This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍മല്‍വര്‍മ (1929 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍മല്‍വര്‍മ (1929 - 2005)

ഹിന്ദി കഥാകൃത്ത്. 1929 ഏ. 3-ന് ഹിമാചല്‍പ്രദേശിലെ സിംലയില്‍ ജനിച്ചു. ബ്രിട്ടീഷ്-ഇന്ത്യയിലെ പട്ടാള ഓഫീസറായിരുന്ന നന്ദകുമാര്‍വര്‍മയാണ് പിതാവ്. ഡല്‍ഹിയിലെ കൊളോണിയല്‍ ബംഗ്ളാവുകളിലാണ് കുട്ടിക്കാലം ചെലഴിച്ചത്. 1950-കളില്‍ സ്കൂള്‍ മാഗസിനുവേണ്ടിയെഴുതിയതാണ് ഇദ്ദേഹത്തിന്റെ ആദ്യ ചെറുകഥ. 1947-48 കാലഘട്ടത്തില്‍ത്തന്നെ സജീവമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും ആദര്‍ശവാദിയുമായിരുന്നു. അക്കാലത്ത് ഇദ്ദേഹം ഗാന്ധിജിയുടെ പ്രഭാതപ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരാംഗമായിരുന്ന സമയത്താണ് വര്‍മയുടെ ഈ സന്ദര്‍ശനങ്ങള്‍. കുറച്ചുകാലം ഇന്ത്യാവിഭജനത്തിന്റെഭാഗമായി എത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിന് ഇദ്ദേഹം സ്വന്തം സഹോദരന്‍ രാംകുമാറിനും സുഹൃത്തായ ജഗദീഷ് സ്വാമിനാഥനുമൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട പ്രചോദനം ഇദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളിലും രചനകളിലും ദൃശ്യമാണ്.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്നും ചരിത്രത്തില്‍ ബിരുദാനന്തരബിരുദമെടുത്ത വര്‍മ, കുറച്ചുകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു ഇക്കാലത്ത് ചില സാഹിത്യപ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി എഴുതുകയും ചെയ്തു. 1959-ല്‍ ഇദ്ദേഹത്തിന്റെ ആദ്യകഥാസമാഹാരമായ പരിന്ദേ (പറവകള്‍) യുടെ പ്രസിദ്ധീകരണം നിരൂപകരുടെ ഏറെ പ്രശംസ നേടുകയും ഈ കൃതി ഹിന്ദിസാഹിത്യത്തില്‍ പുതിയ കഥാപ്രസ്ഥാനത്തിന് തുടക്കംകുറിക്കുകയും ചെയ്തു. അധികം താമസിയാതെ വര്‍മ ചെക്കോസ്ലോവാക്കിയയിലെ പ്രാഗിലുള്ള ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ക്ഷണിക്കപ്പെട്ടു. ആധുനിക ചെക് ഭാഷയിലെ എഴുത്തുകാരുടെ രചനകള്‍ ഹിന്ദിയിലേക്ക് തര്‍ജുമ ചെയ്യുന്നതിലേക്കായിരുന്നു അത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാരേല്‍കപേക്ക്, ജിറിഫ്രൈഡ്, ജോസഫ് സകോര്‍വസ്കി, മിലന്‍ കുന്ദേര, ബാഹുമില്‍ഹ്രബാല്‍ എന്നിവരുടെ രചനകള്‍ ആദ്യമായി ഹിന്ദിയിലേക്ക് തര്‍ജുമ ചെയ്യപ്പെട്ടു.

1956-ല്‍ ഹംഗറിയെ സോവിയറ്റ് യൂണിയന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. 1968-ല്‍ പ്രാഗ് വിട്ടു, ഇന്ത്യയിലേക്ക് തിരിച്ചുവന്നു. 1975-77-ല്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ കടുത്ത വിമര്‍ശകനായിരുന്ന ഇദ്ദേഹം ടിബറ്റിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി വാദിക്കുകയും ദലായ്ലാമയുടെ നേതൃത്വത്തില്‍ ടിബത്തിന് സ്വയംഭരണാവകാശം നല്‍കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിലൂടെ ഇന്ത്യാ-ചൈന ഭരണകൂടങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യന്‍ ധിഷണാശാലികളില്‍ ദേശത്തിനും, മതത്തിനും അതീതമായി വ്യക്തിസ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തിയ അനന്യ വ്യക്തിത്വമായിരുന്നു നിര്‍മല്‍വര്‍മയുടേത്.

1959 മുതല്‍ 70 വരെയുള്ള യൂറോപ്യന്‍ ജീവിതകാലത്ത് വര്‍മ, കിഴക്ക്-പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിലവിലിരുന്ന സാമൂഹികവും സാംസ്കാരികവുമായ അവസ്ഥയെക്കുറിച്ചറിയാന്‍ ഈ രാജ്യങ്ങളില്‍ നീണ്ട യാത്രകള്‍ നടത്തി. ദ് ടൈംസ് ഒഫ് ഇന്ത്യ ദിനപത്രത്തിന്റെ മുഖപ്രസംഗ പേജില്‍ സ്ഥിരമായി എഴുതിയിരുന്ന ഇദ്ദേഹത്തെ 'യൂറോപ്പിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരന്‍' എന്നാണ് അക്കാലത്ത് വിളിച്ചിരുന്നത്. 1970-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ വര്‍മ സിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഫെലോ ആയി നിയമിതനായി. 'ഹിന്ദി സാഹിത്യത്തിലെ പൗരാണിക സത്ത' എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. അടിയന്തരാവസ്ഥാഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയ വര്‍മയുടെ പല ഉപന്യാസങ്ങളുടെയും വിഷയം നാഗരികതയുടെ വിഷമഘട്ടത്തെക്കുറിച്ചാണ്. ചാലഞ്ചസ് ഒഫ് ആര്‍ട്സ് (കല്‍കാ ജോഖിം), വേര്‍ഡ് ആന്‍ഡ് മെമ്മറി (ശബ്ദ് ഔര്‍ സ്മൃതി), കോണ്‍സെപ്റ്റ് ഒഫ് ട്രൂത്ത് ഇന്‍ ആര്‍ട്ട് എന്നീ കൃതികള്‍ ഉദാഹരണം.

1980-83 കാലഘട്ടത്തില്‍ ഭോപ്പാലിലുള്ള ഭാരത്ഭവനിലെ നിരാല ക്രിയേറ്റീവ് റൈറ്റിങ് ചെയറിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. 1989-90-ല്‍ സിംലയിലെ നിരാല ക്രിയേറ്റീവ് ചെയറിന്റെ ഡയറക്ടറായി.

ഔദ്യോഗികവും സ്വകാര്യവുമായ സന്ദര്‍ശനങ്ങളിലൂടെ നിര്‍മല്‍വര്‍മ യൂറോപ്പില്‍ അനേകം വര്‍ഷങ്ങള്‍ ചെലവിട്ടു. 1977-ല്‍ യു.എസ്.എയിലെ അയോവാ യൂണിവേഴ്സിറ്റിയുടെ പ്രശസ്തമായ ഇന്റര്‍ നാഷണല്‍ റൈറ്റിങ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വര്‍മയ്ക്ക് ക്ഷണം ലഭിച്ചു. ഇന്ത്യന്‍ എഴുത്തുകാരുടെ പ്രതിനിധിയായി പ്രമുഖരായ എഴുത്തുകാരോടൊപ്പം ഇദ്ദേഹം 1980-ല്‍ ഹംഗറി, ജര്‍മനി, സോവിയറ്റ് യൂണിയന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 1987-ല്‍ ചിക്കാഗോ സര്‍വകലാശാലയില്‍ നടത്തിയ ഭാരതീയ സാഹിത്യ സെമിനാറില്‍ പങ്കെടുത്തു. 1988-ല്‍ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയില്‍ അജ്ഞേയ് സ്മാരകപ്രഭാഷണം നടത്തി.

ചെക് എഴുത്തുകാരുടെ കൃതികള്‍ ഹിന്ദിയിലേക്ക് തര്‍ജുമ ചെയ്തതുകൂടാതെ വര്‍മയുടേതായി അഞ്ച് നോവലുകള്‍, എട്ട് കഥാസമാഹാരങ്ങള്‍, ഒന്‍പത് ഉപന്യാസങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവയുമുണ്ട്. ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിവിധ യൂറോപ്യന്‍ ഭാഷകളായ ഇംഗ്ളീഷ്, റഷ്യന്‍, ജര്‍മന്‍, ഐസ്ലന്‍ഡിക്, പോളിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലേക്കും തര്‍ജുമ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സര്‍വകലാശാലകളിലെയും വിദേശ സര്‍വകലാശാലകളായ ഹൈഡല്‍ബര്‍ഗ്, അയോവാ, കാലിഫോര്‍ണിയ, സീറ്റില്‍, വെനീസ്, ക്രാക്കോ എന്നിവിടങ്ങളിലെയും പണ്ഡിതന്മാര്‍ക്ക് ഇദ്ദേഹത്തിന്റെ രചനകളെ അധികരിച്ചുള്ള പഠനങ്ങള്‍ക്ക് ഡോക്ടറല്‍ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ലഭിച്ചിട്ടുണ്ട്.

1973-ല്‍ ഒരു പുതിയ തരംഗം സൃഷ്ടിച്ചുകൊണ്ട് ഇറങ്ങിയ മായാദര്‍പ്പണ്‍ എന്ന സിനിമ നിര്‍മല്‍വര്‍മയുടെ ചെറുകഥയെ ആസ്പദിച്ചുള്ളതാണ്. നിര്‍മല്‍വര്‍മയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് അനേകം വര്‍ഷം വിദേശത്ത് താമസിക്കേണ്ടിവന്നതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രവാസജീവിതവുമായി ബന്ധപ്പെട്ട അനേകം അനുഭവങ്ങള്‍ കാണാന്‍ കഴിയും. ഇദ്ദേഹത്തിന്റെ ആദ്യനോവലായ വേ ദിന്‍(ആ ദിവസങ്ങള്‍)-ലെ നായകന്‍ പ്രവാസി ഭാരതീയനാണ്. രണ്ടാമത്തെ നോവലായ ലാല്‍ ടിന്‍ കീ ഛത്ത് പര്‍വതസാനുകളില്‍ താമസിക്കുന്നവരുടെ കഥയാണ്.

നിര്‍മല്‍വര്‍മ തന്റെ കഥകളില്‍ പ്രേമത്തിന്റെ മാധുര്യം മാത്രമല്ല, മരണഭയത്തെയും അപരിചിത സ്ഥലങ്ങളിലെ രഹസ്യം, മദ്യസേവ ചെയ്യുന്നവരുടെ അച്ചടക്കരാഹിത്യം എന്നിവയെക്കുറിച്ചും വര്‍ണിച്ചിട്ടുണ്ട്. കഥയുടെ ഭാഷ കവിതയോട് അടുത്തു നില്ക്കുന്നു. ഇദ്ദേഹത്തിന്റെ കഥകളില്‍ ബിംബ കല്പനയുടെ വൈശിഷ്ട്യവും പ്രകൃതി പ്രേമവുമായ കാവ്യചിത്രീകരണവും മാനുഷ്യകതയുടെ പരമകോടിയിലെത്തിനില്‍ക്കുന്ന തരത്തിലുള്ള ഭാവുകത്വവും നിറഞ്ഞുനില്‍ക്കുന്നു. സ്വപ്നലോകത്തില്‍ സഞ്ചരിക്കുന്ന തോന്നല്‍ ഉളവാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ മിക്ക കഥകളും. തന്റെ കഥകളില്‍ നിര്‍മല്‍വര്‍മ അനുഭവത്തിന്റെ ഓരോ നിമിഷത്തെയും തിരഞ്ഞെടുത്ത് അതിനെ കാവ്യാത്മകശൈലിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

മോഹന്‍ രാകേഷ്, ഭീഷ്മ സാഹ്നി, കമലേശ്വര്‍, അമര്‍കാന്ത് തുടങ്ങിയവരോടൊപ്പം ഹിന്ദിയിലെ നവീനകഥാപ്രസ്ഥാനത്തിന് തുടക്കമിട്ടയാളാണ് നിര്‍മല്‍വര്‍മ. കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തില്‍ ഉടലെടുത്ത പ്രതിസന്ധികളും, വ്യവസായവത്കരണത്തിന്റെയും നഗരത്തിലേക്കുള്ള വന്‍കിട കുടിയേറ്റത്തിന്റെയും ഫലമായുള്ള മൂല്യച്യുതിയും നിര്‍മല്‍വര്‍മയുടെ കഥകളില്‍ പ്രതിപാദിക്കപ്പെട്ടു. കൂടുതല്‍ സ്വതന്ത്രയായ ആധുനിക വനിതയുടെ ആവിര്‍ഭാവവും അതിന്റെ അനന്തരഫലങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു. വ്യക്തിസ്വാതന്ത്യ്രത്തിനായി എല്ലാക്കാലത്തും ശബ്ദമുയര്‍ത്തിയിരുന്ന ഇദ്ദേഹം അടിയന്തരാവസ്ഥയ്ക്കെതിരെ ഏറ്റവും ശക്തമായി ശബ്ദമുയര്‍ത്തിയവരില്‍ ഒരാളാണ്. എഴുത്തുകാരിയായ ഗഗന്‍ഗില്‍ നിര്‍മല്‍വര്‍മയുടെ ഭാര്യയാണ്.

കൗവേ ഔര്‍ കാലാപാനി എന്ന കഥാസമാഹാരത്തിന് ഇദ്ദേഹത്തിന് 1985-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അവസാനത്തെ കൃതി അന്തിം അരണ്യ (അവസാനത്തെ താവളം) ആണ്. രോഗശയ്യയില്‍ കിടക്കുമ്പോള്‍ അബ് കുച്ഛ് നഹീം എന്ന നോവലും രചിച്ചു. യൂറോപ്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ അനേകം ഭാഷകളിലേക്ക് നിര്‍മല്‍വര്‍മയുടെ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ പല തവണ വന്നിട്ടുള്ള നിര്‍മല്‍വര്‍മയുടെ ഏക് ശുരുവാത് (പുതിയ തുടക്കം), പരിന്ദേ (പറവകള്‍), അന്തിം അരണ്യ തുടങ്ങിയ രചനകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദ് വേള്‍ഡ് ലിറ്ററേച്ചര്‍ എന്ന മാഗസിന്‍ ഒക്ലാമാ യൂണിവേഴ്സിറ്റിക്കുവേണ്ടി ഏര്‍പ്പെടുത്തിയ നുസ്താദ് അവാര്‍ഡ് 1996-ല്‍ നിര്‍മല്‍വര്‍മയ്ക്ക് ലഭിച്ചു. 1997-ല്‍ ഉപന്യാസ സമാഹാരമായ ഭാരത് ഔര്‍ യൂറോപ്പ്: പ്രതിശ്രുതികേക്ഷേത്ര് എന്ന പുസ്തകത്തിന് മൂര്‍ത്തിദേവീ പുരസ്കാരവും സാഹിത്യസംഭാവനകള്‍ക്ക് സാധനാ സമ്മാനവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ ജ്ഞാനപീഠപുരസ്കാരവും (1999) നിര്‍മല്‍വര്‍മയ്ക്ക് ലഭിച്ചു.

2005 ഒക്ടോബര്‍ 25-ന് ഇദ്ദേഹം ഡല്‍ഹിയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍