This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍ജലീകരണം, ശരീരത്തില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍ജലീകരണം, ശരീരത്തില്‍

Dehydration

ശരീരത്തില്‍ ജലാംശം അപര്യാപ്തമാവുന്ന അവസ്ഥ. അപര്യാപ്തമായ ആഹരണംമൂലമോ അമിതമായ ജലനഷ്ടംമൂലമോ അല്ലെങ്കില്‍ ഇവ രണ്ടുംമൂലമോ ആണ് നിര്‍ജലീകരണം സംഭവിക്കുന്നത്. സാധാരണ, ജലത്തിന്റെയും ലവണങ്ങളുടെയും നഷ്ടത്തെയാണ് നിര്‍ജലീകരണം എന്നപദം കൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം, ശരീരത്തില്‍ നിന്ന് ജലം നഷ്ടമാകുമ്പോള്‍ പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ലവണങ്ങളും നഷ്ടമാകുന്നുണ്ട്.

അനവധി ശരീരക്രിയകള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണമായ ഒരു പ്രക്രിയയാണ് നിര്‍ജലീകരണം. ശരീരത്തിലെ ജലത്തിന്റെ അളവ് മൊത്തം ശരീരഭാരത്തിന്റെ സു. 60 ശതമാനമാണ്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം കോശാന്തര്‍ഭാഗത്ത് സ്ഥിതമാണ്. കോശബാഹ്യമായും രക്തത്തിലുമായാണ് ബാക്കി ജലം അടങ്ങിയിരിക്കുന്നത്. ജലസന്തുലനത്തിലുണ്ടാകുന്ന ചെറു വ്യതിയാനംപോലും ശരീരത്തിലെ ഓരോ അവയവവും ഓരോ കോശവും ഉള്‍പ്പെടുന്ന സങ്കീര്‍ണമായ മാറ്റങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

ആഹരിക്കുന്ന അളവിലുപരിയായി ഉണ്ടാകുന്ന ജലനഷ്ടമാണ് നിര്‍ജലീകരണത്തിനു കാരണമാകുന്നത്. മരുഭൂമിയിലോ കപ്പല്‍ച്ഛേദത്തിലോ അകപ്പെടുകമൂലം വെള്ളം തീര്‍ത്തും ലഭ്യമല്ലാതാകുന്ന അവസ്ഥകളില്‍ സുമാര്‍ നാലു ദിവസത്തിനകം കടുത്ത ക്ഷീണം, മനോവിഭ്രാന്തി, അതിനിദ്ര (Coma) എന്നീ അവസ്ഥകളും തുടര്‍ന്നു മരണം തന്നെയും ഉണ്ടാകുന്നു. എന്നാല്‍, ഭാഗ്യവശാല്‍ ഇത്തരം കടുത്ത സാഹചര്യങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളൂ. കടുത്ത രോഗാവസ്ഥകളില്‍ ജലം ഇറക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയോ രോഗി വെള്ളം കുടിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന അവസ്ഥകളിലാണ് സാധാരണ നിര്‍ജലീകരണം ഉണ്ടാകുന്നത്. അന്നനാളത്തില്‍ ട്യൂമറോ മുഴയോമൂലം ആഹാരമിറക്കാന്‍ പ്രയാസമനുഭവിക്കുന്ന രോഗികളില്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. പനിയോ കാലാവസ്ഥയുടെ പ്രത്യേകതയോമൂലമുള്ള അമിത വിയര്‍പ്പ്, തുടരെയുള്ള ഛര്‍ദി, നീണ്ടുനില്‍ക്കുന്ന വയറുകടി, അമിതമൂത്ര വിസര്‍ജനം തുടങ്ങിയ അവസ്ഥകളാണ് ശരീരത്തില്‍ നിന്നും ജലം സാധാരണയില്‍ക്കവിഞ്ഞ് നഷ്ടമാകാനിടയാക്കുന്നത്. വയറിലോ, കുടലിലോ ഉള്ള വീക്കം കാരണമുണ്ടാകുന്ന ഛര്‍ദി വളരെ വേഗം നിര്‍ജലീകരണത്തിനു കാരണമായിത്തീരാറുണ്ട്. വയറിളക്കവും കോളറയും ഉണ്ടാകുമ്പോള്‍ ഖര വിസര്‍ജ്യത്തിലൂടെത്തന്നെ ധാരാളം ജലവും നഷ്ടമായി രോഗി നിര്‍ജലീകരണത്തിനു വിധേയനാവുക പതിവാണ്. മൂത്രസംവര്‍ധകങ്ങള്‍ (diuretics) ഉപയോഗിക്കുന്ന രോഗികള്‍ക്കും നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരദ്രാവകങ്ങളില്‍ ഏറ്റവും പ്രധാനമായ രക്തം നഷ്ടമാകുന്ന സാഹചര്യങ്ങളും നിര്‍ജലീകരണത്തിനു കാരണമാകുന്നു.

വിരളമായെങ്കിലും മധുമേഹം അഥവാ ഡയബറ്റിസ് ഇന്‍സിപിഡസ് (Diabetes Insipidus) എന്ന രോഗം നിര്‍ജലീകരണത്തിനു കാരണമായി കണ്ടുവരുന്നു. ഈ രോഗാവസ്ഥയില്‍ മൂത്രം വളരെ കൂടിയ അളവില്‍ വിസര്‍ജിക്കപ്പെടുന്നു. സാധാരണ ഗതിയില്‍ 1.5-2 ലി. മൂത്രം വിസര്‍ജിക്കപ്പെടേണ്ട സ്ഥാനത്ത് ഈ രോഗംമൂലം 20 ലി. വരെ മൂത്രം വിസര്‍ജിക്കപ്പെടുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പിന്‍ദളം (posterior pituitary) സ്രവിക്കുന്ന വാസോപ്രസിന്‍ (vassopressin) എന്ന പ്രതിമൂത്രസംവര്‍ധക (antidiuretic) ഹോര്‍മോണിന്റെ അളവ് കുറയുന്നതാണ് ഈ രോഗത്തിനടിസ്ഥാനം. പിറ്റ്യൂറ്ററി ഗ്രന്ഥിക്കോ ഹൈപോതലാമസിനോ ഉണ്ടാകുന്ന നാശമാണ് ഇതിനിടയാക്കുന്നത്. സുപ്രാറീനല്‍ (Supra renal) അഥവാ അഡ്രിനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തകരാറുകള്‍ ശരീരത്തില്‍ നിന്നും ലവണങ്ങള്‍ അമിതമായി നഷ്ടമാകുന്നതിനും അതുവഴി വളരെവേഗം നിര്‍ജലീകൃതമാകുന്നതിനും ഇടയാക്കുന്നു.

നിര്‍ജലീകരണത്തിനുവിധേയനായ ഒരു വ്യക്തി കാഴ്ചയ്ക്കു സവിശേഷലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. തൊലി വരണ്ട് ഉണങ്ങിയും ഞൊറിഞ്ഞ് ചുളുങ്ങി തിളക്കം നഷ്ടമായുമിരിക്കും. കണ്ണുകള്‍ കുഴിഞ്ഞ് കടുത്ത ക്ഷീണത്തോടെയായിരിക്കും കാണപ്പെടുക. രക്തസമ്മര്‍ദം കുറയുകയും കൈകാലുകള്‍ക്കും പേശികള്‍ക്കും തളര്‍ച്ചയനുഭവപ്പെടുകയും ചെയ്യുന്നു. മനം പിരട്ടലും ഛര്‍ദിയും നിര്‍ജലീകൃതമായ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. രക്തത്തിന്റെ അളവ് കുറയുകയും സാന്ദ്രത കൂടുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിച്ച് പെട്ടെന്നു മരണം സംഭവിക്കുന്നു.

ദ്രാവകനഷ്ടം നികത്തുകയാണ് ചികിത്സാരീതി. കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കാരണം ദ്രാവകങ്ങളും ലവണങ്ങളും കൂടുതലായാല്‍ അപകടമാകാനിടയുണ്ട്. നിര്‍ജലീകരണം ഉണ്ടാവാനിടയാക്കിയ അടിസ്ഥാനകാരണം കണ്ടെത്തിവേണം ദ്രാവകങ്ങള്‍ പ്രതിസ്ഥാപിച്ചുകൊണ്ടുള്ള ചികിത്സ നടത്തുവാന്‍. രക്തത്തിലും ശരീരദ്രവങ്ങളിലും അടങ്ങിയിട്ടുള്ള ലവണങ്ങളുടെ അളവ് പരിശോധനകളിലൂടെ നിര്‍ണയിച്ചശേഷം മാത്രമേ ദ്രാവകത്തിന്റെ സാന്ദ്രതയും അളവും നിശ്ചയിക്കുവാന്‍ സാധിക്കുകയുള്ളൂ. ദ്രാവകങ്ങള്‍ ഡ്രിപ്പിലൂടെ നേരിട്ട് രക്തത്തിലേക്ക് കടത്തുകയാണ് അടിയന്തിര സാഹചര്യങ്ങളില്‍ ചെയ്തു വരുന്നത്. ഇതിനായി വിവിധ ജലീയ ലായനികള്‍ ലഭ്യമാണ്. ശരീരത്തിന്റെ ദ്രാവക ലവണ ആവശ്യകത കണക്കാക്കിവേണം ലായനികള്‍ തിരഞ്ഞെടുക്കേണ്ടത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍