This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍ധാരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍ധാരണം

Selection

സസ്യങ്ങളുടെ വംശവര്‍ധനവില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുന്ന രീതി. വംശവര്‍ധനവിലും പരിണാമത്തിലും നിര്‍ധാരണം നിര്‍ണായകപങ്കുവഹിക്കുന്നു. പ്രാചീനകാലം മുതല്‍ കൃഷിക്കാര്‍ അനുവര്‍ത്തിച്ചിരുന്ന 'നല്ലതു വിത്തിനു മാറ്റുന്ന' സമ്പ്രദായമാണ് നിര്‍ധാരണത്തിന്റെ തുടക്കം എന്ന് അനുമാനിക്കുന്നു. എന്നാല്‍ ചരിത്രം രേഖപ്പെടുത്തിയ നിര്‍ധാരണരീതി അനുവര്‍ത്തിച്ചുതുടങ്ങിയത് 18-ാം നൂറ്റാണ്ടില്‍ മാത്രമാണ്. ബല്‍ജിയത്തിലെ വാന്‍മോണ്‍സ് (Van Mons), ഇംഗ്ളണ്ടിലെ നൈറ്റ് (Knight), അമേരിക്കയിലെ കൂപ്പര്‍ (Cooper) എന്നിവര്‍ ധാന്യവര്‍ഗങ്ങളില്‍ നിര്‍ധാരണം നടത്തി നല്ലയിനം വിളകള്‍ ഉത്പാദിപ്പിച്ചിരുന്ന ആദ്യകാലശാസ്ത്രജ്ഞന്മാണ്.

ഒരു പ്രത്യേക ആവശ്യത്തിന് അനുയോജ്യമായ ഗുണങ്ങളോടുകൂടിയ സസ്യങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയാണ് നിര്‍ധാരണം. ഇത് പ്രധാനമായും ബാഹ്യലക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കൂടുതല്‍ വിളവ്, രോഗപ്രതിരോധശേഷി, കീടപ്രതിരോധശേഷി തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കുവേണ്ടി സസ്യങ്ങളുടെ വംശവര്‍ധനവ് നടത്താറുണ്ട്. ഈ അവസരങ്ങളില്‍ നിര്‍ധാരണം നിര്‍ണായക പങ്ക് വഹിക്കുന്നു. നിര്‍ധാരണം നടത്തേണ്ട സസ്യസമൂഹത്തില്‍ അനുയോജ്യമായ ഗുണങ്ങള്‍ അഥവാ ജനിതകവ്യതിയാനങ്ങള്‍ ഉണ്ടായിരിക്കണം. മാത്രമല്ല ആ ഗുണങ്ങള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതുമായിരിക്കണം. വംശവര്‍ധനവിന്റെ ലക്ഷ്യം (breeding objective), സസ്യങ്ങളുടെ പരാഗണരീതി (mode of pollination) എന്നിവ അടിസ്ഥാനമാക്കി ഓരോ വിളകളിലും വ്യത്യസ്ത നിര്‍ധാരണ രീതികളാണുപയോഗിക്കുന്നത്. സമൂഹനിര്‍ധാരണം (Mass selection), ശുദ്ധനിര്‍ധാരണം (Pure line selection), ജീനരൂപീയ നിര്‍ധാരണം (Genotypic Selection), വംശപാരമ്പര്യ നിര്‍ധാരണം (Pedigree selection), ക്ലോണല്‍ നിര്‍ധാരണം (Clonal selection) എന്നിവയാണ് പ്രധാന നിര്‍ധാരണരീതികള്‍.

ബാഹ്യരൂപത്തിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുക്കല്‍ രീതിയാണ് സമൂഹനിര്‍ധാരണം (Mass selection). 1856-ല്‍ ഇംഗ്ലണ്ടിലെ ഹാലറ്റ് (hallet) എന്ന സസ്യശാസ്ത്രജ്ഞന്‍, സ്വപരാഗ സസ്യങ്ങളില്‍ സമൂഹനിര്‍ധാരണ രീതി ഫലപ്രദമാണെന്ന് ആദ്യമായി നിര്‍ദേശിച്ചു. സ്കോട്ട്ലന്‍ഡിലെ പാട്രിക് ഷെറീഫ് (Patrick sheriff) ഈ നിര്‍ദേശത്തെ അനുകൂലിച്ചു. 19-ാം നൂറ്റാണ്ടില്‍ ഗോതമ്പ് (Triticum vulgare), ഓട്സ് (Avena sativa), ബാര്‍ലി (Hordeum vulgare) എന്നീ വിളകളില്‍ സമൂഹനിര്‍ധാരണം വഴി ധാരാളം മുന്തിയ ഇനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കപ്പെട്ടു.

വളരെ ചെറിയ കാലയളവില്‍ത്തന്നെ ധാരാളം വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് സമൂഹനിര്‍ധാരണത്തിന്റെ മേന്മ. ചെലവു കുറവായതിനാല്‍ ഇത് ലാഭകരവുമാണ്. എന്നാല്‍ നിര്‍ധരിക്കപ്പെടുന്ന വിത്തുകള്‍ കൂട്ടിക്കലര്‍ത്തുന്നതിനാല്‍ ഈ രീതിയില്‍ വിത്തിന്റെ പിതൃത്വം (parentage) നിര്‍ണയിക്കാന്‍ കഴിയില്ല; അതുപോലെ ജനിതകരൂപവും (Genotype). തന്മൂലം ഈ രീതി ജനിതകപഠനത്തിന് യോജിച്ചതല്ല.

1856-ല്‍ ഫ്രാന്‍സിലെ വില്‍മോറിന്‍ (Vilmorin) എന്ന ശാസ്ത്രജ്ഞന്‍ മധുര ബീറ്റില്‍ (Beta vulgaris) നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി ജീനരൂപീയ നിര്‍ധാരണം കൂടുതല്‍ ഫലപ്രദമാണെന്നു കണ്ടെത്തി. ഒരു സസ്യത്തിന്റെ മേന്മ അതിന്റെ സന്തതികളുടെ ഗുണപരീക്ഷണങ്ങളില്‍(Progeney Testing)ക്കൂടി മനസ്സിലാക്കാമെന്നുള്ള ആശയം വില്‍മോറിന്റെ 'ഒറ്റപ്പെടുത്തല്‍ തത്ത്വം' എന്നറിയപ്പെടുന്നു. 1888-ല്‍ അമേരിക്കയിലെ ഹെയ്സ് (Hays) ഗോതമ്പില്‍ നടത്തിയ വൃഷ്ടി സന്തതി പരീക്ഷണം (Individual Progeny Testing) എന്ന നിര്‍ധാരണരീതി കൂടുതല്‍ ഫലപ്രദമായിക്കണ്ടു. അങ്ങനെ 19-ാം ശതകത്തിന്റെ അവസാനത്തോടെ ബാഹ്യരൂപത്തെക്കാള്‍ ജീനരൂപത്തിന് നിര്‍ധാരണത്തില്‍ പ്രാധാന്യം ലഭിച്ചു.

1900-ല്‍ മെന്‍ഡലിന്റെ ജനിതക തത്ത്വങ്ങള്‍ വെളിച്ചത്തുവന്നതോടെ നിര്‍ധാരണവും ജനിതകാടിസ്ഥാനത്തിലായി. 1903-ല്‍ ഡെന്മാര്‍ക്കിലെ സസ്യശാസ്ത്രജ്ഞനായ ജൊഹാന്‍സെന്‍ (Johanssen) ശുദ്ധ നിര നിര്‍ധാരണരീതി ആവിഷ്കരിച്ചു. അങ്ങനെ ജീനരൂപീയ നിര്‍ധാരണത്തിന്റെ മേന്മ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. 'ശുദ്ധനിര' (Pure line) എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജൊഹാന്‍സെന്‍ ആയിരുന്നു. സ്വപരാഗിയും ഒരേ ജനിതക ഘടനയോടുകൂടിയതും ഹോമോസൈഗസീയവുമായ ഒരു സസ്യസമൂഹമാണ് ശുദ്ധനിര. ഇതില്‍നിന്നും ഏറ്റവും നല്ല ജീനരൂപത്തെ തിരഞ്ഞെടുക്കുകയാണ് നിര്‍ധാരണലക്ഷ്യം. ഈ രീതി ചെലവേറിയതാണ്. സമയവും കൂടുതല്‍ വേണം. എന്നാല്‍ കൂടുതല്‍ ശാസ്ത്രീയമായ ഈ രീതി ജനിതകപഠനത്തിനു യോജിച്ചതാണ്.

ഗോതമ്പ്, ബാര്‍ലി, നെല്ല്, പയറുവര്‍ഗങ്ങള്‍, പുകയില, പരുത്തി, ചണം, പച്ചക്കറികള്‍ തുടങ്ങി നിരവധി വിളകളുടെ മേന്മ ഈ നിര്‍ധാരണരീതി ഉപയോഗിച്ച് വര്‍ധിപ്പിച്ചിട്ടുണ്ട്.

വംശപാരമ്പര്യ നിര്‍ധാരണ രീതിയില്‍ (Pedigree selection) രണ്ടാം പരമ്പരയില്‍പ്പെട്ട സസ്യങ്ങളെ അവയുടെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുകയും പിന്നീട് ഏകദേശം 10-12 വരെ പരമ്പരകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒടുവില്‍ സന്തതികളുടെ ഗുണപരീക്ഷണ(progeny testing)ങ്ങളില്‍ക്കൂടി നല്ലയിനം സസ്യങ്ങളെ വേര്‍തിരിച്ചെടുക്കുന്നു. വിളകളുടെ വിവിധതരം ഗുണങ്ങളെ വര്‍ധിപ്പിക്കാന്‍ ഈ രീതി സഹായകമാണ്. എന്നാല്‍ 12 പരമ്പരകള്‍ വരെ സൃഷ്ടിക്കുക എന്നത് സമയം കൂടുതല്‍ വേണ്ടതും ആയാസകരവുമായ പ്രവൃത്തിയാണ്. സ്വപരാഗികളായ മിക്കയിനം വിളകളെയും ഈ നിര്‍ധാരണരീതിയിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉദാ. ഗ 65 എന്ന ഇനം ഗോതമ്പ് മഴകൂടുതലുള്ള പ്രദേശങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. പെഡിഗ്രീ നിര്‍ധാരണംവഴി ഈ ഇനത്തിന്റെ ഉയരം കൂട്ടിയതാണ് ഇതിനുകാരണം. ജയ, പദ്മ, കാവേരി തുടങ്ങിയ നെല്ലിനങ്ങളും ഈ രീതിയിലൂടെ വികസിപ്പിച്ചെടുത്തവയാണ്.

അലൈംഗിക രീതിയില്‍ വംശവര്‍ധനവ് നടത്തുന്ന സസ്യങ്ങളിലെ നിര്‍ധാരണ രീതിയാണ് ക്ളോണല്‍ നിര്‍ധാരണം. ഇഞ്ചി, മഞ്ഞള്‍, വാഴ, കരിമ്പ്, മരിച്ചീനി, കാച്ചില്‍, ഉരുളക്കിഴങ്ങ് തുടങ്ങിയ കായികപ്രവര്‍ധക വിളകളിലും റബ്ബര്‍, മാവ്, ഓറഞ്ച് തുടങ്ങിയ വൃക്ഷങ്ങളിലും റോസ് മുതലായ പൂച്ചെടികളിലും ഈ രീതിയാണ് അനുവര്‍ത്തിക്കുന്നത്. കുഫ്രിറെഡ് (Kufri red), കുഫ്രി സഫേദ് (Kufri safed) എന്നീ ഉരുളക്കിഴങ്ങുകള്‍ ഈ രീതിയിലൂടെ വികസിപ്പിച്ചവയാണ്. ഡ്വാര്‍ഫ് കാവെന്‍ഡിഷ് എന്ന ഇനം വാഴയില്‍നിന്നും ക്ളോണല്‍ നിര്‍ധാരണത്തിലൂടെ ഗുണമേന്മ മെച്ചപ്പെടുത്തി വികസിപ്പിച്ച ഇനമാണ് ബോംബേ ഗ്രീന്‍. അതുപോലെ മൊന്തന്‍ വാഴയില്‍ നിന്നും പിടിമൊന്തന്‍ എന്ന ഇനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കായിക പ്രവര്‍ധനംമൂലം സന്തതികളുടെ ജീനരൂപത്തിന് വ്യതിയാനം സംഭവിക്കുന്നില്ല. അതിനാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഇനത്തിന്റെ മേന്മ ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ കഴിയും. ക്ലോണുകള്‍ മിക്കവാറും ഹിറ്ററോസൈഗസ് (Heterozygous) ആയിരിക്കും. എന്നാല്‍ ക്ലോണുകളുടെ ജീനരൂപത്തിനു മാറ്റം വരണമെങ്കില്‍ കായിക മ്യൂട്ടേഷന്‍ (Somatic mutation) വേണ്ടിവരും.

ദീര്‍ഘനാളത്തെ കൃഷികൊണ്ട് നിര്‍ധരിക്കപ്പെട്ട ഒരു മുന്തിയ ഇനത്തിന്റെ ശുദ്ധി നഷ്ടപ്പെടാം. അങ്ങനെ വരുമ്പോള്‍ പഴയ ശുദ്ധിയും വിളവുത്പാദനശേഷിയും വീണ്ടെടുക്കാന്‍ നടത്തുന്ന നിര്‍ധാരണമാണ് പുനര്‍നിര്‍ധാരണം (Reselection). ചിലപ്പോള്‍ ഇതിനെ ദ്വിതീയ നിര്‍ധാരണം (Secondary selection) എന്നും പറയാറുണ്ട്.

(ഡോ. പി. ഗോപാലകൃഷ്ണ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍