This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിര്‍ഗുണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിര്‍ഗുണ

മൈഥിലി ഭാഷയിലുള്ള ദുഃഖാര്‍ദ്ര ഗാനം. പൌരാണികവും ജനകീയവുമായ മൈഥിലി സാഹിത്യത്തില്‍ പ്രചാരത്തിലുള്ള ശോകപര്യവസായിയായ ഗാനങ്ങള്‍ നിര്‍ഗുണ എന്ന പേരില്‍ അറിയപ്പെടുന്നു. ചിലപ്പോള്‍ ഇത് വിലാപഗീതമോ ചരമഗീതമോ ആയിരിക്കും. മരണാനന്തര ചടങ്ങുകളിലും ശ്രദ്ധ എന്ന ചടങ്ങിലുമാണ് നിരംകരി ആരാധനാപദ്ധതിയിലുള്ളവരും കബീറിന്റെ പിന്‍ഗാമികളുമായവര്‍ ഈ ഗാനങ്ങള്‍ പാടുന്നത്. ഒരു സന്ന്യാസിയോ ഭിക്ഷാംദേഹിയോ വിശുദ്ധനോ മരിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും ഇവരുടെ സംഘം നിര്‍ഗുണ ഗീതങ്ങള്‍ പാടിയിരിക്കും. സമൂഹഭജനയുടെയോ കീര്‍ത്തനത്തിന്റെയോ അന്ത്യത്തില്‍, ഇത്തരത്തില്‍ ഗാനങ്ങള്‍ ആലപിക്കാറുണ്ട്. മൃദംഗം, ഝെല്‍, മാജിറ, ഏക്താര, ഒറിനി എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് ഇവ പാടിയിരുന്നത്. ഇപ്പോള്‍ ഹാര്‍മോണിയവും വായിക്കാന്‍ അനുവദിക്കാറുണ്ട്.

അധ്യാത്മികവും നിഗൂഢവുമാണ് നിര്‍ഗുണയുടെ പ്രതിപാദ്യവിഷയം. ശാരീരിക മാറ്റം, അനിവാര്യമായ മരണം, മായിക പ്രപഞ്ചം, അനശ്വരമായ ആത്മാവും ബ്രഹ്മാവും എന്നിവയാണ് നിര്‍ഗുണ ഗാനങ്ങളുടെ വിഷയം. നിര്‍ഗുണ ഗാനങ്ങള്‍ കരുണഭാവം ജനിപ്പിക്കുന്നതാണ്. എന്നാല്‍ കരുണ രസം പൂര്‍ണമാകുന്നതിനുമുമ്പ് പൊരുത്തത്തിന്റെയും സ്ഥിരതയുടെയും ശാന്തഭാവം ആവാഹിക്കപ്പെടുന്നു. വിദ്യാപതിയുടെ ശാന്തരസം ജനിപ്പിക്കുന്ന ഗാനങ്ങള്‍ നിര്‍ഗുണ ഗാനങ്ങളായി കണക്കാക്കപ്പെടുന്നു.

നേപ്പാളിലെ മൈഥിലി നാടകങ്ങളില്‍ ശാന്തരസം സ്ഫുരിക്കുന്ന ശരിരത ഗീതം നിര്‍ബന്ധമായും പാടിയിരുന്നു. നിര്‍ഗുണയില്‍നിന്നും ഭിന്നമാണ് ശരിരത ഗീതമെങ്കിലും പ്രതിപാദ്യത്തില്‍ മുമ്പുള്ളതിന്റെ ഗണത്തില്‍ത്തന്നെ ഇതും ഉള്‍പ്പെടും. ഇതില്‍ കബീറിന്റെ സ്വാധീനം വളരെ സ്പഷ്ടമാണ്. മിക്കവാറും കബീര്‍ അനുഭാവികള്‍ പാടുന്ന മൈഥിലി നിര്‍ഗുണ ഗാനങ്ങളുടെ രചയിതാവ് കബീര്‍ തന്നെയാണെന്നാണ് കരുതപ്പെട്ടിരുന്നത്. പ്രക്ഷിപ്തങ്ങളായിരുന്ന ഈ ഗാനങ്ങള്‍ മൈഥിലിയിലെ കവികള്‍ ചിട്ടപ്പെടുത്തിയതാണ്.

നിര്‍ഗുണ ഗാനരചയിതാക്കളില്‍ ധര്‍മദാസ്, രാംരൂപദാസ്, അപുച്ചദാസ്, തുളസീദാസ്, സൂര്‍ദാസ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. മൈഥിലിയിലെ പ്രസിദ്ധരായ സാഹബ് രാംദാസ്, ലക്ഷ്മീ നാഥ് ഗോസെയിന്‍ എന്നിവരും നിരവധി നിര്‍ഗുണ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കവീശ്വരനായ ഛന്ദഛായുടെ ഗാനങ്ങളും ഈ ഗണത്തില്‍പ്പെടുന്നു. സമദൌനിയുടെയും ഉദാസിയുടെയും സംഗീതവും താളവുമായി നിര്‍ഗുണ ഗാനങ്ങള്‍ക്ക് സാദൃശ്യമുണ്ട്. ചിലതെല്ലാം സോഹര്‍, ലഗാനി, ബാരാഹ്മസാ എന്നീ ഗാനശൈലികളില്‍ പാടിയവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍