This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍ദേശകതത്ത്വങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍ദേശകതത്ത്വങ്ങള്‍

ഇന്ത്യന്‍ ഭരണഘടനയുടെ നാലാം ഭാഗത്ത് മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന 37 മുതല്‍ 51 വരെയുള്ള ഖണ്ഡികകള്‍. ഇവ ഭരണത്തിലും നിയമനിര്‍മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിര്‍ദേശങ്ങളാണ്. ഒരു ക്ഷേമരാഷ്ട്രം എന്ന നിലയില്‍ രാജ്യത്തിന്റെ ലക്ഷ്യങ്ങളായി അവയെ കണക്കാക്കിയിരിക്കുന്നു. രാഷ്ട്രത്തിന്റെ പ്രവര്‍ത്തനമേഖലകളായ സാമ്പത്തിക-സാമൂഹിക-നൈയാമിക-വിദ്യാഭ്യാസ-അന്താരാഷ്ട്ര മേഖലകളെയെല്ലാം സ്പര്‍ശിക്കുന്ന വിപുലമായ ഒരു മണ്ഡലത്തെയാണ് നിര്‍ദേശകതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.

പശ്ചാത്തലം. ഫ്രഞ്ചു വിപ്ലവം മുതലേ രാഷ്ട്രീയ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും തമ്മിലുള്ള അഭേദ്യബന്ധം അംഗീകരിക്കപ്പെട്ടിരുന്നു. ശാശ്വത സമാധാനത്തിനടിസ്ഥാനം സാമൂഹ്യനീതിയാണെന്ന് രണ്ടാം ലോകയുദ്ധത്തിനുശേഷമുണ്ടായ ഉടമ്പടികള്‍ വ്യക്തമാക്കുന്നുണ്ട്. അത്തരം വ്യവസ്ഥകള്‍ എല്ലാം തന്നെ കോടതിയുടെ പിന്‍ബലത്തോടെ നടപ്പാക്കാന്‍ പറ്റാത്തവയാകാമെന്ന ധാരണയും പരക്കെയുണ്ടായിരുന്നു. അതോടൊപ്പംതന്നെ, അവ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം അനുവര്‍ത്തിക്കപ്പെടേണ്ട ഒരു പ്രതിജ്ഞയുടെ സ്വഭാവം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

1937-ല്‍ രൂപീകൃതമായ ഐറിഷ് ഭരണഘടന ഇക്കാര്യത്തില്‍ ഒരു മാതൃകയായി. അവിടെ മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശകതത്ത്വങ്ങളും തമ്മില്‍ വേര്‍തിരിച്ചുകൊണ്ടുള്ള സമീപനമാണുണ്ടായത്. അതിന്റെ സ്വാധീനത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ രൂപീകരിച്ച ടി.ബി. സപ്രൂകമ്മിറ്റി പുതിയ ഭരണഘടനയില്‍ കോടതിവഴി നടപ്പാക്കാവുന്നതും അല്ലാത്തതുമായ രണ്ടുതരം അവകാശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു ശിപാര്‍ശ ചെയ്തു. രണ്ടാമത്തെ വിഭാഗത്തെപ്പറ്റി എതിരഭിപ്രായവും സമിതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശദചര്‍ച്ചകള്‍ക്കുശേഷം അംഗീകരിക്കപ്പെട്ട ഭരണഘടനയില്‍ നിര്‍ദേശകതത്ത്വങ്ങളെ വിവിധ ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ആദ്യത്തേതില്‍ കോടതിവഴി അവകാശമായി നടപ്പിലാക്കാവുന്ന മൗലികാവകാശങ്ങളും രണ്ടാമത്തേതില്‍ കോടതി വഴി നടപ്പിലാക്കാന്‍ കഴിയണമെന്നില്ലാത്ത മാര്‍ഗനിര്‍ദേശകതത്ത്വങ്ങളും ഉള്‍പ്പെടുത്തി. ക്ഷേമരാഷ്ട്രം എന്ന ആശയം സ്വീകരിച്ചുകൊണ്ടു ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തേണ്ടതു രാജ്യത്തിന്റെ കടമയായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുയോജ്യമായ സാമ്പത്തികവും സാമൂഹികവുമായ ചില തത്ത്വങ്ങളാണു മാര്‍ഗനിര്‍ദേശകതത്ത്വങ്ങളായി അംഗീകരിക്കപ്പെട്ടത്. സമിതി സ്വീകരിച്ച സമീപനത്തെ ന്യായീകരിച്ചുകൊണ്ടു ഡോ. അംബേദ്കര്‍ പറഞ്ഞത്, ഭരണഘടയുടെ പ്രധാനലക്ഷ്യം ദ്വിമുഖമാണെന്നും അവ രാഷ്ട്രീയ ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും ഉറപ്പുവരുത്തുകയാണെന്നുമാണ്. നാലാം ഭാഗത്തിന്റെ മൊത്തം ഉള്ളടക്കത്തെ മൂന്നുവിഭാഗമായി തരംതിരിച്ചിട്ടുണ്ട്. നാലാം ഭാഗത്തിലെ പ്രധാന തത്ത്വങ്ങള്‍ ഇപ്രകാരമാണ്:

1. സാമൂഹിക സാമ്പത്തിക സ്വഭാവം. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു സാമൂഹ്യക്രമം കാത്തുസൂക്ഷിച്ചു നിലനിര്‍ത്തുക (38-ാം വകുപ്പ്); എല്ലാവര്‍ക്കും തുല്യാവസരം എന്ന അടിസ്ഥാനത്തില്‍ നിയമവ്യവസ്ഥയുടെ പ്രയോഗം നീതി പ്രദാനം ചെയ്യുന്നുവെന്ന് രാഷ്ട്രം ഉറപ്പുവരുത്തുക മാത്രമല്ല, ഉചിതമായ നിയമനിര്‍മാണം വഴിയോ മറ്റുവിധത്തിലോ സൗജന്യ നിയമ സഹായത്തിനും സൗകര്യമുണ്ടാക്കേണ്ടതും അങ്ങനെ, സാമ്പത്തികമോ മറ്റ് ഏതെങ്കിലും വിധത്തിലോ ഉള്ള അവശതകള്‍ കാരണം ഏതെങ്കിലും പൗരന് നീതി നിഷേധിക്കപ്പെടുവാനുള്ള അവസരം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക (39-ാം വകുപ്പ്).

2. സാമൂഹ്യ സുരക്ഷ. എല്ലാ പൗരന്മാര്‍ക്കും ജീവിക്കാന്‍ മതിയായ ഉപാധികള്‍ ഉറപ്പുവരുത്തുക; സമൂഹത്തിന്റെ ഭൗതിക സമ്പത്ത് പൊതു നന്മയ്ക്കുതകത്തക്കവണ്ണം ശരിയായി വിതരണം ചെയ്യുക; പൊതു ഗുണത്തിന് ഹാനികരമായവിധത്തില്‍ ധനം കന്നുകൂടുന്നതിനെ തടയുക; സ്ത്രീക്കും പുരുഷനും തുല്യ ജോലിക്കു തുല്യവേതനം അനുവദിക്കുക; തൊഴിലാളികളുടെ ആരോഗ്യവും ദേഹശക്തിയും പരിരക്ഷിക്കുകയും പൌരന്മാരെ അവരുടെ പ്രായത്തിനും ശക്തിക്കും ചേരാത്ത തൊഴിലുകളില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുക, ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യബോധവും ആത്മാഭിമാനവും പുലരുന്ന സാഹചര്യത്തിലും കുട്ടികള്‍ക്കു തങ്ങളുടെ വ്യക്തിത്വം വികസിപ്പിക്കാനുള്ള അവസരങ്ങളും സൌകര്യങ്ങളും പ്രദാനം ചെയ്യുക, കുട്ടികളെയും യുവജനങ്ങളെയും ചൂഷണത്തില്‍ നിന്നും അധാര്‍മികവും അനാരോഗ്യകരവുമായ ദുശ്ശീലങ്ങളില്‍നിന്നും സംരക്ഷിക്കുക (39-ാം വകുപ്പ്); തൊഴിലിന്റെയും മാതൃ-ശിശു-ഗര്‍ഭ ശുശ്രൂഷകളുടെയും സ്ഥിതി നീതിപൂര്‍വകവും മനുഷ്യോചിതവുമാണെന്ന് ഉറപ്പു വരുത്തുക (42-ാം വകുപ്പ്); ജനങ്ങള്‍ക്ക് തൊഴില്‍, ജീവനക്കൂലി, മാന്യമായ ജീവിത നിലവാരം, വിശ്രമം, സാമൂഹ്യവും സാംസ്കാരികവുമായ അവസരങ്ങള്‍ ഇവ ഉറപ്പു വരുത്തുക. പ്രത്യേകമായി കുടില്‍ വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുക (43-ാം വകുപ്പ്); ഉചിതമായ നിയമനിര്‍മാണം വഴിയോ മറ്റുവിധത്തിലോ തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട വ്യവസായത്തിന്റെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ മാനേജ്മെന്റില്‍ പങ്കാളിത്തം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുക (43-ാം വകുപ്പ്); പതിനാലു വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും, ഭരണഘടന നടപ്പിലാകുന്ന കാലം മുതല്‍ പത്തു വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്കുക (45-ാം വകുപ്പ്); സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച്, പട്ടകിജാതി-പട്ടികവര്‍ഗക്കാരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ ശ്രദ്ധാപൂര്‍വം പരിരക്ഷിക്കുക (46-ാം വകുപ്പ്); പൊതുജനാരോഗ്യത്തിന്റെ അഭിവൃദ്ധിയും ലഹരി പാനീയങ്ങളുടെയും ലഹരി മരുന്നുകളുടെയും നിരോധനവും ഉറപ്പുവരുത്തുക (47-ാം വകുപ്പ്).

3. സാമൂഹ്യക്ഷേമം. സ്വയംഭരണത്തിന്റെ ആദ്യ ഘടകങ്ങളെന്ന നിലയില്‍ ഗ്രാമപഞ്ചായത്തുകള്‍ സംഘടിപ്പിക്കുക (40-ാം വകുപ്പ്); തൊഴില്‍ ചെയ്യുന്നതിനും വിദ്യ അഭ്യസിക്കുന്നതിനുമുള്ള അവകാശവും (40-ാം വകുപ്പ്); തൊഴിലില്ലായ്മ, വാര്‍ധക്യം, രോഗം മുതലായവക്ക് സഹായം ലഭിക്കുന്നതിനുള്ള അവകാശവും ഉറപ്പാക്കുക (41-ാം വകുപ്പ്); രാജ്യത്തിനു മുഴുവന്‍ ബാധകമായ, ഏകീകൃതമായ ഒരു സിവില്‍ നിയമസംഹിത കരുപ്പിടിപ്പിക്കുക (44-ാം വകുപ്പ്); ശാസ്ത്രീയമായരീതിയില്‍ കൃഷിയും കന്നുകാലി വളര്‍ത്തലും നടത്തുക; അവയുടെ വംശശുദ്ധി പരിപോഷിപ്പിക്കുക; ഗോവധം നിരോധിക്കുക; അതോടൊപ്പംതന്നെ ഉഴവു മാടുകളുടെയും മറ്റു കിടാരികളുടെയും വധവും നിരോധിക്കുക (48-ാം വകുപ്പ്); രാജ്യത്തെ വനങ്ങളെയും വന്യജീവികളെയും കാത്തുസൂക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു നടപ്പാക്കുക (49-ാം വകുപ്പ്); ദേശീയ പ്രാധാന്യവും ചരിത്രപരമായ മൂല്യവുമുള്ള എല്ലാ സ്മാരകങ്ങളെയും സംരക്ഷിക്കുക (49-ാം വകുപ്പ്); ജുഡീഷ്യറിയെ എക്സിക്യൂട്ടീവില്‍നിന്നു വേര്‍പെടുത്തി അവ തമ്മിലുള്ള വിഭജനം നടപ്പാക്കുക (50-ാം വകുപ്പ്); അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുക; രാഷ്ട്രങ്ങള്‍ തമ്മിലുള്ളബന്ധം അന്തസ്സുറ്റതും നീതിയുക്തവുമായി നിലനിര്‍ത്തുമെന്ന് ഉറപ്പുവരുത്തുക; അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ കൂടിയാലോചനകളിലൂടെ പര്യവസാനിപ്പിക്കുമെന്ന് ഉറപ്പുവരുത്തുക (51-ാം വകുപ്പ്).

നാലാം ഭരണഘനാഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ചെയ്ത പ്രസംഗത്തില്‍ മൗലികാവകാശവും നിര്‍ദേശകതത്ത്വവും തമ്മില്‍ സംഘട്ടനമുണ്ടായാല്‍, നിര്‍ദേശകതത്ത്വമായിരിക്കണം നിലനില്‍ക്കേണ്ടത് എന്നു ചൂണ്ടിക്കാണിക്കുകയുണ്ടായി. നിര്‍ദേശകതത്ത്വങ്ങളുടെ യാഥാര്‍ഥമായ പ്രാധാന്യം രാഷ്ട്രത്തിന് പൗരന്മാരോടുണ്ടായിരിക്കേണ്ട ഗുണകരമായ ബാധ്യതകളെ അവ ഉള്‍ക്കൊള്ളുന്നുവെന്നതാണ്. ഈ തത്ത്വങ്ങള്‍ നിയമനിര്‍മാണത്തില്‍ പ്രയോഗക്ഷമമാക്കേണ്ടത് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയാണ്. 1976-ലെ ഭരണഘടയുടെ 42-ാം ഭേദഗതി(പരിസ്ഥിതി-വന-വന്യജീവി സംരക്ഷണം)യും 2002-ലെ ഭരണഘടയുടെ 86-ാം ഭേദഗതി(കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജ്യന്യവുമായ വിദ്യാഭ്യാസം)യും നിര്‍ദേശക തത്ത്വങ്ങളുടെ ചുവടുപിടിച്ചുള്ളവയായിരുന്നു.

(പ്രൊഫ. വി. വിജയബാലന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍