This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍മലാ ജെയ്ന്‍ (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍മലാ ജെയ്ന്‍ (1931 - )

ഹിന്ദി നിരൂപക. 1931 ഒ. 31-ന് ഡല്‍ഹിയില്‍ ജനിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എം.എ., ഡി.ലിറ്റ് ബിരുദങ്ങള്‍ നേടി. 1956 മുതല്‍ 70 വരെ ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ലേഡി ശ്രീറാം കോളജ് ഫോര്‍ വിമനില്‍ സീനിയര്‍ ലക്ചററായി സേവനമനുഷ്ഠിച്ചു. 1970 മുതല്‍ 81 വരെ ഡല്‍ഹി സര്‍വകലാശാലാ ഹിന്ദിവിഭാഗത്തില്‍ റീഡറായിരുന്ന ഡോ. നിര്‍മലാ ജെയ്ന്‍ 1981-ല്‍ അവിടെത്തന്നെ പ്രൊഫസറും വകുപ്പുമേധാവിയുമായി.

ആധുനിക ഹിന്ദികാവ്യ മേം രൂപവിധായേം (ആധുനിക ഹിന്ദി കവിതയുടെ രൂപശില്പപഠനം (1963), രസസിദ്ധാന്ത് ഔര്‍ സൗന്ദര്യശാസ്ത്ര - (രസസിദ്ധാന്തവും സൗന്ദര്യശാസ്ത്രവും 1967), പ്ളേറ്റോ കെ കാവ്യസിദ്ധാന്ത് (പ്ലേറ്റോയുടെ കാവ്യസിദ്ധാന്തം, 1964), ഹിന്ദി ആലോചനാ ബീസ്വീംശതി (ഹിന്ദിസാഹിത്യനിരൂപണം - 20-ാം നൂറ്റാണ്ടില്‍), ആധുനികസാഹിത്യ-മൂല്യ് ഔര്‍ മൂല്യാങ്കന്‍ (ആധുനിക സാഹിത്യം - മാനദണ്ഡങ്ങളും മൂല്യനിര്‍ണയവും-1979) എന്നിവയാണ് ഡോ. നിര്‍മലാജെയ്നിന്റെ വിമര്‍ശന കൃതികള്‍. രണ്ടു പുസ്തകങ്ങള്‍ പ്രസാധനം ചെയ്തിട്ടുമുണ്ട്. ഹിന്ദി ആനുകാലികങ്ങളില്‍ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍മമമായ നിഷ്പക്ഷത മുഖമുദ്രയാക്കിയ ഈ നിരൂപകയുടെ അഭിപ്രായത്തില്‍, ഹിന്ദിയില്‍ ഏറെ നിരൂപകരുണ്ടെങ്കിലും അതിനനുസരിച്ച് നിരൂപണങ്ങളില്ല. ഉത്തരപ്രദേശ് സാഹിത്യ അക്കാദമി, നാഷണല്‍ ബുക്ക്ട്രസ്റ്റ് എന്നിവയില്‍ ഹിന്ദി ഉപദേശകസമിതി അംഗമായിട്ടുള്ള ഡോ. ജെയ്ന്‍ അമേരിക്കയില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡും സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡും ഡോ. ജെയ്നിനു ലഭിച്ചിട്ടുണ്ട്.

(ഡോ. എം.എ. കരിം)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍