This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിറ

കേരളത്തിലെ ഒരു ഉര്‍വരതാനുഷ്ഠാനം. നല്ല ദിവസവും സമയവും നോക്കി, പുത്തന്‍നെല്‍ക്കതിര്‍ക്കറ്റ പൂജിച്ചുകൊണ്ടുവന്ന് അറവാതില്‍ക്കല്‍ കെട്ടിത്തൂക്കുന്ന ചടങ്ങ്. പാടത്തുനിന്നും കൊണ്ടുവരുന്ന പുന്നെല്‍ക്കതിര്‍ എതിരേറ്റുവാങ്ങിയാണ് കര്‍ക്കിടക മാസത്തില്‍ 'ഇല്ലംനിറ' നടത്തിയിരുന്നത്. വിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും സമൃദ്ധിയുടെയും വിളംബരമാണ് 'നിറ'യിലൂടെ ആഘോഷിക്കപ്പെട്ടിരുന്നത്.

കേരളീയാചാരമായ 'നിറ' കര്‍ക്കിടകമാസത്തിലാണ് നടത്തപ്പെടുന്നത്. കൊയ്ത്ത് കര്‍ക്കിടകമാസത്തില്‍ തുടങ്ങുന്നതാണ് അതിനുകാരണം. പുത്തരിസദ്യയുണ്ണാതെ പുതിയ അരി ഉപയോഗിക്കരുതെന്ന് വിശ്വാസവുമുണ്ട്. നിറപുത്തരികൊണ്ടുണ്ടാക്കിയ പായസം 'നിറ'യില്‍ പ്രധാനമാണ്. തമിഴ്നാട്ടിലെ 'പൊങ്കല്‍' ഒരുതരത്തില്‍ 'നിറ'യാഘോഷമാണെന്ന് പറയാം.

ധാന്യദേവതയെ ആരാധിക്കുന്ന ഈ ചടങ്ങ് കേരളത്തിലെന്നപോലെ മറ്റു പല ദേശങ്ങളിലുമുണ്ട്. വടക്കേ ഇന്ത്യയില്‍ 'നവാന്ന' ആഘോഷത്തിന്റെ ഭാഗമാണ് 'നിറ'. ഇംഗ്ളണ്ടിലെ യോര്‍ക്ക്ഷെയറില്‍ ആദ്യത്തെ 'നിറ' കതിരുകള്‍ കൊയ്യുന്നത് പുരോഹിതനാണ്. അതുകൊണ്ട് പിന്നീടവര്‍ അപ്പമുണ്ടാക്കി ഭക്ഷിക്കുന്നു.

ജപ്പാനിലെ അയ്നു വര്‍ഗക്കാര്‍ വില്ലറ്റ് ധാന്യത്തെ ആണായും പെണ്ണായും വേര്‍തിരിച്ച് വധൂവരന്മാരായി ആരാധിച്ചതിനുശേഷമാണ് ഭക്ഷണമുണ്ടാക്കുന്നത്. ആ വര്‍ഷം മുഴുവന്‍ 'നിറ' ലഭിക്കുവാനുള്ള പ്രാര്‍ഥന കൂടിയാണിത്. കാര്‍ഷിക നിറവിന്റെ പ്രതീകമായി ആചരിക്കപ്പെട്ടിരുന്ന 'നിറ' ഇന്ന് കേരളത്തില്‍ അപൂര്‍വം ചില ഗ്രാമാന്തരങ്ങളില്‍ മാത്രമാണ് കണ്ടുവരുന്നത്.

(എം. സുരേഷ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍