This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍മലാ ദേശ്പാണ്ഡെ (1929 - 2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍മലാ ദേശ്പാണ്ഡെ (1929 - 2008)

മറാഠി എഴുത്തുകാരി. ഗാന്ധിയന്‍ തത്ത്വങ്ങളുടെ വക്താവും സമാധാനദൂതികയുമായി ലോകരാഷ്ട്രങ്ങളുടെ ആദരവ് നേടി. 1929 ഒ. 17-ന് നാഗ്പൂരിലാണ് ജനിച്ചത്. മാതാവ് വിമലയും പിതാവ് പ്രമുഖ മറാഠി എഴുത്തുകാരനായിരുന്ന പി.വൈ. ദേശ്പാണ്ഡെയും ആയിരുന്നു. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയ നിര്‍മല വിവാഹജീവിതം വേണ്ടെന്നുവച്ച് സമൂഹസേവനം തന്റെ പന്ഥാവായി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. കുറച്ചുകാലം കോളജ് അധ്യാപികയായി നാഗ്പൂര്‍ മോറിസ് കോളജില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Image:nirmala despande.png

ആചാര്യ വിനോബ ഭാവെയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭൂദാനപ്രസ്ഥാനത്തില്‍ 1952-ല്‍ നിര്‍മല പങ്കുചേര്‍ന്നു. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി വിനോബാജിയോടൊപ്പം 40,000 കി.മീറ്ററിലേറെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. ഭൂവുടമകളില്‍ നിന്നു കിട്ടിയ ഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. അക്രമങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടായ സ്ഥലങ്ങളിലെല്ലാം സമാധാനദൂതുമായി പതിവായി സഞ്ചരിച്ചിരുന്നു.

'ദീദി' എന്നു പരക്കെ അറിയപ്പെട്ടിരുന്ന നിര്‍മല പ്രഗല്ഭയായ ഒരു എഴുത്തുകാരി കൂടിയായിരുന്നു. നോവലുകളും നാടകങ്ങളുമുള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഇവര്‍ രചിച്ചിട്ടുണ്ട്. ഇവരുടെ ചിംഗ്ളിങ് എന്ന ഹിന്ദി നോവലിന് ദേശീയ ബഹുമതി ലഭിച്ചിട്ടുണ്ട്. ഈശോപനിഷത്തിന് വ്യാഖ്യാനവും വിനോബ ഭാവെ എന്ന ജീവചരിത്രകൃതിയും രചിച്ചു. പൌനാര്‍ ആശ്രമത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മൈത്രി എന്ന ആനുകാലികത്തിന്റെയും ഡല്‍ഹിയില്‍ നിന്നുള്ള നിത്യനൂതന്‍ എന്ന ജേണലിന്റെയും എഡിറ്ററായും സേവനം അനുഷ്ഠിച്ചുവന്നു.

രണ്ടുതവണ രാജ്യസഭാംഗമായ (1997-1999-ലും 2004 മുതല്‍ 2008 ഏപ്രില്‍ 1 വരെയും) നിര്‍മല ദേശ്പാണ്ഡെ 2005-ല്‍ നോബല്‍ പുരസ്കാരത്തിന് (സമാധാനത്തിന്) നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 2006-ല്‍ ഇവര്‍ക്ക് പദ്മവിഭൂഷണ്‍ ബഹുമതി നല്കി രാജ്യം ആദരിച്ചു. ഭാരതത്തിലെ രാഷ്ട്രപതി പദത്തിനും ഇവരുടെ പേര് നിര്‍ദേശിക്കപ്പെട്ടു. രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരമുള്‍പ്പെടെയുള്ള ഒട്ടേറെ ബഹുമതികള്‍ ഇവര്‍ക്ക് ലഭ്യമായിട്ടുണ്ട്.

റൂറല്‍ ഡെവലപ്മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി, ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, എംപവര്‍മെന്റ് ഒഫ് വിമന്‍ കമ്മിറ്റി തുടങ്ങിയവയിലൊക്കെ അംഗമായിരുന്ന നിര്‍മല അഖിലഭാരത രചനാത്മ സമാജം, ഹരിജന്‍ സേവക സമാജം, ഗാന്ധി ആശ്രം, റീകണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് എന്നിവയുടെ അധ്യക്ഷയായും എ.പി.എ. (അസോസിയേഷന്‍ ഒഫ് പീപ്പിള്‍സ് ഒഫ് ഏഷ്യ), ഇന്ത്യാ പാകിസ്താന്‍ ഫോറം ഒഫ് പാര്‍ലമെന്റേറിയന്‍സ് എന്നിവയുടെ ചെയര്‍പേഴ്സണായും സേവനം അനുഷ്ഠിച്ചിരുന്നു. കൂടാതെ നാഷണല്‍ ഇന്റഗ്രേഷന്‍ കൌണ്‍സില്‍ അംഗം, സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഒഫ് എഡ്യൂക്കേഷന്‍ അംഗം, വിനോബാജന്മസ്ഥാന്‍ പ്രതിഷ്ഠാന്‍ അധ്യക്ഷ, തിരുപ്പതി രാഷ്ട്രീയ സേവാസമിതി അധ്യക്ഷ എന്നിങ്ങനെ ഒട്ടേറെ പദവികളില്‍ തുടരുമ്പോഴാണ് 2008 മേയ് ഒന്നിന് നിര്‍മലാ ദേശ്പാണ്ഡെ അന്തരിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍