This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിരണം ഗ്രന്ഥവരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിരണം ഗ്രന്ഥവരി

മലയാള ഭാഷയിലെ ആദ്യ ഗദ്യകൃതികളിലൊന്ന്. സുറിയാനി ക്രിസ്ത്യാനികളുടെ എ.ഡി. 1829 വരെയുള്ള ചരിത്ര നാളാഗമത്തിന്റെ സംഗൃഹീതരൂപം. 179 താളിയോലകളുടെ രണ്ടു പുറവുമായി എഴുതപ്പെട്ടിട്ടുള്ളതും, ആലപ്പുഴ ജില്ലയിലെ നിരണത്തുവച്ച് പകര്‍ത്തി എഴുതിയതും, ഇപ്പോള്‍ തിരുവല്ല മേപ്രാലുള്ള കണിയാന്ത്ര കുടുംബത്തില്‍ സൂക്ഷിച്ചിരിക്കുന്നതുമായ ഗ്രന്ഥമാണ് നിരണം ഗ്രന്ഥവരി എന്നറിയപ്പെടുന്നത്. ഈ പകര്‍പ്പ് 1824-നും 1829-നും ഇടയില്‍ എഴുതി പൂര്‍ത്തിയാക്കി എന്ന് ആഭ്യന്തരസൂചനകളില്‍ നിന്നും മനസ്സിലാക്കാം. 19-20 നൂറ്റാണ്ടുകളിലെ ഭാഗികമായ മറ്റു പല പകര്‍പ്പുകളും ഇതിനുണ്ട്. പ്രത്യേകം പേരൊന്നും നല്‍കിയിട്ടില്ലാതിരുന്ന ഈ താളിയോല ഗ്രന്ഥത്തിന് 1971-ല്‍ ജോസഫ് ഇടമറുകാണ് നിരണം ഗ്രന്ഥവരി എന്ന പേരു നല്‍കിയത്. അദ്ദേഹം 1971-ല്‍ പ്രസിദ്ധീകരിച്ച തന്റെ കേരള സംസ്കാരം എന്ന കൃതിയില്‍ ഈ ഗ്രന്ഥത്തെ നിരണം ഗ്രന്ഥവരി എന്നു പരാമര്‍ശിക്കുകയും ഉദ്ധരണികള്‍ ഉപയോഗിക്കുകയും ചെയ്തു. 1988-ല്‍ തിരുവനന്തപുരം ഓറിയന്റല്‍ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ ഈ താളിയോലഗ്രന്ഥം അക്ഷരമാറ്റം നടത്തി കടലാസില്‍ പകര്‍ത്തി. 2000 ആഗസ്റ്റിലാണ് നിരണം ഗ്രന്ഥവരി ആദ്യമായി പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

അധ്യായങ്ങളോ ഖണ്ഡികകളോ തിരിക്കാതെ തുടര്‍ച്ചയായി എഴുതപ്പെട്ടിട്ടുള്ളതാണ് കണിയാന്ത്ര താളിയോല ഗ്രന്ഥം. എങ്കിലും അതിനെ വിഷയബന്ധിതമായ അധ്യായങ്ങളായി തിരിച്ചാല്‍ ഒന്നു മുതല്‍ നാലുവരെ അധ്യായങ്ങള്‍ ചരിത്രവും അഞ്ചും ആറും അധ്യായങ്ങള്‍ വിശ്വാസ പഠനങ്ങളും ഏഴാമധ്യായം മാര്‍ത്തോമ്മാശ്ളീഹായെ സംബന്ധിക്കുന്ന ഒരു ഐതിഹ്യവുമാണ്. എട്ടാമധ്യായം പരസ്പരബന്ധമില്ലാത്ത വിജ്ഞാനശകലങ്ങളുടെ ശേഖരവും ഒന്‍പതാമധ്യായം വജ്രങ്ങളുടെ ലക്ഷണശാസ്ത്രവുമാണ്. ഭാഷാ-ചരിത്രപരമായി ശ്രദ്ധേയമായ ഒരു സ്വകാര്യ കത്താണ് പത്താമധ്യായം. 35 മലയാള കവിതകളുടെ സമാഹാരമാണ് അവസാന ഭാഗം. ചരിത്രം, ബൈബിള്‍ കഥകള്‍, വേദശാസ്ത്രം, തത്ത്വചിന്ത, പഞ്ചാംഗം തുടങ്ങി വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന മലയാള കവിതകളാണിവ. ഇവയില്‍ പലതും ഭാഗികമായി നഷ്ടപ്പെട്ടുപോയി.

യഥാര്‍ഥത്തില്‍ മൂന്നും നാലും അധ്യായങ്ങള്‍ മാത്രമാണ് മലങ്കര സഭാചരിത്രം. ഒന്നും രണ്ടും അധ്യായങ്ങള്‍ യഥാക്രമം പഴയനിയമകാലത്തെ യഹൂദചരിത്രവും ആദിമനൂറ്റാണ്ടുകളിലെ ക്രൈസ്തവസഭാ ചരിത്രവുമാണ്. മലങ്കര സഭാചരിത്രത്തിന് ആദിമുതലുള്ള പശ്ചാത്തലവിവരണം എന്ന നിലയിലാണ് അവ ചേര്‍ത്തിട്ടുള്ളത്. ഈ അധ്യായങ്ങള്‍ പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുളള ആഗോളസഭാചരിത്രത്തിന്റെ സംഗ്രഹീത രൂപമാണ്. ആദാമില്‍ ആരംഭിച്ച് യേശുക്രിസ്തുവിലൂടെയും, തുടര്‍ന്ന് അപ്പോസ്തലന്മാര്‍, പൊതു സുന്നഹദോസുകള്‍ ഇവയുടെ ചരിത്രം വിവരിച്ച് ഓര്‍ത്തഡോക്സ് വിശ്വാസവും പാരമ്പര്യവുമാണ് കലര്‍പ്പില്ലാത്തതും കണ്ണിമുറിയാത്തതും എന്ന് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. ഇതിന് പാശ്ചാത്യ സുറിയാനി സഭാചരിത്ര ഗ്രന്ഥങ്ങളെ പൂര്‍ണമായും ആശ്രയിക്കുന്നു.

ഇതിനിടയില്‍ പാശ്ചാത്യ സുറിയാനി ചരിത്രങ്ങളില്‍ ഉള്‍പ്പെടാത്ത മാര്‍ത്തോമാശ്ളീഹായുടെ കേരളത്തിലെ പ്രേഷിതവൃത്തി, രക്തസാക്ഷിമരണം മുതലായ പ്രാദേശിക പാരമ്പര്യങ്ങള്‍ ചേര്‍ത്ത് ഓര്‍ത്തഡോക്സ് മുഖ്യധാരയുടെ ഭാഗമാണ് മലങ്കര നസ്രാണികള്‍ എന്ന് സ്ഥാപിക്കാനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. അതിനുശേഷമാണ് മൂന്നാമധ്യായത്തിലെ സംഭവങ്ങള്‍ കൊല്ലവര്‍ഷം ഒന്നാം നൂറ്റാണ്ടുമുതല്‍ ആരംഭിക്കുന്നത്.

നിരണം ഗ്രന്ഥവരിയുടെ മൂന്നാം അധ്യായത്തിന്റെ അവസാനഭാഗത്ത് "....എന്നാല്‍ 81-മാണ്ട് കടമറ്റത്തിരിക്കുമ്പോള്‍ ഇപ്പോളത്തെ വര്‍ത്തമാനവും, നിരണത്തു കാലംചെയ്ത അച്ഛന്റെ കാര്യവും എഴുതണമെന്നും അതുകൊണ്ടു വളരെ ഉപകാരമുണ്ടെന്നും കല്പിച്ചത്രേ എഴുതിച്ചത്... എന്ന രചനോദ്ദേശ്യം വെളിപ്പെടുത്തുന്ന വാചകത്തില്‍ നിന്നും വലിയ മാര്‍ ദിവന്യാസ്യോസിന്റെയും (1761-1808), മുന്‍ഗാമി മാര്‍ത്തോമ്മാ അഞ്ചാമന്റെയും (1728-61) കാലത്തെ ചരിത്രം എഴുതണമെന്ന് വലിയ മാര്‍ ദിവന്യാസ്യോസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ കൃതി രചിച്ചതെന്ന് വ്യക്തമാണ്. ഗ്രന്ഥസ്വരൂപവും ഈ പ്രസ്താവന ശരിവയ്ക്കുന്നു. മൂന്നാം അധ്യായത്തില്‍ ഇവര്‍ രണ്ടുപേരുടെയും കാലഘട്ടം വളരെ വിശദമായും, അതിനു മുമ്പും പിമ്പുമുള്ള കാലം വളരെ സംഗൃഹീതമായുമാണ് ചേര്‍ത്തിരിക്കുന്നത്. ഈ അധ്യായത്തിന്റെ ആദിയും അന്ത്യവും യഥാര്‍ഥ ചരിത്രത്തിനു -അഞ്ചും ആറും മാര്‍ത്തോമ്മാമാരുടെ കാലം-പൂരകങ്ങളായി രചിച്ചതാണെന്നു വ്യക്തമാണ്. ആറും ഏഴും മാര്‍ത്തോമ്മാമെത്രാന്മാരുടെ സന്തത സഹചാരിയായിരുന്നു ഗ്രന്ഥകര്‍ത്താവ് എന്ന് വ്യക്തമാക്കുന്ന സൂചനകളും നിരണം ഗ്രന്ഥവരിയിലുണ്ട്.

അഞ്ചാമധ്യായം സുറിയാനി ഭാഷയിലുള്ള ഒരു വിശ്വാസ പാഠത്തിന്റെ മലയാള പരിഭാഷയാണ്. അതില്‍ സുറിയാനി വ്യാകരണത്തിന്റെ സ്വാധീനവും പ്രകടമാണ്. ആറാമധ്യായം പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍നിന്നുകൊണ്ട് മലങ്കരസഭയും റോമന്‍ കത്തോലിക്കരുമായി അഭിപ്രായവ്യത്യാസമുള്ള ചില സംഗതികളില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുമ്പോള്‍ രചിക്കപ്പെട്ട ഏഴു പ്രബന്ധങ്ങളാണ്.

എട്ടാമധ്യായത്തിലെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പല സ്രോതസ്സുകളില്‍ നിന്നും സംഭരിച്ചതാണ്. അവയില്‍ പാശ്ചാത്യ സുറിയാനി ഗ്രന്ഥങ്ങള്‍, കല്‍ദായ, ലത്തീന്‍, പാരമ്പര്യങ്ങള്‍, സംസ്കൃത കൃതികള്‍, പ്രാചീന മലയാള കൃതികള്‍, പ്രാദേശിക ഐതിഹ്യങ്ങള്‍, ആയുര്‍വേദം, ഗണിതം, ശകുനശാസ്ത്രം തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. നിരണം ഗ്രന്ഥവരിയുടെ മറ്റു പകര്‍പ്പുകളില്‍ മൂന്നാമധ്യായംവരെയുള്ള ചരിത്രഭാഗം മാത്രമാണ് ഏറിയും കുറഞ്ഞുമുള്ളത്.

രചയിതാവ്-രചനാകാലം. ഇന്ന് നിരണം ഗ്രന്ഥവരി എന്ന കണിയാന്ത്ര താളിയോലഗ്രന്ഥം ഒരു പകര്‍പ്പുമാത്രമാണെന്ന് ആന്തരിക സൂചനകളില്‍ നിന്നും വ്യക്തമാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം കണിയാന്ത്ര തൊമ്മി ചാണ്ടി കത്തനാരാണ് ഈ പകര്‍പ്പിന്റെ സമ്പാദകന്‍.

ഡോ. പി.ജെ. തോമസ്, സി.എം. ആഗൂര്‍, ടി.കെ. ജോസഫ്, ചിത്രമെഴുത്ത് കെ.എം. വര്‍ഗ്ഗീസ് മുതലായവര്‍ 'മാര്‍ദിവന്യാസ്യോസിന്റെഡയറി' എന്നു വിളിക്കുന്നുണ്ടെങ്കിലും ഇത് അദ്ദേഹത്തിന്റെ കൃതിയല്ല. നിരണം ഗ്രന്ഥവരിയില്‍ ചരിത്രമെഴുതണമെന്ന് മാര്‍ ദിവന്യാസ്യോസ് ആവശ്യപ്പെട്ടു എന്നല്ലാതെ സ്വയം എഴുതി എന്നു പറയുന്നില്ല. അദ്ദേഹത്തിന്റെ കാലശേഷം ഏഴാം മാര്‍ത്തോമ്മാ രചനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതായി പരാമര്‍ശമുണ്ട്.

മൂലകൃതി കൊല്ലവര്‍ഷം 981 (1806)-ല്‍ രചിച്ചു തുടങ്ങി എന്നു നിരണം ഗ്രന്ഥവരിയില്‍ പരാമര്‍ശമുണ്ടെങ്കിലും നിരണം ഗ്രന്ഥവരിയിലെയും കരവട്ടുവീട്ടില്‍ മാര്‍ ശീമോന്‍ ദിവന്യാസ്യോസിന്റെ നാളാഗമത്തിലെയും ആഭ്യന്തര സൂചനകള്‍പ്രകാരം രചനാകാലം 1771-73 കാലംവരെ പിമ്പോട്ടു പോകുന്നുണ്ട്. ഒരു പക്ഷേ, തുടര്‍ച്ചയായി രചിച്ചുവന്ന ദിനവൃത്താന്തത്തിന്റെ ക്രോഡീകരണമാവാം 1806-ല്‍ നടന്നത്.

ചരിത്രപ്രാധാന്യം. നിരണം ഗ്രന്ഥവരിക്ക് ചരിത്രപരമായി വളരെ പ്രാധാന്യമുണ്ട്. മലയാളിയാല്‍ എഴുതപ്പെട്ട മലങ്കര നസ്രാണികളുടെ ആദ്യ ചരിത്രഗ്രന്ഥമാണിത്. നിരണം ഗ്രന്ഥവരി യൂറോപ്യന്‍ സ്വാധീനമില്ലാതെ തികച്ചും ദേശീയമായ കാഴ്ചപ്പാടോടെ, ദേശീയമായ ഭരണസ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മനോഭാവം ഉള്ളവരാല്‍ രചിക്കപ്പെട്ടതാണ്.

രചനാകാലം നല്‍കുന്ന ശ്രദ്ധേയമായ മറ്റൊരു പ്രാധാന്യം നിരണം ഗ്രന്ഥവരിയുടെ ആദ്യഭാഗം 1773-നു മുമ്പുതന്നെ എഴുതപ്പെട്ടു എന്നതാണ്. അങ്ങനെയെങ്കില്‍ 1781-ല്‍ എഴുതപ്പെട്ട വെള്ളയുടെ ചരിത്രത്തെക്കാള്‍ പുരാതനമാണ് നിരണം ഗ്രന്ഥവരി; അങ്ങനെ മലയാളത്തിലെ ആദ്യചരിത്രഗ്രന്ഥവും .

കലുഷമായ ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് അക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്നതെന്നതും നിരണം ഗ്രന്ഥവരിയുടെ ചരിത്രപ്രാധാന്യം വര്‍ധിപ്പിക്കുന്നു. പോര്‍ച്ചുഗീസുകാരുടെ പതനം, ഡച്ചുകാരുടെ ഉയര്‍ച്ചയും താഴ്ചയും, ബ്രിട്ടീഷുകാരുടെ ഉദയം, തിരുവിതാംകൂറിന്റെ രൂപീകരണം, മൈസൂര്‍ പടയോട്ടം, വേലുത്തമ്പി കലാപം തുടങ്ങിയ സുപ്രധാന കാലഘട്ടമാണ് ഇതില്‍ പരാമര്‍ശ വിധേയമാകുന്നത്.

നിരണം ഗ്രന്ഥവരിയിലെ ഭാഷയുടെ പ്രത്യേകത അതിന്റെ അദ്ഭുതാവഹമായ പദസ്വാധീനമാണ്. യൂറോപ്യന്‍ ഭാഷകളില്‍ നിന്നു അപൂര്‍വം പദങ്ങള്‍ മാത്രമാണ് ഇതില്‍ കടന്നുകൂടിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് വേദശാസ്ത്രം-അതിലും വിശിഷ്യ ക്ളിഷ്ടമായ ത്രിത്വ വിശ്വാസം, പുത്രന്‍ തമ്പുരാന്റെ അളത്വം മുതലായ വിഷയങ്ങള്‍-വിവരിക്കുവാന്‍ നിരണം ഗ്രന്ഥവരിയില്‍ പ്രയോഗിക്കുന്ന പദങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. ഒരു ചെറിയ വ്യത്യാസം പോലും വേദവിപരീതത്തിനു വഴിവയ്ക്കുന്ന ഈ ഭാഗങ്ങള്‍ പരകീയപദങ്ങള്‍ കൂടാതെതന്നെ തെറ്റില്ലാതെ പരിഭാഷപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ട്. ഇത് മലയാള ഗദ്യത്തിന്റെ വളര്‍ച്ചയെപ്പറ്റി നിലവിലുള്ള അഭിപ്രായം തിരുത്തിക്കുറിക്കുന്നതാണ്.

ഭാഷാപരമായി അതീവ പ്രാധാന്യമുള്ള മറ്റൊന്നാണ് നിരണം ഗ്രന്ഥവരിയിലെ പദ്യങ്ങള്‍. ദ്രാവിഡ വൃത്തത്തിലുളള ഇവയുടെ കര്‍ത്താവ് ഒരാളാകണമെന്നില്ല. സുറിയാനി പാരമ്പര്യത്തിന്റെ ശക്തമായ സ്വാധീനമുണ്ടെങ്കിലും തികച്ചും കേരളീയമായ സാഹിത്യമാനങ്ങള്‍ ഈ കവിതകള്‍ക്കുണ്ട്. കേരളീയശൈലികള്‍ക്ക് ക്രൈസ്തവമാനം നല്കുവാനും, ക്രൈസ്തവബൈബിള്‍ പ്രമേയങ്ങളെ മലയാളവത്കരിക്കാനും കവി(കള്‍) ശ്രമിച്ചിട്ടുണ്ട്. കിളിപ്പാട്ടുരീതിയില്‍ എഴുതപ്പെട്ട ഒരു കവിതയില്‍ കവി കഥപറയാന്‍ ക്ഷണിക്കുന്നത് ക്രൈസ്തവമതപ്രതീകങ്ങളിലൊന്നായ പ്രാവിനെയാണ്. ക്രിസ്തുവിന്റെ കന്യാജനനത്തെ പൂക്കുലതന്മേല്‍ കരിക്കതിന്റെ ഉള്ളില്‍ജലം പുക്കപോല്‍... എന്ന തികച്ചും കേരളീയമായ ഉപമാനംകൊണ്ടാണ് വര്‍ണിച്ചിരിക്കുന്നത്.  'ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുക' എന്ന ബൈബിള്‍ ഉപമയെ മലയാളികള്‍ക്ക് സംവേദ്യമായരീതിയില്‍ 'മൂര്‍ഖന്മാരുടെ കര്‍ണേ സുജ്ഞാനം പൂകുന്നതിലൂക്കേറും മഹാഗജം കടക്കും കൊതുകിന്റെ മൂക്കിലത്രെ ക്ഷണം മറ്റതിന്നസാധ്യമാം' എന്നു പരാവര്‍ത്തനം ചെയ്തിരിക്കുന്നു. നിരണം ഗ്രന്ഥവരിയുടെ ഭാഷാപ്രാധാന്യത്തെപ്പറ്റി കാര്യമായ പഠനം നടന്നിട്ടില്ല.

(ഡോ. എം. കുര്യന്‍ തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍