This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍ഗുണ ഭക്തിധാര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍ഗുണ ഭക്തിധാര

നിരാകാര ഈശ്വരനെ ആരാധിക്കുന്ന ഭക്തിപ്രസ്ഥാനം. ഹിന്ദി സാഹിത്യത്തിലെ ഈ കവിതാധാര മറ്റു ഭാരതീയ ഭാഷകളിലെ ഭക്തിപ്രസ്ഥാനത്തില്‍ നിന്നും വേറിട്ടുനില്ക്കുന്നു.

മധ്യകാലത്ത് ഭാരതീയ ഭാഷാ സാഹിത്യങ്ങളിലെല്ലാം ഭക്തിപ്രസ്ഥാനം പ്രബലമായിരുന്നു. ആ യുഗത്തെ സാഹിത്യത്തിലെ സുവര്‍ണയുഗമായി പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. ഭക്തിപ്രസ്ഥാനത്തിന്റെ തുടക്കം ദക്ഷിണേന്ത്യയില്‍ അഥവാ ദ്രാവിഡ ദേശത്തില്‍ ആയിരുന്നു. ഏതാണ്ട് പതിനൊന്നാം ശതകത്തില്‍ ഹിന്ദിയുടെ പൂര്‍വരൂപമായ അപഭ്രംശഭാഷ ഇന്ത്യയില്‍ പ്രചരിച്ചിരുന്നു. ഹിന്ദുമതം ഈ കാലഘട്ടത്തില്‍ ശക്തിയാര്‍ജിച്ചു. അപ്പോഴും ബുദ്ധജൈനമതങ്ങള്‍ നൂറ്റാണ്ടുകളോളം ഭാരതത്തില്‍ സജീവമായി നിലനിന്നു. ഇവയ്ക്കുപുറമേ സിദ്ധന്മാരും ഹഠയോഗികളും നാഥസമ്പ്രദായക്കാരും തങ്ങളുടെ മതം പ്രചരിപ്പിച്ചു. ദക്ഷിണഭാരതത്തില്‍ ശങ്കരാചാര്യര്‍, മാധ്വാചാര്യര്‍, രാമാനുജാചാര്യര്‍ തുടങ്ങിയവരുടെയും മഹാക്ഷേത്രങ്ങളുടെയും സ്വാധീനവും പാരമ്പര്യവും ഉണ്ടായിരുന്നു. അതിനാല്‍ ഇഷ്ടദേവനില്‍ അചഞ്ചലമായ ഭക്തിയും വിശ്വാസവും പുലര്‍ത്തിയാല്‍ എല്ലാ ഐശ്വര്യങ്ങളും മനുഷ്യര്‍ക്ക് ലഭിക്കുമെന്ന വിശ്വാസം വളര്‍ന്നു. അങ്ങനെ ഉത്തരേന്ത്യയിലും ദക്ഷിണഭാരതത്തിലും ഭക്തിധാര രണ്ടുതരത്തില്‍ പ്രചരിച്ചിരുന്നു.

ഹിന്ദി ഭക്തിസാഹിത്യത്തിന്റെ തുടക്കത്തിലെ കുലപതികളായ ശ്രീരാമാനന്ദനും ശ്രീവല്ലഭാചാര്യനും നിര്‍ഗുണോപാസനയ്ക്കും സഗുണോപാസനയ്ക്കും വഴിതെളിച്ചു. ശ്രീരാമാനന്ദന്‍ കാശിയില്‍ ശ്രീരാമമന്ത്രം പ്രചരിപ്പിച്ചു. ശ്രീവല്ലഭാചാര്യര്‍ മധുരാ-വൃന്ദാവനപ്രദേശങ്ങളില്‍ ശ്രീഭാഗവതകഥയ്ക്ക് പ്രചാരം നല്കി. വിശ്വം മുഴുവന്‍ രൂപമോ, വര്‍ണമോ ഗന്ധമോ ഇല്ലാത്ത ഒരു മഹാശക്തിയുടെ നിയന്ത്രണമില്ലാതെ നടക്കുകയില്ലെന്ന് ചില ദാര്‍ശനികന്മാര്‍ അഭിപ്രായപ്പെടുന്നു. ബ്രഹ്മമെന്നും പരബ്രഹ്മമെന്നും ഇതിനെ വിവക്ഷിക്കാം. ഈ ധാരയെ നിര്‍ഗുണഭക്തിധാരയെന്ന് വിളിക്കാം. അതായത്, പ്രത്യേകമായ രൂപമില്ലാത്ത ഈശ്വരനെ ആരാധിക്കുന്ന ഭക്തിധാരയാണ് നിര്‍ഗുണഭക്തിധാര.

പക്ഷേ നിര്‍ഗുണവും നിരാകാരവുമായ ബ്രഹ്മത്തെ അറിയാനും ആരാധിക്കാനും ജ്ഞാനികള്‍ക്കേ കഴിയൂ എന്നു കരുതപ്പെട്ടിരുന്നതിനാല്‍ ശ്രീരാമന്‍, ശ്രീ പരമേശ്വരന്‍, ദേവി തുടങ്ങിയ ഏതെങ്കിലും രൂപത്തില്‍ ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള പ്രവണത ശക്തമായി. ആ ധാരയാണ് സഗുണഭക്തിധാര.

ആചാര്യ രാമചന്ദ്രശുക്ല ഭക്തികാവ്യങ്ങളെ സഗുണമെന്നും നിര്‍ഗുണമെന്നും വിഭജിച്ചു. സഗുണധാരയില്‍ രാമനെയും കൃഷ്ണനെയും ആരാധിക്കുന്നവരും നിര്‍ഗുണധാരയില്‍ ജ്ഞാനത്തെയും പ്രേമത്തെയും ആരാധിക്കുന്നവും ഉണ്ടായി. നിര്‍ഗുണ ഭക്തിധാരയിലെ ജ്ഞാനാശ്രയി കാവ്യധാരയ്ക്ക് സന്ത്കാവ്യധാരയെന്നും പേരുണ്ട്. ഈ ധാരയിലെ കവികളെ സന്ത്കവികള്‍ എന്നുപറയുന്നു. സജ്ജനം എന്ന സാമാന്യാര്‍ഥം വരുന്ന ഈ പേര് ഒരു പ്രത്യേക ചിന്താധാരയില്‍പ്പെടുന്നവരെയാണ് വിളിക്കുന്നത്. സനാതന ഹിന്ദുമതത്തിലെ പല നിയമങ്ങളെയും കര്‍ക്കശമായി എതിര്‍ത്തുകൊണ്ട് ഈശ്വരപ്രേമത്തിന് ഏറ്റവും പ്രാധാന്യം നല്കുക എന്നതായിരുന്നു സന്തന്മാരുടെ സിദ്ധാന്തം. പ്രധാന സന്ത്കവികളായ കബീര്‍, ദാദൂദയാല്‍, രൈദാസ്, സുന്ദര്‍ദാസ് തുടങ്ങിയവര്‍ അന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരായിരുന്നെങ്കിലും പിന്നീട് അവരില്‍ പലരും ഓരോ ഭക്തിശാഖയുടെ വക്താക്കളായിത്തീര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍