്ടിന്‍ സഹായിക്കുന്നുണ്ട്. കരോട്ടിനോയിഡുകള്‍ക്ക് നേരിട്ട് പ്രകാശ സംശ്ലേഷണത്തില്‍ പങ്കെടുത്ത് സൂര്യപ്രകാശത്തെ സംശ്ലേഷണം ചെയ്യാനുള്ള കഴിവില്ല. ഇവ ആഗിരണം ചെയ്ത സൗരോര്‍ജത്തെ ക്ലോറോഫില്ലിനു കൈമാറുന്നു. അതുകൊണ്ട് കരോട്ടിനോയിഡുകളെ 'സഹായകവര്‍ണകം' അഥവാ 'ആക്സസറിപിഗ്മെന്റ്' എന്നു പറയുന്നു.

ക്ലോറോപ്ലാസ്റ്റുകള്‍ എന്ന വര്‍ണരേണുക്കളുടെ സൈറ്റോപ്ലാസത്തില്‍ കാണപ്പെടുന്ന മറ്റൊരു വര്‍ണകമാണ് ഫൈക്കോബിലിന്‍. ഇത് ജലത്തില്‍ ലയിക്കുന്നു. സയാനോബാക്റ്റീരിയ, റോഡോഫൈറ്റ എന്നിവയില്‍ കാണപ്പെടുന്ന ഈ വര്‍ണകം ഫൈക്കോസയാനിന്‍, ഫൈക്കോഎരിത്രിന്‍ എന്നീ വ്യത്യസ്തരൂപങ്ങളില്‍ കാണാം. നീലനിറത്തിലുള്ള വര്‍ണകമാണ് ഫൈക്കോസയാനിന്‍. ചുവപ്പ് നിറമുള്ള ആല്‍ഗയില്‍ കാണപ്പെടുന്ന വര്‍ണകമാണ് ഫൈക്കോഎരിത്രിന്‍. ഒരു പ്രത്യേക തരംഗദൈര്‍ഘ്യത്തില്‍ ഫ്ളൂറസന്‍സ് എന്ന പ്രകാശ പ്രതിഭാസം ഈ വര്‍ണകങ്ങളില്‍ പ്രകടമാണ്.

Image:sa 25.png

ഫ്ളാവോണുകളാണ് സസ്യങ്ങളില്‍ കാണപ്പെടുന്ന മറ്റൊരു പ്രധാന വര്‍ണകം. ഇവയില്‍ത്തന്നെ ആന്തോസയാനിനുകള്‍ (anthocyanins) ആണ് മുഖ്യമായിട്ടുള്ളത്. സസ്യകോശങ്ങള്‍ക്കുള്ളിലെ ഫേന (vacuole) ത്തിനുള്ളിലാണ് ആന്തോസയാനിന്‍ വര്‍ണകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമാണ് ഈ വര്‍ണകങ്ങള്‍ക്കുള്ളത്. ചെറി, പ്ളം, സ്ട്രോബെറി, റാസ്ബെറി, സോയാബീന്‍ വിത്ത് എന്നിവയുടെയെല്ലാം നിറത്തിനു കാരണം ആന്തോസയാനിന്‍ വര്‍ണകമാണ്. ശരത്കാലത്ത് മേപ്പിള്‍ വൃക്ഷത്തിന്റെ ഇലകള്‍ക്കുണ്ടാകുന്ന നിറമാറ്റവും ആന്തോസയാനിന്റെ പ്രവര്‍ത്തനം മൂലമാണ്. ചില വൃക്ഷങ്ങളുടെ ഇലകള്‍ക്ക് (ഉദാ. ഓക്ക്, എം) തവിട്ടുനിറം നല്കുന്നത് ടാനിന്‍ എന്ന വര്‍ണകമാണ്.

മനോഹരങ്ങളായ പുഷ്പങ്ങളോടുകൂടിയ കാര്‍ണേഷന്‍ സസ്യങ്ങളില്‍ കാണപ്പെടുന്ന വര്‍ണകമാണ് ബീറ്റാലെയ്നുകള്‍ (Betalains). സസ്യങ്ങളില്‍ രണ്ടുതരം ബീറ്റാലെയ്ന്‍ വര്‍ണകള്‍ കാണപ്പെടുന്നു; ബീറ്റാസയാനിനും, ബീറ്റാസാന്തിനും. ചുവപ്പുകലര്‍ന്ന വയലറ്റ് നിറമാണ് ബീറ്റാസയാനിനുകള്‍ക്കുള്ളത് (ഉദാ. ബീറ്റ്റൂട്ട്, ബോഗന്‍വില്ല, അമരാന്ത്). മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറമാണ് ബീറ്റാസാന്തിനുകള്‍ പ്രദാനം ചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍