This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍വഹണ മനഃശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:25, 23 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിര്‍വഹണ മനഃശാസ്ത്രം

Functional psychology

മനുഷ്യനും അവന്റെ സാഹചര്യങ്ങളും തമ്മിലുള്ള പൊരുത്തപ്പെടലില്‍, ബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വഹിക്കുന്ന പങ്കിന് പരമപ്രാധാന്യം കല്പിക്കുന്ന മനഃശാസ്ത്രപ്രസ്ഥാനം. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമാണ് നിര്‍വഹണ മനഃശാസ്ത്രത്തിന്റെ വികാസത്തിന് പ്രചോദനം നല്കിയത്. നിര്‍വഹണ മനഃശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ വില്യം ജെയിംസ് (1887-1919), ജോണ്‍ ഡ്യൂയി (1855-1952) എന്നീ ചിന്തകരുടെ വീക്ഷണങ്ങളില്‍ നിന്നും ഉടലെടുത്തവയാണ്.

Image:n willyam james.pngImage:n John_Dewey_lib.png

പ്രായോഗികതാവാദത്തിന്റെ പിതാവെന്നറിയപ്പെടുന്ന ജെയിംസ്, ആശയങ്ങളുടെ മൂല്യനിര്‍ണയം നടത്തേണ്ടത് അവയുടെ പ്രായോഗിക ഫലങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് വാദിച്ചു. പൊരുത്തപ്പെടല്‍, നിര്‍വഹണം എന്നീ ആശയങ്ങള്‍ക്ക് ജെയിംസിന്റെ വീക്ഷണത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. മനുഷ്യനെ അവന്റെ പരിതസ്ഥിതിയുമായി ഇണക്കിച്ചേര്‍ക്കുക എന്നതാണ് മാനസിക പ്രവര്‍ത്തനങ്ങളുടെ കര്‍ത്തവ്യം എന്ന് ഇദ്ദേഹം തന്റെ പ്രിന്‍സിപ്പിള്‍സ് ഒഫ് സൈക്കോളജി (Principles of Psychology) എന്ന കൃതിയില്‍ പറയുകയുണ്ടായി. അനുഭവങ്ങളിലൂടെ രൂപം കൊള്ളുന്ന ശീലങ്ങള്‍ ഈ ഇണങ്ങിച്ചേരല്‍ കുറ്റമറ്റതാക്കുന്നു.

ജെയിംസിനെപ്പോലെ തന്നെ പ്രായോഗികതയില്‍ വിശ്വസിച്ചിരുന്ന ഡ്യൂയിയുടെ വീക്ഷണങ്ങള്‍ 'കാരണവാദ'മെന്ന പേരിലാണറിയപ്പെടുന്നത്. ഒരു പ്രശ്നത്തില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ആ പ്രശ്നത്തിന്റെ തന്നെ പരിഹാരം കണ്ടെത്തുവാന്‍ കാരണമാകുന്നു എന്ന് ഇദ്ദേഹം വിശ്വസിച്ചു. ആശയങ്ങള്‍, യഥാര്‍ഥ അനുഭവങ്ങളുടെ മുന്‍പില്‍ എത്ര പിടിച്ചു നില്‍ക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ് അവയുടെ മൂല്യനിര്‍ണയം നടത്തേണ്ടത് എന്ന് ഇദ്ദേഹം വാദിച്ചു. 1896-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡ്യൂയിയുടെ 'ദ് റിഫ്ളക്സ് ആര്‍ക് കണ്‍സപ്റ്റ് ഇന്‍ സൈക്കോളജി' (The Reflex Arc Concept in Psychology) എന്ന ലേഖനമാണ് നിര്‍വഹണ മനഃശാസ്ത്രം ഒരു പ്രത്യേക പ്രസ്ഥാനമായി വികസിക്കുവാന്‍ വഴിയൊരുക്കിയത്. അക്കാലത്ത് വളരെ പ്രാമുഖ്യമുണ്ടായിരുന്ന 'ഘടനാ മനഃശാസ്ത്ര' വീക്ഷണങ്ങളെ ഇദ്ദേഹം ഈ ലേഖനത്തില്‍ വിമര്‍ശിച്ചു. മനുഷ്യന്റെ പെരുമാറ്റ രീതികളെ വെറും 'ചോദന-പ്രതികരണ' ഏകകങ്ങളായി വിഭജിക്കുന്ന പ്രവണതയെ ഇദ്ദേഹം ചോദ്യം ചെയ്തു. മനുഷ്യന്റെ ഓരോ പ്രവൃത്തിയിലും പൂര്‍വാനുഭവങ്ങളില്‍ നിന്നുള്ള അറിവ് സ്വാധീനം ചെലുത്തുന്നു. ഓരോ പ്രവൃത്തിക്കും വ്യക്തമായ ഉദ്ദേശ്യവുമുണ്ടായിരിക്കും. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് മാത്രമേ മനുഷ്യവ്യവഹാരം അപഗ്രഥിക്കുവാന്‍ സാധിക്കുകയുള്ളൂ.

അന്തര്‍നിരീക്ഷണത്തിന് അമിതപ്രാധാന്യം കല്പിച്ചിരുന്ന ഘടനാമനഃശാസ്ത്രം നിരവധി മനഃശാസ്ത്രജ്ഞര്‍ക്കിടയില്‍ അസംതൃപ്തി ഉളവാക്കിയിരുന്നു. ഡ്യൂയിയുടെ ലേഖനം ഇവരില്‍ വന്‍ സ്വാധീനം ചെലുത്തി. അപസാമാന്യതകളൊന്നും പ്രദര്‍ശിപ്പിക്കാത്ത മുതിര്‍ന്ന മനുഷ്യരുടെ പഠനത്തില്‍ മാത്രം ഒതുങ്ങി നിന്ന മനഃശാസ്ത്രപഠനം, മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കുവാനുള്ള ആഗ്രഹവും നിര്‍വഹണ മനഃശാസ്ത്രത്തിന്റെ വികാസത്തിനു കാരണമായി. കുട്ടികള്‍, അപസാമാന്യ വ്യക്തിത്വമുള്ളവര്‍ തുടങ്ങിയവരെക്കുറിച്ച് പഠിക്കുവാനും വ്യവസായങ്ങളിലും മറ്റും മനഃശാസ്ത്രം എങ്ങനെ പ്രയോഗിക്കാം എന്നതിനെക്കുറിച്ചറിയുവാനും മനഃശാസ്ത്രജ്ഞര്‍ ശ്രമിച്ചു.

Image:n rouland angel.png Image:n havvy a carr.png

ചിക്കാഗൊ സര്‍വകലാശാല കേന്ദ്രീകരിച്ചാണ് നിര്‍വഹണ മനഃശാസ്ത്ര പഠനം പുരോഗമിച്ചത്. ഡ്യൂയി, ജെയിംസ് റൗലണ്ട് ഏഞ്ചല്‍, ഹാര്‍വി.എ.കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ പഠനം നടന്നിരുന്നത്. മൂവരും രചിച്ച മനഃശാസ്ത്ര പാഠപുസ്തകങ്ങളിലെ നിര്‍വഹണ വീക്ഷണങ്ങള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു. ഡ്യൂയിയുടെ ശ്രദ്ധ തത്ത്വശാസ്ത്ര, വിദ്യാഭ്യാസ രംഗങ്ങളിലേക്ക് തിരിഞ്ഞപ്പോള്‍, ഏഞ്ചലും കാറും നിര്‍വഹണ മനഃശാസ്ത്ര പഠനത്തിന്റെ നേതൃത്വം പൂര്‍ണമായി ഏറ്റെടുത്തു. സര്‍വകലാശാലയിലെ തത്ത്വശാസ്ത്ര അധ്യാപകനായ ജോര്‍ജ് ഹെര്‍ബര്‍ട്ട് മീഡ് ഭാഷയുടെ മനഃശാസ്ത്രത്തെക്കുറിച്ചും, സാമൂഹ്യവ്യവഹാരത്തെക്കുറിച്ചുമുള്ള പഠനങ്ങളിലൂടെ നിര്‍വഹണ മനഃശാസ്ത്രത്തിന് കരുത്തേകി.

മനഃശാസ്ത്രം മാനസിക പ്രവര്‍ത്തനങ്ങളുടെ പഠനമാണെന്ന് ഏഞ്ചലും കാറും നിര്‍വചിച്ചു. പ്രത്യക്ഷണം, പഠനം, ഓര്‍മ, ഭാവന, വികാരം, ചിന്ത, ഇച്ഛാശക്തി തുടങ്ങിയവയെല്ലാം മാനസിക പ്രവര്‍ത്തനങ്ങളാണ്. അനുഭവങ്ങളിലൂടെ ആര്‍ജിക്കുന്ന അറിവ് ക്രമമായി സൂക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തതിനുശേഷം പിന്നീട് ഉപയോഗിക്കുന്നതില്‍ മേല്പറഞ്ഞ എല്ലാ മാനസിക പ്രവര്‍ത്തനങ്ങളും ഭാഗഭാക്കാകുന്നു. പരിതഃസ്ഥിതിയുമായുള്ള പൊരുത്തപ്പെടല്‍ അഥവാ അനുകൂലനമാണ് മാനസിക പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.

ഒരു മനുഷ്യന്‍ പരിതഃസ്ഥിതികളില്‍ നിന്നുമുള്ള ചോദനകളും അന്തഃചോദനകളും ഒരേ സമയം നേരിടുന്നു. ഈ ചോദനകളോട് ആരോഗ്യകരമായി പ്രതികരിക്കുകയും അവ കുറയ്ക്കുകയുമാണ് അനുകൂലന പ്രവൃത്തികളുടെ കര്‍ത്തവ്യം. അനിച്ഛാപര പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യത്യസ്തമായി, അനുകൂലന പ്രവൃത്തികളില്‍ ആന്തരോദ്ദേശ്യങ്ങളുടെ സ്വാധീനമുണ്ട്. തുടര്‍ച്ചയായി ലഭിക്കുന്ന ചോദനകളില്‍ നിന്നുമാണ് ആന്തരോദ്ദേശ്യങ്ങള്‍ ഉടലെടുക്കുന്നത്. ചോദന നീക്കം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് ആന്തരോദ്ദേശ്യം സഫലമാകുന്നത്. വിശപ്പുമായി ബന്ധപ്പെട്ട ചോദന നീക്കം ചെയ്യുന്നതിനാണ് മനുഷ്യന്‍ ആഹാരം കഴിക്കുന്നത്. കായികമത്സരങ്ങളില്‍ വിജയം നേടുക, കവിതയെഴുതുക തുടങ്ങിയ സങ്കീര്‍ണ പ്രവൃത്തികള്‍ക്കും കാരണമാകുന്നത് ഇത്തരത്തിലുള്ള ചോദനകള്‍ തന്നെയാണ്.

അനുകൂലന പ്രവൃത്തികളുടെ സത്വരകാരണങ്ങളും, ദൂരവ്യാപക പ്രതിഫലനങ്ങളും തമ്മില്‍ കാതലായ വ്യത്യാസമുണ്ടെന്ന് കാര്‍ വാദിക്കുന്നു. ആഹാരം വിശപ്പകറ്റുക മാത്രമല്ല ശരീരം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ശരീരം പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല സാധാരണയായി മനുഷ്യര്‍ ആഹാരം കഴിക്കുന്നത്. ഒരു മനുഷ്യന്റെ പെരുമാറ്റത്തെ ദൂരവ്യാപക പ്രതിഫലനങ്ങള്‍ മാത്രം ആസ്പദമാക്കി വിശകലനം ചെയ്യുക സാധ്യമല്ല.

മനുഷ്യരില്‍ അനുകൂലന പ്രവൃത്തികളില്‍ ഏറിയ പങ്കും ആര്‍ജിതമാണ്. അന്തഃപ്രേരണ, പ്രത്യക്ഷണം, പഠനം, ചിന്ത, സാമൂഹികപരിതഃസ്ഥിതി എന്നിവയുടെ പങ്ക് വിശകലനം ചെയ്തുകൊണ്ട് അനുകൂലന പ്രവൃത്തികളെക്കുറിച്ച് പഠിക്കുകയാണ് നിര്‍വഹണ മനഃശാസ്ത്രം ചെയ്തത്. ഈ സങ്കീര്‍ണ പ്രക്രിയകളെക്കുറിച്ച് പഠിക്കുക വഴി നിര്‍വഹണവാദികള്‍ മനഃശാസ്ത്രത്തെ ഘടനാവാദത്തിന്റെ ഇടുങ്ങിയ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ നിന്നും മോചിപ്പിച്ചു.

എല്ലാ മാനസിക പ്രവര്‍ത്തനങ്ങളെയും മനഃശാരീരിക പ്രവൃത്തികളായാണ് നിര്‍വഹണവാദികള്‍ കണക്കാക്കുന്നത്. മാനസികവും ശാരീരികവുമായ പ്രക്രിയകള്‍ ചേര്‍ന്നതാണ് എല്ലാ പ്രവര്‍ത്തനങ്ങളും. എന്നാല്‍ ഈ രണ്ടു വശങ്ങളും തമ്മില്‍ വേര്‍തിരിക്കുവാനുള്ള ശ്രമങ്ങള്‍ വിജയം കാണുകയില്ല എന്നും ഇവര്‍ പറയുന്നു.

ബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുവാന്‍ നിര്‍വഹണവാദം അന്തര്‍നിരീക്ഷണ മാര്‍ഗം അവലംബിക്കുന്നുണ്ടെങ്കിലും, പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കാണ് ഈ മനഃശാസ്ത്ര പ്രസ്ഥാനം കൂടുതല്‍ പ്രാധാന്യം നല്കുന്നത്. കല, സാഹിത്യം, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ വിശകലനവും, മനഃശാസ്ത്രപരീക്ഷകളും നിര്‍വഹണ മനഃശാസ്ത്രപഠനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. മനുഷ്യന്റെ സ്വഭാവത്തെയും പ്രവൃത്തികളെയും മനസ്സിലാക്കുവാന്‍ ഇവയെല്ലാം സഹായകമാകുമെന്ന് നിര്‍വഹണവാദികള്‍ വിശ്വസിക്കുന്നു. വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനും നിര്‍വഹണമനഃശാസ്ത്രം വളരെയധികം പ്രാധാന്യം കല്പിച്ചിരുന്നു.

Image:n l l thurston.pngImage:n Stanley Hall.png

ചിക്കാഗൊ സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ നിരവധി മനഃശാസ്ത്രജ്ഞര്‍ക്ക് പ്രചോദനമായി. നിര്‍വഹണ മനഃശാസ്ത്രത്തിന്റെ പ്രധാന വക്താവായിരുന്ന കാര്‍, ജന്തുമനഃശാസ്ത്ര രംഗത്ത്, പ്രത്യേകിച്ച് മൃഗങ്ങളുടെ പ്രത്യക്ഷണ ശേഷിയെക്കുറിച്ചും മേസ് - പഠനശേഷിയെക്കുറിച്ചും നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അഭിരുചികളുടെ ഗണിതക വിശ്ളേഷണത്തിലൂടെ അഭിരുചി പരീക്ഷകള്‍ വികസിപ്പിച്ചെടുത്ത ലൂയി ലിയൊണ്‍ തഴ്സ്റ്റണ്‍ (1887-1955), ബാല-കൌമാര മനഃശാസ്ത്രരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ ഗ്രാന്‍വില്‍ സ്റ്റാന്‍ലി ഹാള്‍ (1846-1924) തുടങ്ങിയവര്‍ ചിക്കാഗൊ സര്‍വകലാശാലയിലെ നിര്‍വഹണ മനഃശാസ്ത്ര പ്രസ്ഥാനത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാണ്. ചിക്കാഗൊ സര്‍വകലാശാലയിലെ ആദ്യത്തെ ഡോക്ടറേറ്റ് ബിരുദധാരിയായ ജെ.ബി. വാട്ട്സണ്‍ (1878-1955) ആണ് മറ്റൊരു സുപ്രധാന മനഃശാസ്ത്ര പ്രസ്ഥാനമായ 'ബിഹേവിയറിസ'ത്തിന് തറക്കല്ലിട്ടത്. നോ: ബിഹേവിയറിസം

ചിക്കാഗൊ സര്‍വകലാശാലയായിരുന്നു നിര്‍വഹണ വാദത്തിന്റെ ശക്തികേന്ദ്രമെങ്കിലും റോബര്‍ട്ട് സെഷന്‍സ് വുഡ്വര്‍ത്തി(1869-1962)ന്റെ നേതൃത്വത്തില്‍ കൊളംബിയ സര്‍വകലാശാലയിലും നിര്‍വഹണ മനഃശാസ്ത്രപഠനങ്ങള്‍ നടത്തിയിരുന്നു. വുഡ്വര്‍ത്തിന്റെ നിര്‍വഹണവാദം ചലനാത്മക മനഃശാസ്ത്രം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അനുകൂലനപ്രവൃത്തികളില്‍ അന്തഃചോദനകള്‍ക്കുള്ള പങ്കിനാണ് ചലനാത്മക മനഃശാസ്ത്രം പ്രാധാന്യം കല്പിക്കുന്നത്. അനുകൂലനപ്രവൃത്തികളെ ഒരു സൂത്രവാക്യത്തിലൂടെയാണ് വുഡ്വര്‍ത്ത് വിശദീകരിച്ചത്. W-S-O-R-W എന്ന സൂത്രവാക്യത്തില്‍ W ലോകം അഥവാ പരിതഃസ്ഥിതിയെയും, S ചോദനയെയും, O ജീവജാലത്തെയും, R പ്രതികരണത്തെയും സൂചിപ്പിക്കുന്നു. ബാഹ്യവും ആന്തരികവുമായ ചോദനകള്‍ ജീവിയില്‍ പ്രതികരണമുളവാക്കുകയും, ഈ പ്രതികരണം പരിതഃസ്ഥിതിയില്‍ മാറ്റം വരുത്തി ചോദന കുറയ്ക്കുകയും ചെയ്യുമ്പോഴാണ് അനുകൂലനം നടക്കുന്നത്. ചോദന ലഘൂകരണത്തിനായി നടത്തുന്ന പ്രവൃത്തികള്‍ ചില സന്ദര്‍ഭങ്ങളില്‍ സ്വതന്ത്ര ചോദനകളുടെ സ്വഭാവം കൈക്കൊള്ളാറുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിനായി വ്യായാമം ചെയ്തു തുടങ്ങുന്നവര്‍ വണ്ണം കുറഞ്ഞുകഴിഞ്ഞിട്ടും, താത്പര്യം മൂലം തുടര്‍ന്നും വ്യായാമം ചെയ്യുന്നത് ഇതിനുദാഹരണമാണ്. വുഡ്വര്‍ത്തിന്റെ വീക്ഷണങ്ങള്‍ മനഃശാസ്ത്രരംഗത്ത് വളരെയധികം സ്വാധീനം ചെലുത്തുകയുണ്ടായി.

നിര്‍വഹണ മനഃശാസ്ത്രം ഒരു പ്രത്യേക പ്രസ്ഥാനമെന്ന നിലയില്‍ ഇരുപതാം ശതകത്തിന്റെ ആദ്യപകുതിവരെ മാത്രമേ നിലനിന്നുള്ളൂ. വളരെ വേഗം തന്നെ നിര്‍വഹണവാദം മനഃശാസ്ത്രത്തിന്റെ മുഖ്യധാരയുടെ ഭാഗമായി മാറി. പ്രായോഗിക മനഃശാസ്ത്രത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത് നിര്‍വഹണമാണ്. മനഃശാസ്ത്രപരീക്ഷകള്‍, വ്യാവസായിക അഭിരുചി നിര്‍ണയം, പരസ്യതന്ത്രങ്ങള്‍ക്ക് രൂപം നല്‍കല്‍, കൗണ്‍സലിങ്, ക്ലിനിക്കല്‍ പദ്ധതികള്‍ തുടങ്ങി, മനഃശാസ്ത്രത്തിന്റെ എല്ലാ പ്രായോഗിക വശങ്ങളിലും നിര്‍വഹണവാദത്തിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാണ്. അവബോധം (Consciousness) പോലെയുള്ള മാനസിക പ്രതിഭാസങ്ങളെ ജീവപരിണാമം ഏതുരീതിയിലാണ് സ്വാധീനിച്ചത് തുടങ്ങിയ വിഷയങ്ങള്‍ അന്വേഷിക്കുന്ന പരിണാമ മനഃശാസ്ത്രത്തിലും നിര്‍വഹണവാദത്തിന്റെ സ്വാധീനം കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍